Thursday 13 December 2018 02:49 PM IST

മനസനുവദിച്ചു, വിധി തടസമായി; വൃക്കനൽകാനാകില്ല, ചേച്ചിക്കൊപ്പമുണ്ടാകും; ഹൃദയംനൊന്ത് പൊന്നമ്മബാബു

Binsha Muhammed

follow-upz

‘സാരമില്ല പൊന്നൂ...പൊന്നുവിന് അത് പറയാനുള്ള മനസുണ്ടായല്ലോ...ഈ പറയുന്ന കുത്തുവാക്കുകൾ കേട്ട് മനസ് തളരരുത്. മറ്റാർക്കും തോന്നിയില്ലല്ലോ ഈ നന്മ...പൊന്നുവിന്റെ മനസ് എനിക്കറിയാം. വേറൊന്നും വേണ്ട അവനു വേണ്ടി പ്രാർത്ഥിച്ചാൽ മതി...’– സേതുലക്ഷ്മിയമ്മയുടെ ആ വാക്കുകളെ കണ്ണീർ മുറിക്കുകയാണ്. ഫോണിന്റെ അങ്ങേത്തലയ്ക്കൽ പൊന്നമ്മ ബാബുവിനും കരച്ചിലടക്കാനായില്ല.

‘സേതു ചേച്ചിയുടെ മകന്‍ കിഷോറിന് വൃക്ക നൽകാമെന്ന് അറിയിച്ചത് പേരും പെരുമയും പ്രശസ്തിയും ഉദ്ദേശിച്ചല്ല. പൊന്നമ്മ ബാബുവിനെ അറിയാത്തവരൊന്നുമല്ലല്ലോ ഈ നാട്ടിൽ ഉള്ളത്. അങ്ങനെയുള്ള ഞാൻ ഇതിലൂടെ ഇനി എന്ത് പബ്ലിസിറ്റി ഉണ്ടാക്കാനാണ്. അതിനെ വലിയ കാര്യമെന്നോ മഹാമനസ്കതയെന്നോ എഴുതിപ്പിടിപ്പിക്കേണ്ട കാര്യവുമില്ല. ഞാനും ചേച്ചിയും തമ്മിലുള്ള ബന്ധത്തിന്റെ പുറത്ത് പറഞ്ഞതാണ്. കിഷോർ എന്റെ കൂടി മകനാണ്. പക്ഷേ ഈ അവന് വൃക്കദാനം ചെയ്യാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു പിടച്ചിലുണ്ട്. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു’,– പൊന്നമ്മബാബു വനിത ഓൺലൈനിനോട് മനസു തുറന്നു.

kishore-4

ഷുഗറിന്റേയും കൊളസ്ട്രോളിന്റേയും ബോഡറിലാണ് ഞാനുള്ളത്. കലശലായ രോഗമൊന്നുമില്ല. പക്ഷേ ഈ രണ്ട് രോഗങ്ങളും ഒരംശം ഉണ്ടായാൽ പോലും വൃക്ക ദാനം ചെയ്യാനാകില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കിഷോറിന് വൃക്ക നൽകാൻ ഒരുക്കമാണെന്ന് അറിയിച്ചപ്പോൾ തന്നെ എന്റെ രോഗവിവരം സേതു ചേച്ചിയോട് പറഞ്ഞിരുന്നു. കിഷോറിന്റെ ഡോക്ടറോട് സേതു ചേച്ചി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് വൃക്കദാനം ചെയ്യാനാകില്ലെന്ന് ഡോക്ടർ സേതു ചേച്ചിയോട് നേരിട്ടു പറയുകയായിരുന്നു. ചേച്ചി പറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാനറിയുന്നത്– പൊന്നമ്മബാബു പറയുന്നു.

‘ദൈവം സഹായിച്ച് മറ്റൊരു ചെറുപ്പക്കാരൻ കിഡ്നി ദാനം ചെയ്യാമെന്ന് അറിയിച്ച് എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. പക്ഷേ ആ ഡോണർക്ക് കുറച്ച് ഫണ്ട് നൽകേണ്ടി വരും. കിഡ്നി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഞാനും എന്റൊരു സുഹൃത്തും ചേർന്ന് ചേച്ചിക്കും മകനും വേണ്ടി കുറച്ച് ഫണ്ട് റെയ്സ് ചെയ്യുന്നുണ്ട്. എന്റെ ഫെയ്സ്ബുക്ക് പേജ് വഴിയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കിഷോറിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം അവിടെ എത്തിക്കും. എല്ലാത്തിനും ഞാൻ ചേച്ചിക്കൊപ്പമുണ്ടാകും.’– പൊന്നമ്മയുടെ സഹാനുഭൂതിയുടെ വാക്കുകൾ.

