Friday 19 February 2021 11:36 AM IST : By ഡോക്ടർ മധു കല്ലത്ത്

മണം ഇല്ലായ്മ മാസങ്ങളോളം; ഒട്ടുമിക്ക അവയവങ്ങളെയും പോസ്റ്റ് കോവിഡ് സിൻഡ്രോം ബാധിക്കാം: ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം, അറിയേണ്ടതെല്ലാം

1216915101

കോവിഡ് എന്ന മഹാമാരി മനുഷ്യരാശിയെ ആകമാനം ബാധിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ആദ്യ കോവിഡ് കേസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യ്തത് 2019 ഡിസംബർ മാസത്തിലാണ്.  ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനുവരി 2020-ൽ കേരളത്തിലായിരുന്നു. ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും മഹാമാരി മനുഷ്യരാശിയെ ഇപ്പോഴും ദുരിതത്തിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. 

കോവിഡ്-19 അണുബാധ ഉണ്ടായവരിൽ ഏകദേശം 85 ശതമാനത്തോളം ആൾക്കാർ വളരെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരോ യാതൊരു ലക്ഷണവും ഇല്ലാത്തവരോ ആയിരിക്കും. 10 മുതൽ 15 ശതമാനം രോഗികളിലാണ് കൂടുതലായിട്ടുള്ള രോഗലക്ഷണങ്ങൾ കണ്ടു വരുന്നത്. ഇതിൽ 5 ശതമാനത്തോളം രോഗികൾ അതിതീവ്രമായ രോഗാവസ്ഥയിലേക്ക് പോവുകയും 0.28 മുതൽ 1.3 ശതമാനം വരെ രോഗികൾ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. രോഗതീവ്രത കൂടുതലായി കാണുന്നത് പ്രായമായവരിലും, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗങ്ങൾ ഉള്ളവരിലുമാണ്. എന്നിരുന്നാലും യാതൊരുവിധ അസുഖങ്ങളും ഇല്ലാത്ത പ്രായം കുറഞ്ഞവരിലും ചിലപ്പോൾ ഇത്തരം തീവ്ര കോവിഡ് രോഗം കണ്ടേക്കാം. 

കോവിഡ് രോഗികളിൽ ഏകദേശം രണ്ട് മുതൽ ആറ് ആഴ്ച വരെയാണ് ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കണ്ടുവരുന്നത്. ഏകദേശം 90 ശതമാനം ആളുകളും മൂന്ന് മുതൽ നാല്  ആഴ്ചകൾക്കുള്ളിൽ പൂർണസുഖം പ്രാപിക്കുന്നതുമാണ്. 

-10 ശതമാനത്തോളം കോവിഡ് രോഗികളിൽ മൂന്ന് ആഴ്ചയിൽ കൂടുതൽ രോഗലക്ഷണങ്ങളും, ബുദ്ധിമുട്ടുകളും തുടർന്നുവരുന്നു. 

കോവിഡ് രോഗികളിൽ മൂന്ന് ആഴ്ചയിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ് പൊതുവേ പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്നു പറയുന്നത്. 

എന്തുകൊണ്ടാണ് ചിലരിൽ മാത്രം ഇത്തരം പ്രശ്നങ്ങൾ തുടരുന്നത് എന്നതിന് കൃത്യമായ ഉത്തരമില്ല. വൈറസ് ശരീരത്തിൽ തുടരുന്നത് കൊണ്ടോ, ശരീരത്തിലെ ഇൻഫ്ലമേറ്ററി റെസ്പോൺസ് (Inflammatory Response) കൊണ്ടോ പൊതുവേ ഉണ്ടാകുന്ന ഡികണ്ടീഷനിങ് (Deconditioning) കൊണ്ടോ, മാനസികസംഘർഷങ്ങൾ മൂലമോ പോസ്റ്റ് കോവിഡ് സിൻഡ്രോം വരാനുള്ള സാധ്യതയുണ്ട്. 

എന്തൊക്കെയാണ് പോസ്റ്റ് കോവിഡ് രോഗികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ?

