Tuesday 15 June 2021 04:44 PM IST

എന്നെപ്പോലുള്ള ലിമിറ്റഡ് എഡിഷൻ ആളുകൾക്ക് സ്വപ്‌നങ്ങൾ പിന്തുടരാൻ ഫോട്ടോഷൂട്ട് പ്രചോദനമാകട്ടെ! വിവാഹവും വരനുമില്ലെങ്കിലും ‘പിങ്ക്സിന്റെ’ സ്വപ്നങ്ങൾക്ക് മഴവിൽ നിറം

Priyadharsini Priya

Sub Editor

pinkss3

പിങ്ക്സ്, ആ പേരിൽ തന്നെ ഒരു വൈബ് ഉണ്ട്. വിധി നൽകിയ 'കറുപ്പിനെ' നിശ്ചയദാർഢ്യം കൊണ്ട് മഴവിൽ നിറങ്ങളാക്കി മാറ്റിയ മിടുക്കി പെൺകുട്ടി പടർത്തുന്ന പ്രത്യേകതരം ഊർജം. ഒപ്പം കൂടുന്നവർക്കൊക്കെ പ്രചോദനമാണ് പ്രിയങ്ക ജയപ്രകാശ് എന്ന പിങ്ക്സ്. അവൾ കടന്നുപോകുന്ന വഴികളിലൊക്കെ നിറങ്ങൾ വസന്തം വിരിയിക്കും. വിവാഹവും വരനുമൊക്കെ വിദൂര സ്വപ്നം മാത്രമാണെങ്കിലും വീൽചെയറിൽ ഇരുന്നുകൊണ്ട് പിങ്ക്സ് ഒരുക്കിയ ബ്രൈഡൽ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 

ശാരീരിക പരിമിതികളോട് റ്റാറ്റാ ബൈ ബൈ പറഞ്ഞ് പിങ്ക്സ് നവവധുവായി ഒരുങ്ങിവന്നു. നിറപുഞ്ചിരിയോടെ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വന്തമാക്കാനുള്ളതാണെന്ന് ജീവിതം കൊണ്ട് കാണിച്ചുതരുകയാണ് തൃശൂർ സ്വദേശിയായ ഈ ഇരുപത്തിയേഴുകാരി. പിങ്ക്സിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ടി.എ. അൻവർ. പോസിറ്റീവ് വൈബ്‌സ് നൽകിയ ആ ഫോട്ടോഷൂട്ട് അനുഭവങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് അൻവർ. 

pinks55

സ്വപ്നങ്ങളെ കൂടുപിടിച്ച് 

പിങ്ക്സിനെ പറ്റി പറയാൻ വാക്കുകളൊന്നുമില്ല. ഇത്രയധികം ആക്റ്റീവ് ആയ ഒരാളെ ഞാൻ അധികം കണ്ടിട്ടില്ല. അത്രയ്ക്ക് മിടുക്കിയാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷൻ അടിച്ച് ഇരിക്കുന്നവർ പിങ്ക്സിനോട് അൽപനേരം സംസാരിച്ചാൽ മതി. പോസിറ്റീവ് വൈബ്‌സ് ആണ് അവർക്ക് ചുറ്റും. മറ്റുള്ളവരെ പോലെ വിധിയെ ഓർത്ത് വിഷമിച്ചിരിക്കുന്ന ഒരാളല്ല. അതിമനോഹരമായി ചിത്രങ്ങൾ വരയ്ക്കും, ക്രാഫ്റ്റ് വർക്കുകൾ ചെയ്യും.

ഞങ്ങൾ ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയമാണ്. പിങ്ക്സ് ഒരിക്കൽ എനിക്കൊരു മെസ്സേജ് അയച്ചു, എന്റെ വലിയൊരു ആഗ്രഹമാണ് ബ്രൈഡൽ ഫോട്ടോഷൂട്ട് എന്ന്. ഇതുകേട്ടപ്പോൾ ഞാൻ പെട്ടെന്ന് സൈലന്റ് ആയിപ്പോയി. എന്താണ് പറയേണ്ടതെന്ന് ആദ്യം അറിയില്ലായിരുന്നു. അടുത്ത നിമിഷം എത്രയും പെട്ടെന്നുതന്നെ പിങ്ക്സിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണമെന്ന് തോന്നി. പിന്നെയെല്ലാം വേഗത്തിലായി. 

