Monday 08 July 2019 03:02 PM IST

പെട്രോൾ പമ്പിൽ തട്ടിപ്പിന് ഇരയാകരുത്! ഈ 5 കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കുക, സംശയം തോന്നിയാൽ പരിശോധിക്കാനും അവകാശം

V.G. Nakul

Sub- Editor

pump-new

കച്ചവടവും വിപണിയുമായി ബന്ധപ്പെട്ട് തട്ടിപ്പിന്റെ വാർത്തകൾ പുറത്തു വരുന്നത് പുതുമയല്ല. നിയമങ്ങൾ ഇത്രയേറെ കർശനമായ ഒരു കാലത്തും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാൻ സാധ്യതകളേറെ. പല തരത്തിൽ അതു സംഭവിക്കാം എന്നതിനാൽ, കൃത്യമായ ശ്രദ്ധയും കരുതലും അത്യാവശ്യമാണു താനും.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കോതമംഗലത്തെ ഒരു പെട്രോള്‍ പമ്പില്‍ നടന്ന അമ്പരിപ്പിക്കുന്ന തട്ടിപ്പിന്റെ വിഡിയോയാണ്.

350 രൂപയുടെ ഡീസല്‍ വാങ്ങിയതിൽ നിന്ന് 50 രൂപയുടെ ഡീസല്‍ ജീവനക്കാരന്‍ വെട്ടിക്കുന്നതായി കണ്ടെത്തിയെന്നാണ് വിഡിയോ വ്യക്തമാക്കുന്നത്. എല്ലാ ഉപഭോക്താക്കളിൽ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായും പെട്രോള്‍ വരാതെ മീറ്റര്‍ ഓടിക്കുന്ന തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നുമൊക്കെയാണ് വാർത്ത.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെയാണ്, പെട്രോൾ പമ്പുകളിൽ എങ്ങനെയൊക്കെ ഒരു ഉപഭോക്താവ് കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു തിരക്കി ‘വനിത ഓൺലൈൻ’ ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ടത്.

അവിടെ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ കൃത്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ സൂചിപ്പിക്കുന്നത്.

കൃത്യമായി ശ്രദ്ധിക്കുക:

1.ഇന്ധനം നിറയ്ക്കുന്നതിനായി തുക രേഖപ്പെടുത്തും മുമ്പ് മീറ്ററിലെ ഡിസ്പ്ലേയിൽ പൂജ്യം ഉറപ്പു വരുത്തുക.

2.എത്ര രൂപയ്ക്കാണോ ഇന്ധനം നിറയ്ക്കുന്നത് അത് കൃത്യമായും മീറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു ശ്രദ്ധിച്ച് ഉറപ്പു വരുത്തുക.

3.കൊടുക്കുന്ന തുകയ്ക്ക് കൃത്യമായും ഇന്ധനം നിറയ്ക്കുന്നുണ്ടോ എന്നു മീറ്ററിലെ ഡിസ്പ്ലേയിൽ നോക്കി ഉറപ്പു വരുത്തണം.

4.ലീഗൽ മെട്രോളജി വകുപ്പ് വർഷാ വർഷം സ്റ്റാമ്പ് ചെയ്തു കൊടുക്കുന്ന, അഞ്ച് ലിറ്ററിന്റെ ഒരു അളവ് പാത്രം എല്ലാ പമ്പുകളിലും ഉണ്ടാകും. സംശയം തോന്നുകയാണെങ്കിൽ ആ അളവ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ പമ്പുകളിലും നിർബന്ധമായി ഉണ്ടായിരിക്കണം.

5.അതാത് ദിവസത്തെ ഇന്ധനവില പരിശോധിക്കുകയെന്നതും പ്രധാനമാണ്. എല്ലാ പെട്രോൾ പമ്പുകളിലും അതാത് ദിവസത്തെ വില വിവരം കൃത്യമായി രേഖപ്പെടുത്തുക എന്നത് നിർബന്ധമാണ്. അല്ലാത്തപക്ഷം അത് കമ്പനിയെ അറിയിക്കാനും പരാതിപ്പെടാനും ഉപഭോക്താവിന് അവകാശമുണ്ട്.

രാത്രി കാലങ്ങളിൽ മേൽ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായും ഉറപ്പ് വരുത്തുകയെന്നത് പ്രധാനമാണ്. ഉപഭോക്താവിന്റെ അലസമായ സമീപനമാണ് പലപ്പോഴും അബദ്ധത്തിൽ കലാശിക്കുക. പമ്പിലെ മീറ്ററിൽ തുക രേഖപ്പെടുത്തിയാൽ അതിൽ തട്ടിപ്പു നടത്താൻ പിന്നീടു സാധ്യമല്ല എന്നാണ് വിദഗ്ദർ പറയുന്നത്. എത്ര തുക സെറ്റ് ചെയ്തോ അത്രയും രൂപയ്ക്കുള്ള ഇന്ധനം ഉപഭോക്താവിന് ലഭിക്കും.