Tuesday 23 March 2021 11:20 AM IST

‘കുട്ടിയുടെ കയ്യെന്താ ഷർട്ടിനുള്ളിൽ വച്ചിരിക്കുകയാണോ?’: അതൊക്കെ കേട്ട് എത്രമാത്രം മനസ് നൊന്തെന്നോ?: കുറവുകൾ കഴിവാക്കിയ പ്രണവ്

Tency Jacob

Sub Editor

pranav

‘നീങ്ക താൻ സൂപ്പർസ്റ്റാർ’ എന്നു പ്രണവിനോടു പറഞ്ഞത് വേറാരുമല്ല, സിനിമാ ഉലകം വാഴും തലൈവർ രജനികാന്താണ്. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവിന്റെ കഴിവുകൾ കേട്ടാൽ ആരും അതു സമ്മതിക്കും.

പാലക്കാട് ജില്ലയിൽ ആലത്തൂർ ദേവകിനി വാസിലെ ബാലസുബ്രഹ്മണ്യത്തിന്റെയും സ്വർണകുമാരിയുടെയും രണ്ടു മക്കളിൽ ഇളയാളാണ് പ്രണവ്. ചിറ്റൂർ ഗവൺമെന്റ് കോളജി ൽ നിന്നു ബികോം കഴിഞ്ഞു, ഗവൺമെന്റ് ജോലി ലക്ഷ്യം വ ച്ച് ഇപ്പോൾ പിഎസ്‌സി കോച്ചിങ്ങിന്റെ തിരക്കിലാണ്. അതിനിടിയിൽ ഇത്തിരി നേരം കണ്ടെത്തി പ്രണവ് സ്വന്തം ജീവിതം പറയാൻ തുടങ്ങി.

കൈകളായി അച്ഛനും അമ്മയും

‘‘നടക്കാൻ തുടങ്ങിയ പ്രായത്തിൽ കിട്ടിയ വീഴ്ചകൾക്കു കണക്കില്ല. അതിന്റെ ശേഷിപ്പാണ് ഈ മുഖത്തു കാണുന്നത്.’’ പ്രണവ് മുഖത്തെ തുന്നല്‍ പാടുകൾ കാട്ടി പറഞ്ഞു. ‘‘കൈകളില്ലാത്തതുകൊണ്ട് നടക്കാൻ ബാലൻസ് കിട്ടില്ലല്ലോ. അമ്മയുടെ കാലുകളിൽ കയറ്റി നിർത്തിയും ചുമരിൽ ചാരി നിർത്തിയുമൊക്കെയാണ് എന്നെ നടക്കാൻ പഠിപ്പിച്ചതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ‘മോൻ പേടിക്കേണ്ട, അമ്മയും അച്ഛനുമുണ്ട് കൂടെ’ എന്ന് അവർ ധൈര്യം തരും. ആ വാക്കുകളാണ് ഇന്നും ധൈര്യം.’’ ഫോൺ റിങ് ചെയ്തപ്പോൾ പ്രണവ് കാലു കൊണ്ടെടുത്ത് അറ്റന്‍ഡ് ചെയ്തു.

‘‘അച്ഛനു മരപ്പണിയാണ്. അമ്മയായിരുന്നു വീട്ടിലെനിക്ക് കൂട്ട്. ചേട്ടൻ പ്രവീൺ കളിക്കുന്നതും ഓരോ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അമ്മയുടെ മടിയിലിരുന്നു കാണുമായിരുന്നു. ‘ചേട്ടൻ ചെയ്യുന്നതു പോലെ നിനക്കും എല്ലാം ചെയ്യാൻ പറ്റും’ എന്നു പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്. ചേട്ടൻ സ്കൂളിൽ പോയി വരുന്നതു കണ്ടപ്പോൾ എനിക്കും പോകണമെന്നായി.

സാധാരണ കുട്ടികളെപ്പോലെ, എല്ലാ കാര്യങ്ങളും ഞാൻ തനിയെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കാൽവിരലുകൾക്കിടയിൽ സ്പൂൺ വച്ച് ഭക്ഷണം കോരിക്കഴിക്കാനും എഴുതാനായി പെൻസിൽ പിടിക്കാനുമെല്ലാം പഠിപ്പിച്ചത് അമ്മയാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ അമ്മയുടെ സഹായം കിട്ടുകയുള്ളൂ.

