Wednesday 19 September 2018 03:59 PM IST : By സ്വന്തം ലേഖകൻ

ദുരഭിമാനക്കൊല ‘ദൃശ്യം മോഡൽ’; കൃത്യം നടത്താൻ പ്രതി ‘അലിബി’യെ കൂട്ട് പിടിച്ചു, ഭാര്യയെ കരുവാക്കി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

tttttt

ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ തെലങ്കാനയില്‍ 23 കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കൊലപാതകം ആസൂത്രണം ചെയ്യാൻ കേസിലെ പ്രധാന പ്രതിയും പെൺകുട്ടിയുടെ പിതാവുമായ ടി. മാരുതി റാവു മാതൃകയാക്കിയത് മോഹൻലാൻ നായകനായ മെഗാഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ്. ചിത്രം അതേ പേരിൽ വെങ്കിടേഷ് നായകനായി തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു.

സിനിമയിലെന്ന പോലെ കൊലപാതകക്കേസിൽ നിന്ന് രക്ഷപെടാൻ, നിയമത്തിലെ ‘അലിബി’ എന്ന പഴുതാണ് മാരുതി റാവു ഉപയോഗിക്കാൻ ശ്രമിച്ചത്. ഈ നിയമ പ്രകാരം കൃത്യം നടക്കുമ്പോൾ സംഭവവുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളില്‍ തന്റെ ശാരീരിക സാന്നിധ്യം ഇല്ല എന്ന് വരുത്തിത്തീർത്താൽ പ്രതിക്ക് രക്ഷപെടാനുള്ള വഴി തെളിയും.

സംഭവത്തെക്കുറിച്ച് നാൽഗോണ്ട പോലീസ് സൂപ്രണ്ട് എ.വി രംഗനാഥ് പറയുന്നതിങ്ങനെ:

‘‘ദൃശ്യം സിനിമയിലേതു പോലെ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ മാരുതി റാവു അലീബി സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സംഭവ ദിവസമായ സെപ്തംബർ 14 ന് കൊപലാതകം നടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് റാവു നാൽഗോണ്ടയിലെ ജോയിൻന്റ് കളക്ടറുടെ ഓഫീസിലേക്ക് പോകുകയും ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. കൊലപാതകവുമായി തനിക്ക് ബന്ധമില്ല എന്ന് വരുത്തിത്തീർക്കുന്നതിന്റെ ഭാഗമായിരുന്നു ഇതൊക്കെ. ശേഷം അതേ ദിവസം തന്നെ ഇയാൾ സ്വന്തം വാഹനത്തിലെത്തി ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും കണ്ട് ഗണേശോത്സവ ആഘോഷത്തെക്കുറിച്ച് സംസാരിച്ചു. അലീബി ഉപയോഗപ്പെടുത്തി കേസിൽ നിന്ന് രക്ഷപെടാനുള്ള തെളിവുകൾ ശേഖരിക്കുകയായിരുന്നു റാവുവിന്റെ ലക്ഷ്യം’’.

സ്വന്തം ഭാര്യയോട് പോലും മാരുതി റാവു കൊലപാതക കാര്യം മറച്ച് വച്ചു. മാത്രമല്ല, ഭാര്യയെ അവരറിയാതെ കൃത്യ നിർവഹണത്തിനായി ഉപയോഗിക്കുകയും ചെയ്തു. അമൃതയുടെയും പ്രണയിന്റെയും നീക്കങ്ങൾ ഭാര്യ വഴിയാണ് ഇയാൾ മനസ്സിലാക്കിയിരുന്നത്. അമൃത ഗർഭിണിയായ ശേഷം ഫോണിൽ തുടർച്ചയായി അമ്മയും മകളും തമ്മിൽ ബന്ധം പുലർത്തിയിരുന്നു. സെപ്തംബർ 13 നാണ് പിറ്റേ ദിവസം അമൃതയും പ്രണയും മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പോകുന്ന വിവരം റാവു ഭാര്യയിൽ നിന്ന് അറിയുന്നത്. ഉടൻ തന്നെ റാവു വിവരം ക്വട്ടേഷൻ സംഘത്തെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

എൻജിനീയറായ പ്രണയ് ഗർഭിണിയായ ഭാര്യ അമൃതയോടൊപ്പം നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരും വഴിയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. വെട്ടേറ്റ പ്രണയ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

ബിഹാറില്‍ നിന്നുളള ക്വട്ടേഷന്‍ സംഘമാണ് എൻജിനീയറായ പ്രണയ് പെരുമല്ലയെ കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തിന് പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നു. പ്രണയിയുടെ ഭാര്യ അമൃതയുടെ പിതാവ് മാരുതി റാവു അടക്കം ഏഴ് പേരെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാരുതി റാവുവും ബന്ധുക്കളും 1 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 18 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു.

മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ അമൃതയെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. അമൃതയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറ് മാസം മുമ്പാണ് പ്രണയും അമൃതയും വിവാഹിതരായത്.