Wednesday 07 April 2021 02:37 PM IST

പോളിങ് ദിനത്തിൽ ഹൃദയം കവർന്നചിത്രം, കാൽവിരലിൽ മഷി പടർത്തിയ വൈറല്‍ വോട്ടർ ഇതാ: പ്രണവിന്റെ ജീവിതം ഇങ്ങനെ

Tency Jacob

Sub Editor

pranav-voter

ജനാധിപത്യത്തിന്റെ ഭംഗി ഏറ്റവും പ്രകടമായ നിമിഷങ്ങളിലൊന്ന്. പോളിങ് ദിനത്തിലെ ഈ സുന്ദര ചിത്രത്തെ എത്ര വിശേഷിപ്പിച്ചാലും മതിയാകില്ല. ജന്മനാ കൈകാലുകളില്ലാത്ത പ്രണവ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തുമ്പോൾ എഴുന്നേറ്റു നിന്ന് കാലില്‍ മഷിപുരട്ടുന്ന പോളിങ് ഓഫിസറുടെ ചിത്രമാണ് വൈറലാകുന്നത്. ഗിന്നസ് പക്രു ഉൾപ്പെടെയുള്ള കലാകാരൻമാർ സ്നേഹത്തോടെ ഏറ്റെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ ആ വൈറൽ വോട്ടറെ വനിത പരിചയപ്പെടുത്തുകയാണ്. സ്വന്തം ജീവിതത്തെ അതിജീവനത്തിന്റെ സ്നേഹഗാഥയാക്കി മാറ്റിയ പ്രണവിനെ കുറിച്ചുള്ള ഫീച്ചർ വനിത മാർച്ച് ആദ്യ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്. ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ’ എന്ന തലക്കെട്ടിൽ വനിതയിൽ പ്രസിദ്ധീകരിച്ച ഫീച്ചര്‍ ചുവടെ വായിക്കാം:

******

‘നീങ്ക താൻ സൂപ്പർസ്റ്റാർ’ എന്നു പ്രണവിനോടു പറഞ്ഞത് വേറാരുമല്ല, സിനിമാ ഉലകം വാഴും തലൈവർ രജനികാന്താണ്. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവിന്റെ കഴിവുകൾ കേട്ടാൽ ആരും അതു സമ്മതിക്കും.

പാലക്കാട് ജില്ലയിൽ ആലത്തൂർ ദേവകിനി വാസിലെ ബാലസുബ്രഹ്മണ്യത്തിന്റെയും സ്വർണകുമാരിയുടെയും രണ്ടു മക്കളിൽ ഇളയാളാണ് പ്രണവ്. ചിറ്റൂർ ഗവൺമെന്റ് കോളജി ൽ നിന്നു ബികോം കഴിഞ്ഞു, ഗവൺമെന്റ് ജോലി ലക്ഷ്യം വ ച്ച് ഇപ്പോൾ പിഎസ്‌സി കോച്ചിങ്ങിന്റെ തിരക്കിലാണ്. അതിനിടിയിൽ ഇത്തിരി നേരം കണ്ടെത്തി പ്രണവ് സ്വന്തം ജീവിതം പറയാൻ തുടങ്ങി.

കൈകളായി അച്ഛനും അമ്മയും

‘‘നടക്കാൻ തുടങ്ങിയ പ്രായത്തിൽ കിട്ടിയ വീഴ്ചകൾക്കു കണക്കില്ല. അതിന്റെ ശേഷിപ്പാണ് ഈ മുഖത്തു കാണുന്നത്.’’ പ്രണവ് മുഖത്തെ തുന്നല്‍ പാടുകൾ കാട്ടി പറഞ്ഞു. ‘‘കൈകളില്ലാത്തതുകൊണ്ട് നടക്കാൻ ബാലൻസ് കിട്ടില്ലല്ലോ. അമ്മയുടെ കാലുകളിൽ കയറ്റി നിർത്തിയും ചുമരിൽ ചാരി നിർത്തിയുമൊക്കെയാണ് എന്നെ നടക്കാൻ പഠിപ്പിച്ചതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ‘മോൻ പേടിക്കേണ്ട, അമ്മയും അച്ഛനുമുണ്ട് കൂടെ’ എന്ന് അവർ ധൈര്യം തരും. ആ വാക്കുകളാണ് ഇന്നും ധൈര്യം.’’ ഫോൺ റിങ് ചെയ്തപ്പോൾ പ്രണവ് കാലു കൊണ്ടെടുത്ത് അറ്റന്‍ഡ് ചെയ്തു.

