Saturday 25 July 2020 03:36 PM IST : By ശ്യാമ

‘നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രതിസന്ധികൾ നിഷ്പ്രഭമാവും’; ശാസ്ത്രലോകത്തു നിന്ന് നിയമത്തിന്റെ വഴിയിൽ എത്തിപ്പെട്ട സോഫി തോമസ്

soffuyuhjk

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത റജിസ്ട്രാർ ജനറല്‍ സോഫി തോമസ്...

കേരള ഹൈക്കോടതിയുടെ ആദ്യത്തെ വനിത റജിസ്ട്രാർ ജനറല്‍ സോഫി തോമസ് ജീവിത വഴിയിലുടനീളം നേട്ടങ്ങളുടെ പട്ടം പല തവണ സ്വന്തമാക്കിയിട്ടുണ്ട്.  

മൂവാറ്റുപുഴ വാഴക്കുളത്തെ സാധാരണ കർഷക കുടുംബത്തിലാണ് സോഫിയുടെ ജനനം. ബിഎസ്‌സി സുവോളജിക്ക് ഉയർന്ന മാർക്ക് വാങ്ങിയെങ്കിലും ശാസ്ത്രലോകത്തു നിന്ന് എത്തിപ്പെട്ടതു നിയമത്തിന്റെ വഴിയിൽ. നാട്ടിൻപുറത്തു നിന്ന് എറണാകുളം ഗവ. ലോ കോളേജിൽ ‍വന്ന് പഠിക്കുക എന്ന പേടിയുമായാണ് ആദ്യം ക്യാംപസിലേക്ക് കയറുന്നത്. പക്ഷേ, നിയമമാണ് തന്റെ വഴിയെന്ന് ഉറപ്പിച്ച് മുന്നോട്ടു നീങ്ങി.  

വക്കീല്‍ കോട്ടണിഞ്ഞ ആദ്യനാളുകൾ ഇപ്പോഴും സോഫിക്ക് ഒാർമയുണ്ട്. സഹപാഠിയും സുഹൃത്തുമായ റീബ എബ്രഹാമിന്റെ അച്ഛൻ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിനൊപ്പം ഇന്റേണായി പ്രവർത്തിച്ചു. പിന്നീട് തൊടുപുഴ മുണ്ടക്കാട് അഡ്വ. എം. എം. തോമസിന്റെ ഓഫിസിൽ ജൂനിയറായി ചേർന്നു. മൂന്നു വർഷം സിവിൽ, ക്രിമിനൽ നിയമങ്ങളിൽ പ്രാക്റ്റീസ് ചെയ്തശേഷം സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായി. 1991 മാവേലിക്കര മജിസ്ട്രേറ്റായി ആദ്യ നിയമനം. പിന്നീട്  പെരുമ്പാവൂർ മുൻസിഫും തൃശൂർ മുൻസിഫുമായി.

2000ൽ വടകരയിലും 2002ൽ വൈക്കത്തും മജിസ്ട്രേറ്റും ആയി. 2005ൽ എറണാകുളം സബ്–ജ ഡ്ജ് ആയി സ്ഥാനക്കയറ്റം. പിന്നിട് മൂവാറ്റുപുഴ സബ്–ജഡ്ജായിരിക്കെ ജില്ലാ ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചത് മാറാട് സ്പെഷൽ കോടതിയിലേക്ക്. കേരളത്തെ ഇളക്കി മറിച്ച മാറാട് കലാപത്തിലെ ആദ്യത്തെ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം വിധിച്ചത് സോഫിയായിരുന്നു.  2011ൽ ഏറ്റുമാനൂർ കുടുംബകോടതി ജഡ്ജായി. അഞ്ചു വർഷത്തെ സേവനത്തിനു ശേഷം  2016ല്‍  ആലപ്പുഴ എം.എ.സി.ടി ജഡ്ജ്. 2018ൽ ആലപ്പുഴ തന്നെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജായി. 2018ൽ തൃശൂരിൽ പ്രിൻസിപ്പൽ ജഡ്ജ്.

2020 മെയ് 25നാണ് കേരള ഹൈക്കോടതിയുടെ റജിസ്ട്രാർ ജനറലായി നിയമിതയാകുന്നത്.  കേരള ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആണ് റജിസ്ട്രാർ ജനറൽ. എന്ത് കാര്യത്തിലും കേരള ഹൈക്കോടതിയെ പ്രതിനിധീകരിക്കുന്നത് റജിസ്ട്രാർ ജനറൽ ആണ്.  

പ്രധാന കാൽവയ്പുകൾ  

വിഡിയോ കോൺഫറൻസ് വഴി മെൽബണിലുള്ള സാക്ഷികളെ വിസ്തരിച്ച് വിധി നടപ്പിലാക്കി ചരിത്രം സൃഷ്ടിച്ചതിൽ സോഫി തോമസ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. വീട്ടുകാരോടുള്ള മുൻവൈരാഗ്യം തീർക്കാൻ നാലു വയസ്സുള്ള പെൺകുഞ്ഞിനെ ബന്ധു പുഴയിലെറിഞ്ഞു കൊന്നതായിരുന്നു കേസ്. കൊറോണക്കാലത്ത് സാനിറ്റൈസർ നിർമിക്കാൻ തൊണ്ടിമുതലായ 1164 ലിറ്റർ സ്പിരിറ്റ് സർക്കാരിലേക്ക് നൽകാനും സോഫി തോമസാണ് ഉത്തരവിട്ടത്. ‌

സർവീസിലിരിക്കെ അന്‍പത്തിയൊന്നാം വയസ്സിൽ സോഫി എൽഎൽഎം എഴുതിയെടുത്തു. അതും ഫസ്റ്റ് റാങ്കിൽ. നിശ്ചയദാർഢ്യത്തിനു മുന്നിൽ എല്ലാ പ്രതിസന്ധികളും നിഷ്പ്രഭമാണെന്ന് സോഫി തോമസ് പഠിപ്പിക്കുന്നു.

ഭർത്താവ് ഡോ. ടി. വൈ. പൗലോസ്, ഓർത്തോപീഡിക് സർജൻ. മക്കൾ പ്രണോയി പോൾ, പ്രിയങ്ക പോൾ.

Tags:
  • Spotlight
  • Motivational Story