Tuesday 22 December 2020 11:07 AM IST

മാതൃത്വമാണ്, അശ്ലീലം കാണരുത്! കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ പേരിൽ സോഷ്യൽമീഡിയ ബുള്ളിയിങ് നേരിട്ട ആതിരയ്ക്ക് പറയാനുള്ളത്

Priyadharsini Priya

Sub Editor

athira-photo1

"ഈശ്വരൻ തന്ന വരദാനം പോലെ ഒരു അസുലഭ മുഹൂർത്തമാണ് ഗർഭകാലം. മനസ്സും ശരീരവുമെല്ലാം പൂത്തുലയുന്ന വസന്തകാലം. ദാമ്പത്യബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആനന്ദകരവുമായ ഒന്നാണ്. വാക്കുകൾക്ക് അതീതമാണ് ആ വികാരം."- മനോഹരമായ മെറ്റേണിറ്റി ഫോട്ടോസ് പോസ്റ്റ് ചെയ്തശേഷം ഫോട്ടോഗ്രാഫർ ആതിര ജോയ് ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെ. എന്നിട്ടും ആ ചിത്രങ്ങളുടെ പേരിൽ ആതിരയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത് വിമർശനങ്ങൾ.

വിദേശികളായ ദമ്പതികളാണ് ആതിരയുടെ ഫോട്ടോഷൂട്ടിന് മോഡലായത്. പൂർണ്ണമായും നഗ്നരായാണ് ഇരുവരും മെറ്റേണിറ്റി ഷൂട്ടിനു വേണ്ടി പോസ് ചെയ്തത്. ചിത്രീകരണം നടന്നതാകട്ടെ കോടഞ്ചേരിയിലും. ഔട്ഡോറിൽ ഒരു ന്യൂഡ് ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്നത് കേരളത്തിൽ ഇതാദ്യത്തെ സംഭവമായിരിക്കും. അസാമാന്യ ധൈര്യം കാണിച്ച ഈ 28 വയസുകാരി യുവ ഫോട്ടോഗ്രാഫറെ അഭിനന്ദിക്കുന്നവരും കുറവല്ല. തന്റെ വൈറൽ ഫോട്ടോഗ്രാഫിയെ കുറിച്ച് ആതിര വനിതാ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

athira-pgghg

"ഏകദേശം ഒരു മാസമായി ഞാൻ ഈ ഫോട്ടോഷൂട്ട് ചെയ്തിട്ട്. എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് മോഡലുകളായത്. അമൃത് ബാബയും ജാനും ഫ്രഞ്ച് കപ്പിൾസാണ്. ഒരു മാസത്തിനു കേരളാ സന്ദർശനത്തിന് വന്നതാണ് അവർ. പത്തു ദിവസത്തോളം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. എട്ടു മാസം പ്രഗ്നൻറ് ആയിരുന്നു ജാൻ അപ്പോൾ. എന്റെയുള്ളിൽ തോന്നിയ ഐഡിയയാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്. അവരോടു പറഞ്ഞപ്പോൾ ഇരുവരും ഹാപ്പി. അങ്ങനെ ചാടിപ്പുറപ്പെട്ടതാണ്. 

എന്റെ ജീവിതത്തിലെ ഡ്രീം പ്രൊജക്റ്റായിരുന്നു അത്. കേരളത്തിൽ ഇതുവരെ ആരും പക്കാ ന്യൂഡ് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. അതും ഓപ്പൺ എയറിൽ. വീടിനുള്ളിലോ സ്റ്റുഡിയോയിലോ ഒക്കെ വച്ചാണ് പലരും ന്യൂഡ് ഫോട്ടോഗ്രാഫി ചെയ്തിട്ടുള്ളത്. എനിക്ക് അതൊരു വെല്ലുവിളിയായി തോന്നി. ഞാൻ കാര്യം പറഞ്ഞപ്പോൾ അവർക്ക് പൂർണ്ണ സമ്മതമായിരുന്നു. പിന്നെ ലൊക്കേഷൻ കണ്ടുപിടിക്കാനായിരുന്നു ശ്രമം. കുറെ റിസോർട്ടുകൾ ഒക്കെ ട്രൈ ചെയ്തു. പക്ഷെ, ആരും ഷൂട്ടിനായി സമ്മതിച്ചില്ല. 

