Tuesday 03 August 2021 04:54 PM IST

‘രണ്ടു ദിവസം മുമ്പത്തെ അവരുടെ എച്ചിൽ തീറ്റിച്ചു, അതവർ ഫൊട്ടോയെടുത്ത് വീട്ടിലേക്ക് അയച്ചു’: ഗദ്ദാമയായി നരകജീവിതം: പ്രീതി അനുഭവിച്ചത്

Shyama

Sub Editor

preethi

ഒരു വർഷവും നാല് മാസവും ഗദ്ദാമയായി ദോഹയിൽ ജീവിച്ചുമരിച്ചതിന്റെ മരവിപ്പിലാണ് 43 വയസുകാരി ഞാറക്കൽ സ്വദേശി പ്രീതി സെൽവരാജ് ഇപ്പോഴും. ജീവനോടെ നാട്ടിലെത്തിയെന്ന് കരഞ്ഞു തളർന്ന ആ കണ്ണുകൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

മുന്നറിയിപ്പ്: ശാരീരിക മർദ്ദനം.

"പേരിന് മാത്രമാണ് ആഹാരം. ചില ദിവസം വെള്ളത്തിനു പോലും കെഞ്ചണം! അന്ന് പക്ഷേ, പതിവില്ലാതെ അവരെന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെന്ന് നോക്കുമ്പോ രണ്ടു ദിവസം മുൻപേ ഞാൻ തന്നെ മാറ്റിവച്ച അവരുടെ എച്ചിലാണ്. എന്നോട് അത് കഴിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് ആംഗ്യം കാണിച്ചതും മുടിക്ക് കുത്തിപ്പിടിച്ചു തൊഴിക്കാൻ തുടങ്ങി. കഴിക്കാൻ അലറി! മുട്ടിൽ തൊഴ ച്ചതും ഞാൻ നിലത്തു വീണു അവർ ആ പാത്രം മുന്നിൽ വെച്ച് എന്റെ വായിലേക്ക് ആ എച്ചിൽ കുത്തികയറ്റി. എന്നോട് വാരി കഴിക്കാൻ പറഞ്ഞു. അതവർ ഫോട്ടോ എടുത്ത് എന്റെ വീട്ടിലേക്ക് അയച്ചു. എനിക്ക് ഇവിടെ ഭക്ഷണം കിട്ടുന്നുണ്ടെന്ന് കാണിക്കാനായിരുന്നു അത്." പ്രീതി ഒരു നിമിഷം നിർത്തി... ചുറ്റും നോക്കി, ഇരുന്ന കസേരയുടെ വശങ്ങളിൽ മുറുകെ പിടിച്ച് ചുറ്റും നോക്കി വീട്ടിൽ തന്നെയാണ് എന്നതിന്റെ ആശ്വാസത്തിലോ തണ്ടിയ തീയുടെ ഓർമയിലോ മറ്റോ ആ കണ്ണുകൾ നിറഞ്ഞൊഴുകി.

2020 മാർച്ച്‌ നാലിനാണ് പ്രീതി ഞാറക്കലിൽ നിന്നും ഖത്തറിലേക്ക് പോകുന്നത്. ഏജന്റുമാർ വഴിയായിരുന്നു യാത്ര. അതിൽ ഒരാൾ അയൽവാസികൂടിയായ സലീം. മറ്റൊരാൾ ഖത്തറിൽ സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ സക്കീർ. ദിവസം നാല് മണിക്കൂർ മാത്രം ജോലി, 23,000 രൂപ ശമ്പളം, ആറ് മാസം കൂടുമ്പോൾ നാട്ടിൽ വന്ന് പോകാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. നാട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന പ്രീതിക്ക് കൊറോണ വന്നതോടെ ജോലി ഇല്ലാതായി. ഭർത്താവും മൂന്നു മക്കളും സുഖമില്ലാത്ത അമ്മയും അടങ്ങുന്ന വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് ഒരു താങ്ങാവാൻ വേണ്ടിയാണ് പ്രീതി വിദേശത്തു പോകാൻ തീരുമാനിച്ചത്. ഭാഷ പോലും അറിയാത്തൊരു സ്ത്രീയെ ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി വർഷങ്ങളായി അറിയുന്നവർ അടിമയായി വിറ്റുകളയും എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. നാല് മണിക്കൂർ മാത്രം ഉറങ്ങി, ദേഹോപദ്രവങ്ങൾ നിർത്താതെ ഏറ്റുവാങ്ങി, എച്ചിൽ കഴിച്ചു നരകിച്ചാണ് പതിനാറു മാസക്കാലം പ്രീതി അവിടെ മരിച്ചു ജീവിച്ചത്.

