Saturday 11 April 2020 03:42 PM IST

ലോക്ക് ഡൗൺ ലംഘിച്ചപ്പോൾ പൊലീസ് ‘ഉപദേശി’യാക്കി; സോഷ്യൽ മീഡിയയിൽ വൈറൽ ശിക്ഷ കിട്ടിയ അക്കു ഇതാണ്

Ammu Joas

Sub Editor

akku

ലോക് ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൊലീസ് നൽകുന്ന ചില ശിക്ഷകൾ വേറെ ലെവലാണ്. ഇമ്പോസ്സിഷൻ മുതൽ ക്വിസ് വരെ റോഡരികിൽ നടക്കുന്നുണ്ട്. കൊച്ചി കങ്ങ  രപ്പടിയിൽ വച്ച് ആഷിഖ് എന്ന അക്കുവിനെ പോക്കിയപ്പൊഴും പൊലീസ് കൊടുത്തു അങ്ങനൊരു ഒന്നൊന്നര പണി. അത് മാത്രമല്ല, കൊടുത്ത പണി റെക്കോർഡ് ചെയ്തു ഫെയ്‌സ്ബുക്കിലും ഇട്ടു പൊലീസ്. 25 പേരെ ഫോണിൽ വിളിച്ച് 'കൊറോണ ഉപദേശം' നൽകണം. അതായിരുന്നു ശിക്ഷ.

വിഡിയോ വൈറൽ ആയതോടെ 25 പേരെ അറിയിച്ചത് ലോകം മുഴുവൻ അറിഞ്ഞു. വീണ്ടും വീണ്ടും കണ്ട് ചിരിക്കുന്ന ഈ വീഡിയോയിലെ താരം അക്കു മാത്രമല്ല, പൊലീസും കൂടിയാണ്.

ഹലോ, എടാ ഞാനാ അക്കുവാ, കൊറോണയാണ്. 

ആവശ്യമില്ലാതെ പുറത്തിറങ്ങല്ലേ... 

നീ പോടാ, ഞാനിറങ്ങും...

ലെ പൊലീസ്: നിന്റെ  ഡിപി നോക്കിവച്ചിട്ടുണ്ട് കേട്ടോ... ഇനി പുറത്തിറങ്ങുമ്പോ പൊക്കിക്കൊളാം...

ഇത് വീഡിയോയുടെ തുടക്കം മാത്രം. ബാക്കി കഥ സീൻ ബൈ സീൻ ആയി അക്കുവിനോട് തന്നെ ചോദിക്കാം.

അക്കുവിന് കിട്ടിയ പണി മലയാളികളെ മൊത്തം ചിരിപ്പിച്ചല്ലോ? ആകെ ചമ്മലായോ ?

അയ്യേ എന്തിന്... ഇതിപ്പോ 25 അല്ല, 25000 പേരെങ്കിലും അറിഞ്ഞില്ലേ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ പൊലീസ് ലോക്കാക്കും എന്ന്. അടിച്ചു പുറം പൊളിക്കാതെ നൈസായിട്ട്‌ ശിക്ഷിക്കാൻ അറിയുന്ന പൊലീസ് സാറുമാരും ഉണ്ടെന്ന്. 

ഇനി പുറത്തിറങ്ങി ഉല്ലസിച്ചോ എന്ന് സർക്കാര് പറയും വരെ നോ ഔട്ട് ഗോയിങ്, ഇൻകമിങ് ആൾസോ വേണ്ടാട്ടാ, കൊറോണയാണ്.

നോൺ സ്റ്റോപ് ചിരിയും ബ്രേക്ക് ഇല്ലാത്ത വർത്തമാനവും ആണല്ലോ?

പൊലീസും ഇതു തന്നെ പറഞ്ഞു. 'ഇമ്മാതിരി ചിരി ചിരിച്ചാൽ പൊലീസ് അല്ല, സൈക്കോ കില്ലർ പിടിച്ചാലും വെറുതെ വിടും' എന്നൊക്കെ വീഡിയോക്ക് കമന്റ് ഉണ്ടായിരുന്നു. 

