Saturday 04 August 2018 05:06 PM IST

തീണ്ടാപാടകലെ നിർത്തിയ ഇരുണ്ടകാലത്തിന് വിട; സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് സൗഹൃദത്തിന്റെ ചോറ്റുപാത്രം നീട്ടി മഹാരാജാസ്

Binsha Muhammed

pravee-n-cover

പെണ്ണുടലിൽ നിന്നും ആണിന്റെ സ്വത്വത്തിലേക്ക് എത്ര ദൂരമുണ്ടാകും? ആ ദൂരമെല്ലാം കുറച്ചു നിമിഷത്തേക്ക് മഹാരാജാസിന്റെ ഇടനാഴിയിൽ അലിഞ്ഞില്ലാതാകുകയായിരുന്നു. വ്യക്തിത്വത്തിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ വേദന മാത്രം തിന്നവന്റെ മുന്നിലേക്ക് അന്നാദ്യമായി സൗഹൃദത്തിന്റെ ചോറ്റുപാത്രം നീണ്ടു.  

‘ചരിത്രമെന്നോ, അസുലഭ നിമിഷമെന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ എനിക്കിത് ഉയിർത്തെഴുന്നേൽപ്പാണ്. സ്നേഹവും, വാത്സല്യവും, സൗഹൃദവുമെല്ലാം അന്യമായിപ്പോകുമായിരുന്ന ഒരുവന് ഇതിൽപ്പരം വേറെന്ത് വേണം. ഞാൻ ഭാഗ്യം ചെയ്തവനല്ലേ?.’–അത്രയും പറഞ്ഞ് മുഴുമിക്കും മുമ്പേ പ്രവീണിന്റെ കണ്ണുകളിൽ ഈറൻ.

ട്രാൻസ് ജെൻഡർ ആയിപ്പോയതിന്റെ പേരിൽ ജീവിതത്തിന്റെ ബാലൻഷീറ്റിൽ അവഗണനയും ആട്ടിപ്പായിക്കലുകളും പരിഹാസ സ്വരങ്ങളും മാത്രം ബാക്കിയാക്കിയിട്ടുള്ള ഒരുവൻ. പഠിച്ച് മുന്നേറാനുള്ള അവന്റെ തീരുമാനത്തെ ഒരു കലാലയം ഹൃദയത്തിലേറ്റു വാങ്ങി. സൗഹൃദക്കൂട്ടങ്ങളും സ്നേഹ പരിലാളനങ്ങളും അന്യമായ അവനെ അവർ ഹൃദയത്തോട് ചേർത്ത് നിർത്തി. അവനൊപ്പം ഭക്ഷണം പങ്കു വച്ചു, കൂട്ടുകൂടി, തമാശകൾ പറഞ്ഞു. മഹാരാജാസ് കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസ് റൂമിൽ ഒന്നാം വർഷക്കാരനായി പ്രവീൺ എന്ന പാലക്കാട് കരിങ്കുളം സ്വദേശി നടന്നു കയറുമ്പോൾ വഴിമാറിയത് ചരിത്രം.

ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണത്തിലൂടെ കേരളത്തിൽ ആദ്യമായി കോളേജ് പ്രവേശനം നേടിയ വിദ്യാർത്ഥി കഥ പറയുകയാണ്. താണ്ടിയ കല്ലുമുള്ളും നിറഞ്ഞ വഴികൾ, അവഗണനയുടെയും മാറ്റിനിർത്തപ്പെടലുകളുടേയും ഇരുണ്ട നാളുകൾ. ഒടുവിൽ മഹാരാജാസിൽ പ്രതീക്ഷകളുടെ ഗോവണിപ്പടി കയറിയ കഥ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് പ്രവീൺ

praveen-1

പെണ്ണുടലിൽ നിന്നും ആണെന്ന സ്വാതന്ത്ര്യത്തിലേക്ക്

ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ശാപമുണ്ട്. അതെന്താന്നറിയോ? വീട്ടുകാരുടെ സ്നേഹവും കരുതലുമൊന്നും അനുഭവിക്കാനുള്ള യോഗമുണ്ടാകില്ല. അവർക്കൊക്കെ ഞങ്ങൾ അന്യഗ്രഹ ജീവികളാണ്.– പ്രവീണിന്റെ തമാശയിലും കണ്ണീർ പൊടിഞ്ഞു.

