Friday 23 October 2020 12:45 PM IST : By സ്വന്തം ലേഖകൻ

പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിൽ; ഭിന്നശേഷിക്കാരായ പത്താം ക്ലാസ് വിദ്യാർഥികളുടെ ഫിസിക്സ് പഠനം ഈസിയാക്കി അധ്യാപകൻ

physics-easy-vgfd

ഭിന്നശേഷിക്കാരായ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഫിസിക്സ് (ഊർജതന്ത്രം) പഠനം അനായാസമാക്കി അധ്യാപകൻ. പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിൽ തയാറാക്കിയാണ് നിലമ്പൂർ ഗവ. മാനവേദൻ ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിലെ കെ. സുരേഷ്  പഠനം എളുപ്പമാക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം പഠനം ഓൺലൈനിലേക്ക് വഴി മാറിയപ്പോൾ മറ്റു കുട്ടികളെപ്പോലെ പാഠഭാഗങ്ങൾ വേഗം ഉൾക്കൊള്ളാൻ ഭിന്നശേഷിക്കാർക്ക് പ്രയാസം നേരിട്ടതോടെയാണ് സുരേഷ് പുതിയ വഴി തേടിയത്. 

ഒപ്പം എന്നു പേരിട്ട പുസ്തകത്തിന്റെ കൂടെ ചിത്രങ്ങളുള്ള വർക് ഷീറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം അധ്യായം ‘വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ’ ആണ് ആദ്യ പുസ്തകമായി തയാറാക്കിയത്. തുടർന്നുള്ള അധ്യായങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം വരയ്ക്ക് സഹാധ്യാപകരുടെ സഹായവുമുണ്ട്. ഫിസിക്സിൽ പിന്നാക്കം നിൽക്കുന്നവർക്കും പുസ്തകം പ്രയോജനപ്പെടും. ഒരു മാസം കൊണ്ടാണ് ആദ്യ ഭാഗം തയാറാക്കിയത്. gmvhssnbr.blogspot.com എന്ന ബ്ലോഗിൽനിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യാമെന്ന് സുരേഷ് പറഞ്ഞു.

Tags:
  • Spotlight