Friday 15 November 2019 12:21 PM IST : By സ്വന്തം ലേഖകൻ

എൺപത് രാജ്യങ്ങൾ...ആറ് ഭൂഖണ്ഡങ്ങൾ; കാറിൽ ലോകപര്യടനം; വഴിമാറിക്കോ വിധിയേ പ്രജിത്തിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ‌

prajith

എൺപത് രാജ്യങ്ങൾ, 6 ഭൂഖണ്ഡങ്ങൾ. കാടും മലയും മേടും അതിരുകളും താണ്ടിയുള്ളൊരു യാത്രയ്ക്ക് കോപ്പു കൂട്ടുകയാണ് ഈ മനുഷ്യൻ. അതിരുകളെ ഭേദിക്കുന്ന ഈ യാത്രയ്ക്ക് ഇന്ധനം നിശ്ചയദാർഢ്യമാണ്. പരിമിതികളെ പടിക്കു പുറത്തുവച്ച് സ്വപ്നങ്ങൾക്കു പിന്നാലെ ആ മനുഷ്യൻ പായുമ്പോൾ അയാളെ വീൽ ചെയറിലാക്കിയ വിധി അകലെ മാറി നാണിച്ചു നിൽപ്പുണ്ടാകും.

അംഗപരിമിതരുടെ ശബ്ദമായി മാറിയ പ്രജിത് ജയ്പാലിന്റെ കാലടികൾക്കു മുന്നിലാണ് ലോകം വഴിമാറുന്നത്. ആറു ഭൂഖണ്ഡങ്ങളിലൂടെ 80,000 കിലോമീറ്റർ യാത്ര ചെയ്തുള്ളൊരു മഹായാത്രയ്ക്കാണ് പ്രജിത് ഒരുങ്ങുന്നത്. ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പെയർ എന്ന പേരിൽ ഒരു വർഷം നീളുന്ന യാത്ര ഡിസംബർ 15ന് കോഴിക്കോട് നിന്ന് തുടങ്ങും. തിരുവനന്തപുരം രാജ്ഭവനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്രയ്ക്ക് ആശംസയും ആശീർവാദങ്ങളുമായി ആരിഫ് മുഹമ്മദ് ഖാനെത്തും.

o2

ഇന്ത്യയിൽ 2021ൽ നടക്കുന്ന എബിലിറ്റി എക്സ്പോയിലേക്ക് വിവിധ രാജ്യങ്ങളുടേയും കമ്പനികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഭിന്ന ശേഷിക്കാർക്ക് ഉതകുന്ന നൂതന സങ്കേതങ്ങൾ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ എക്സ്പോയിലുണ്ടാകും. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പു വരുത്തുക എന്നതാണ് എക്സ്പോയിലൂടെ ഉദ്ദേശിക്കുന്നത്.

കോഴിക്കോട്ടു നിന്ന് ഡൽഹിയിലേക്കാണ് യാത്രയുടെ ആദ്യ ഘട്ടം. ഡൽഹിയിൽ നിന്ന് നേപ്പാൾ, ഭൂട്ടാൻ, തായ്‍ലന്റ്, സിംഗപ്പോർ, ഓസ്ട്രേലിയ വഴി കാനഡയിലെത്തും. തുടർന്ന് അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിച്ച് ചൈനയിലെത്തും. ചൈനയിൽ കൂടുതൽ സമയം ചെലവഴിച്ച് അതു വഴി ഇന്ത്യയിലേക്ക് മടക്കം. ഭിന്നശേഷിയുള്ള ഒരാൾ സ്വന്തമായി കാറോടിച്ച് ലോകം ചുറ്റുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായായിരിക്കും.

യാത്രയിൽ ഒരു ഡോക്ടറും കാർ മെക്കാനിക്കും പ്രജിത്തിനൊപ്പമുണ്ടാകും. 6 സ്ഥലങ്ങളിൽ കാർ കപ്പൽ മാർഗം പോകും. ഒന്നരക്കോടി രൂപയാണ് മൊത്തംചെലവ് പ്രതീക്ഷിക്കുന്നത്. സ്പോൺസർഷിപ്പിലൂടെ പണം സ്വരുക്കൂട്ടാനാണ് ശ്രമം.

o1

പ്രജിത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അതിരുകൾ വഴിമാറുന്നത് ഇതാദ്യമായല്ല. അപകടത്തെ തുടർന്ന് ക്വാഡ്രിപ്ലീജിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥയിലായ ജയ്പാൽ കഴിഞ്ഞ വർഷം കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് സ്വന്തമായി കാറോടിച്ച് ചരിത്രമെഴുതിയിരുന്നു. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കുക മാത്രമല്ല, പ്രജിത്തിന്റെ അംഗപരിമിതർക്കായുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

o4

2011ൽ നടന്ന ഒരു കാർ അപകടമാണ് പ്രജിത്തിന്റെ വിധി മാറ്റിയെഴുതുന്നത്. അപകടത്തെ തുടർന്ന് കഴുത്തിനു താഴെ ശരീരം തളർന്ന് ക്വാഡ്രിപ്ലീജിയ എന്ന് വൈദ്യശാസ്ത്രം പേരിട്ട അവസ്ഥയിലായിരുന്നു ജയ്പാൽ.

Tags:
  • Inspirational Story