Friday 10 August 2018 06:10 PM IST : By സ്വന്തം ലേഖകൻ

‘ശ്വാസമെടുക്കാൻ അവൾ വെമ്പുമ്പോൾ പിടയുന്നത് എന്റെ നെഞ്ചാണ്’; തലച്ചോറിന്റെ പ്രവർത്തനം ഭാഗികം, ഒരിറ്റ് പാലിറക്കാൻ പോലുമാകാതെ ഈ ഇളം പൈതൽ

syamili

അക്കാലമത്രയും സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു ശ്യാമിലിക്ക് ആ കുഞ്ഞ്. കാത്തിരുന്നത് പോലെ പെൺകുഞ്ഞ് ജനിച്ചുവെന്ന വാർത്ത ആ കൊച്ചു കുടുംബത്തിൽ ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. തങ്ങളുടെ കുഞ്ഞ് രാജകുമാരി വീട്ടിൽ കളിചിരികളുമായി ഓടി നടക്കുന്ന നാളുകൾക്കായുള്ള കാത്തിരിപ്പായി പിന്നീട്. എന്നാൽ കാത്തിരുന്ന കിട്ടിയ സ്വപ്നസാക്ഷാത്ക്കാരവും സന്തോഷ നിമിഷങ്ങളും കണ്ണീരിന് വഴിമാറിയത് കൺചിമ്മി തുറക്കുന്ന വേഗതയിൽ.

ഗുർഗാവോൺ സ്വദേശിയായ ശ്യാമിലിയുടേയും അവരുടെ ആദ്യത്തെ കൺമണിയുടേയും കരളലയിപ്പിക്കുന്ന കഥ കേട്ടാൽ ഏത് കഠിന ഹൃദയന്റേയും ചങ്ക് പിടയും. ഓരോ ശ്വാസമിടിപ്പിനിടയിലും പിടയുന്ന കൺമണിക്കരികിൽ പ്രാർത്ഥനകളുമായി കഴിയുകയാണ് ആ അമ്മ മനസ്. ഡോക്ടർമാരുടെ നിരാശ കലർന്ന മറുപടിയും പേരിന് വേണ്ടിയുള്ള ആശ്വാസവാക്കുകളും അവരുടെ മനസിനെ മരവിപ്പിക്കുന്നതേയുള്ളൂ. ‘സ്വന്തം കുഞ്ഞ് ഒരിറ്റ് ശ്വാസമെടുക്കാനായി പിടയുന്ന കാഴ്ച ഏത് അമ്മയ്ക്കാണ് സഹിക്കാനാകുക’– ശ്യാമിലി ചോദിക്കുന്നു.

syamili

ആറ്റു നോറ്റ് കിട്ടിയ കുഞ്ഞ് ജനിച്ച് അധികനാളാകും മുമ്പേ തുടങ്ങിയതാണ് ആരോഗ്യ പ്രശ്നങ്ങൾ. മാസം തികയുന്നതിനു മുന്നേയാണ് അവൾ ഈ ലോകത്തേക്ക് വന്നത്. ആറാം മാസത്തിൽ പിറന്ന അവൾക്ക് ഭാരം നന്നേ കുറവായിരുന്നു.

‘ആ നാളുകളിൽ എനിക്ക് അതി കഠിനമാം വിധം ബ്ലീഡിങ് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താകണം പെട്ടെന്നുള്ള പ്രസവത്തിലേക്ക് എന്നെ എത്തിച്ചത്. ജനിക്കുമ്പോൾ അവൾക്ക് 650 ഗ്രാം മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എന്റെ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി’– ശ്യാമിലിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.

‘നാലാം ദിനം മുതൽ ഞാൻ അവളെ പാലൂട്ടി തുടങ്ങി. പക്ഷേ അവളുടെ ആമാശയം വളരെ ചെറുതാണെന്നും ഈ സാഹചര്യത്തിൽ പാലൂട്ടാനാകില്ലെന്നും ഡോക്ടറുടെ ഇടിത്തീ പോലുള്ള അറിയിപ്പ്. ഒരമ്മയെന്ന നിലയിൽ ഞാൻ തളർന്നു പോകുന്ന നിമിഷമായിരുന്നു അത്.