പക്ഷേ, 25 പേരെ ഫോൺ വിളിച്ച് ഉപദേശിക്കാൻ പറഞ്ഞപ്പോൾ ആദ്യം കിളി പോയി. കോൾ ഹിസ്റ്ററിയിൽ നിന്ന് സാറുമാര് തന്നെ സെലക്റ്റ് ചെയ്തു തന്നവരെയാണ് വിളിച്ചത്. 20 പേരെ വിളിച്ചപ്പോൾ തന്നെ, അവർക്ക് മതിയായി എന്നാ തോന്നുന്നേ. പിന്നെ, വീട് എവിടെയാ, എന്താ ചെയ്യുന്നേ എന്നൊക്കെ കുശലം ചോദിച്ച് അവരുടെ കയ്യിലുണ്ടായിരുന്ന ചാമ്പക്കയും തണ്ണീർമത്തനുമോക്കെ തന്നാണ് വീട്ടിലേക്ക് വിട്ടത്. എന്റെ ഭാവിയെ കരുതിയാണ് അവർ കേസിനും പൊല്ലാപ്പിനും പോകാഞ്ഞത്.  

ഉമ്മയും വാപ്പയും പേടിച്ചില്ലേ?

വാപ്പ സുബൈറിന് കൂലിപണിയാണ്. ഉമ്മ കൗലത്ത് വീട്ടമ്മ. വാപ്പ പറഞ്ഞിട്ടാണ് കേബിൾ കണക്ഷന്റെ കാര്യത്തിന് പുറത്ത് പോയത്. ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു. പൊലീസ് പിടിച്ചപ്പോ 'നീ വിട്ടോടാ ഞാൻ വന്നോളം' എന്ന് കനത്തിൽ ഡയലോഗുമടിച്ച് അവനെ പറഞ്ഞു വിട്ടു. അവൻ വീട്ടിൽ വന്നു സംഭവമൊക്കെ പറഞ്ഞായിരുന്നു. വാപ്പയും ഉമ്മയും ഇത്തിരി പേടിച്ചെങ്കിലും കേസ് ഒന്നുമില്ലെന്ന് കേട്ടപ്പോ സന്തോഷായി. 

ഫോൺ വിളിച്ച കൂട്ടത്തിൽ ഉമ്മയും ഉണ്ടായിരുന്നു. ഉമ്മയെ വിളിക്കുമ്പോ സാറുമാരു പറയുന്നുണ്ട്, ' ഉമ്മാനോട് ഇപ്പൊ വരുമെന്ന് പറയെട' എന്ന്. വീട്ടിലിരിക്കുന്ന ഉമ്മയുടെ ടെൻഷൻ ഞാൻ ഓർത്തില്ലേലും അവർ ഓർത്തു കേട്ടോ. 

ഇപ്പോ ആ വിഡിയോ കണ്ടിരുന്നു ചിരിക്കലാണ് ഉമ്മാന്റേം വാപ്പാന്റേം പ്രധാന പണി.

വിഡിയോ വൈറാലായപ്പോൾ ഞെട്ടിയോ?

പിറ്റേദിവസം കൂട്ടുകാരനാണ്  വിഡിയോ വൈറാലായ വിവരം വിളിച്ച് പറഞ്ഞത്. വീട്ടിൽ ഒരു ഇക്കാക്കയും രണ്ട് ഇത്താ ത്താസും ഉണ്ട്. ഇത്താത്തമാരുടെ കല്യാണം കഴിഞ്ഞ് ഫാമിലിയായി ഇവിടെ തന്നെയാണ്. കൂട്ടുകുടുംബം ആണേ. വിഡിയോ വൈറാലയതോടെ വീട്ടുകാരും കൂട്ടുകാരും കൂടെ കളിയാക്കി കൊന്നു. പക്ഷേ, സങ്കടമൊന്നും തോന്നിയില്ല. അതൊക്കെ അങ്ങ് ആഘോഷിച്ചു. ഫോൺ നമ്പർ തപ്പിയെടുത്ത് എനിക്കറിയാത്ത പലരും വിളിച്ചു. പിന്നെ, ദേ  ടൊവിനോ മച്ചാൻ പെൺകുട്ടികളുടെ നടുവിൽ ഇരിക്കുന്ന കവറൊക്കെ വന്ന വനിതയിൽ നമ്മളും വന്നില്ലേ... 