"ഒരു മുതിർന്ന സ്ത്രീയും അവരുടെ ഏഴു മക്കളുമാണ് ഞാൻ ചെന്ന വീട്ടിലുണ്ടായിരുന്നത്. ആ മുതിർന്ന സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം മുഴുവനും.

ഞാൻ ചെന്ന് ഒരാഴ്ച്ചയിക്കുള്ളിൽ തന്നെ അവരെന്നെ സ്റ്റീൽ പാത്രം കൊണ്ട് തല്ലി. അപ്പോഴേ ഞാൻ ഏജന്റിനോട് വിളിച്ചു പറഞ്ഞു, അയാൾ എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. ആ മുതിർന്ന സ്ത്രീ കാണിച്ച വീഡിയോയിൽ നിന്നാണ് സക്കീർ എന്നെ വിറ്റ ഒരു ലക്ഷം രൂപ അവരിൽ നിന്ന് വാങ്ങുന്നത് കണ്ടത്. കാശ് കൊടുത്ത് വാങ്ങിയ അടിമയെ എന്തും ചെയ്യാമെന്നൊരു ഭാവമായിരുന്നു അവർക്ക്. അവരുടെ വീട്ടുകാരിൽ തന്നെ പോലീസുകാരും പട്ടാളക്കാരും ഒക്കെയുണ്ട്, അതിന്റെ ഹുങ്ക് വേറെ.

ഇവർ ഉപദ്രവിക്കുന്ന കാര്യം ഫോൺ ചെയ്ത് പറഞ്ഞതിന് തിളച്ചുകൊണ്ടിരിക്കുന്ന കറി കോരി ദേഹത്തോഴിച്ചു. ഏജന്റുമാരുടെ രണ്ട് പേരുടെയും നമ്പർ ഡിലീറ്റ് ചെയ്യിച്ചു. ഇടയിക്കിടെ ഫോൺ വാങ്ങി അവർ പൂട്ടി വെച്ചു.

ഇവരുടെ കൂട്ടുകാരിയുടെ വീട്ടിലെ ഒരു ഡ്രൈവർ ഉണ്ട്. അയാൾ മലയാളിയാണ്. അയാളെക്കൊണ്ട് ഇവർ എന്റെ മെസ്സേജ് വായിപ്പിക്കും. ഇയാൾ ആദ്യം വന്ന് എന്താണ് പ്രശ്നം എന്നൊക്കെ എന്നോട് ചോദിച്ചപ്പോൾ ഞാനോർത്തു പോലീസിൽ നിന്നാണെണ്. ഒരു കച്ചിത്തുമ്പ് കിട്ടിയല്ലോ എന്നോർത്ത് അവരെന്നോട് ചെയ്ത ഉപദ്രവങ്ങളെല്ലാം ഞാൻ പറഞ്ഞു... അയാൾ അതൊക്കെ കേട്ടിട്ട് അവരോട് അറബിയിൽ തർജിമ ചെയ്തുകൊടുത്തു. ഞങ്ങൾ ഇവളെ ഉപദ്രവിക്കാറില്ല സ്വന്തം മോളെ പോലെയാണ് കരുതുന്നതെന്നാണ് അവർ അയാളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. അവർ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.

പിറ്റേദിവസം മകൾ വന്നു. അമ്മയും മകളും കൂടി എന്നെ പോലീസിൽ പിടിപ്പിക്കും എന്നും പറഞ്ഞത് എന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ചു മുറിക്കു വെളിയിലേക്ക് എറിഞ്ഞു. ഞാൻ കരഞ്ഞു കരഞ്ഞു പിന്നെയും എഴുന്നേറ്റ് എന്റെ ഫോൺ തരാൻ പറഞ്ഞു.

