Thursday 14 May 2020 10:54 AM IST

തൊണ്ടികൾക്ക് പകരം പഴങ്കഞ്ഞിയും മത്തിക്കറിയും ചമ്മന്തിയും!പാരമ്പര്യത്തിന്റെ രുചി ഭേദങ്ങളുമായി ഒരു പൊലീസ് ഭക്ഷണശാല

Sreerekha

Senior Sub Editor

p1

ചുവരിൽ നടൻ ജയന്റെ 'ശരപഞ്ജരം', ഷീലയുടെ 'ചെമ്മീൻ' തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ. പഴയ റേഡിയോയിൽ നിന്ന് ഒഴുകി വരുന്ന ആകാശ വാണിയിലെ ഗൃഹാതുരത നിറഞ്ഞ പാട്ടുകൾ. പാട്ടുകേട്ടിരിക്കെ, പഴങ്കഞ്ഞിയും മത്തിക്കറിയും ചമ്മന്തിയും അതുപോലെ, വീടിന്റെ ഓർമയുണർത്തുന്ന ഹൃദ്യമായ ഒരുപാട് രുചികളും സ്നേഹത്തോടെ വിളമ്പിത്തരുന്ന ഒരു അമ്മയുമുണ്ട് അരികിൽ... കായംകുളത്തെ വള്ളികുന്നം പൊലീസ് സ് റ്റേഷന്റെ തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി ഇപ്പോൾ ഇങ്ങനെ ആരെയും നൊസ്റ്റാൾജിയയിലാഴ്ത്തുന്നൊരു ഭക്ഷണ ശാലയാണ്. 1970 കളിലെ ചായക്കടയുടെ ആംബിയൻസാണ് തേയ്ക്കാത്ത ചുവരും റാന്തൽവിളക്കും ഓലമെടഞ്ഞതും മൺകുടങ്ങളുമൊക്കെ അലങ്കാരമാകുന്ന ഭക്ഷണശാലയ്ക്കുള്ളത്. ഇവിടെ വിളമ്പുന്ന വിഭവങ്ങളാവട്ടെ, എല്ലാം നമ്മുടെ നഷ്ടപ്പെട്ടു പോയ നാടൻ കൈപ്പുണ്യത്തിന്റെ രുചിദേഭങ്ങൾ തന്നെ. ലോക്ഡൗൺ കാലത്ത് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ അതിനെ മറികടക്കാൻ വേണ്ടിയാണ് വള്ളികുന്നം സ്റ്റേഷനിലെ സി. എെ. ഗോപകുമാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇങ്ങനെ വേറിട്ടൊരു ഭക്ഷണശാലയെന്ന എഡിയയുമായി മുന്നോട്ടു വന്നത്. വളരെയധികം ടെൻഷൻ നിറഞ്ഞ ജോലിയാണ് പൊലീസിന്റേത്. ഭക്ഷണം കഴിക്കുന്ന സമയത്തെങ്കിലും ആ ടെൻഷനെല്ലാം മറക്കാനാവട്ടെ എന്നു കൂടി ചിന്തിച്ചാണ് ഇങ്ങനെ ഗൃഹാതുരത നിറഞ്ഞൊരു ആംബിയൻസ് ഒരുക്കിയത്. സ്റ്റേഷനിലെ സ്റ്റാഫ് എല്ലാവരും ഒരേ മനസ്സോടെ ഉൗർജസ്വലമായി പ്രവർത്തിച്ചപ്പോൾ തൊണ്ടിമുതലുകളുടെ മുറി രണ്ടാഴ്ച കൊണ്ട് നൊസ്റ്റാൾജിക് ഭക്ഷണശാലമായി മാറി. സി. ഐ. ഗോപകുമാർ പറയുന്നു: ''ലോക്ഡൗൺ സമയത്ത് ഹോട്ടലുകളെല്ലാം അടയ്ക്കുകയും പൊലീസുകാർക്ക് വീട്ടിൽ പോകാൻ പറ്റാത്ത സ്ഥിതിയും വന്നപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമുണ്ടായിരുന്നു, ഓരോ സ്റ്റേഷനിലും സ്റ്റാഫിന് ആവശ്യമുള്ള ഭക്ഷണം അവരവർ തന്നെ തയ്യാറാക്കണമെന്ന്. സ്റ്റേഷന്റെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിലെ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി അവിടെ ഭക്ഷണ ശാലയ്ക്കായി ക്രമീകരിക്കുകയായിരുന്നു. വെറുതെ ഒരു ഭക്ഷണശാലയ്ക്കപ്പുറം അതിൽ എന്തെങ്കിലും പുതുമയും വൈവിധ്യവും വേണമെന്ന് തോന്നി. കാരണം, പൊലീസിന്റേത് വളരെ സമ്മർദമുള്ള ജോലിയാണ്. ഭക്ഷണം കഴിക്കുന്ന അവസരത്തിലെങ്കിലും ആ സമ്മർദ്ദം കുറയട്ടെ എന്ന് ചിന്തയിൽ നിന്നാണ് ഈആശയത്തിന്റെ തുടക്കം. പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന ചായക്കടയുടെ വിഷ്വലുകൾ എന്റെ ഓർമയിലുണ്ടായിരുന്നു. പഴക്കുലകൾ തൂക്കിയിട്ടിരിക്കുന്ന ചായക്കട. മണ്ണുകുഴച്ചുണ്ടാക്കിയ അരഭിത്തി, ബെഞ്ചും ഡെസ്കുമിട്ട മുറി... ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാൻ ' എന്ന സിനിമയിലെ ചായക്കടയുടെ ചില ദൃശ്യങ്ങളൊക്കെ മനസ്സിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.