ചെറുതായൊന്ന് ഞെട്ടിയത് സോഷ്യൽ മീഡിയയിൽ വന്ന ചില അടിക്കുറിപ്പ് കണ്ടിട്ടാണ്. 

'രാത്രി ഒരു മണിക്ക് ബൈക്കിൽ കറങ്ങിയ കൊച്ചു പയ്യനെ പോലീസ് പിടിച്ചു' എന്നൊക്കെയാണ് ചിലർ എഴുതി പിടിപ്പിച്ചിരുന്നത്. രാത്രിയിൽ ഒന്നുമല്ല, വൈകുന്നേരം ആറര- ഏഴു മണിക്കാണ് സംഭവം. പിന്നെ, ഞാൻ അത്ര കൊച്ചു പയ്യനൊന്നുവല്ല, 20 വയസ്സുണ്ട്. മീശ അധികം മുളച്ചിട്ടില്ലെന്നേ ഉള്ളൂ. തേപ്പ് കിട്ടിയാലെങ്കിലും താടിയൊക്കെ വരൂല്ലേ... ഇതിപ്പോ തേപ്പ് കിട്ടിയത് പോലും താടി അറിഞ്ഞിട്ടില്ല എന്നാ തോന്നുന്നേ...   

വീട്ടിൽ ഇരുന്നു ബോറടിക്കുമ്പോ ഒന്ന് കവല വരെ പോകാൻ തോന്നുന്നുണ്ടോ? 

അയ്യോ ഇല്ലേ... പ്രാവിനേം പിടിച്ച്, മാങ്ങയ്ക്കും കല്ലെറിഞ്ഞ്, കാരംസും കളിച്ച് ഇങ്ങനൊക്കെ ലോക് ഡൌൺ കാലം മുന്നോട്ട് കൊണ്ട് പൊയ്ക്കോളാം. 

പ്ലസ് ടൂവിൽ പഠിപ്പു നിർത്തിയതാണ്. ഡ്രൈവർ ആയിട്ടും പ്ലമിങ് വർക്കിനുമൊക്കെ പോകുമായിരുന്നു. ഫുട്ബാൾ ഭ്രാന്ത് പണ്ടേ കൂടെയുണ്ട്. എസ് എച് തേവര ആയിരുന്നു തട്ടകം. വിദേശത്തു ഒരു ഫുട്ബോൾ പരിശീലന ക്യാമ്പിലേക്ക് അവസരം കിട്ടിയതാണ്. പാസ്സ്പോർട്ടും വിസയുമൊക്കെ റെഡി ആയപ്പോഴാണ് കൊറോണ വന്ന് 'വീട്ടിൽ പോയിരിക്കാൻ' പറഞ്ഞത്. ഇനി അതിന്റെ കാര്യമൊക്കെ നോക്കണം.

akku_2

ഞാൻ പോണില്ലേലും സാധനങ്ങൾ വാങ്ങാൻ വാപ്പ ഇടയ്ക്ക് പുറത്ത് പോണുണ്ട്. സത്യവാങ്മൂലം ഒക്കെ കൊണ്ടേ പുറത്തിറങ്ങാവു എന്ന് ഞാൻ വാപ്പാനോടും പറഞ്ഞു. വൈറൽ ആയി രക്ഷപെടാൻ ഉള്ള ഭാഗ്യം എല്ലാവര്ക്കും കിട്ടണമെന്നില്ലല്ലോ.