Friday 07 August 2020 10:04 PM IST : By സ്വന്തം ലേഖകൻ

മരിച്ചത് പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ; യാത്രക്കാരായ രണ്ട് സ്ത്രീകളും മരിച്ചതായി സൂചന

pilot

കരിപ്പൂര്‍ വിമാനാപകടത്തില്‍ 6 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. മരണം സ്ഥിരീകരിച്ചവരില്‍ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയുമുണ്ട്.   ഫസ്റ്റ് ഓഫിസര്‍ അഖിലേഷിന് ഗുരുതരപരുക്ക്. ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച അപകടത്തില്‍ പൈലറ്റിനു പുറമേ രണ്ടു വനിതാ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫസ്റ്റ് ഓഫീസര്‍ അഖിലേഷന്റെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

പരിചയ സമ്പന്നനായ പൈലറ്റായിരുന്നു ഡിവി സാഠേയെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സേനയില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ സേവനത്തിനെത്തുന്നത്. 

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളര്‍ന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തില്‍ വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുള്ള ഭാഗം തകര്‍ന്നു. മുന്‍വാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളര്‍ന്നത്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് എട്ടുമണിയോടെയാണ്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. വിമാനത്തിന് സാരമായ കേടുപാടുകള്‍. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരമാണ്.