കോവിഡ് രോഗം ഏറ്റവും സാരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പക്ഷേ, മറ്റുള്ള അവയവങ്ങളിലെല്ലാം കോവിഡ് ബാധ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും പോസ്റ്റ് കോവിഡ് സിൻഡ്രോം ബാധിക്കാം. 

dr-madhu-kallath ഡോക്ടർ മധു കല്ലത്ത്, സീനിയർ കൺസൾട്ടന്റ്, പൾമനോളജി ഡിപ്പാർട്ട്മെന്റ്, മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്

ശ്വസന വ്യവസ്ഥ

ശ്വാസകോശത്തെ ഏറ്റവും സാരമായി ബാധിക്കുന്ന കോവിഡ് രോഗാണു തുടക്കത്തിൽ ന്യൂമോണിയ പോലെയാണ് കാണപ്പെടുന്നത്. പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്ന ശ്വാസകോശ ഫൈബ്രോസിസ് എന്ന ഘട്ടത്തിലേക്ക് ചില രോഗികൾ പോകുന്നു. ഇത്തരം രോഗികളിൽ ശ്വാസംമുട്ടൽ സ്ഥിരമായി വരുകയും തുടർച്ചയായി ഓക്സിജനും മറ്റു ചികിത്സകളും കൊടുക്കേണ്ടിവരികയും ചെയ്യുന്നു. തീവ്രമായി ശ്വാസകോശത്തെ ബാധിച്ച രോഗികളിൽ മാസങ്ങളോളം ചികിത്സയെടുത്താൽ മാത്രമേ അസുഖം നിയന്ത്രണവിധേയമാകൂ. 

പൾമണറി എംബോളിസം (Pulmonary Embolism): കോവിഡ് രോഗത്തിന്റെ തുടക്കത്തിലും കോവിഡ് രോഗം ബാധിച്ചു മാറി കഴിഞ്ഞാലും സംഭവിക്കുന്ന ഗൗരവമേറിയ ഒരു രോഗാവസ്ഥയാണ് പൾമണറി എംബോളിസം. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് രക്തക്കുഴലുകൾ അടഞ്ഞുപോകുന്ന അവസ്ഥയാണിത്. പ്രധാന രക്തക്കുഴലുകൾ അടയുമ്പോൾ ഇത് രോഗിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു. ലോകത്താകമാനം കോവിഡ് രോഗികളുടെ മരണത്തിനുള്ള ഒരു കാരണം പൾമണറി എംബോളിസമാണ്. ഇക്കാരണത്താൽ തന്നെയാണ് കോവിഡ് രോഗികൾക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ തുടർച്ചയായി കൊടുക്കുന്നത്. 

നാഡീവ്യവസ്ഥ

പോസ്റ്റ് കോവിഡ് പിരീയഡിൽ പക്ഷാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രക്തയോട്ടം നിലച്ചിട്ടുള്ളതോ രക്തസ്രാവം കൊണ്ടോ ആകാം.

നാഡീരോഗ സംബന്ധമായ ലക്ഷണങ്ങളിൽ മണം ഇല്ലായ്മ ചില ആൾക്കാരിൽ മാസങ്ങളോളം തുടർന്നേക്കാം. ഓൾഫാക്ടറി (Olfactory) ന്യൂറോണിന് ഉണ്ടാകുന്ന രോഗബാധയാണ് ഇതിനു കാരണം. 

ഇതുകൂടാതെ നല്ലൊരു ശതമാനം ആൾക്കാരിൽ ഉറക്കക്കുറവ്, ഓർമ്മക്കുറവ് എന്നിവ കാണപ്പെടുന്നു. 

ബ്രെയിൻ ഫോഗിങ്

പോസ്റ്റ് കോവിഡ് രോഗികളിൽ കാണുന്ന തലവേദന, സംഭ്രമം, കൂടുതലുള്ള ക്ഷീണം , ഉറക്കമില്ലായ്‌മ, ഏകാഗ്രത കുറവ് ഇവയെല്ലാം ചേർന്നുള്ള അവസ്ഥയെ ബ്രെയിൻ ഫോഗിങ് എന്ന് പറയുന്നു. നല്ലൊരു ശതമാനം ആൾക്കാരിൽ ഈ പ്രശ്‌നം മാസങ്ങളോളം നിലനിൽക്കുന്നതായി കാണുന്നു. കൗൺസലിങ് വഴിയും പൂർണ പിന്തുണയോടുകൂടിയ ചികിത്സ വഴിയും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും.

