Saturday 08 August 2020 04:55 PM IST : By സ്വന്തം ലേഖകൻ

ഇനിയുള്ള എട്ടു ദിവസം സൂക്ഷിക്കണം; വെള്ളപ്പൊക്കം പ്രവചനവുമായി മത്സ്യതൊഴിലാളി

Untit

ഇന്നു പഞ്ചമി ദിനം. ഇനി 8 ദിവസം കേരളത്തിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്ന പരമ്പരാഗത അറിവുമായി പഴമക്കാർ. ഈ വർഷം ഇതുവരെ മഴ വലിയ ദുരിതങ്ങളുണ്ടാക്കിയില്ലെങ്കിലും ഇന്നു മുതൽ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തെ പ്രളയ സാധ്യതയെന്നു പുത്തൻവേലിക്കര സ്വദേശിയായ മത്സ്യത്തൊഴിലാളി കെ.എസ്. ആന്റണി പറയുന്നു.

2018ലെ പ്രളയ സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് വീട്ടുപകരണങ്ങൾ വീടിന്റെ മേൽക്കൂരയിൽ കയർ കൊണ്ടു കെട്ടിസൂക്ഷിക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറുകയും ചെയ്തിരുന്നു അദ്ദേഹം. എല്ലാ വർഷവും പഞ്ചമി മുതൽ ഏകാദശി വരെ 7 ദിവസങ്ങളാണ്. ഇക്കുറി ഷഷ്ഠി 2 ദിവസങ്ങളിൽ ആയതിനാൽ 8–ാം ദിവസമാണ് ഏകാദശി. 

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ 9, 10 തീയതികളിലും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ. തുടർന്നുള്ള 3 ദിവസങ്ങളാണു കൂടുതൽ അപകടകരം. അഷ്ടമി, നവമി, ദശമി ദിനങ്ങളായ 12, 13, 14 തീയതികളിൽ കടൽ തീരെ വെള്ളം എടുക്കില്ല. ഏകാദശി ദിനമായ 15–ാം തീയതി മുതലേ പിന്നീടു വെള്ളം കടലിലേക്കിറങ്ങൂ.

അതിനാൽ, ഇന്നു മുതൽ 14 വരെയുള്ള പെയ്യുന്ന മഴ നിർണായകമാണ്. ഈ ദിവസങ്ങളിൽ ന്യൂനമർദം ഉണ്ടാകുകയും അതി തീവ്രമഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന പെരുവെള്ളം കടൽ സ്വീകരിക്കില്ല. അതു വെള്ളപ്പൊക്കത്തിനു കാരണമാകാം. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആന്റണി പറയുന്നു.

Tags:
  • Spotlight