ജനനം കൊണ്ട് ഞാൻ പെണ്ണായിരുന്നു. പ്രവീണ എന്ന് പേരുവച്ച വീട്ടുകാർക്ക് മുന്നിൽ രൂപത്തിലും ഭാവത്തിലും ഞാൻ നല്ല അസ്സൽ പെണ്ണ്. പക്ഷേ ഉള്ളിന്റെയുള്ളിൽ ഒരാണ് രൂപം കൊള്ളുന്നുവെന്ന, മറ്റാർക്കും ദഹിക്കാത്ത ആ സത്യം ഞാൻ മനസിലാക്കി. കൗമാരകാലത്ത് സ്വത്വമേതെന്ന് തിരിച്ചറിയാനുള്ള നെട്ടോട്ടമായിരുന്നു. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘ജെൻഡർ ക്രൈസിസ്.’ ആൺ–പെൺ സ്വത്വങ്ങളുടെ ഇടയ്ക്ക് ഒന്നിനും ഉത്തരം കിട്ടാതെ കഴിച്ചു കൂട്ടേണ്ടി വന്ന കുറച്ചു ദിനങ്ങൾ. ഒടുവിൽ ആ തീരുമാനമെടുത്തു. ആണുടലിലാണ് എന്റെ സ്വത്വം. ആ മാറ്റം അനിവാര്യമാണ്.

തീരുമാനം വീട്ടുകാർക്ക് മുന്നിൽ അറിയിച്ചു തുടങ്ങിയ മാത്രയിൽ ഞാൻ വെറുക്കപ്പെട്ടവളായി, ശപിക്കെപ്പട്ടവളായി. ഒടുവിൽ നിലനിൽപ്പും വ്യക്തിത്വവും പലർക്കു മുന്നിലും അടിയറവ് വയ്ക്കേണ്ടി വരുമെന്ന ഘട്ടം വന്നപ്പോൾ വീടു വിട്ടിറങ്ങി. ബന്ധങ്ങൾ അന്യമായ ഞാൻ ഇന്ന് ഒറ്റയ്ക്കാണ്. ഞാനെന്നല്ല, നമ്മുടെ സമൂഹത്തിന് തിരിച്ചറിവുണ്ടാകുന്ന കാലം വരെയും എന്നെ പോലുള്ളവർ ഒറ്റയ്ക്കു തന്നെയായിരിക്കും. എന്റെ സ്വത്വത്തെ പടിയടച്ചു പിണ്ഡം വയ്ക്കാൻ അവർക്കായേക്കും. പക്ഷേ നിലനിൽപ്പ് അത് ഞങ്ങളുടെ അവകാശം തന്നെയാണ്–പ്രവീണ പ്രവീണായി മാറിയ പോരാട്ടത്തിന്റെ കഥ തുടങ്ങുകയായി.

praveen-3

എനിക്കു വേണ്ടി ദൈവം നിയോഗിച്ചവർ...

ഈ ഭൂമി ഞങ്ങളുടേത് കൂടിയാണെന്നും, ഞാനൊരു ആണാണെന്നും മനസ്സില്‍ നൂറാവർത്തി പറഞ്ഞു പഠിക്കുകയായിരുന്നു ഞാൻ. ആരോരുമില്ലാത്തവർക്ക് ദൈവം തുണയാകുമെന്ന് പറയുന്നത് വെറുതെയല്ല കേട്ടോ? എന്നെ ചേർത്തു നിർത്താനും സ്നേഹക്കൂടൊരുക്കാനും ദൈവം ചിലരെ നിയോഗിച്ചിരുന്നു. ‘സഹയാത്രിക’ എന്ന സന്നദ്ധ സംഘടനയാണ് ഒറ്റപ്പെട്ടുപോകുമായിരുന്ന എന്നെ ചേർത്തു നിർത്തിയത്. എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും അവരാണ്.

സ്വത്വം തേടിയുള്ള യാത്രയിൽ നേരിടേണ്ടി കുത്തുവാക്കുകൾ, വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഇവയെല്ലാം മനസിന് നൽകിയ ഒരു മുറിവുണ്ട്. അതിന്റെ ആഴവും പരപ്പും എത്രയെന്ന് എനിക്കു മാത്രമേ അറിയൂ. മുറിവിൽ മുളകു പുരട്ടുന്ന അത്രയും വേദനയെന്ന് പറഞ്ഞാലും പോര. പക്ഷേ അതിനെയെല്ലാം ഞാൻ ജയിക്കാൻ പഠിച്ചു. എന്നെ കരുതലോടെ ചേർത്തു പിടിച്ച കുറേ കരങ്ങളുണ്ട്. അവർക്കൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

praveen-2

മറ്റൊരു തരത്തില്ഡ കൊച്ചി സ്വദേശിയും ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുമായ സജാന ഷാജിയായിരുന്നു എന്റെ ജീവിതത്തിലെ മാറ്റത്തിന് തിരി തെളിച്ചത്. എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ അവരാണ് എനിക്കെല്ലാം. ഒറ്റവാക്കിൽ പറഞ്ഞാൽ എന്റെ അമ്മ– പ്രവീണിന്റെ ഫ്ലാഷ്ബാക്ക്

സ്വപ്നങ്ങളുടെ മഹാരാജാസ്, മാറ്റങ്ങളുടേയും....

