Saturday 04 December 2021 04:14 PM IST

‘സംസാരശേഷിയില്ല, കേൾവിയും കാഴ്ചയും കുറവ്, പക്ഷേ അദ്ഭുതമാണ് ഈ 23കാരന്റെ ജീവിതം’: പ്രശാന്തിന്റെ ജീവിതം

V R Jyothish

Chief Sub Editor

prasanth

ഇന്നേക്ക് ആയിരം വർഷങ്ങൾക്കു ശേഷം 3021 ാം ആണ്ട് നവംബർ മാസം പതിനഞ്ചാം തീയതി ഏതു ദിവസമായിരിക്കും. പ്രശാന്തിനോടു ചോദിച്ചു.

അന്നൊരു വ്യാഴാഴ്ചയായിരിക്കും! ഒരു സെക്കൻഡ് ആലോചിച്ചശേഷം പ്രശാന്ത് പറഞ്ഞു.

ഈ മുറിയിലെ ചൂട് എത്രയാണ്?

വലതുകൈ കൊണ്ട് ഇടതുകൈത്തണ്ടയിൽ പിടിച്ച് പ്രശാന്ത് പറഞ്ഞു. ‘മുപ്പതു ഡിഗ്രി സെൽഷ്യസ്.’

ഇന്നേക്ക് അമ്പതിനായിരം വർഷം കൂടി കഴിഞ്ഞു 52022 –ാം ആണ്ടിലെ ഓണം ഏതു മാസമായിരിക്കും?

സെപ്റ്റംബർ 8

കലണ്ടർ സംബന്ധിച്ച് ഏതു ചോദ്യത്തിനും കൃത്യമായ മറുപടി. വരാനിരിക്കുന്ന എത്ര ലക്ഷം വർഷത്തെ കലണ്ടറിെല കാര്യം ചോദിച്ചാലും നിമിഷങ്ങൾ‍ക്കകം പ്രശാന്ത് ഉത്തരം പറയും. അതും കംപ്യൂട്ടറിനെ തോ ൽപിക്കുന്ന വേഗതയിൽ.

സ്പെഷൽ സ്കൂളിൽ കുറേ വർഷങ്ങൾ ചെലവഴിച്ചെങ്കിലും കാര്യമായി ഒന്നും പഠിക്കാൻ കഴിയുന്ന ശാരീരിക അവസ്ഥ ആയിരുന്നില്ല പ്രശാന്തിന്റേത്. പിന്നെ, ജീവിതം കരമനയിലെ പ്രശാന്തം എന്ന വീട്ടിൽ തന്നെ. ഒന്നോ രണ്ടോ വാക്കുകൾക്ക് അപ്പുറം സംസാരശേഷിയില്ല. കേൾവിയും കാഴ്ചയും കുറവാണ്. അതുകൊണ്ടൊക്കെയാണ് ഇരുപത്തിമൂന്നുകാരനായ പ്രശാന്ത് അദ്ഭുതമായി തോന്നുന്നത്.

കരമന തളിയിൽ സ്വദേശിയായ ചന്ദ്രൻ മുറപ്പെണ്ണായ സുഹിതയെയാണ് വിവാഹം കഴിച്ചത്. പെൺകുഞ്ഞായിരുന്നു ആദ്യത്തേത്. മകൾക്ക് പ്രിയങ്ക എന്നവർ പേരിട്ടു. രക്തബന്ധമുള്ളവർ തമ്മിൽ വിവാഹിതരാകുമ്പോൾ ശ്രദ്ധ വേണമെന്ന് പലരും വിവാഹസമയത്തേ പറഞ്ഞിരുന്നു. ആദ്യഗർഭകാലത്ത് പുലർത്തിയ കരുതൽ രണ്ടാമത് ഗർഭിണിയായപ്പോഴും തുടർന്നു. പക്ഷേ, അതൊന്നും അവരെ തുണച്ചില്ല. ആ ആൺകുട്ടിയാണ് പ്രശാന്ത്.

സെറിബൽ പാഴ്സി, ഹൃദയത്തിൽ രണ്ടു സുഷിരങ്ങൾ. മറ്റു ന്യൂറോളജി പ്രശ്നങ്ങൾ, തലച്ചോറിന്റെ വളർച്ചയില്ലായ്മ, സംസാരവൈകല്യം, വലിയ ചെവി, ചെറിയ കണ്ണുകൾ– മൂന്നുമാസമാണ് ഡോക്ടർമാർ ആയുസ്സ് വിധിച്ചത്.

എങ്കിലും ചന്ദ്രനും സുഹിതയും പ്രതീക്ഷ കൈവിട്ടില്ല. ആ കുഞ്ഞിനെ പൊന്നുപോലെ വളർത്തി. പ്രശാന്തിന് ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സ്. ആറടി ഉയരക്കാരനായ പ്രശാന്തിന് ഗണിതത്തിലുള്ള മിടുക്ക് ആണ് ഇപ്പോൾ ലോകമറിയുന്ന ഒരാളാക്കി മാറ്റിയത്. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നു വരെ അന്വേഷണങ്ങൾ വരുന്നു.

മാതാപിതാക്കൾ സമ്മാനമായി നൽകിയ പ്ലാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളുമായിരുന്നു പ്രശാന്തിന്റെ കൂട്ടുകാർ. അവ്യക്തമായ കണ്ണുകൾ കൊണ്ട് അക്കങ്ങൾ ചേർത്തുവച്ച് പ്രശാന്ത് തന്റേതായൊരു ലോകമുണ്ടാക്കി. അതെന്തെന്ന് പ്രശാന്തിനല്ലാതെ മറ്റാർക്കും മനസ്സിലായില്ല. പിന്നെ, പ്രശാന്തിന്റെ ശ്രദ്ധ പതിഞ്ഞത് കലണ്ടറുകളിലായിരുന്നു. ഒരു മാസത്തെ കലണ്ടർ കാഴ്ചശേഷി കുറഞ്ഞ കണ്ണിനടുത്തേക്ക് അടുപ്പിച്ച് ഒന്നു ‘സ്കാൻ’ ചെയ്യും. പിന്നീട് അത് കീറിക്കളയും. എന്നാൽ ആ കലണ്ടറിലെ വിശേഷങ്ങൾ എന്തു ചോദിച്ചാലും വള്ളിപുള്ളി തെറ്റാതെ മറുപടി പറയും.

ഒരു വർഷത്തെ കലണ്ടർ ഇതുപോലെ സ്കാൻ ചെയ്യാൻ അരമണിക്കൂർ മതി. പിന്നെ കലണ്ടറുകൾ കിട്ടാതെ വന്നതോടെ പ്രശാന്ത് അസ്വസ്ഥനായി. അങ്ങനെയാണ് സഹോദരി പ്രിയങ്ക ഒരുപായം കണ്ടുപിടിച്ചത്. മൊബൈൽഫോണിൽ 150 വർഷത്തെ കലണ്ടർ ഡൗൺലോഡ് ചെയ്തു. രണ്ടു ദിവസം കൊണ്ട് അതു മുഴുവൻ മനഃപാഠമാക്കി. 150 വർഷത്തെ ഏതുദിവസം ചോദിച്ചാലും മണിമണി പോലെ മറുപടി വന്നു. പിന്നീടാണ് 10000 വർഷത്തെ കലണ്ടർ കിട്ടിയത്. ഒരാഴ്ച കൊണ്ട് അതും ഹൃദിസ്ഥമാക്കി. മൊബൈലിൽ പഠനം ഇപ്പോഴും തുടരുന്നു.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: മനോജ് േചമഞ്ചേരി