Wednesday 14 August 2024 12:31 PM IST : By സ്വന്തം ലേഖകൻ

അനക്കമറ്റ് ശരീരം, കിടന്നകിടപ്പില്‍ മനസിൽ വിരിയുന്ന കവിതകൾ കടലാസിൽ പകർത്തി ഭാര്യ; അതിജീവനം കവിതയാക്കി മാറ്റി ഉദയകുമാർ

udayan

രോഗം തളർത്തിയ ശരീരത്തിന്റെ അതിജീവനം കവിതയാക്കി മാറ്റുകയാണ് വൈക്കം സ്വദേശി യു.വി. ഉദയകുമാർ. വ്യക്തതയോടെ സംസാരിക്കാൻ പോലുമാവാത്ത ഉദയകുമാറിന്റെ മനസിൽ പിറക്കുന്ന കവിതകൾ എഴുതി എടുക്കുന്നത് ഭാര്യ വൽസലയാണ്. 11 വർഷമായി അസുഖത്തെ തുടർന്ന് കിടപ്പിലായ മരപ്പണിക്കാരനായിരുന്ന ഉദയകുമാറിനെയും ആ മനസ്സിലെ കവിതകളെ  ലോകത്തിനു മുന്നിലെത്തിക്കുന്ന ഭാര്യയെയും പരിചയപ്പെടാം.

പതിനൊന്ന് വർഷം മുമ്പാണ് കുലശേഖരമംഗലം സ്വദേശി ഉദയകുമാറിന്‍റെ ശരീരഭാഗങ്ങൾ ക്രമേണ തളർന്ന് തുടങ്ങിയത്. പിന്നീട് മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അപൂർവ്വ രോഗമെന്ന സ്ഥിരീകരണവും. 70 ലധികം കവിതകളാണ് ഈ മനസ് ഭാര്യ വൽസലയോട്  പറഞ്ഞ് കൊടുത്തത്. ഉദയകുമാറിന്റെ അനക്കമറ്റ ശരീരത്തിലെ തളരാത്ത മനസിൽ പിറന്ന കവിതകളടങ്ങിയ ആദ്യ പുസ്തകം ഈ 16 ന് പുറത്തിറങ്ങും.

ഭാര്യ വൽസലയുടെ സൗകര്യം കാത്ത് മനസിൽ വിരിയുന്ന കവിതകൾ മറക്കാതെ ഉദയകുമാർ മനസിൽ നിറച്ച് വയ്ക്കും. തളർന്ന ശരീരത്തിലെ അവ്യക്തമായ വാക്കുകൾ ക്ഷമയോടെ അവർ കടലാസിൽ പകർത്തി. 51 കവിതകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകമാണ് പുറത്തിറങ്ങുന്നത്. ഉദയകുമാറിന്‍റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഒക്കെ ഈ കാഴ്ച കാണുമ്പോൾ പറയാനുള്ളത് ഒന്നു മാത്രമാണ്. ഉദയകുമാർ കവിതയിലൂടെ ഊർജ്ജം വീണ്ടെടുക്കുകായാണ്, അതിജീവിക്കുകയാണ്. 

Tags:
  • Spotlight