athira-kkhfd8

അങ്ങനെയാണ് കോഴിക്കോടുള്ള കോടഞ്ചേരി എന്ന സ്ഥലം തിരഞ്ഞെടുക്കുന്നത്. അവിടെ എന്റെ അമ്മയുടെ ചേച്ചിയുടെ വീടുണ്ട്. അവരുടെ വീടിനു പുറകിൽ പുഴയാണ്. അവിടെയാണ് ഫോട്ടോഷൂട്ട് ചെയ്തത്. രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ പായ്ക്കപ്പ് ചെയ്തു. ആ സമയത്ത് തുണി അലക്കാനൊക്കെ രണ്ടു മൂന്ന് ചേച്ചിമാർ വന്നിരുന്നു. അവർ ഞങ്ങളെ കണ്ടതോടെ തുണി കഴുകാതെ മടിച്ചുനിന്നു, പിന്നെ തിരിച്ചുപോയി. വിദേശികൾ ആയതുകൊണ്ട് ന്യൂഡ് ആയി നിൽക്കുന്നതിൽ അമൃതിനും ജാനിനും ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ശരിക്കും ഉൾനാടൻ ഗ്രാമം ആണല്ലോ, അപ്പോൾ അതിന്റേതായ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. ഞങ്ങൾ ഷൂട്ട് കഴിഞ്ഞു വന്നശേഷം അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായെന്ന് പപ്പ പറഞ്ഞു പിന്നീടറിഞ്ഞു. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് മോശമല്ലേ എന്ന ചോദ്യം ഉയർന്നു വന്നു.

ഞാൻ ശരിക്കും റിസ്ക് ആണ് എടുത്തത്. ഇതുപോലൊരു അവസരം എനിക്ക് പിന്നീട് കിട്ടില്ലെന്ന് തോന്നി. ഏറ്റെടുക്കുന്ന വർക്ക് പത്തുപേർ ശ്രദ്ധിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. നല്ല റിസൾട്ട് കിട്ടിയപ്പോൾ സന്തോഷം ഇരട്ടിയായി. ഫോട്ടോസ് കണ്ടപ്പോൾ അവരും ഭയങ്കര ഹാപ്പിയായിരുന്നു. ഒരിക്കലും കേരളത്തിൽ വച്ച് ഇങ്ങനെയൊരു മെറ്റേണിറ്റി ഷൂട്ട് അവരുടെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. നോർമൽ ഡെലിവറി ആണ് അവരുടെ ലക്ഷ്യം. എട്ടു മാസമായിട്ടും മെഡിസിൻ ഒന്നും എടുത്തിട്ടില്ല. രണ്ടുമൂന്ന് മണിക്കൂറാണ് വെള്ളത്തിൽ ഇറങ്ങി അവർ എനിക്ക് വേണ്ടി കഷ്ടപ്പെട്ടത്. ഇപ്പോൾ ഒരു സീരീസ് മാത്രമാണ് പുറത്തിറക്കിയത്. ഇനി രണ്ടെണ്ണം കൂടി വരാൻ ഉണ്ട്. വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ അടുത്ത മാസത്തോടെ ഇറക്കണം. 

athira-photo886tu

സോഷ്യൽ മീഡിയയിൽ ഒരുപാട് നെഗറ്റിവ് കമന്റ്സ് എനിക്ക് കിട്ടിയിരുന്നു. സെക്ഷ്വൽ വയലൻസ് എന്നുപറഞ്ഞ് ചിലർ റിപ്പോർട്ട് ചെയ്തതോടെ ഫെയ്സ്ബുക് ഫോട്ടോ റിമൂവ് ചെയ്തു. എന്നെ ബാൻ ചെയ്തു. ഞാൻ തിരിച്ച് ഫെയ്സ്ബുക്കിന് റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷിച്ചശേഷം അവരാ ബാൻ മാറ്റിത്തന്നത്. ഈ ഫോട്ടോഷൂട്ടിൽ മാതൃത്വം എന്നതിലുപരി മറ്റൊന്നുമില്ല. മാതൃത്വത്തിൽ നഗ്നത കണ്ടെത്തുന്നതും, അതിൽ  സെക്സ് ആസ്വദിക്കുന്നതുമായ പ്രവണത നമ്മുടെ സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ട്. 

ഞാൻ ഡൽഹിയിലാണ് ഫൊട്ടോഗ്രാഫി കോഴ്സ് ചെയ്തത്. രണ്ടുമൂന്ന് വർഷമായി ഫൊട്ടോഗ്രഫിയിലാണ് ഫോക്കസ് ചെയ്യുന്നത്. വെഡ്‌ഡിങ്, ഫാഷൻ, ബേബി ഷൂട്ട്, ട്രാവൽ എന്നിങ്ങനെ എല്ലാ മേഖലയിലും കൈവച്ചിട്ടുണ്ട്. വീട്ടിൽ ഭർത്താവും കുഞ്ഞും അച്ഛനും അമ്മയും അനിയനുമുണ്ട്. എന്റെ എന്ത് കാര്യത്തിലും അച്ഛൻ സപ്പോർട്ട്  ചെയ്യാറുണ്ട്. ഭർത്താവും അങ്ങനെത്തന്നെ. കോട്ടയം വൈക്കത്താണ് ഇപ്പോൾ താമസം."- ആതിര ജോയ് പറയുന്നു. 

Tags:
  • Spotlight