വീട്ടിൽ നിന്ന് ഫോൺ വരുന്നത് എനിക്ക് കാണാം... എന്റെ വിളിയോ മെസ്സേജോ കാണാതായപ്പോൾ വീട്ടിൽ നിന്ന് ഏജന്റുമാരെ ഭർത്താവ് വിളിച്ചിരുന്നു. അവരോടൊക്കെ ഈ വീട്ടുകാർ പറഞ്ഞത് എന്റെ ഫോണിന് എന്തോ തകരാറ് പറ്റിയത് കൊണ്ട് വിളിക്കാൻ പറ്റാത്തതാണെന്നാണ്. ഫോൺ കൂടി ഇല്ലാതായത്തോടെ എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു...!

*പാളിപ്പോയ പരിശ്രമം*

കുറേ ദിവസങ്ങൾക്ക് ശേഷമാണ് പിന്നെ ഫോൺ കിട്ടിയത്. ഏജന്റുമാരെ കൊണ്ട് ഒന്നും നടക്കില്ല, വേറെ ആരോടെങ്കിലും പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഈ വേദനകളിൽ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കൂ എന്ന് ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു...

അടിക്കുന്നതും തുടയിക്കുന്നതും ഒന്നും വൃത്തിയാകുന്നില്ലെന്ന് പറഞ്ഞത് മുടിക്ക് കുത്തിപ്പിടിച്ചു എടുത്ത് ഏറിയും. ആ വീട്ടിലുള്ള എല്ലാവരുടെയും വസ്ത്രങ്ങൾ കൂമ്പാരം കൂട്ടിയിട്ടിട്ട് മൂന്നു മണിക്കൂറിനുള്ളിൽ അതൊക്കെ തേക്കണം എന്ന് പറയും... അതിനിടയ്ക്ക് വേറെ ജോലികളും തരും. ഒടുക്കം മൂന്ന് മണിക്കൂറിൽ തേച്ചു തീർന്നില്ലെങ്കിൽ കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് ഇടിക്കും...

ആറ് മാസത്തോളം ഭക്ഷണം തന്നില്ല, എഴുന്നേറ്റ് നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതിന് ശേഷമാണ് അവർ എച്ചിൽ തീറ്റിച്ചത്. നേരം വെളുക്കുന്നതേ പേടിയായി തുടങ്ങി. ഗതികെട്ട് ഞാൻ വിളിക്കാൻ പറ്റാവുന്നവരോടൊക്കെ എന്നെ രക്ഷിക്കാൻ കരഞ്ഞാപേക്ഷിച്ചു. ഒടുക്കം അവിടുത്തെ ഏജന്റ് ആയ സക്കീർ പറഞ്ഞതനുസരിച്ച് ആ വീട്ടിൽ നിന്ന് ചാടിക്കാൻ നോക്കി. പോലീസ് പിടിയിലായി. പോലീസ് ചോദിച്ചാൽ എന്റെ പേര് പറയരുതെന്ന് പറഞ്ഞ് സക്കീർ അപ്പോഴേക്കും മുങ്ങി. അപ്പോഴാണ് രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിലാണ് എന്നെ അങ്ങോടു കൊണ്ട് പോയത് എന്നറിയുന്നത്. മറ്റ് രേഖകൾ ഒന്നുമില്ല. ഇവരുടെ വീട്ടുകാർ തന്നെ പോലീസിൽ ഉള്ളത് കൊണ്ട് അവരെ വിളിപ്പിച്ചു. പോലീസും ആ മുതിർന്ന സ്ത്രീയും കൂടി എന്നെ മാറി മാറി തല്ലി... അവർക്കൊപ്പം എന്നെ തിരികെ വിടല്ലേ... എന്നെ എന്റെ വീട്ടിലേക്ക് വിട്ടേക്കൂ... എന്ന് പറഞ്ഞതിന് ബൂട്ട് ഇട്ട കാല് കൊണ്ടായിരുന്നു ചവിട്ട്.

preethi-2

എനിക്ക് മടുത്തിരുന്നു... കരച്ചിൽ പോലും വരാതെയായി....

