Tuesday 07 December 2021 11:14 AM IST : By സ്വന്തം ലേഖകൻ

‘ഒരു സാന്ത്വന വാക്ക് മതിയായിരുന്നു എല്ലാം ക്ഷമിക്കാൻ; ഇതുവരെ ഒന്നു വിളിക്കാൻ പോലും ഉദ്യോഗസ്ഥ സന്മനസ്സ് കാട്ടിയില്ല’: ബാലികയുടെ കുടുംബം പറയുന്നു

ernakulam-pinkpolice-father.jpg.image.845.440

കൊച്ചിയിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചെന്ന സംഭവത്തിൽ കുട്ടിയെ സാന്ത്വനപ്പെടുത്താനും മനുഷ്യത്വത്തിലും പൊലീസിലുമുള്ള കുട്ടിയുടെ വിശ്വാസം വീണ്ടെടുക്കാനും എന്തുചെയ്യാനാകുമെന്നു വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.  സംഭവത്തിൽ കുട്ടിയോടും കുടുംബത്തോടും കോടതിയോടും ക്ഷമ ചോദിച്ച് ആരോപണ വിധേയയായ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) സത്യവാങ്മൂലം നൽകി. 

ക്ഷമാപണം സ്വാഗതാർഹമാണെന്നും എന്നാൽ, കുട്ടിയും മാതാപിതാക്കളുമാണ് ഇതു മതിയോ എന്നു തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹർജിക്കാരിയുടെ അഭിഭാഷക ഇക്കാര്യം കുട്ടിയോടും കുടുംബത്തോടും ചർച്ച ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സർക്കാർ നടപടി സംബന്ധിച്ചു സത്യവാങ്മൂലം നൽകുമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ഹർജി 15നു പരിഗണിക്കാൻ മാറ്റി. പൊലീസ് പട്രോളിങ് വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച, തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിപിഒ രജിതയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശിയായ എട്ടു വയസ്സുകാരി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 

സംഭവത്തെക്കുറിച്ച് ഡിജിപി നൽകിയ റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ക്രിമിനൽ നടപടിയുടെ ആവശ്യമില്ലെന്നാണു ഡിജിപി റിപ്പോർട്ട് നൽകിയത്. ബാലനീതി പ്രകാരം നടപടി വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെ പിന്തുണയ്ക്കുകയോ നീതികരിക്കുകയോ അല്ല പൊലീസ് മേധാവി ചെയ്യേണ്ടിയിരുന്നത്. കുട്ടികളോടും സ്ത്രീകളോടും എങ്ങനെയാണ്  പെരുമാറേണ്ടതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നൽകണമെന്നും കോടതി നിർദേശിച്ചു.

നിഷ്കളങ്കയായ മാലാഖക്കുട്ടി

പെൺകുട്ടി മിടുക്കിയാണെന്നും ഈ പ്രായത്തിൽ ഉണ്ടായ മുറിവ് ജീവിതകാലം മുഴുവൻ പിന്തുടരാതിരിക്കട്ടെയെന്നും കോടതി പറഞ്ഞു. നിഷ്കളങ്കയായ മാലാഖയാണു ഹർജിക്കാരി. പൊലീസ് ഉദ്യോഗസ്ഥയെ ‘ആന്റി’ എന്നു പറഞ്ഞാണു മൊഴിയിൽ പരാമർശിക്കുന്നത്.  സംഭവത്തിന്റെ സമ്മർദം മൂലം കുട്ടി ഏറെ ഭയപ്പെട്ടിരുന്നു എന്നാണ് മാനസിക വിശകലനം നടത്തിയ വിദഗ്ധർ സൂചിപ്പിക്കുന്നത്. 

കുഞ്ഞു മനസ്സിലുണ്ടായ ആഘാതത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാനായി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കുട്ടിയെ കണ്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിഡിയോ കോൺഫറൻസിങ്ങിൽ വരണമെന്നും കോടതി നിർദേശിച്ചു. കുട്ടിയുടെ ക്ഷേമവും ഭാവിയുമാണു പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു.

ക്ഷമാപണം ആവശ്യമില്ലെന്ന് ബാലികയുടെ കുടുംബം

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചു പരസ്യമായി വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ക്ഷമാപണം തങ്ങൾക്ക് ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം. സംഭവത്തിൽ ഇനിയും നീതി കിട്ടിയിട്ടില്ലെന്നും അത് ഉറപ്പാക്കുന്നതു വരെ പോരാടുമെന്നും കുട്ടിയുടെ പിതാവ് ജി. ജയചന്ദ്രൻ അറിയിച്ചു.

‘‘എന്നെയും മകളെയും അവഹേളിച്ച സംഭവം നടന്നിട്ടു നാലു മാസം കഴിഞ്ഞു. ഇതുവരെ ഒന്നു വിളിക്കാൻ പോലും ഈ ഉദ്യോഗസ്ഥ സന്മനസ്സ് കാട്ടിയില്ല. ഒരു വാക്കു പറഞ്ഞു സമാധാനം പകരാൻ ശ്രമിച്ചിട്ടില്ല. അതു ഞങ്ങളുടെ കുടുംബം ഏറെ പ്രതീക്ഷിച്ചിരുന്നു. ഒരു സാന്ത്വന വാക്കു മാത്രം മതിയായിരുന്നു എല്ലാം ക്ഷമിക്കാൻ. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നീതിപൂർവകമായ നടപടി എടുത്തില്ല. അതിൽ വലിയ മനോവിഷമം ഉണ്ട്. നീതി കിട്ടും എന്ന പ്രതീക്ഷയിലാണു ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഞങ്ങളുടെ കുടുംബത്തിന്റെയും വിഷമം മനസ്സിലാക്കുമെന്നാണു പ്രതീക്ഷ.’’– ജയചന്ദ്രൻ പറഞ്ഞു.

Tags:
  • Spotlight