Friday 28 January 2022 11:37 AM IST : By സ്വന്തം ലേഖകൻ

പുഴയുടെ ഇരുകരകളും ശ്വാസമടക്കി നെഞ്ചിൽ കൈവച്ചു നിന്ന 61 മിനിറ്റ്: കൈകളില്ലാതെ നീന്തിക്കയറി ആസിം

aasim-acheive

പുഴയുടെ ഇരു കരകളും ശ്വാസമടക്കി കാത്തുനിന്ന 61 മിനിറ്റ്. ഇരു കൈകളുമില്ലാതെ ജനിച്ച, വലതുകാലിനു സ്വാധീനമില്ലാത്ത ആസിം വെളിമണ്ണ എന്ന പതിനഞ്ചുകാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ആഴവും കുത്തൊഴുക്കും വഴിമാറി. പെരിയാറിലെ അദ്വൈതാശ്രമം കടവിൽ നിന്നു തുരുത്ത് റെയിൽവേ പാലം ചുറ്റി ശിവരാത്രി മണപ്പുറം വരെ ഒരു കിലോമീറ്റർ മലർന്നും കമഴ്ന്നും മാറിമാറി ആസിം നീന്തിക്കയറിയതു ചരിത്രത്തിലേക്ക്. ഫ്ലാഗ്ഓഫ് ചെയ്യാൻ എത്തിയവർക്കു നേരെ വെള്ളത്തിൽ പൊങ്ങിക്കിടന്ന് ഇടതുകാൽ ഉയർത്തി ‘റ്റാറ്റാ’ പറഞ്ഞ ശേഷം ഉടലും തലയും ഉപയോഗിച്ച് ആസിം നീന്തിത്തുടങ്ങിയത് 8.50ന്. മണപ്പുറത്ത് 9.51ന് എത്തി.

അവിടെ സ്വീകരിക്കാൻ നിന്നവർക്കു മുന്നിൽ 10 മിനിറ്റ് ജലശയനവും ജലകേളികളും നടത്തി. അൻവർ സാദത്ത് എംഎൽഎ ആണു ഫ്ലാഗ്ഓഫ് ചെയ്തത്. ആസിം എതിർ കരയിൽ നീന്തിയെത്തിയപ്പോൾ സ്വീകരിക്കാനും അദ്ദേഹം ഉണ്ടായിരുന്നു. ആസിമിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു താനും നീന്തൽ പഠിക്കാൻ തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു. ആസിമിന്റെ പരിശീലകൻ സജി വാളശേരിൽ തന്നെ എംഎൽഎയ്ക്കും ഗുരുവാകും. 

കോഴിക്കോട് ഓമശേരി ആലത്തുകാവിൽ ഷഹീദിന്റെയും ജംസീനയുടെയും മകനായ ആസിം കാലുകൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും കാൽ വിരലുകളിൽ സ്പൂൺ പിടിച്ചു ഭക്ഷണം കഴിക്കുകയും ചെയ്യും. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആസിം കാലുകൊണ്ടു കത്തെഴുതിയതിനെ തുടർന്നാണ് വെളിമണ്ണ ജിഎംഎൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തിയത്. അഞ്ചാം ക്ലാസ് മുതൽ വീട്ടിൽ നിന്ന് അകലെയുള്ള സ്കൂളിൽ പോയി പഠിക്കാനുള്ള പ്രയാസമാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. 

വിദ്യാർഥിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത കേരളത്തിലെ ആദ്യ സംഭവമായി ഇത്. കടിഞ്ഞൂൽ കണ്മണിക്കു 2 കൈകളും ഇല്ലെന്നു ഗർഭാവസ്ഥയിൽ തന്നെ മാതാപിതാക്കൾ അറിഞ്ഞിരുന്നു. ഡോക്ടർമാരും മറ്റും അബോർഷനു പ്രേരിപ്പിച്ചെങ്കിലും അവർ സമ്മതിച്ചില്ല. പൂർണ വളർച്ച എത്തും മുൻപു കൈകളില്ലാതെ, കാലിനു സ്വാധീനമില്ലാതെ, താടിയെല്ലുകൾ ഉറയ്ക്കാതെ പിറന്ന പൊന്നോമനയെ മദ്രസ അധ്യാപകനായ ഷഹീദും ഭാര്യയും ഏറെ കഷ്ടപ്പെട്ടാണു വളർത്തിയത്.

തൊട്ടു താഴെ സഹോദരി ഹംന പിറന്നപ്പോൾ ‘അവൾക്കു 2 കൈകൾ ഉണ്ടല്ലോ, എനിക്കെന്താ ഇല്ലാത്തേ?’ എന്ന കുഞ്ഞു ആസിമിന്റെ ചോദ്യത്തിനു മുന്നിൽ പക്ഷേ, അവർ പതറിപ്പോയി. ആസിം ഉൾപ്പെടെ 7 മക്കളുണ്ട് ഇവർക്ക്. കംപ്യൂട്ടർ എൻജിനീയർ ആകണമെന്ന മകന്റെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിലാണു രക്ഷിതാക്കൾ. ‘ആസിം വെളിമണ്ണ ഫൗണ്ടേഷൻ’ പേരിൽ സന്നദ്ധ സംഘടന റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്കു പൊതുവിദ്യാലയങ്ങളിൽ പഠനസൗകര്യം ഒരുക്കുകയാണു ലക്ഷ്യം.

More