Thursday 09 April 2020 02:02 PM IST

വാളും പരിചയും എടുത്തുള്ള അങ്കംവെട്ടല്ല, ഇത് സ്ത്രീകൾക്കായുള്ള സെൽഫ് ഡിഫൻസ്– ‘പിങ്ക് ഷീൽഡി’ന്റെ കഥ

Nithin Joseph

Sub Editor

pink-shield1

സ്വയംസംരക്ഷണത്തിന് കളരി പഠിച്ചാല്‍ എങ്ങനെയുണ്ടാകും? കളരിയെന്നാൽ സിനിമയിൽ കാണുന്നതുപോലെ വാളും പരിചയും എടുത്തുള്ള അങ്കംവെട്ട് മാത്രമാണെന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ആ തോന്നൽ തെറ്റാണെന്ന് തെളിയിക്കുകയാണ് ‘പിങ്ക് ഷീൽഡ്’ എന്ന സെൽഫ് ഡിഫൻസ് ക്യാംപെയിൻ. സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംസംരക്ഷണത്തിന് വേണ്ട അടിസ്ഥാന പാഠങ്ങളെല്ലാം കളരിയിലുണ്ട്. അത് അവരിലേക്ക് എത്തിക്കാനുള്ള ഉദ്യമമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് പിങ്ക് ഷീൽഡിന്റെ സ്ഥാപകരിലൊരാളായ ഷെറിൻ വിനോദ്.

pink-ff33

‘‘കൊച്ചിയിലെ ലുബൈന കളരിയിലെ അബ്ദുൾ ജലീൽ ഗുരുക്കളുടെ ശിഷ്യരാണ് ഞാനും ഭർത്താവും. സ്ത്രീകളും കുട്ടികളും പലതരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ അവർക്ക് സ്വയംസംരക്ഷണത്തിന് കളരിയിലൂടെ പരിശീലനം നൽകാനുള്ള ആശയം മനസ്സിൽ തോന്നിയപ്പോള്‍ ആദ്യം അനുവാദം ചോദിച്ചത് ഗുരുക്കളോടും അദ്ദേഹത്തിന്റെ മകൻ മുജീബ് റഹ്മാനോടുമാണ്. സ്കൂളുകളിലും കോളജുകളിലും സ്വയംപ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്തുന്നതായിരുന്നു ആദ്യഘട്ടം.

pink556g

എറണാകുളം സൗത്ത് ഗേൾസ് ഹൈസ്കൂളിലായിരുന്നു പിങ്ക് ഷീൽഡിന്റെ ആദ്യ സെഷൻ. വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ എങ്ങനെ തടുക്കും, ബസിൽ യാത്ര ചെയ്യുമ്പോൾ ശല്യം ചെയ്യുന്നവരെ എങ്ങനെ നേരിടും, എന്നിങ്ങനെ അവശ്യഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികൾക്ക് സ്വയംപ്രതിരോധ മാർഗങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ട് നിരവധി സ്കൂളുകളും കോളജുകളും ഐടി കമ്പനികളും അയൽക്കൂട്ടങ്ങളുമെല്ലാം മുന്നോട്ട് വന്നു. കളരിയിലെ വിദ്യാർഥികൾ തന്നെയാണ് ക്ലാസുകൾ നടത്തുന്നത്.’’- ഷെറിൻ പറയുന്നു. 

pik-f54366

കൊച്ചിയിൽ ഫാഷൻ കൺസൽട്ടന്റായ ഷെറിന്‍ കഴിഞ്ഞ മൂന്ന് വർഷമായി കളരി അഭ്യസിക്കുന്നുണ്ട്. മർച്ചന്റ് നേവിയിൽ ക്യാപ്റ്റനായ ഭർത്താവ് വിനീത് വിൻസെന്റ് പത്തു വർഷത്തിലധികമായി കളരി അഭ്യസിക്കുന്നു. ഏഴു വയസ്സുകാരൻ മകൻ ആര്യയും മൂന്ന് വർഷമായി ഇവർക്കൊപ്പം കളരി അഭ്യസിക്കുന്നു.

pink-shield2
Tags:
  • Spotlight