നമുക്ക് ആ ആംബിയൻസ് ഒരുക്കിയാലോ എന്ന് സഹപ്രവർത്തകരോട് ചോദിച്ചപ്പോൾ എല്ലാവരും യെസ് മൂളി. ചിത്രകാരൻ കൂടിയായ പൊലീസ് ഉദ്യോസ്ഥൻ അനീഷ് ആണ് ഇവിടുത്തെ അലങ്കാരലവേലകളും ചിത്രപ്പണികളും ഡിസൈൻ ചെയ്തത്. പഴയ കാല അന്തരീക്ഷം നിലനിർത്താൻ ചുവരുകൾ തേക്കാതെ തന്നെ ഇട്ടു. കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വരുമ്പോൾ അമ്മ സ്നേഹത്തോടെ വിളമ്പിത്തരുമായിരുന്ന ഭക്ഷണം എല്ലാവരുടെയും മനസ്സിലെ പ്രിയപ്പെട്ട ഒാർമയാണ്. ഭക്ഷണം പാകം ചെയ്യാൻ അങ്ങനെ സ്നേഹമയിയായ ഒരു അമ്മ കൂടി വേണമെന്ന് തോന്നി. കാമ്പിശേരിൽ കൊച്ചു വീട്ടിൽ ദേവകിയമ്മയെ പാചകത്തിന്റെ ചുമതല അങ്ങനെ ഏൽപിച്ചു. വനിതാ പൊലീസുകാരികൾ പാചകത്തിന് ദേവകിയമ്മയെ സഹായിക്കും. പഴയ, ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന പല സാധനങ്ങളും ഭക്ഷണ ശാലയുടെ ഇന്റീരിയർ ഡിസൈൻ ചെയ്യാനായി ഉപയോഗിച്ചു. പണ്ടത്തെ പൊലീസ് ജീപ്പിന്റെ ഹെഡ് ലൈറ്റ് അകത്തുള്ള വെളിച്ചമാക്കി. പഴയ സ് റ്റിയറിങ് ഇരിപ്പിടമാക്കി. ഹെൽമെറ്റ് ലൈറ്റ്ഷേയ് ഡാക്കി. പഴയ കാലത്തെ റേഡിയോയും സംഘടിപ്പിച്ചു. ലോക്ഡൗൺ സമയത്ത് ആളുകളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്നപ്പോൾ മനസ്സിലായി ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്ന പലരുമുണ്ടെന്ന്. അഭിമാനത്തിന്റെ പേരിൽ റേഷൻ കടയിൽ പോകാത്തവരും ബുദ്ധിമുട്ട് പുറത്ത് പറയാത്തവരുമൊക്കെയായി സമൂഹത്തിലെ ഇടത്താരക്കാരിൽ പലരുമുണ്ട്. അങ്ങനെ വിഷമം നേരിടുന്ന ആളുകൾക്കായി, ഇവിടെ പൊലീസിനുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതം സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്.

p2

ഉപയോഗിക്കുന്ന പച്ചക്കറികളെല്ലാം നമ്മൾ തന്നെ സ്റ്റേഷൻ വളപ്പിൽ കൃഷി ചെയ്യുന്നതാണ്. ഓണാട്ടുകരയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പണ്ട് കാർഷിക വൃത്തിക്ക് പേരു കേട്ട സ്ഥലമായിരുന്നു ഇവിടം. ഭക്ഷണത്തിനായി തമിഴ്നാട്ടിൽ നിന്നെത്തുന്ന വിഷം കലർന്ന പച്ചക്കറികളെ ആശ്രയിക്കാതെ, പണ്ടത്തെ കാലത്തെ പോലെ, നമ്മുടെ തൊടിയിലെ നാടൻ പച്ചക്കറികൾ ഇവിടെ ഉപയോഗിക്കാനും തീരുമാനിച്ചു. ലോക് ഡൗൺ മാറിയാലും ഈ ഭക്ഷണശാല ഇതേ പടി തുടരാനാണ് പ്ലാൻ." എസ് ഐമാരായ കെ. സുനുമോൻ, അൻവർ സാദത്ത്, സതീശ് കുമാർ, എ എസ് എെ മാരായ റിനു കെ ഉമ്മൻ, സുരേഷ് , ബഷീർ തുടങ്ങിയവരെല്ലാം ഔദ്യോഗിക ഡ്യൂട്ടിക്കിടയിലും ഇതിനു വേണ്ടിയുള്ള പ്രവർത്തനത്തിന് സമയം കണ്ടെത്തി കാര്യങ്ങൾക്കു നേതൃത്വം നൽകുന്നു. അങ്ങനെ ലോക് ഡൗൺ കാലത്ത് തുറന്ന നാടൻ ഭക്ഷണശാലയിലൂടെ നമുക്ക് നഷ്ടപ്പെട്ടു പോയ കുറേ നന്മകളും ഗൃഹാതുരതകളും നാട്ടു ഭക്ഷണശീലങ്ങളുടെ മേന്മകളുമൊക്കെ തിരികെ പിടിക്കാൻ ശ്രമിച്ച് മാതൃകയാകുകയാണ് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.