എല്ലാം വിധിയെന്നോർത്ത് സമാധാനിച്ച് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോയി. ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള ചികിത്സകൾ അവൾക്ക് നൽകി. പക്ഷേ ദൈവത്തിന്റെ ശരിക്കുള്ള പരീക്ഷണം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അവളുടെ ആമാശയം പൂർവ്വസ്ഥിതിയിലാക്കാൻ ഡോക്ടർമാർ ഒരു ഓപ്പറേഷന് നിർബന്ധിച്ചു. എന്തും സംഭവിക്കാം എന്ന മുന്നറിയിപ്പോടെയായിരുന്നു ആ ഓപ്പറേഷന് ഡോക്ടർമാർ ഞങ്ങളെ പ്രേരിപ്പിച്ചത്. അവളുടെ ഓപ്പറേഷന് വേണ്ടിയുള്ള സമ്മതപത്രം പൂരിപ്പിക്കുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ മകളുടെ ജീവന് വേണ്ടി ഞാൻ അത് ചെയ്തു’– ശ്യാമിലി പറയുന്നു.

sya1

എന്നാൽ ഓപ്പറേഷൻ കൊണ്ടും ശ്യാമിലിയും ആ കുഞ്ഞും അനുഭവിക്കുന്ന വേദന ശമിച്ചില്ല. ഓപ്പറേഷനിലൂടെ ആമാശയത്തെ രണ്ട് അറകളായി തിരിച്ചു. ഇന്ന് ശ്യാമിലി കുഞ്ഞിനെ പാലൂട്ടുമ്പോൾ 30 ശതമാനം മാത്രമാണ് ആ കുഞ്ഞിന് ദാഹമകറ്റാനായി ലഭിക്കുന്നത്. ബാക്കി 70 ശതമാനവും ബോഡി വേസ്റ്റായി പുറന്തള്ളപ്പെടുകയാണ്. ട്യൂബ് വഴി നൽകുന്ന ഭക്ഷത്തിലാണ് അവളിന്ന് ജീവൻ നിലനിർത്തുന്നത്.

ഓക്സിജൻ എത്തുന്നില്ല എന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനവും ഭാഗികമായി നിലച്ച അവസ്ഥയിലാണ്. കുഞ്ഞിന്റെ കണ്ണിന്റെ റെറ്റിനയുടെ പ്രവർത്തനവും ശരിയായ രീതിയിലല്ല എന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ലേസർ ട്രീറ്റ്മെന്റ് ചെയ്തതിനു ശേഷമാണ് ഈ പുതിയ പരീക്ഷണമെന്ന് ശ്യാമിലി പറയുന്നു.

ഗുർഗാവോണിലെ സ്വകാര്യ ആശുപത്രിയിൽ ജീവന് വേണ്ടി പിടയുന്ന ആ കുഞ്ഞിന്റെ ജീവന് ഇന്നിട്ടിരിക്കുന്ന വില 14 ലക്ഷം രൂപയാണ്. അവസാന പരിശ്രമമെന്നോണം ഒരു ശസ്ത്രക്രിയ. അതിലെങ്കിലും തങ്ങളുടെ മകൾ രക്ഷപ്പെടുമെന്നാണ് ശ്യാമിലിയുടെ പ്രതീക്ഷ.

sya-2

മകളുടെ ജീവൻ തിരികെ കിട്ടാനായി ഉള്ളുരുകുന്ന പ്രാർത്ഥനയിലാണ് ആ കുടുംബം. കരുണയുടെ ഉറവ വറ്റാത്തവർ തങ്ങളുടെ അവസ്ഥയറിഞ്ഞ് സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ ഗുർഗാവോണിലെ എൻഐസിയു വാർഡിനു പുറത്ത് നിർദ്ധന കുടുംബമുണ്ട്. അകത്ത് അവരുടെ കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവശ്വാസം വലിക്കുകയാണ്. ജീവിതത്തില്‍ വെളിച്ചം പരത്തുന്ന ആ നല്ല നാളിനായുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്....