Thursday 11 October 2018 04:28 PM IST

അന്നു മുതൽ ദാസേട്ടൻ സ്ഥിരമായി മലയ്ക്കു പോയിരുന്നു, ഒടുവിൽ ഞാനും അവിടെ എത്തി! പുണ്യദർശനം പങ്കുവച്ച് പ്രഭാ യേശുദാസ്

Roopa Thayabji

Sub Editor

prabhadas5

ദൈവകാര്യത്തിൽ കണക്കുവയ്ക്കാൻ പാടില്ലെന്നാണ് ദാസേട്ടൻ പറയുന്നത്. അതുകൊണ്ടാകാം, എത്ര വർഷം മുമ്പാണെന്നു കൃത്യമായി ഓർമയില്ല. മക്കളെയും കൊണ്ടു ശബരിമലയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു അന്ന് ദാസേട്ടൻ. മാലയിട്ട്, വ്രതം നോറ്റ് സ്വാമിയെ കുടിയിരുത്തിയ മനസ്സോടെ അച്ഛനും മക്കളും ദിവസങ്ങൾ നീക്കുന്നു. ആ നാളുകളിലാണ് ശബരിമല അയ്യപ്പസ്വാമിയെ കാണണമെന്ന് എനിക്കും മോഹം തോന്നിയത്. അതിലുമേറെ വർഷങ്ങൾക്കു മുമ്പേ ദാസേട്ടന്റെ അയ്യപ്പഭക്തി ഗാനങ്ങൾ എനിക്കു കാണാപ്പാഠമായിരുന്നു. ‘നീലനീല മലയുടെ മുകളിൽ നീയിരിക്കുന്നയ്യപ്പാ... ഒരേയൊരു ലക്ഷ്യം ശബരിമാമല... പമ്പയാറിൻ പൊൻപുളിനത്തിൽ... ഖേദമേകും ദീർഘയാത്ര ഭീതിയേകും വനയാത്ര...’ അങ്ങനെ എത്രയോ ഗാനങ്ങള്‍. ദാസേട്ടന്റെ കൈപിടിച്ച കാലം മുതൽക്കേ അദ്ദേഹത്തിന്റെ സംഗീതയാത്രയിൽ മാത്രമല്ല, ആത്മീയയാത്രകളിലും ഞാനായിരുന്നു തുണ.

പമ്പയാറു പിറക്കുന്നു ശബരിമലയിൽ...

എല്ലാ ദൈവങ്ങളും ഒരു ശക്തിയുടെ വിവിധ ഭാവങ്ങളാണെന്നാണ് അച്ഛനും അമ്മയും പഠിപ്പിച്ചത്. അ മ്മയുടെ അച്ഛൻ നന്നായി ഹാർമോണിയം വായിക്കും. എന്നെക്കൊണ്ട് ആറേഴ് വയസ്സുള്ളപ്പോൾ മുതൽ അപ്പച്ചൻ പാട്ട് പാടിക്കും. കീർത്തനങ്ങൾക്കും സിനിമാ പാട്ടുകൾക്കുമൊപ്പം എല്ലാ മതങ്ങളുടേയും ഭക്തിഗാനങ്ങൾ അന്നേ പാടിപ്പഠിച്ചിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കാനും സ്നേഹിക്കാനും പഠിച്ചു. ഞങ്ങളുടെ വീടിനടുത്ത് ഒരു മുസ്‌ലിം കുടുംബം താമസിച്ചിരുന്നു. അവിടുത്തെ കുട്ടികൾ വിളിക്കും പോലെ ഉമ്മയെന്നും ഉപ്പയെന്നും തന്നെയാണ് ഞങ്ങളും വിളിച്ചിരുന്നത്. അടുത്തുള്ള ഹിന്ദു കുടുംബത്തിലെ അച്ഛനുമമ്മയും എന്റെയും അച്ഛനും  അമ്മയുമായിരുന്നു. പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ ആഘോഷിച്ചിരുന്നത് ഞങ്ങളെല്ലാ വരും ചേർന്നാണ്.