*പ്രതീക്ഷയുടെ ഒരു വിളി*

ഇവിടെ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കൊക്കെ പരാതി കൊടുത്തിരുന്നു.. എന്നിട്ടും ഒരു നടപടിയുമില്ല. ഒടുക്കം ഭർത്താവിന്റെ സുഹൃത്തുക്കൾ വഴി തമ്പി നാഗാർജുന(ഫൗണ്ടർ, അഡ്വൈസർ ജനറൽ ട്രേഡ് യൂണിയൻ ഓഫ് സർവീസ് വർക്കേഴ്സ് കിങ്ടോം ഓഫ് ബഹ്‌റൈൻ) എന്നൊരു സാറിന്റെ വിവരം കിട്ടി. വിദേശത്ത് കഷ്ടതയനുഭവിക്കുന്നവരെയൊക്കെ സാർ സഹായിച്ചിട്ടുണ്ടെന്നു കെട്ട് എന്റെ വീട്ടുകാർ ബന്ധപ്പെട്ടു. സാറിന്റെ നമ്പർ വാട്സ്ആപ്പ് വഴി വീട്ടുകാർ അയച്ച് തന്നു.

രാത്രി പന്ത്രണ്ടു മണിക്കാണ് ഉറങ്ങാൻ അനുവദിച്ചിരുന്നത്. രാവിലെ നാലിന് എണീക്കണം. ഞാൻ എണീക്കുമ്പോ ആ മുതിർന്ന സ്ത്രീയും എണീറ്റ് നോക്കും... ഫോൺ ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു അത്. അവർക്ക് മുന്നിൽ വെച്ചല്ലാതെ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. അതുകൊണ്ട് മൂന്ന് മണിക്ക് എണീറ്റ് കുളിമുറിയിൽ പോയിരുന്ന് ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. വിവരങ്ങളൊക്കെ സാറിനോട് പറഞ്ഞു. ഒന്നുകൊണ്ടും പേടിക്കണ്ട ഇനി ആരും തല്ലില്ല, ഫോണും വാങ്ങി വെക്കില്ല... എന്നെ വീട്ടിലേക്ക് തിരികെ എത്തിക്കും എന്ന് പറഞ്ഞാണ് സാർ ഫോൺ വെച്ചത്. അങ്ങനൊരു വാക്ക് കേട്ടപ്പോൾ തന്നെ ശ്വാസം നേരെ വീണു. സാർ എംബസിയിൽ ചെന്ന് അധികൃതരെ കണ്ട്, എന്റെ വോയിസും ഫോട്ടോസും ഒക്കെ കാണിച്ചു... ആ ശ്രമങ്ങളുടെ ഫലമായി ഒരു വർഷത്തെയും നാലു മാസത്തേയും ദുരിതകാലം കഴിഞ്ഞ് 2021 ജൂലൈ 9 വെള്ളിയാഴ്ച്ച ഞാൻ നാട്ടിലെത്തി!! തമ്പി സാറേ പോലൊരാൾ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഇന്ന് ചിന്തിക്കാൻ വയ്യ...

preethi-1

*ഇനിയാർക്കും ഇത് വരരുത്*

ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് വേറൊരാൾക്കും വരരുതെന്ന് എനിക്ക് ആത്മാർഥമായി ആഗ്രഹമുണ്ട്. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ എന്നെപ്പോലെ ഒരുപാട് പേര് ഇതുപോലെ ജോലി തേടി പോകും... ഒന്നും അറിയാത്ത പാവങ്ങൾ. വാടകകൊടുക്കാതെ ഒരു കൂര വെക്കാമെന്നോ നല്ല ജീവിതം ജീവിക്കാമെന്നോ ഒക്കെ ഓർത്ത് പോകുന്നവർ. അവരുടെ ഒക്കെ ജീവന് ഉത്തരവാദിത്വപ്പെട്ടവർ ഉറപ്പ് നൽകണം.

ഞാൻ അനുഭവിച്ചതിന് എനിക്ക് നഷ്ടപരിഹാരം കിട്ടണം. ജീവൻ പണയപ്പെടുത്തി എടുത്ത പണിയുടെ നാലു മാസത്തെ ശമ്പളവും തന്നിട്ടില്ല. അതും കിട്ടണം.അതിന് വേണ്ടി കേസ് കൊടുത്തിട്ടുണ്ട്. ഡിജിപിക്ക് , എം.എൽ. എക്ക്, മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒക്കെ പരാതി കൊടുത്തു. എന്റെ കഥ കേട്ടറിഞ്ഞ് മുംബൈയിലെ ഒരു വക്കീൽ മാഡം കേസ് വാദിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്... ഇനിയൊരു പ്രീതി കൂടി ഉണ്ടാവാതിരിക്കാൻ ഞാൻ പൊരുതും.