- കോവിഡ് രോഗികളിൽ അപൂർവമായി കാണപ്പെടുന്ന എൻസെഫലൈറ്റിസ്, എൻസെഫലോമൈലൈറ്റിസ്, ഗീൻ ബാരെ സിൻഡ്രോം, മയസ്തീനിയ ഗ്രാവിസ് സിൻഡ്രോം തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹൃദയ പ്രശ്‌നങ്ങൾ

ഹൃദയമിടിപ്പ് കൂടുക, ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുന്ന  മയോകാർഡൈറ്റിസ് (Myocarditis), ഹാർട്ട് ഫെയിലിയർ എന്നിവ പോസ്റ്റ് കോവിഡ്  പിരീയഡിൽ സംഭവിക്കാം. അതിഗുരുതരമായ ഹൃദയാഘാതവും മറ്റു പ്രശ്നങ്ങളും കോവിഡ് രോഗത്തിന്റെ സമയത്തും  അതു കഴിഞ്ഞും കാണാറുണ്ട്. ജർമനിയിൽ നടന്ന ഒരു പഠനത്തിൽ  നല്ല ശതമാനം ആൾക്കാരിൽ ഹൃദയത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായതായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള കണ്ടെത്തലുകൾ പോസ്റ്റ് കോവിഡ് കാലത്ത് കൃത്യമായ വിശ്രമം എടുക്കേണ്ടത് ആവശ്യകതയെ സൂചിപ്പിക്കുന്നു.  

മാനസികാരോഗ്യം

കൂടുതലായുള്ള ഉത്കണ്ഠ(Anxiety), ഉറക്കമില്ലായ്മ, വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post traumatic  stress disorder) ഇവ നല്ലൊരു ശതമാനം കോവിഡ് രോഗികളിലും കാണപ്പെടുന്നു. ഇവ കൃത്യമായി മനസ്സിലാക്കി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. 

പേശികളുടെയും അസ്ഥികളുടെയും അസുഖം

സന്ധിവേദന, മസിൽ വേദന ഇവ പോസ്റ്റ് കോവിഡ് സിൻഡ്രോമിന്റെ ഭാഗമായി കാണാം.

ക്രോണിക് ഫാറ്റീഗ് സിൻഡ്രോം (Chronic Fatigue Syndrome) 

ചില കോവിഡ് രോഗികളിൽ വളരെ കൂടുതലായുള്ള ക്ഷീണം കണ്ടുവരുന്നു. ഇത്തരം രോഗികൾക്ക് ജോലിക്ക് പോകാനോ ചെറിയ കാര്യങ്ങൾ പോലും ചെയ്യുവാനോ കഴിയാതെ വരുന്നു. ഇത്തരം രോഗികളെ ലോങ് ഹോളർ (Long Haulers) എന്നാണ് പറയുന്നത്. ഇത്തരം രോഗത്തിന് കൃത്യമായ ചികിത്സ ഇല്ലെങ്കിലും രോഗനിർണയം വളരെ പ്രാധാന്യമുള്ളതാണ്. രോഗികളെ സമാശ്വസിപ്പിക്കുകയും ക്ഷീണത്തിനുള്ള മരുന്നുകൾ നൽകുകയും ചെയ്യണം. ഈ അവസ്ഥയിൽ രോഗലക്ഷണങ്ങൾ മാസങ്ങളോളം നീണ്ടു നിൽക്കാം.

പ്രമേഹരോഗം

പ്രമേഹരോഗത്തിന്റെ നിയന്ത്രണം കോവിഡ് രോഗികളിൽ ബുദ്ധിമുട്ടാണ്.  സ്റ്റീറോയ്ഡ് മരുന്നുകൾ കോവിഡ് രോഗികളിൽ ഉപയോഗിക്കുന്നത് മൂലവും കോവിഡ് രോഗം പാൻക്രിയാസ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുകയും ചെയ്യുന്നു. ഇത്തരം രോഗികളിൽ മിക്കവരിലും ഇൻസുലിൻ പോലുള്ള മരുന്നുകൾ തന്നെ രോഗത്തിന്റെ നിയന്ത്രണത്തിന് ആവശ്യമാണ്. 

