Saturday 27 November 2021 02:41 PM IST

‘സെക്സ്‌വർക്കിന് പോകാറുണ്ടോ...’ എന്നൊക്കെയാണ് അവർ ചോദിക്കുന്നത്: കണ്ണതുറപ്പിച്ച വിജയം: പ്രവീണിന്റെ ജീവിതം

Shyama

Sub Editor

praveen

മിസ്റ്റർ കേരള എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന രൂപങ്ങളുണ്ട്. കടഞ്ഞെടുത്ത ശരീരം, കാരിരുമ്പിെന്‍റ കരുത്തുള്ള പ്രകൃതം, അനുസരണയോെട ഉരുണ്ടുകളിക്കുന്ന മസിലുകള്‍....

ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്ന മാറ്റങ്ങളോടെയാണ് ഇത്തവണ മിസ്റ്റര്‍ േകരള മത്സരം നടന്നത്. കാലത്തിനനുയോജ്യമായ മാറ്റങ്ങളോെട ട്രാൻസ് ജെൻഡർ വിഭാഗത്തിലും ശാരീരിക വെല്ലുവിളിയനുഭവിക്കുന്നവരുടെ വിഭാഗത്തിലും ശരീരസൗന്ദര്യ വിജയിയാകാന്‍ ആള്‍ക്കാര്‍ മത്സരിച്ചു. ചരിത്രത്തില്‍ കയ്യൊപ്പോടെ വിജയം േനടിയ പ്രവീണ്‍നാഥ് ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് വിജയകിരീടത്തില്‍ മുത്തമിട്ടത്.

ഇന്നിലാണ് ഞാൻ ഇന്നലത്തെയല്ല

ഞങ്ങളെ കുറിച്ച് സമൂഹം ചർച്ച ചെയ്യുന്ന രീതികളിലും കൊടുക്കുന്ന തലക്കെട്ടുകളിലും തൊട്ടു മാറ്റം വരേണ്ടതുണ്ട്.’’ 2021ലെ മിസ്റ്റർ മത്സരത്തില്‍ കേരളപ്പട്ടം സ്വന്തമാക്കിയ ആദ്യ ട്രാൻസ്ജെൻഡർ വിജയി പ്രവീൺ പറയുന്നു. ‘‘പെൺകുട്ടിയിൽ നിന്ന് ആൺകുട്ടിയായി എന്നു പറയുന്നതേ തെറ്റാണ്. പെൺ ശരീരം ഉപേക്ഷിച്ച് ആണിലേക്കു വന്നു എന്നതാണ് ശരി. പെൺകുട്ടി എന്നത് സൂചിപ്പിക്കുന്നത് ഒരാളുടെ ജെൻഡറാണ്. ഞാൻ ആ ജെൻഡറിലേയല്ല ജീവിച്ചത്. ‌

പതിനഞ്ചാമത്തെ വയസ്സിലാണ് ഐഡന്റിറ്റി തിരിച്ചറിയുന്നതും അ തു പുറംലോകത്തോട് പറയുന്നതും. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് എനിക്കും അറിവില്ലായിരുന്നു. എന്തെങ്കിലും കുഴപ്പമാണോ, എന്നെ പോലെ ഞാൻ മാത്രമേയുള്ളോ എന്നൊക്കെയുള്ള ചിന്തകൾ അലട്ടിയിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടേ എനിക്കു പെൺകുട്ടികളോടാണ് താൽപര്യം തോന്നുന്നതെന്നും എ ന്റെ ശരീരത്തിനോട് താദാത്മ്യപ്പെടാൻ പറ്റുന്നില്ലെന്നുമൊക്കെ അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

പാലക്കാട് നെന്മാറയാണ് വീട്. വീട്ടിൽ അമ്മയും രണ്ടു ചേട്ടന്മാരുമാണ്. മൂന്നാമത്തെ ചേട്ടൻ മരണപ്പെട്ടു. കൂട്ടുകുടുംബമായിരുന്നു. ഒരു പുരയിടത്തില്‍ ബന്ധുക്കളുടെ തന്നെ നാല് വീടുകൾ. അത്തരമൊരു സാഹചര്യത്തിൽ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി പുറത്ത് വരുക വലിയ വെല്ലുവിളിയായിരുന്നു.

