Wednesday 22 September 2021 11:19 AM IST : By സ്വന്തം ലേഖകൻ

എത്തിയത് ജീവനില്ലാത്ത കുഞ്ഞിനേയും വയറ്റിലിട്ട്, വയറ്റിൽ ഒന്നു തൊട്ടുപോലും നോക്കാതെ മടക്കി അയച്ചു: മീര അനുഭവിച്ചത്

meera

ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, വേദനയുമായി എത്തിയിട്ടും കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു 3 സർക്കാർ ആശുപത്രികളിൽ നിന്നു തിരിച്ചയച്ച യുവതി  ആശുപത്രി വിട്ടു. പാരിപ്പള്ളി കഴുത്തുംമൂട്ടിൽ താമസിക്കുന്ന കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീര (23) ആണ്  ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്.

കഴിഞ്ഞ 13ന് രാവിലെ ഒൻപതരയോടെയാണ് എസ്എടി ആശുപത്രിയിൽ എത്തുന്നതെന്നും അവിടെ ഒരു പരിശോധനയും നടത്തിയില്ലെന്നും മീര പറയുന്നു. ഡോക്ടർമാർ വയറ്റിൽ ഒന്നു തൊട്ടു നോക്കുക പോലും ചെയ്തില്ല. കുഞ്ഞിനു ഹൃദയമിടിപ്പ് ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നു. ഒരു പരിശോധനയും നടത്താതെയാണ് ഇതു പറയുന്നത്. കൂട്ടിരിപ്പിന് ആൾ വേണമെന്നും ഏതാനും ദിവസം കിടക്കേണ്ടി വരുമെന്നും കുഴപ്പം ഇല്ലെന്നും അതിനാൽ നേരത്തേ കാണിച്ച ആശുപത്രിയിൽ കാണിക്കാനും പറയുകയായിരുന്നു. അര മണിക്കൂറോളം മാത്രമാണ് ഇവിടെ തങ്ങിയത്.

കഴിഞ്ഞ 11ന് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തുന്നത്. ചിലപ്പോൾ ഇന്നോ നാളെയോ പ്രസവം ഉണ്ടാകുമെന്നു പറഞ്ഞു. കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് അവിടെ നിന്ന് ആംബുലൻസിൽ അയച്ചു. കയ്യിൽ പൈസ ഇല്ലാത്തതിനാൽ അവിടെ ഉണ്ടായിരുന്നവർ 200 രൂപയോളം തന്നു. വിക്ടോറിയ ആശുപത്രിയിൽ രാത്രി വളരെ നേരം കാത്തിരുന്നെങ്കിലും പരിചരണം ലഭിച്ചില്ല. ഇതോടെ എസ്എടിയിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ ഒന്നും എഴുതി നൽകിയിട്ടില്ലെന്നും മീരയും ഭർത്താവ് മിഥുനും പറയുന്നു. അടുത്ത ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പോകാഞ്ഞത് സാമ്പത്തിക ബുദ്ധിമുട്ട് മൂലമായിരുന്നു.

കടം വാങ്ങിയാണ് 13നു തിരുവനന്തപുരത്തേക്കു പോകുന്നത്– മീര പറഞ്ഞു. പ്രസവച്ചെലവിനു പണം കണ്ടെത്താൻ രണ്ടു ആടുകളെ വളർത്തിയിരുന്നു. പ്രസവ സമയം ആകുമ്പോൾ ഇവയെ വിൽക്കാമെന്നു കരുതി. കഴിഞ്ഞ ദിവസം ആടുകളെ വിറ്റു. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മന്ത്രി വീണ ജോർജ് ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ആരാഞ്ഞിരുന്നു. വെള്ളമോ വെളിച്ചമോ ഇല്ലാത്ത വീട്ടിലാണ് ഇപ്പോൾ താമസം. വീടിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ഇവിടെയാണ് കുഞ്ഞിനെ സംസ്കരിച്ചത്.

More