ponnamma-babu-visit

ചേച്ചിയെ സഹായിക്കാൻ എനിക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞല്ലോ. ഞങ്ങളൊരു കുടുംബം പോലെയാണ്. നാടക കാലം തൊട്ടുള്ള പരിചയമാണ്. ചേച്ചി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോൾ സഹിച്ചില്ല. ഒന്നുമല്ലെങ്കിലും ഞാനുമൊരു കലാകാരി അല്ലേ...അമ്മയല്ലേ.. സഹായം വാഗ്ദാനംചെയ്ത് കരഞ്ഞുകൊണ്ടാണ് ഞാൻ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വർഷങ്ങളായുള്ള പരിചയമാണ്.  മകൾക്കൊപ്പം ഞാൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകൾക്ക് കാൻസറായിരുന്നു. അവർ മരിച്ചുപോയി. ചേച്ചിക്കും വയസായി, നോക്കേണ്ടത് ഇനി ഈ മകനാണ്. എല്ലാം ഓർത്തപ്പോൾ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാൻ. ഒന്നുകൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാമെങ്കിൽ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ.

kishore-2

എന്റെ മക്കൾക്കും ഞാൻ ചെയ്യാനൊരുങ്ങിയ പ്രവൃത്തിയിൽ പൂർണ സന്തോഷമായിരുന്നു. മക്കളിൽ പലരും നഴ്സുമാരാണ്. അവർക്കൊക്കെ ഈ സാഹചര്യം മനസിലാകും. എന്റെ മക്കൾ മറ്റ് പല പ്രൊഫഷനിലുമൊക്കെ ആയിരുന്നെങ്കിൽ എന്നെ തടഞ്ഞേനെ. പക്ഷേ ഇവിടെ അങ്ങനെയല്ല, എന്റെ ഈ മനസിന് പൂർണ പിന്തുണയുമായി എന്റെ മക്കൾ എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ ഇളയമകൾ പറഞ്ഞത്, അമ്മാ...അമ്മയ്ക്ക് ഇഷ്മാണെങ്കിൽ കൊടുത്തോളൂ എന്നാണ് അവൾ പറഞ്ഞത്. പിന്നെ എന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അവർക്ക് ചെറിയ പേടിയൊക്കെയുണ്ടായിരുന്നു. പക്ഷേ പിന്നീട് എല്ലാരും നല്ല സപ്പോർട്ട് തന്നു.

kishore-3

സോഷ്യൽ മീഡിയയിലെ വിമർ‌ശനങ്ങൾ

ചെവിക്കു ചെവി അറിയാതെ ഞാൻ ചേച്ചിയോട് ഞാൻ പറഞ്ഞതാണ്. അതിനെ പബ്ലിസിറ്റി എന്നൊക്കെ പറഞ്ഞ് പുകിലുണ്ടാക്കുന്നവരെ ഞാനെന്ത് പറയാനാണ്. ഈ പറയുന്ന ആർക്കെങ്കിലും ഇതിന് മനസു വന്നിട്ടുണ്ടോ. എല്ലാം പോട്ടെ സിനിമ–നാടക രംഗത്തു നിന്നും ആരെങ്കിലും ഇതിന് തയ്യാറായി രംഗത്തു വന്നിട്ടുണ്ടോ. മുന്നും പിന്നും ചിന്തിക്കാതെ നിറഞ്ഞ മനസോടെയാണ് ഞാൻ ഇതിന് തയ്യാറായത്. അത് എനിക്കും ദൈവത്തിനും സേതു ചേച്ചിക്കും മാത്രം അറിയാവുന്ന കാര്യം. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ കണ്ട് കുറച്ചുപേര്‍ വിളിച്ചുചോദിച്ചു. ഞാൻ അതിനെയെല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്. പലരും പറയുന്നത് ചേച്ചീ...വൃക്ക ദാനം ചെയ്യാൻ കഴിഞ്ഞില്ല എന്ന പേരിൽ വിഷമിക്കരുത് എന്നാണ്. ചേച്ചിക്ക് അതിനുള്ള മനസുണ്ടായല്ലോ എന്നാണ് പലരും പറയുന്നത്, എനിക്ക് ആ നല്ല വാക്കുകള്‍ മാത്രം മതി, എല്ലാം ദൈവമൊരാൾ കാണുന്നുണ്ടല്ലോ?