അങ്ങനെയിരിക്കെയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെ കാണുന്നത്. എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്ക് ‘സഹയാത്രിക’യുടെ നമ്പർ തന്നു. സഹയാത്രിക എന്നത് ലെസ്ബിയൻ–ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻ‍ഡർ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. അവരുടെ മീറ്റിങ്ങുകളിലൊക്കെ പങ്കെടുത്തു. നമ്മുടെ ഐഡൻറ്റിറ്റിയിൽ തന്നെ ജീവിക്കാൻ പറ്റും എന്നറിഞ്ഞു. വീടുവിട്ട് ഇറങ്ങേണ്ടി വന്നാലും സഹായിക്കാൻ ആളുണ്ടെന്ന് മനസ്സിലായി.

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർഥിയായാണ് എറണാകുളം മഹാരാജാസ് കോളജിൽ ചേര്‍ന്നത്. രണ്ട് കൊല്ലം ബി.എ. ഇംഗ്ലിഷ് പഠിച്ചു. കടുത്ത സാമ്പത്തിക പിരിമുറുക്കം കാരണം പഠനം നിർത്തി.

ടീച്ചർമാർ ഒരുപാട് സഹായിച്ചിരുന്നു. പൂർവവിദ്യാർഥികൾ വഴി ലുലുമാളിൽ, തിയറ്ററിൽ ജോലി ചെയ്തിരുന്നു. അന്ന് പക്ഷേ, സർജറിയൊന്നും കഴിഞ്ഞിരുന്നില്ല. ബൈൻഡർ കെട്ടിയാണ് മാറിടം മറച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ അത് കെട്ടിയിരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ‘ദ്വയ’ എന്ന ടാൻസ്‌ജെൻഡേഴ്സ് കൂട്ടായ്മയിലെ നാടകത്തിലഭിനയിക്കുന്നത്. ആ കൂട്ടായ്മയുണ്ടാക്കിയ രഞ്ചുമ്മയാണ് (രഞ്ജു രഞ്ജിമാർ) സർജറിക്കു സഹായിക്കുന്നത്. 2019ലായിരുന്നു സർജറി.

പുതിയ വഴികൾ

യഥാർഥ ഐഡന്റിറ്റിയെ കുറിച്ച് പറഞ്ഞതും വീട്ടിൽ നിന്ന് എതിർപ്പുണ്ടായി. വീടുവിട്ടിറങ്ങേണ്ടി വന്നു. ട്രാൻസ്ജെൻഡർ എന്നാൽ ലൈംഗികതൊഴിലെടുക്കേണ്ടി വരും യാചിക്കേണ്ടി വരും എന്നൊക്കയാണ് പലരും വിചാരിക്കുന്നത്. അതല്ല എന്നറിഞ്ഞതോടെ എതിർപ്പ് കുറഞ്ഞു.

2020ൽ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ഞാൻ തൃശ്ശൂര് വരുന്നത്. ‘സഹയാത്രിക’യിൽ അഡ്വകസി കോഡിനേറ്റർ പോസ്റ്റിലേക്ക് ജോലി കിട്ടി. ഹോട്ടൽ ഭക്ഷണം കൂടിയപ്പോ ജിമ്മിൽ ചേരാം എന്ന് തീരുമാനിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ ബോഡി ബിൽഡർ ആര്യൻ പാഷയെ കുറിച്ച് വായിച്ചിട്ടുണ്ട്. അങ്ങനെ അയ്യന്തോളുള്ള ആർ.എസ്. ഫിറ്റ്നെസ് സെന്ററിൽ ചേർന്നു. അവിടുന്നാണ് ട്രെയ്നർ വിനു മോഹനെ പരിചയപ്പെടുന്നത്. ട്രാൻസ്മെൻ ആണ് എന്നു പറഞ്ഞപ്പോ ആദ്യമൊന്ന് അമ്പരന്നെങ്കിലും ‘തൽക്കാലം വേറെയാരോടും ഇക്കാര്യം പറയാതെ വർക്കൗട്ട് ചെയ്തോളൂ’ എന്ന് പറഞ്ഞു.