ട്രാൻസ് ജെൻഡറുകളെന്നാൽ ലൈഗിംകത്തൊഴിലാളികളും ഭിക്ഷക്കാരും മാത്രമാകാൻ വിധിക്കപ്പെട്ടവരെന്നാണ് ചിലരുടെ പക്ഷം. അവർക്കൊന്നും പുതിയ കാലത്തിലേക്ക് വണ്ടി കിട്ടിയിട്ടില്ല. ചിലർ നമ്മളുടെ സംരക്ഷകരെന്ന് ചമഞ്ഞ് ഒപ്പം കൂടും. ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലൊക്കെ ഘോര ഘോരം നമുക്കായ് ശബ്ദിക്കും. പക്ഷേ മാറി നിന്ന് നമ്മളെ ആക്ഷേപിക്കും. അതാണ് ഈ ലോകം.

അപശകുനമെന്നോ, ശാപമെന്നോ തുടങ്ങിയ കുത്തുവാക്കുകൾ കേട്ട് ഒടുങ്ങാൻ എന്തായാലും എന്നെക്കിട്ടില്ല, അത്ര തന്നെ. പഠിച്ച് മുന്നേറാനായിരുന്നു എന്റെ തീരുമാനം. ഇതിനിടെ പാലക്കാട് നെൻമാറ എൻ എസ് എസ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നു. പക്ഷേ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ ദൈവം എന്നെക്കൊണ്ടെത്തിച്ചത് മഹാരാജാസ് കോളേജിന്റെ തിരുമുറ്റത്ത്. അവഗണനയുടെ കഴുകൻ കണ്ണുകൾ മാത്രം കണ്ടു ശീലിച്ച എനിക്ക് അതൊരു പുതിയ ലോകമായിരുന്നു. അവജ്ഞയുടെ കണ്ണുകൾ അവിടില്ല. ആൺ പെൺ വേർതിരിവുമില്ല. ഓരം ചേർന്ന് നിന്ന എന്നെ സൗഹൃദ വലയത്തിൽ ചേർത്തു നിർത്തിയതും എനിക്കായ് ചോറ്റുുപാത്രം നീട്ടിയതുമെല്ലാം ഞാനിപ്പോഴും മനസിൽ നൂറാവർത്തി ഞാൻ റീ വൈൻഡ് ചെയ്തു കാണാറുണ്ട്. അത്രമേൽ ഹൃദ്യമായിരുന്നു ആ നിമിഷങ്ങൾ. ഇനിയങ്ങോട്ടുള്ള ഓരോ നിമിഷത്തിനും എന്റെ ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ നൂറു യുഗങ്ങളുടെ ദൈർഘ്യമുണ്ടാകും. ജീവിതം ഞാൻ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ ശരിക്കും ജീവിച്ച് തുടങ്ങിയിരിക്കുന്നു–മനസു നിറഞ്ഞ പുഞ്ചിരി പ്രവീണിന്റെ വാക്കുകൾക്ക് വിരാമമിട്ടു.

പഠിച്ച് നല്ല രീതിയിൽ പാസായി ഒരു സാമൂഹ്യപ്രവർത്തകൻ ആകണമെന്നതാണ് പ്രവീണിന്റെ ജീവിതലക്ഷ്യം. അതിന്റെ ആദ്യ ചവിട്ടുപടി ചരിത്രമുറങ്ങുന്ന മഹാരാജാസെന്ന് ഓർക്കുമ്പോൾ ആ മുഖത്ത് നിറഞ്ഞ ചാരിതാർത്ഥ്യം. പ്രത്യേകം ടോയ്‍ലെറ്റും മറ്റ് സജ്ജീകരണങ്ങളുമൊരുക്കി നൽകുമെന്ന ഉറപ്പുമായി കോളേജ് അധികൃതരും പ്രവീണിനൊപ്പമുണ്ട്. പ്രവീണിനൊപ്പം മറ്റ് രണ്ട് ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളും കോളേജിൽ അഡ്മിഷനെടുത്ത് മാറ്റത്തിൽ പങ്കാളികളായിക്കഴിഞ്ഞു.

praveen-4

ജീവിതത്തിൽ ആരാകണമെന്ന ചോദ്യത്തിന്റെ ഉത്തരവും അതിന്റെ സാക്ഷാത്ക്കാരവും പ്രവീണിന്റെ ജീവിതത്തിൽ പണ്ടേക്കു പണ്ടേ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ‘നല്ല ഒന്നാന്തരമൊരു ആൺപിറന്നോനല്ലേ, ഞാൻ? ഇനി കാത്തിരിപ്പാണ്, ജീവിത ലക്ഷ്യത്തിനായുള്ള കാത്തിരിപ്പ്’– പ്രവീൺ പറഞ്ഞു നിർത്തി.