Friday 13 September 2024 11:22 AM IST : By രാജു മാത്യു

‘അവൻ കറ തീർന്ന കമ്യൂണിസ്റ്റാണ്, ഇക്കാര്യം പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല’; മകനെ തേടിച്ചെന്നത് അച്ഛന്റെ മുന്നിൽ, വാക്കുകളില്‍ അഭിമാനം

sitaram-yechury

‘അവൻ കറ തീർന്ന കമ്യൂണിസ്റ്റാണ്. ഇക്കാര്യം പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല’- സീതാറാം യച്ചൂരിയെക്കുറിച്ചു പിതാവ് എസ്.എസ്. യച്ചൂരി ഒരിക്കൽ പറഞ്ഞു. ഗതാഗതമേഖലയെപ്പറ്റിയുള്ള രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ഭാര്യ കൽപകം യച്ചൂരിക്കൊപ്പം കൊല്ലത്തെത്തിയതായിരുന്നു സീതാറാം യച്ചൂരിയുടെ പിതാവ്. 

ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യച്ചൂരി (എസ്.എസ്.യച്ചൂരി) യുഎന്നിൽ ഗതാഗത മേഖലയിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു. ഹർഷദ് മേത്ത ഉൾപ്പെട്ട ഓഹരി കുംഭകോണക്കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളുടെ അലയൊലിയുള്ള 1995-96 കാലം. 

കൊല്ലം കെഎസ്ആർടിസിക്ക് എതിർവശമുള്ള കെടിഡിസി ഹോട്ടലിൽ ഒരു യച്ചൂരി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് സീതാറാം യച്ചൂരി ആവും എന്നുറപ്പിച്ച് ചെന്നതാണ്. മുറി തുറന്നു പുറത്തേക്കുവന്നത് പ്രായമായ ഒരാൾ. സീതാറാം യച്ചൂരിയെ പ്രതീക്ഷിച്ച സ്ഥാനത്ത് ഇതാരാണ്? അദ്ദേഹം ചോദിച്ചു: ‘വൈ ജെന്റിൽമാൻ ഹിയർ?’ സീതാറാം യച്ചൂരിയാകുമെന്നു കരുതിയാണു വന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു: ‘ഞാനും ഒരു യച്ചൂരിയാണ്. സീതാറാം യച്ചൂരിയെ എനിക്കു നല്ലവണ്ണം അറിയാം. അവൻ എന്റെ മകനാണ്.’ 

നരവംശ ശാസ്ത്ര പഠനം തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ സ്വകാര്യ ഉപദേഷ്ടാവാണെന്നും അന്നു വെളിപ്പെടുത്തി. ഹർഷദ് മേത്ത വിവാദം ഓർത്തു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഹർഷദ് മേത്തയിൽ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിയാണോ? ഉപദേഷ്ടാവായ താങ്കൾ അതു വിശ്വസിക്കുന്നോ എന്നു ചോദിച്ചു. തിരിച്ചുവന്നത് മറുചോദ്യം. ‘രത്തൻ ടാറ്റായ്ക്ക് 100 രൂപ കൈക്കൂലി കൊടുക്കാൻ ആവുമോ?

അതിനു കഴിയുമെങ്കിൽ നരസിംഹറാവുവിന് ഒരു കോടി കൈക്കൂലി നൽകാം. നിങ്ങൾക്കറിയില്ല, നരസിംഹറാവു ആന്ധ്രയിലെ ശതകോടീശ്വരനാണ്. നോക്കെത്താ ദൂരത്തോളം വസ്തുക്കളുള്ള വൻജന്മിയാണ്. ഇതു ഞാൻ വിശ്വസിക്കില്ല.’താങ്കളുടെ മകൻ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവരാണല്ലൊ കൈക്കൂലി ആരോപണം ഉയർത്തുന്നത്. മകനോട് ഇക്കാര്യം പറഞ്ഞില്ലേ എന്നു ചോദിച്ചപ്പോൾ അവൻ കറ തീർന്ന കമ്യൂണിസ്റ്റാണെന്നും ഇതൊന്നും വിശ്വസിക്കില്ല എന്നുമായിരുന്നു മറുപടി. മകനെപ്പറ്റി അഭിമാനം തുളുമ്പുന്ന വാക്കുകളിൽ അദ്ദേഹം തുടർന്നു: ‘അവൻ ജെഎൻയു ഉൽപന്നമാണ്. എനിക്ക് അവനെപ്പറ്റി അഭിമാനം മാത്രമേയുള്ളൂ. അവന്റെ അമ്മയ്ക്കും ഏറ്റവും പ്രിയപ്പെട്ടവനാണ്.’

Tags:
  • Spotlight