ദാസേട്ടന്റെ അപ്പച്ചൻ അഗസ്റ്റിൻ ജോസഫ് മൂകാംബികാ ദേവിയുടേയും ശബരിമല അയ്യപ്പസ്വാമിയുടേയും ഭക്തനായിരുന്നു. പഴയ ശബരിമല ക്ഷേത്രം ഉണ്ടായിരുന്ന കാലത്ത് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു നാട്ടുകാരും വീട്ടുകാരും അറിയാതെ അപ്പച്ചൻ വ്രതമെടുത്ത് മല ചവിട്ടിയിട്ടുണ്ടത്രേ. പിന്നീട് ആരോ പറഞ്ഞ് ദാസേട്ടൻ അറിഞ്ഞതാണ് ഇക്കാര്യം.
ദാസേട്ടന്റെ ആദ്യ ശബരിമല യാത്രയ്ക്കും ഇങ്ങനെയൊരു കഥയുടെ പശ്ചാത്തലമുണ്ട്. മ്യൂസിക് അക്കാദമിയില്‍ പഠിക്കുന്ന കാലത്തു തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ മധുര മണിഅയ്യരുടെ കച്ചേരി കേള്‍ക്കാനായി ദാസേട്ടൻ ചെന്നെങ്കിലും അകത്തു കയറാന്‍ കഴിഞ്ഞില്ല. വിഷമിച്ചു മതില്‍കെട്ടിനു പുറത്തുനിന്നു കച്ചേരി കേട്ടു. അപ്പോഴാണ് വഴിയിലൂടെ ശരണം വിളിച്ചു കൊണ്ടു കുറച്ചുപേർ നടന്നുപോകുന്നതു കണ്ടത്. കറുപ്പുടുത്ത്, മാലയിട്ട്, മുടിയും താടിയും നീട്ടി വളർത്തി, ഇരുമുടിയേന്തിയ അവർ ശബരിമലയിലേക്ക് പോകുന്നതാണെന്നു സുഹൃത്ത് ദാസേട്ടനോടു പറഞ്ഞു. അപ്പോൾ അയ്യപ്പ സ്വാമിയെ കാണാൻ ദാസേട്ടനും മോഹം.

അഹിന്ദുവായ തനിക്കു ശബരിമലയില്‍ വരാന്‍ ആഗ്രഹമുണ്ടെന്നും എന്തൊക്കെയാണ് നിഷ്ഠകളെന്നും ദാസേട്ടൻ അന്നത്തെ ശബരിമല ക്ഷേത്രം അധികാരികള്‍ക്ക് കത്തെഴുതി ചോദിച്ചു. പതിനെട്ടാംപടി കയറണമെങ്കില്‍ വ്രതമെടുത്ത് ഇരുമുടിയുമായി വരണമെന്നും ഏതു മതത്തിലുള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാമെന്നും മറുപടി കിട്ടി. വീട്ടില്‍ പോലും പറയാതെയാണ് ദാസേട്ടൻ ആദ്യമായി മലചവിട്ടിയത്. അന്നു മുതൽ അയ്യപ്പസ്വാമി ദാസേട്ടന്റെ ഇഷ്ടദൈവമാണ്.

prabhadas3

പനിമതി പോലൊരു പൈതൽ...

വിവാഹം കഴിഞ്ഞതോടെ ദാസേട്ടന്റെ സംഗീതയാത്രയിൽ ഞാനും അംഗമായി. പക്ഷേ, ഒരു കുഞ്ഞിക്കാലിനു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു. കുട്ടികളായില്ലേ എന്നു ചോദിക്കുന്നവരോട് വിഷമത്തോടെ  മറുപടി പറയേണ്ടി വന്നെങ്കിലും പരിശോധനകളിൽ രണ്ടുപേർക്കും കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നെ, ദൈവത്തിലായി ആശ്രയം. പ്രാർഥിക്കാത്ത ആരാധനാലയങ്ങളില്ല. അമ്പലങ്ങളും പള്ളികളുമെന്ന വ്യത്യാസമില്ലാതെ പ്രാർഥിച്ചത് ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു. ആ സമയത്ത് ദാസേട്ടൻ മുടങ്ങാതെ ശബരിമലയിൽ പോകും, മൂകാംബികാ ദേവിയേയും എല്ലാ വർഷവും തൊഴും.

ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ കുഞ്ഞു പിറന്നു. വിനോദിന്റെ ജനനസമയത്ത് ദാസേട്ടൻ മൂകാംബികയിലായിരുന്നു. ആശുപത്രിയിൽ വന്നു മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണർന്ന പ്രാർഥന ഞാൻ കണ്ടു. ഒരു വർഷവും അഞ്ചു മാസവും കഴിഞ്ഞ് വിജയ് വന്നു. മൂന്നുവർഷം കഴിഞ്ഞ് വിശാലും. മൂന്നാമത് ഗർഭിണിയായപ്പോൾ എല്ലാവരും കരുതിയത് മോളാകുമെന്നാണ്. പക്ഷേ, പെൺമക്കളില്ലാത്തതിന്റെ വിഷമം മാറിയത് വിജയ്‌യുടെ ഭാര്യയായി ദർശന വന്നതോടെയാണ്. പിന്നെ, വിശാലിന്റെ ഭാര്യയായി വിനയയും വന്നു. മൂന്നു മക്കളാണ് ഞങ്ങളുടെ ജീവൻ, മരുമക്കൾ ജീവന്റെ ജീവനും. കൊച്ചുമക്കളായ അമേയയുടെയും അവ്യാന്റെയും ‘അച്ഛമ്മേ...’, ‘അപ്പാപ്പാ...’ വിളികളാണ് ഏറ്റവും വലിയ അനുഗ്രഹം.

ഹരിവരാസനം വിശ്വമോഹനം...

ശ്രീനാരായണ ഗുരുവെഴുതിയ ‘ജാതിഭേദം മതദ്വേഷം...’ പാടിയാണ് ദാസേട്ടൻ പിന്നണിഗാന രംഗത്തെത്തുന്നത്. ആ നാലു വരികളുടെ പുണ്യമായിരുന്നു പിന്നീടങ്ങോട്ട് അദ്ദേഹത്തിനു ലഭിച്ചത്. സ്വാമിഅയ്യപ്പനെ പാടിയുറക്കാനുള്ള ഭാഗ്യം അതിൽ വില മതിക്കാനാകാത്തതാണ്. മധ്യമാവതി രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ കീർത്തനം ‘സ്വാമി അയ്യപ്പൻ’ സിനിമയ്ക്കു വേണ്ടിയാണ് ദാസേട്ടൻ പാ ടിയത്. മൂന്നു മക്കളും ചെറുപ്പത്തിലേ പാടുമായിരുന്നു. കൂട്ടിക ളുടെ വീട്ടിലെ പ്രധാന വിനോദം കച്ചേരി പോലെയിരുന്ന് പാ ടുന്നതാണ്. വിജയ് ആണ് വായ്പ്പാട്ട്, വിനു വയലിൻ വാ യി ക്കും. അഞ്ചു വയസ്സ് കഷ്ടിയുള്ള വിശാലാണ് മൃദംഗം വാ യിക്കുക. ‘ഹരിവരാസനം... വിശ്വമോഹനം...’ വിജുവിന്റെ പാട്ടിന് സഹോദരങ്ങളുടെ പശ്ചാത്തല സംഗീതം. എല്ലാവരും അപ്പോൾ ഒരു മനസ്സോടെ അയ്യപ്പസ്വാമിയുടെ മുന്നിലെത്തിയതു പോലെ തോന്നും. അമേയ ആദ്യമായി ദാസേട്ടനെ പാടിക്കേൾപ്പിച്ച പാട്ടും ‘ഹരിവരാസനം....’ ആണ്.