‘‘അച്ഛനു മരപ്പണിയാണ്. അമ്മയായിരുന്നു വീട്ടിലെനിക്ക് കൂട്ട്. ചേട്ടൻ പ്രവീൺ കളിക്കുന്നതും ഓരോ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അമ്മയുടെ മടിയിലിരുന്നു കാണുമായിരുന്നു. ‘ചേട്ടൻ ചെയ്യുന്നതു പോലെ നിനക്കും എല്ലാം ചെയ്യാൻ പറ്റും’ എന്നു പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്. ചേട്ടൻ സ്കൂളിൽ പോയി വരുന്നതു കണ്ടപ്പോൾ എനിക്കും പോകണമെന്നായി.

സാധാരണ കുട്ടികളെപ്പോലെ, എല്ലാ കാര്യങ്ങളും ഞാൻ തനിയെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കാൽവിരലുകൾക്കിടയിൽ സ്പൂൺ വച്ച് ഭക്ഷണം കോരിക്കഴിക്കാനും എഴുതാനായി പെൻസിൽ പിടിക്കാനുമെല്ലാം പഠിപ്പിച്ചത് അമ്മയാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ അമ്മയുടെ സഹായം കിട്ടുകയുള്ളൂ.

ആദ്യമായി കാട്ടുശേരി ഗവ. എല്‍പി സ്കൂളിൽ ചെന്ന ദിവസം ഹെഡ്മാസ്റ്റർ അസംബ്ലി വിളിച്ചു ചേർത്ത് എന്നെക്കുറിച്ചു പറഞ്ഞിരുന്നു. ‘ആരും കളിയാക്കരുത്. നിങ്ങളിൽ ഒരാളായി പ്രണവിനെ കാണണം.’ സ്കൂളിലെ കൂട്ടുകാരെല്ലാം അത് അനുസരിച്ചു. കയ്യില്ലാത്ത കുട്ടി എന്ന നിലയിലല്ല, അവരിൽ ഒരാളായാണ് കൂട്ടുകാർ എന്നെ കളിക്കാൻ കൂട്ടുന്നത്. അഞ്ജലി ടീച്ചറാണ് വലതുകാൽവിരൽ കൊണ്ട് ആദ്യാക്ഷരം കുറിപ്പിക്കുന്നത്.

ടെൻഷൻ കാരണം അമ്മ രണ്ടാം ക്ലാസ് വരെ എന്റെ ഒപ്പം സ്കൂളിൽ ഇരുന്നിരുന്നു. ഒരു ദിവസം ജയ ടീച്ചറാണ് അമ്മയോടു പറഞ്ഞത്. ‘നിങ്ങൾ ചെയ്തു കൊടുക്കുന്ന കാര്യങ്ങ ൾ അവൻ തനിയെ ചെയ്തു പഠിക്കട്ടെ.’

അവിടെ നിന്നാണ് ഞാൻ എല്ലാം തനിയെ ചെയ്യാൻ തുടങ്ങിയത്. ഇന്നു വീട് അടിച്ചു വാരി തുടച്ചു സന്ധ്യാനാമം ജപിക്കുന്നത് ഞാനാണ്. അച്ഛനെ മരപ്പണിയിൽ സഹായിക്കുകയും ചെയ്യും.’’ പ്രണവ് വെയിലത്തു വാടി നിൽക്കുന്ന ചെടികൾക്കു വെള്ളമൊഴിക്കാൻ തുടങ്ങി.

ആ വെയിലിലും വാടിയില്ല

‘‘എന്നെപ്പോലെ ഞാൻ മാത്രമേയുള്ളൂ എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ധാരണ. എല്ലായിടത്തേക്കും അച്ഛനും അമ്മയും കൂട്ടിക്കൊണ്ടു പോകും. പക്ഷേ, ആ കാലങ്ങളിൽ കടുത്ത മനോവിഷമം നേരിടേണ്ടി വന്നിട്ടുണ്ട്. ‘വയ്യാത്ത കുട്ടിയേയും കൊണ്ടു പുറത്തിറങ്ങുകയാണോ? കുട്ടിയുടെ കയ്യെന്താ ഷർട്ടിനുള്ളിൽ വച്ചിരിക്കുകയാണോ?’ എന്നിങ്ങനെയുള്ള വാക്കുകൾ തളർത്തിയിട്ടും അവരത് കേട്ട ഭാവം നടിച്ചില്ല. എന്നെ വീടിനുള്ളിലെ ഇരുട്ടിൽ ഒളിപ്പിച്ചുമില്ല.

