Monday 16 September 2019 09:39 AM IST : By സ്വന്തം ലേഖകൻ

മുഖക്കുരു വന്നാൽ പുറത്തിറങ്ങാൻ മടിക്കുന്ന ആളുകൾക്ക് മുന്നിൽ, പുഞ്ചിരിയോടെ പ്രഭുലാൽ; കുറിപ്പ് വൈറൽ

prabhulal999754fg

അപൂർവ രോഗത്തെ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് നേരിടുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന ഈ അപൂർവ രോഗം പ്രഭുലാലിന്റെ ശരീരത്തിന്റെ 80 ശതമാനത്തിൽ അധികവും കവര്‍ന്നെടുത്തു കഴിഞ്ഞു. പ്രഭുലാൽ ജനിച്ചപ്പോള്‍ ശരീരത്തില്‍ കറുത്ത മറുകിന്റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീടത് വളര്‍ന്നു തുടങ്ങി. ഇപ്പോള്‍ മുഖത്ത് നെറ്റിയുടെ ഭാഗത്തും ഇടതു കണ്ണിന്റെ ഭാഗത്തും മാത്രമാണ് മറുക്‌ ഇല്ലാത്തത്. സുനിൽ കെ. സുധീർ എന്ന യുവാവ് പങ്കുവച്ച കുറിപ്പിലാണ് പ്രഭുലാൽ എന്ന ചെറുപ്പക്കാരനെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

സുനിൽ കെ. സുധീർ എഴുതിയ കുറിപ്പ് വായിക്കാം;  

ഈ അടുത്തകാലത്തു ഒരാളെ നേരിട്ട് കാണണം എന്ന് ഏറെ ആഗ്രഹിച്ചത് തന്റെ പ്രവർത്തങ്ങൾ കൊണ്ട് എന്നെ ഏറെ മോട്ടിവേറ്റ് ചെയ്ത പ്രഭുലാൽ എന്ന ചെറുപ്പക്കാരനെ ആണ്... ഒരു മുഖക്കുരു വന്നാൽ പുറത്തു ഇറങ്ങാൻ മടിക്കുന്ന ആളുകളുടെ ഒരു യുഗത്തിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത് അവിടെയാണ് ശരീരത്തിന്റെ 70% ശതമാനം വ്യാപിച്ചു കിടക്കുന്ന മറുകുമായി ഈ ചെക്കൻ ഒരു മനുഷ്യനെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും രാപകലില്ലാതെ ഇറങ്ങി തിരിക്കുന്നത്. 

പ്രളയകാലത്തെ പ്രവർത്തങ്ങളും , ശരണാലയങ്ങളിലും ഓർഫനേജുകളിലും ഒക്കെ ഏറെ പരിചിതമായ മുഖം ആണ് പ്രഭുലാലിന്റേത് . ഒരിക്കലും സെന്റിമെന്റ്സ് ആഗ്രഹിക്കാതെ ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രഭുലാലിനെ ആണ് എല്ലായ്‌പോഴും കാണാൻ സാധിക്കുന്നത് . ഒന്ന് നേരിട്ട് കാണണം എന്ന് കരുതി ഹരിപ്പാട് വരെ പോയ ഞാൻ കണ്ടത് തൃക്കുന്നപ്പുഴ എന്ന ഗ്രാമത്തിലെ കിരീടമില്ലാത്ത രാജകുമാരനെ ആണ്.. വീടും നാടും അവനു നൽകുന്ന പിന്തുണ , സ്നേഹവാത്സല്യം വാക്കുകൾക്കതീതമാണ്. 

ശരീരത്തെ ബാധിച്ച അവസ്ഥ ഒരിക്കലും മാറിയില്ലെങ്കിലും അവൻ തന്നെക്കൊണ്ട് ആകുന്നതൊക്കെ സമൂഹത്തിൽ ചെയ്തു സന്തോഷത്തോടെ തന്നെ ജീവിക്കും .. എങ്കിലും എന്റെ ഇപ്പൊ ഉള്ള ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് എന്റെ ഈ കുഞ്ഞനിയൻറെ ഈ അവസ്ഥ ഒന്ന് മാറിക്കാണണം എന്ന്. ഇതിനു മരുന്ന് , ചികിത്സ ഒക്കെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല, ആർക്കെങ്കിലും ഇതിനു പറ്റിയ ചികിത്സയെ പറ്റി അറിയാമെങ്കിൽ ദയവായി സഹായിക്കണം. 

Tags:
  • Spotlight
  • Social Media Viral