Monday 13 September 2021 10:47 AM IST : By സ്വന്തം ലേഖകൻ

സൂരജിന്റെ വേർപാടിൽ നീറി മിഥുന; മനോവിഷമം താങ്ങാനായില്ല, ഭർത്താവ് മരിച്ച് ഏഴാംനാൾ കുളത്തിൽ ചാടി ജീവനൊടുക്കി

midhuna-death

വാഹനാപകടത്തിൽ ‍ഭർത്താവ് മരിച്ച് ഏഴാംനാൾ ഭാര്യ കുളത്തിൽ ചാടി ജീവനൊടുക്കി. ശാസ്തവട്ടം കെ.കെ വനം സുമാ വിലാസത്തിൽ മണികണ്ഠന്റെയും സുമയുടെയും മകൾ മിഥുന ( 22 ) ആണ് മരിച്ചത്. കഴിഞ്ഞ 5ന് ‍മിഥുനയുടെ ഭർത്താവ് പോത്തൻ‍കോട് അയിരൂപ്പാറ പാറവിളാകം സൂര്യഭവനിൽ സുനിൽകുമാർ – മോളി ദമ്പതികളുടെ മകൻ സൂരജ് (സുധി–24) വാഹനാപകടത്തിൽ മരിച്ചിരുന്നു. സൂരജിന്റെ മരണശേഷം മിഥുന കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ‍

ഇന്നലെ പുലർച്ചെ പോത്തൻകോട് ചിറ്റിക്കര പാറമടയിലാണ് ‍മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ രാത്രി 12 വരെ മിഥുന വീട്ടിലുണ്ടായിരുന്നതായും രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പാറക്കുളത്തിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞ് പോത്തൻകോട് പൊലീസും കഴക്കുട്ടം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സ്കൂബ സംഘവും എത്തി. തുടർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് സംസ്കാരം നടക്കും. 

തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മിഥുനയെ നഴ്സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങവേ മുട്ടത്തറ കല്ലുംമൂട്ടിൽ വച്ച് അമിത വേഗതയിൽ എത്തിയ കാർ സൂരജ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്ക് തെറിച്ചു വീണ സൂരജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മീര, മീനു എന്നിവർ മിഥുനയുടെ സഹോദരിമാരാണ്. പോത്തൻകോട് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സൂരജ്. മിഥുന അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. 

ജീവിതത്തിലും പിന്നെ മരണത്തിലും

രണ്ടു വർഷം മുൻപാണ് മിഥുന അടുത്ത ബന്ധു കൂടിയായ സൂരജിന്റെ കൈപിടിച്ച് ശാസ്തവട്ടം കെ കെ വനത്തിൽ സുമാ ഭവനിൽ നിന്നും ഇറങ്ങിയത്. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീടുള്ള ജീവിതത്തിൽ ഏതു നിമിഷവും ഒരുമിച്ചു തന്നെയായിരുന്നു. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സൂരജിന്റെ അപ്രതീക്ഷിത മരണം. ഇക്കഴിഞ്ഞ 8ന് ഇവരുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു. എന്നാൽ ഇക്കുറി സൂരജ് ഒപ്പമുണ്ടായിരുന്നില്ല. 

വാഹന അപകടത്തിൽ ഭർത്താവിന്റെ ദാരുണ മരണത്തിന്റെ നടുക്കുന്ന ഓർമകളിൽ ഈ ദീവസങ്ങളിലെല്ലാം മിഥുന കണ്ണീരൊഴുക്കുകയായിരുന്നു. സൂരജിന്റെ മാതാപിക്കൾക്കും മകന്റെ നഷ്ടം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ അനിൽ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും ആശ്വാസവാക്കുകളും മറികടന്ന് സൂരജിന് ഒപ്പമെത്താനുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു മിഥുന. മകളെപ്പോലെ സ്നേഹം നൽകി ഒപ്പം കൂട്ടിയ മിഥുനയുടെ വേർപാട് കൂടിയായപ്പോൾ മാതാപിതാക്കൾക്ക് താങ്ങാവുന്നതിനും അപ്പുറമായി. ഇരുവരുടെയും മരണം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം തീരാവേദനയായി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക..അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:
  • Spotlight