കൂട്ടുകാർ കളിക്കുന്നത് നോക്കിയിരിന്നിരുന്ന കാലത്ത് ‘ദൈവം എന്തിനാണ് എന്നെ ഇങ്ങനെ ജനിപ്പിച്ചത്’ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങനെയൊന്നുമില്ല. കാണാനും കേൾക്കാനും ലോകത്തോടു സംവദിക്കാനും കഴിയുന്നുണ്ടല്ലോ.‘പ്രണവ് ദൈവം തന്ന നിധിയാണ്’ എന്നാണ് അച്ഛനും അമ്മയും പറയുന്നത്.’’

കണ്ടു നിൽക്കുന്നവർക്ക് അദ്ഭുതം കൂറുമെങ്കിലും പ്രണ വിന് സൈക്കിളോടിക്കൽ ഇഷ്ടവിനോദമാണ്. ‘‘ചേട്ടൻ സൈക്കിളിൽ പായുന്നതു കണ്ടാണ് എനിക്കും ആശ കയറിയത്.പല തരത്തില്‍ ഓടിച്ചു നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. എങ്കിലും നിരാശനാകാതെ പരിശ്രമം തുടർന്നു. ഒടുവിൽ നെഞ്ചു കൊണ്ടു ഹാൻഡിൽ നിയന്ത്രിക്കാൻ തുടങ്ങിയപ്പോഴാണ് ആ ഉദ്യമത്തിൽ വിജയിച്ചത്.

ബ്രേക്കും ബെല്ലും എന്റെ സൗകര്യത്തിനു ഫിറ്റ് ചെയ്തു. ആദ്യം വീടിനു ചുറ്റും റൗണ്ടടിക്കലായിരുന്നു. പിന്നെ, റോഡിലൂടെ സൈക്കിളോടിച്ചു വളവുകളും തിരിവുകളും കീഴടക്കിയെത്തിയപ്പോൾ തോന്നിയ സന്തോഷം മറക്കാനാകില്ല.

രജനിയെ സന്ധിക്കാൻ ആശൈ

അങ്ങനെയിരിക്കുമ്പോൾ ഇരുപത്തിയൊന്നാം പിറന്നാൾ വ ന്നു. അത് വ്യത്യസ്തമായി ആഘോഷിക്കണം എന്നുള്ള ഉദ്ദേശത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക് സാറിന്റെ പഴ്സനൽ അസിസ്റ്റന്റിനോടു മുഖ്യമന്ത്രിയെ കാണണമെന്നുള്ള ആഗ്രഹം പറയുന്നത്. അദ്ദേഹം ഞങ്ങളെ നിയസഭയിലേക്ക് ക്ഷണിച്ചു. റിയാലിറ്റി ഷോകളിൽ പങ്കെടുത്തു ലഭിച്ച എന്റെ ചെറിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു.

കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായുള്ള കൂടികാഴ്ച അദ്ദേഹം തന്റെ ഔദ്യോഗിക പേജിൽ ഇട്ടത് കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലെ പത്രങ്ങളിലും വാർത്തയായിരുന്നു. അവിടുത്തെ ചാനലുകൾ എന്നെ ഇന്റർവ്യൂ െചയ്യാൻ വീട്ടിൽ വന്നു. ‘നിങ്ങളുടെ സൂപ്പർ സ്റ്റാറിനെ ഒന്നു കാണിച്ചു തരാമോ?’ എന്നു വെറുതേ അവരോടു ചോദിച്ചു. ‘ശ്രമിച്ചു നോക്കാം’ എന്നായിരുന്നു മറുപടി.

‘ആനന്ദവികടൻ’ എന്ന തമിഴ് മാഗസിനിൽ വന്ന വാർത്തയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത് കാണുന്നത്. ഉടനെ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ചെന്നൈയിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റും സൗകര്യങ്ങളും എല്ലാം ഏർപ്പെടാക്കി തന്നു. അച്ഛനും അമ്മയും ചേട്ടനുമൊത്താണ് ഞാൻ പോയത്. ട്രെയിനിറങ്ങിയപ്പോൾ ഞങ്ങളെ കാത്ത് അദ്ദേഹത്തിന്റെ ഓഫിസിൽ നിന്നുള്ളവർ നിൽക്കുന്നുണ്ടായിരുന്നു. അവരെനിക്ക് അദ്ദേഹത്തെ കാണാൻ പോകുമ്പോൾ ഇടാനുള്ള വസ്ത്രവും വാങ്ങിത്തന്നു. ഡിസംബർ രണ്ടാം തീയതിയാണ് അദ്ദേഹത്തെ കാണുന്നത്. അന്ന് രജനീകാന്തിന്റെ ജന്മനക്ഷത്ര ദിവസമായിരുന്നു. ആ ദിവസങ്ങളിൽ പൊതുവേ അദ്ദേഹം ആരെയും വീട്ടിലേക്ക് ക്ഷണിക്കാറില്ല. ആ ഭാഗ്യം എനിക്കാണ് ഉണ്ടായത്.