കുറച്ചു വര്‍ഷം മുമ്പ് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍ കോവിലില്‍ വച്ച് ഹരിവരാസനം പാടുമ്പോൾ ഒരാൾ ദാസേട്ടനെ വന്നു കണ്ടു പറഞ്ഞു, രണ്ടാമത്തെ വരിയിൽ ഒരു അക്ഷരപ്പിശകുണ്ടെന്ന്. ‘അരുവിമർദനം’ എന്നല്ല ‘അരി–വിമർദനം’ എന്നാണ് ശരി. ‘അരി’ എന്നാല്‍ ശത്രു. ‘അരിവിമർദനം’ എന്നതിലൂടെ സ്തുതിക്കുന്നത് ശത്രുനാശകനായ അയ്യപ്പനെയാണ്. തെറ്റു മനസ്സിലായതിനു ശേഷം ആ വരികൾ തിരുത്തിയാണ് ദാസേട്ടൻ പാടാറ്. ശബരിമലയില്‍ അത്താഴപ്പൂജ കഴിഞ്ഞ് അയ്യപ്പനെ പാടിയുറക്കുന്നതിനു വേണ്ടി വീണ്ടും ശരിയായി പാടി റെക്കോർഡ് ചെയ്യണമെന്ന് ആഗ്രഹവുമുണ്ട്.

prabhadas2

പ്രാർഥനയും ഈശ്വരവിശ്വാസവുമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ബലം. എവിടെ ചെന്നാലും ആളുകൾക്കറിയേണ്ടത് ദാസേട്ടന്റെ പ്രാർഥനകളെക്കുറിച്ചാണ്. മുമ്പൊരിക്കൽ രവീന്ദ്ര ൻ മാഷ് പറഞ്ഞിട്ടുണ്ട്, രാവിലെയോ ഉച്ചയ്ക്കോ രാത്രിയോ, എപ്പോൾ വിളിച്ചാലും ദാസ് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാകും എന്ന്. ഇങ്ങനെ അർപ്പണത്തോടെ നിൽക്കാനുള്ള ബോധം തരുന്നത് ആ വലിയ ശക്തിയാണെന്ന് ദാസേട്ടൻ പറയും. ആ ശക്തിയുടെ അനുഗ്രഹമാണ് ഞങ്ങളുടെ ജീവിതം.

നേരത്തേ മൂന്നുനേരവും ചിക്കൻ കഴിക്കുമായിരുന്നു. പക്ഷേ, ഇപ്പോൾ ശുദ്ധവെജിറ്റേറിയനായി, മുട്ട പോലും കഴിക്കില്ല. വളരെ അച്ചടക്കമുള്ള ജീവിതമാണ് ദാസേട്ടന്റേത്. കച്ചേരിക്ക് മുമ്പ് വ്രതശുദ്ധി കാക്കും. ഈ വിശുദ്ധിയും ചൈതന്യവും ഞങ്ങളുടെ ജീവിതത്തിലുമുണ്ട്. അതാണ് ഈശ്വരാനുഗ്രഹം.

നീല നീല മലയുടെ മുകളിൽ...

വർഷങ്ങളായി അയ്യപ്പദർശനം നടത്തിയിരുന്ന ദാസേട്ടൻ 2004 ൽ അതു നിർത്തി. ശാരീരിക പ്രശ്നങ്ങൾ കൊണ്ട് മലകയറ്റം ബുദ്ധിമുട്ടായതാണു കാരണം. ഡോളിക്കാരെ കൊണ്ടു ചുമന്ന് ദര്‍ശനം നടത്താന്‍ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. പിന്നീട് ഗാനലോകത്തു 50 വര്‍ഷം പിന്നിട്ട ദാസേട്ടന് പ്രഥമ ഹരിവരാസനം പുരസ്കാരം ലഭിച്ചു. അയ്യപ്പന്‍ തമാശയോടെ വിചാരിച്ചു കാണും പാരിതോഷികം നൽകാനായി ദാസേട്ടനെ വീണ്ടും ശബരിമലയിലെത്തിക്കണമെന്ന്. അങ്ങനെ  2012ൽ ദാസേട്ടൻ വീണ്ടും മല ചവിട്ടി. മനസ്സില്ലാ മനസ്സോടെ ഡോളിയിലായിരുന്നു പമ്പയില്‍ നിന്നു സന്നിധാനം വരെയുള്ള യാത്ര. അയ്യപ്പസ്വാമിയുടെ തീരുമാനം അതായിരിക്കുമെന്ന് കരുതി ആശ്വസിക്കുകയായിരുന്നു ദാസേട്ടൻ. അന്നുമുതൽ എനിക്കും ശബരീശനെ കാണാൻ മോഹമായി. അങ്ങനെയാണ് കേട്ട കഥകളിലെയും അറിഞ്ഞ പ്രാർഥനകളിലെയും അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഇക്കഴിഞ്ഞ ചിങ്ങമാസത്തിൽ ദാസേട്ടനോടൊപ്പം കാനനവാസനെ കാണാന്‍ പുറപ്പെട്ടത്.