ആദ്യമായി കാട്ടുശേരി ഗവ. എല്‍പി സ്കൂളിൽ ചെന്ന ദിവസം ഹെഡ്മാസ്റ്റർ അസംബ്ലി വിളിച്ചു ചേർത്ത് എന്നെക്കുറിച്ചു പറഞ്ഞിരുന്നു. ‘ആരും കളിയാക്കരുത്. നിങ്ങളിൽ ഒരാളായി പ്രണവിനെ കാണണം.’ സ്കൂളിലെ കൂട്ടുകാരെല്ലാം അത് അനുസരിച്ചു. കയ്യില്ലാത്ത കുട്ടി എന്ന നിലയിലല്ല, അവരിൽ ഒരാളായാണ് കൂട്ടുകാർ എന്നെ കളിക്കാൻ കൂട്ടുന്നത്. അഞ്ജലി ടീച്ചറാണ് വലതുകാൽവിരൽ കൊണ്ട് ആദ്യാക്ഷരം കുറിപ്പിക്കുന്നത്.

ടെൻഷൻ കാരണം അമ്മ രണ്ടാം ക്ലാസ് വരെ എന്റെ ഒപ്പം സ്കൂളിൽ ഇരുന്നിരുന്നു. ഒരു ദിവസം ജയ ടീച്ചറാണ് അമ്മയോടു പറഞ്ഞത്. ‘നിങ്ങൾ ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ അവൻ തനിയെ ചെയ്തു പഠിക്കട്ടെ.’

അവിടെ നിന്നാണ് ഞാൻ എല്ലാം തനിയെ ചെയ്യാൻ തുടങ്ങിയത്. ഇന്നു വീട് അടിച്ചു വാരി തുടച്ചു സന്ധ്യാനാമം ജപിക്കുന്നത് ഞാനാണ്. അച്ഛനെ മരപ്പണിയിൽ സഹായിക്കുകയും ചെയ്യും.’’ പ്രണവ് വെയിലത്തു വാടി നിൽക്കുന്ന ചെടികൾക്കു വെള്ളമൊഴിക്കാൻ തുടങ്ങി.

ആ വെയിലിലും വാടിയില്ല

‘‘എന്നെപ്പോലെ ഞാൻ മാത്രമേയുള്ളൂ എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ധാരണ. എല്ലായിടത്തേക്കും അച്ഛനും അമ്മയും കൂട്ടിക്കൊണ്ടു പോകും. പക്ഷേ, ആ കാലങ്ങളിൽ കടുത്ത മനോവിഷമം നേരിടേണ്ടി വന്നിട്ടുണ്ട്. ‘വയ്യാത്ത കുട്ടിയേയും കൊണ്ടു പുറത്തിറങ്ങുകയാണോ? കുട്ടിയുടെ കയ്യെന്താ ഷർട്ടിനുള്ളിൽ വച്ചിരിക്കുകയാണോ?’ എന്നിങ്ങനെയുള്ള വാക്കുകൾ തളർത്തിയിട്ടും അവരത് കേട്ട ഭാവം നടിച്ചില്ല. എന്നെ വീടിനുള്ളിലെ ഇരുട്ടിൽ ഒളിപ്പിച്ചുമില്ല.

കൂട്ടുകാർ കളിക്കുന്നത് നോക്കിയിരിന്നിരുന്ന കാലത്ത് ‘ദൈവം എന്തിനാണ് എന്നെ ഇങ്ങനെ ജനിപ്പിച്ചത്’ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങനെയൊന്നുമില്ല. കാണാനും കേൾക്കാനും ലോകത്തോടു സംവദിക്കാനും കഴിയുന്നുണ്ടല്ലോ.‘പ്രണവ് ദൈവം തന്ന നിധിയാണ്’ എന്നാണ് അച്ഛനും അമ്മയും പറയുന്നത്.’’

കണ്ടു നിൽക്കുന്നവർക്ക് അദ്ഭുതം കൂറുമെങ്കിലും പ്രണ വിന് സൈക്കിളോടിക്കൽ ഇഷ്ടവിനോദമാണ്. ‘‘ചേട്ടൻ സൈക്കിളിൽ പായുന്നതു കണ്ടാണ് എനിക്കും ആശ കയറിയത്.പല തരത്തില്‍ ഓടിച്ചു നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. എങ്കിലും നിരാശനാകാതെ പരിശ്രമം തുടർന്നു. ഒടുവിൽ നെഞ്ചു കൊണ്ടു ഹാൻഡിൽ നിയന്ത്രിക്കാൻ തുടങ്ങിയപ്പോഴാണ് ആ ഉദ്യമത്തിൽ വിജയിച്ചത്.

ബ്രേക്കും ബെല്ലും എന്റെ സൗകര്യത്തിനു ഫിറ്റ് ചെയ്തു. ആദ്യം വീടിനു ചുറ്റും റൗണ്ടടിക്കലായിരുന്നു. പിന്നെ, റോഡിലൂടെ സൈക്കിളോടിച്ചു വളവുകളും തിരിവുകളും കീഴടക്കിയെത്തിയപ്പോൾ തോന്നിയ സന്തോഷം മറക്കാനാകില്ല.

പൂർണരൂപം വനിത മാർച്ച് രണ്ടാം ലക്കത്തിൽ