Saturday 04 December 2021 10:56 AM IST : By സ്വന്തം ലേഖകൻ

കാടു കയറിക്കിടന്ന പുരയിടം വൃത്തിയാക്കാനെത്തിയ ഉടമ കണ്ടത് സ്ത്രീയുടെ മൃതദേഹാവശിഷ്ടം; ഒന്നര മാസം മുൻപ് കാണാതായ കനകമ്മയെന്ന് ബന്ധുക്കൾ

kanakamma

പോത്തൻകോട് കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കാടു കയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒന്നര മാസം മുൻപ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67 )മൃതദേഹമെന്ന് വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. എന്നാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ എന്നു പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.

മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതായെന്നു മരുമകൾ ഇന്ദു പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പൊലീസ് മെറ്റിൽഡ കുറച്ചു നാൾ മുൻപ് ലീലയെ ഈ ഭാഗത്ത് കണ്ടതായി സ്ഥിരീകരിച്ചിരുന്നു. തലയോട്ടിക്കും അസ്ഥിക്കഷണങ്ങൾക്കും പുറമെ സാരി, ചെരുപ്പ്, പഴ്സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം അഴുകി മണ്ണോട് ചേർന്നിരുന്നു.

തിരിച്ചറിയാനുള്ള രേഖകൾ പഴ്സിൽ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിൻചെരുവിൽ പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാൻ ശ്രമിക്കവേ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടതാകാമെന്നു കരുതുന്നു. പുരയിടം വൃത്തിയാക്കാൻ ഉടമ എത്തിയപ്പൊഴാണ് വിവരം പുറത്തറിയുന്നത്. ശാസ്തവട്ടം സ്വാമിയാർമഠം റോഡിൽ നിന്നു മുന്നൂറു മീറ്റർ മാറിയാണ് അവശിഷ്ടങ്ങൾ കണ്ടത്. പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുള്ള പുരയിടമാണെന്ന് ഉടമ പറഞ്ഞു.

Tags:
  • Spotlight