1217561470

വൃക്കരോഗം

വൃക്കരോഗികളിൽ കോവിഡ് രോഗം അതിതീവ്രമായാണ് കണ്ടുവരുന്നത്. കോവിഡ് രോഗം മൂലം വൃക്കകളുടെ പ്രവർത്തനം വഷളാകുന്നതും കൂടുതലായി കണ്ടുവരുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 കോവിഡ് രോഗം വന്ന്  മാറിയാലും 4 ആഴ്ചത്തേക്കെങ്കിലും രോഗികൾക്ക് എന്തെങ്കിലും പുതിയ രോഗലക്ഷണങ്ങൾ വരുന്നുണ്ടോയെന്ന് നോക്കണം. ഇവയിൽ പ്രധാനപ്പെട്ടത്.

1. ശ്വാസംമുട്ടൽ/കിതപ്പ്

2. തലചുറ്റൽ

3. ഒരു കാലിൽ മാത്രമായുള്ള നീര്

ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. 

സർക്കാർ- സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം പോസ്റ്റ് കോവിഡ്  ക്ലിനിക്ക് വഴി ഒരുക്കിയിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളിൽ വിദഗ്ധരുടെ സേവനവും, ഫിസിയോതെറാപ്പി, കൗൺസിലിംഗ് മുതലായവയും ചെയ്തുവരുന്നു. 

metrrr4432

പോസ്റ്റ് കോവിഡ് രോഗികളുടെ ചികിത്സാരീതികൾ

മിക്കവാറും രോഗികൾക്ക് നമ്മൾ ഉപദേശവും ഉറപ്പും നൽകിയാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങളുടെ കൃത്യമായ അവലോകനവും,  കൃത്യമായ രോഗനിർണയവും ആവശ്യമായ രോഗമാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം. 

രോഗികളുടെ രോഗലക്ഷണത്തെക്കുറിച്ച് പഠിക്കുകയും  അവരുടെ ആകുലതകൾ മനസ്സിലാക്കി കൃത്യമായ ഉപദേശങ്ങൾ നൽകേണ്ടതുണ്ട്. ഗുരുതരമായ പ്രശ്നങ്ങൾ ഉള്ള രോഗികളെ കൃത്യമായി നിർണയിച്ച് ആവശ്യമായ ചികിത്സ നൽകേണ്ടതുമുണ്ട്. 

രോഗം ഭേദമായാലും ഏതാനും ആഴ്ചകൾ പരിപൂർണമായ വിശ്രമം ആവശ്യമാണ്. അതികഠിനമായ ജോലിയും വ്യായാമങ്ങളും ചുരുങ്ങിയത് മൂന്നു നാല് ആഴ്ച ഒഴിവാക്കണം. കൂടാതെ പോഷകസമ്പൂർണമായ ഭക്ഷണവും ചികിത്സയിൽ ഏറെ ഗുണം ചെയ്യും.     

പോസ്റ്റ് കോവിഡ്  സിൻഡ്രോം ഒരു പുതിയ രോഗമാണ്. ലോകത്താകമാനം ഇത്രയധികം കോവിഡ് രോഗികളുള്ളതിനാ ൽ പോസ്റ്റ് കോവിഡ് രോഗികളുടെ എണ്ണവും വരുംകാലങ്ങളിൽ വർധിക്കും. കൃത്യമായ രോഗനിർണയം നടത്തി ചികിത്സ നൽകേണ്ട ഒരു വിഭാഗമായി പോസ്റ്റ് കോവിഡ് അവസ്ഥ മാറിയേക്കാം.

കൂടുതൽ വിവരങ്ങൾക്ക്  : Meitra Hospital, Building No. 38/2208-B, Karaparamba – Kunduparamba, Mini Bypass Road, Edakkad Post, Calicut – 673005,Kerala-India. Ph: +91 495 7123456, Email: info@meitra.com, www.meitra.com

-തയാറാക്കിയത്: ഡോക്ടർ മധു കല്ലത്ത്, സീനിയർ കൺസൾട്ടന്റ്, പൾമനോളജി ഡിപ്പാർട്ട്മെന്റ്, മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്

Tags:
  • Spotlight