Sabarimala-Sannidhanam-2014

ഒരാളെങ്കിലും മോശം പറഞ്ഞാൽ തളർന്നുപോകും! മുകേഷിന്റെ ഭാര്യ മേതിൽ ദേവിക പറയുന്നു

കോട്ടയത്തു നിന്നു മാലയിട്ട്, ഇരുമുടിക്കെട്ട് നിറച്ചശേഷം കാറിലായിരുന്നു യാത്ര. പത്തു മണിയോടെ പമ്പയിലെത്തി. പ്രാർഥനയോടെ കൈകൂപ്പി പമ്പാനദിയിൽ കാലു നനച്ചപ്പോൾ കുളിരലയായി അയ്യപ്പൻ വന്നു തൊട്ടതു പോലെ... ചുറ്റും കാവിയും കറുപ്പുമുടുത്ത അയ്യപ്പന്മാർ മലകയറാനൊരുങ്ങുന്നു. ദക്ഷിണഗംഗയിൽ മുങ്ങി പ്രാർഥനയിൽ മുഴുകി തൊഴുകൈയോടെ ചിലർ. കുറച്ചുപേർ ത്രിവേണിയിൽ പിതൃതർപ്പണം നടത്തുന്നു. പമ്പ ഗണപതികോവിലിൽ നിന്ന് മാലയിട്ട്, ഞങ്ങൾ ഇരുമുടിക്കെട്ടു നിറച്ചു. വ്രതശുദ്ധി നിറഞ്ഞ മനസ്സിൽ അപ്പോൾ ശരണമന്ത്രം മാത്രമായിരുന്നു. വർഷങ്ങളായുള്ള മോഹം സഫലമാകുന്നതിന്റെ സന്തോഷവും. പമ്പാഗണപതിയെ തൊഴുത്, തേങ്ങയുടച്ചു വിഘ്നങ്ങളകലാൻ പ്രാർഥിച്ച് സന്നിധാനത്തിലേക്കു പുറപ്പെട്ടു.

നീലിമല കയറി തുടങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ചുറ്റും പാറക്കെട്ടുകളിൽ തട്ടി ചിതറിയൊഴുകുന്ന കാട്ടരുവികളും വന്മരക്കാടുകളും. അപ്പാച്ചിമേടെത്തിയപ്പോൾ ഒരു വശത്ത് അഗാധമായ താഴ്ച. അപ്പാച്ചിയിലും ഇപ്പാച്ചിയിലും അരിയുണ്ട എറിയുന്ന ചടങ്ങുണ്ട്. പിന്നെ, ശബരീപീഠത്തിൽ കർപ്പൂരവും കാണിക്കയും സമർപ്പിച്ചു. കന്നിമല കയറ്റമായതിനാൽ ശരംകു ത്തിയിൽ ശരം സമർപ്പിച്ചു.

