Saturday 16 February 2019 03:31 PM IST : By സ്വന്തം ലേഖകൻ

തലച്ചോറിന്റെ സ്ഥാനത്ത് ഒരു പാട മാത്രം; നെഞ്ചു നീറ്റുന്ന വേദനയായി പ്രാർത്ഥന മോൾ; കനിവ് കാത്ത് മാതാപിതാക്കൾ

prarrthana

ആറ്റുനോറ്റിരുന്ന് കിട്ടിയ പൊന്നുമോളാണ്. നേർച്ചകാഴ്ചകളുടേയും പ്രാർത്ഥനകളുടേയും ഫലം. ഹരിപ്പാട് സ്വദേശികളായ അനുരാധയുടേയും സുകേശന്റേയും ജീവിതത്തിലേക്ക് പ്രാർത്ഥന എത്തുമ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. ചേർത്തു വച്ചതും ഇത്തിരി ഇത്തിരിയായി സ്വരുക്കൂട്ടിയതുമെല്ലാം പിന്നെ അവൾക്കു മാത്രമായി. അവരുടെ കുഞ്ഞ് സന്തോഷങ്ങളുടേയും പ്രാർത്ഥകളുടേയുമെല്ലാം ആകെത്തുകയായിരുന്നു ആ കുഞ്ഞ്.

എന്നാൽ ദിനമൊട്ടു കഴിഞ്ഞപ്പോൾ അതു വരെ ചേർത്തുവച്ച സന്തോഷങ്ങളെയെല്ലാം വിധി അവരിൽ നിന്നും മായ്ച്ചു കളഞ്ഞു. സന്തോഷം അലതല്ലിയിരുന്ന ജീവിതം കണ്ണീരിന് വഴിമാറുന്നത് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ. കുഞ്ഞ് പ്രാർത്ഥന പ്രകടിപ്പിച്ച ശാരീരിക അസ്വസ്ഥതകളിൽ നിന്നുമായിരുന്നു തുടക്കം. ആശുപത്രികളായ ആശുപത്രികളിലേക്കെല്ലാം ആ പൈതലിനേയും കൊണ്ട് ആ നിർദ്ധന ദമ്പതികളോടി. ടെസ്റ്റുകളും പരിശോധനകളും മാറി മാറി ആ ഇളം ശരീരത്തിൽ കയറിയിറങ്ങി. ഒടുവിൽ വിധിയുടെ വലിയ പരീക്ഷണം അവരോട് ഡോക്ടർ പങ്കുവച്ചു. ജന്മനാ പ്രാർത്ഥന മോൾക്ക് തലച്ചോറില്ല എന്നുള്ളതാണ് ടെസ്റ്റിൽ തെളിഞ്ഞത്. തലച്ചോറിന്റെ സ്ഥാനത്ത് വെറുമൊരു പാട മാത്രം. മാത്രമല്ല അവിടെ മുഴുവൻ ഫ്ളൂയിഡ് നിറഞ്ഞിരിക്കുകയും ചെയ്യുന്നു. വിധിയുടെ പരീക്ഷണം ഇത്തിരി കടുത്തു പോയി എന്ന് വേണം ചിന്തിക്കാൻ.

അന്നു തൊട്ടിന്ന് വരെ പ്രാർത്ഥനയേയും കൊണ്ട് അവർ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ചെയ്യാത്ത മരുന്നുകളില്ല. വെൽഡിംഗ് തൊഴിലാളിയായ സുകേശൻ കഠിനാദ്ധ്വാനം ചെയ്തും കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും മകളെ രക്ഷിക്കാനായി നെട്ടോട്ടമോടി. ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലം പലകുറി അവൾ കടന്നു പോയി. പ്രാർത്ഥനയ്ക്ക് നാലു വയസ് പൂർത്തിയാകുമ്പോഴും പ്രതീക്ഷയുടെ കിരണം അകലെ തന്നെ നിൽക്കുന്നു.

നഷ്ടപ്പെടലിന്റെ ഈ നിമിഷത്തിൽ ഈ നിർദ്ധന ദമ്പതികൾ ഇനി കൈനീട്ടന്നത് കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങളിലേക്കാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കും പരിശോധനയ്ക്കും ഓപ്പറേഷനുമെല്ലാം നല്ലൊരു തുക വേണണെന്നിരിക്കേ ആരുടെ മുന്നിൽ ൈകനീട്ടുമെന്ന് ഇവർക്ക് നിശ്ചയമില്ല. പതിനായിരത്തിന്റേയും ലക്ഷങ്ങളുടേയും രൂപത്തിൽ മുന്നിലേക്കെത്തുന്ന ആശുപത്രി ബില്ലുകൾ കണ്ട് നിസഹായരായി നോക്കി നിൽക്കാനേ ഇവർക്കാകുന്നുള്ളൂ. സുമനസുകൾ കനിഞ്ഞ് തങ്ങളുടെ കുരുന്നിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.