വൈകീട്ട് അഞ്ചരയ്ക്കാണ് രജനീകാന്തിന്റെ വീട്ടിൽ ഞങ്ങളെത്തിയത്. പൊന്നാട അണിയിച്ചാണ് എന്നെ വരവേറ്റത്. ഒ പ്പം അദ്ദേഹത്തിന്റെ ആരാധനാമൂർത്തി ബാബയുടെ ചിത്രവും മധുര പലഹാരങ്ങളും എനിക്കു സമ്മാനിച്ചു. ‘യന്തിരൻ’ എന്ന സിനിമയിലെ രജനികാന്തിന്റെ രൂപം ഞാൻ കാലു കൊണ്ടു വ രച്ചത് അദ്ദേഹത്തിനും സമ്മാനിച്ചു.

സച്ചിന്റെ സ്നേഹവും

നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ സച്ചിൻ തെണ്ടുൽക്കർ വന്നപ്പോൾ അദ്ദേഹത്തെ കാണാൻ പറ്റുകയാണെങ്കിൽ സമ്മാനിക്കാനായി ഒരു പടം വരച്ചു വച്ചിരുന്നു. പക്ഷേ, ‘അദ്ദേഹത്തെ കാണാൻ പറ്റില്ല’ എന്നാണ് അതിനു വേണ്ടി ശ്രമിച്ചപ്പോൾ കിട്ടിയ മറുപടി. ഒടുവിൽ ആ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അദ്ദേഹത്തെ കാണാൻ വഴിയൊരുങ്ങിയത്.

കണ്ടപ്പോഴേക്കും ‘കാൻ ഐ ഹഗ് യൂ?’ എന്നു ചോദിച്ചു എന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു. മലയാളികൾക്ക് ഫെയ്സ്ബുക്കിലൂടെ 2019 ലെ ഓണാശംസ അദ്ദേഹം നേർന്നത് ഞാൻ അന്നു സമ്മാനിച്ച ചിത്രം പങ്കുവച്ചാണ്.

‘നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?’ എന്നു മാർട്ടിൻ ലൂതർ കിങ് ഒരു പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്. അങ്ങനെയൊരു ചോദ്യത്തിന് ‘ഇല്ല’ എന്നുള്ളതാകരുത് ഉത്തരമെന്ന് എനിക്കു നിർബന്ധമുണ്ട്. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ചിരി കൊണ്ടോ ആർക്കെങ്കിലും ഉപകാരം ഉണ്ടാകണം എന്നതാണ് എന്റെ ആ ഗ്രഹം. അങ്ങനെയുള്ള ചിന്തകൾ പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്.

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന കലാമത്സരങ്ങളിൽ ആറു വർഷമായി പെൻസിൽ ഡ്രോയിങ്ങിലും പെയിന്റിങ്ങിലും എനിക്കാണ് ഒന്നാം സമ്മാനം. ശാസ്ത്രീയ സംഗീതം മൂന്നു വർഷം അഭ്യസിച്ചു.‘ഡിഫറ ന്റ്ലി ഏബിൾ’ എന്ന േപരിൽ കേരളത്തിലെ ഭിന്നശേഷിക്കാരുടെ ഒരു ട്രൂപ്പുണ്ടാക്കണമെന്നുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ ഉഷ ടീച്ചറാണ് ചോദിക്കുന്നത്. ‘കലാമത്സരങ്ങളിൽ മാത്രം ഒതുങ്ങി നിന്നാൽ മതിയോ, കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടേ?’ എന്ന്. ‘അയ്യോ, ഓടിയാൽ വീഴില്ലേ’ എന്നായിരുന്നു എന്റെ ആദ്യ ഉത്തരം. ടീച്ചറുടെ പ്രോത്സാഹനത്തിൽ ഓടാൻ തുടങ്ങി. 200 മീറ്റർ ഓട്ടത്തിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി പാരാ ഒളിംപിക്സിലെത്തി.

ഫുട്ബോളും ഞാനും ഒന്നാണെന്ന് എനിക്കു തോന്നാറുണ്ട്. രണ്ടും കാലു കൊണ്ടാണല്ലോ കളി. ഞാൻ തോൽപിക്കുന്നത് എന്റെ കുറവുകളെ തന്നെയാണ്. ഇനിയൊരു ജന്മമു ണ്ടെങ്കിലും എനിക്ക് പ്രണവ് തന്നെയാകാനാണ് ആഗ്രഹം.’’

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ: വിബി ജോബ്