ജിമ്മിൽ ചേർന്ന് മൂന്ന് മാസത്തിന് ശേഷമാണ് മിസ്റ്റർ തൃശ്ശൂർ മത്സരം നടക്കുന്നത്. മത്സരിക്കാൻ ഇറങ്ങുന്നോ എന്ന് കോച്ച് ചോദിച്ചു. സംഘടനകളുമായി നിരന്തരം സംസാരിച്ച് പ്രത്യേക വിഭാഗം തന്നെ കൊണ്ടുവന്നു. ആദ്യം മിസ്റ്റർ തൃശ്ശൂരായി. പിന്നീട് മിസ്റ്റർ കേരള. ട്രാൻസ്‌മെൻ വിഭാഗത്തിൽ ഞാൻ മാത്രമേ മത്സരിച്ചുള്ളൂവെങ്കിലും എല്ലാ മത്സരങ്ങളിലും നടക്കുന്ന അതേ കാര്യങ്ങൾ തന്നെ ചെയ്യണം. ഏഴ് നിർബന്ധ പോസിങ്, മ്യൂസിക് വിത് ബോഡി ഷോ ഒക്കെ ഉണ്ടായിരുന്നു. 2021 ഓഗസ്റ്റ് 13ന് പാലായിൽ വച്ചായിരുന്നു മത്സരം. മിസ്റ്റർ കേരളയായതോടെ കേരളത്തിലെ ‘ആദ്യ ട്രാൻസ്ജെൻഡർ മിസ്റ്റർ കേരള ആര്’ എന്നൊരു പിഎസ്‌സി ചോദ്യം പോലും വന്നു.

ഒരു ദിവസം 700 രൂപയോളം ഭക്ഷണത്തിനായി മാത്രം വേണ്ടി വന്നിരുന്നു. സ്പോൺസർഷിപ്പിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. കടം വാങ്ങിയാണ് മത്സരിക്കുന്നത്. ഇനി സൗത് ഇന്ത്യ മത്സരമുണ്ട്. 2022 ഫെബ്രുവരിയിൽ മിസ്റ്റർ ഇന്ത്യയും. അതിനുള്ള തയാറെടുപ്പിലാണ്.

വിജയിയായാൽ മാത്രമല്ല ട്രാൻസ് വ്യക്തികളെ മനുഷ്യരായി അംഗീകരിക്കേണ്ടത് എന്നാണ് സമൂഹത്തോട് എനിക്ക് പറയാനുള്ളത്. നേട്ടങ്ങളില്ലാത്ത ഒരാൾ ട്രാൻസ് ആണെന്നൊരു പോസ്റ്റ് ഇട്ടാൽ അതിന് ആ വ്യക്തി സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നു.

ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞാൽ ‘നിങ്ങള്‍ സെക്സ്‌വർക്കിന് പോകാറുണ്ടോ?’ എന്നൊക്കെയാണ് ഇന്റർവ്യൂവിനൊക്കെ ചോദിക്കുന്നത്. മറ്റുള്ളവരോട് യാതൊരു കാരണവശാലും ഇത്തരം ചോദ്യങ്ങൾ ആരും ചോദിക്കില്ല എന്നോർക്കണം. ഇതിനൊക്കെ മാറ്റം വരട്ടെ.’’