വലിയ നടപ്പന്തലിലെത്തുമ്പോൾ കുറച്ചകലെ സ്വർണപ്രഭയിൽ പൊന്നു പതിനെട്ടാംപടി. മനസ്സിൽ ശരണ മന്ത്രനാദം. ‘സ്വാമിയേ.. ശരണമയ്യപ്പ..’ ചുറ്റും മുഴങ്ങുന്നത് ഈ ശരണംവിളികൾ മാത്രം. ശ്രീകോവിലും താഴികക്കുടങ്ങളും ഇവിടെ നിന്നു തന്ന കാണാം. അവിടെയാണ് കലിയുഗവരദനായ അയ്യപ്പസ്വാമി. ഭക്തിയുടെ ആനന്ദത്തിരകളിൽ ശരണം വിളിച്ച് ആദ്യ പടിയില്‍ തൊട്ടു തൊഴുതു കാല്‍ വച്ചു. അന്നേരം മനസ്സിലൂെട കടന്നു പോയ വികാരത്തെ എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല. ശ്രീകോവിലിനുള്ളിൽ നെയ്യഭിഷേകത്തിലാറാടിയ ഭഗവാന്റെ കനകവിഗ്രഹം. കർപ്പൂര ദീപപ്രഭയിൽ ചിരിതൂകി നിൽക്കുകയാണ് ഭഗവാൻ എന്നെനിക്കു തോന്നി. കണ്ണടച്ചു കൈകൂപ്പി നിന്നു. ശ്രീലകത്തുനിന്നു തീർഥം സ്വീകരിച്ചു, പ്രസാദം തൊട്ടു. എത്ര വണങ്ങിയിട്ടും മതിയാകുന്നില്ല. അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്ത കളഭം തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇലച്ചീന്തിൽ നൽകി.

അത്താഴപൂജകൾക്കൊടുവിലാണ് അയ്യപ്പനെ പാടിയുറക്കുന്ന ഹരിവരാസനം. സോപാനത്തിൽ നിന്ന് നേരിട്ടുള്ള അർച്ചനയായി ദാസേട്ടൻ ഹരിവരാസനം പാടി. ലോകത്ത് എവിടെ നിന്ന് ഹരിവരാസനം കേൾക്കുന്നതിലും വേറിട്ട അനുഭവമാണ് ശബരീശ സന്നിധിയിൽ വച്ച് ഇതു കേൾക്കുന്നത്. അതേക്കുറിച്ച് പല അയ്യപ്പഭക്തരും പറഞ്ഞിട്ടുണ്ടെങ്കിലും അന്നാണ് എനിക്കത് അനുഭവിക്കാൻ ഭാഗ്യമുണ്ടായത്. പതിനെട്ടാം പടിക്കു താഴെ കണ്ണടച്ചു നിന്ന് ഞാൻ അതു കേട്ടു. ഭക്തിയും മഞ്ഞും കുട ചൂടിച്ച രാത്രിയിൽ ദാസേട്ടന്റെ ശബ്ദത്തിനൊപ്പം മലനിരകളും പാടുന്നതു പോലെ, പ്രകൃതി ഈ കീര്‍ത്തനത്തില്‍ വന്നു ലയിക്കുന്നതു പോലെ...

prabhadas7

വരികള്‍ അവസാനിക്കാറാകുമ്പോള്‍ തന്ത്രി ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ ഒാരോന്നായി അണയ്ക്കും. പൂജാപാത്രങ്ങളുമായി തിരുമേനിമാര്‍ പുറത്തേക്ക്. പാടിത്തീരുമ്പോഴേക്കും ശ്രീകോവിലിന്റെ വാതിലടച്ച് തന്ത്രിയും പുറത്തിറങ്ങും. ഈ കാഴ്ചകൾ മനസ്സിൽ കാണവേ, അനുഗ്രഹത്തിന്റെ ഒരായിരം ദീപങ്ങൾ ഉള്ളിൽ തെളിഞ്ഞു. ഒരിക്കൽ തൊഴുതാൽ പിന്നെയും ആ സന്നിധിയിലെത്താൻ ആരും മോഹിച്ചു പോകും. എവിടെയെങ്കിലും ‘സ്വാമിയേ.. ശരണമയ്യപ്പ’ എന്നൊന്നു േകട്ടാല്‍ മനസ്സിൽ നിറഞ്ഞു വരും, അയ്യപ്പസ്വാമിയുടെ കനകാഭ ചൊരിയുന്ന തിരുമുഖം.