pinkss66

പിങ്ക്സിന് പറ്റുന്ന വെഡ്‌ഡിങ് ഡ്രസ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ആസ്മിൻ കളക്ഷൻസ് ആണ് അനുയോജ്യമായ രീതിയിൽ വസ്ത്രം കസ്റ്റമൈസ് ചെയ്തു തന്നത്. ലാവണ്യ ബ്യൂട്ടി പാർലർ ആയിരുന്നു മേക്കപ്പ്. എല്ലാം കൂടി ഒത്തുചേർന്നപ്പോൾ സംഭവം കളറായി. പിങ്ക്സിനെ മനോഹരമായി ഒരുക്കി. തൃശൂർ പെരുമ്പിലാവിലുള്ള അവരുടെ വീട്ടിൽ തന്നെയായിരുന്നു ഫോട്ടോഷൂട്ട്. പോസ് ചെയ്യാനും മിടുക്കിയാണ്. ഓരോ ഫ്രെയിമിലും പറഞ്ഞുകൊടുത്തതിനേക്കാൾ ഗംഭീരമായി പിങ്ക്സ് പെർഫോം ചെയ്തു. വിഡിയോ ചെയ്തത് വിഷ്ണു ഓറിയോൺ ആണ്. 

പിങ്ക്സിനും ചിലത് പറയാനുണ്ട് 

pinkss8

"വധുവായി ഒരുങ്ങണം എന്ന് മനസ്സിൽ ഒരാഗ്രഹം തോന്നി. അത് പ്രാക്റ്റിക്കലായി നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. കാരണം പണ്ടത്തെ സൗന്ദര്യ സങ്കല്പങ്ങളും ഐഡിയൽ ബോഡി കോൺസപ്റ്റും ഒക്കെ നിലനിൽക്കുന്ന ഈ സമൂഹത്തിന് മുന്നിൽ ഇതൊക്കെ ഞങ്ങളുടെ അത്യാഗ്രഹങ്ങളായി കാണുമോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ, ഈ ഫോട്ടോഷൂട്ടിലൂടെ എന്റെ ഏറെ നാളത്തെ ഒരാഗ്രഹം സഫലമായതിന്റെ സന്തോഷമുണ്ട് ഇപ്പോൾ. എല്ലാ ക്രെഡിറ്റും അൻവറിനാണ്. മറ്റൊന്നും ചിന്തിക്കാതെ എന്റെ ആഗ്രഹത്തിന് കൂട്ടുനിന്നതിന് മനസ്സ് നിറഞ്ഞ് നന്ദി പറയുന്നു. കുറേ ഫോട്ടോഗ്രാഫർമാരോട് ഞാനീ ആവശ്യം പറഞ്ഞു വിളിച്ചിരുന്നു. എല്ലാവരും വലിയ തുകയാണ് ഫോട്ടോഷൂട്ടിനായി ആവശ്യപ്പെട്ടത്.

pinks11

എന്റെ സന്തോഷമാണ് ഞാൻ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചത്, അല്ലാതെ ആരുടെയും സിമ്പതി നേടാനായല്ല ഇങ്ങനെ ചെയ്തത്. സിമ്പതിയൊക്കെ പണ്ടുതൊട്ടേ ആവോളം കിട്ടിയിട്ടുണ്ട്. ഇനി എനിക്കത് വേണ്ട. എന്നെപ്പോലുള്ള ലിമിറ്റഡ് എഡിഷൻ ആളുകൾക്ക് അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ ഫോട്ടോഷൂട്ട് പ്രചോദനമാകട്ടെ എന്ന് കരുതി. കുറച്ചു പേർക്കെങ്കിലും ഗുണം കിട്ടിയാൽ അതാണ് ഏറ്റവും വലിയ സന്തോഷം. നമ്മളെകൊണ്ട്‌ എല്ലാം കഴിയും... കഴിയില്ല എന്ന ചിന്ത മാത്രമാണ് നമ്മുടെ പരിമിതി."- പിങ്ക്സ് പറയുന്നു.

ഓസ്റ്റിയോ ജെനിസിസ് ഇംപെർഫെക്റ്റ എന്ന ജന്മനാ കിട്ടിയ രോഗമാണ് പിങ്ക്സിനെ വീൽചെയറിലാക്കിയത്. ദുബൈയിൽ ജോലി ചെയ്യുന്ന ജയപ്രകാശ് ആണ് പ്രിയങ്കയുടെ അച്ഛൻ. അമ്മ മിനി ജയപ്രകാശ്. രണ്ടു സഹോദരന്മാർ, പ്രണിതും ഋഷികേശും. രണ്ടുപേരും ചേച്ചിയുടെ സ്വപ്നങ്ങൾക്ക് കട്ടയ്ക്ക് സപ്പോർട്ടുമായി കൂടെയുണ്ട്.

Tags:
  • Spotlight
  • Inspirational Story