Monday 23 April 2018 12:22 PM IST : By സ്വന്തം ലേഖകൻ

പഠനം വഴിമുട്ടാതിരിക്കാൻ തട്ടുകട ബിസിനസ്; ഈ യുവതിക്കു നല്‍കാം ഒരു ബിഗ്‌ സല്യൂട്ട്!

sneha-kakkanadu1

തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്തു ചപ്പാത്തിയും ദോശയും ഓംലറ്റുമെല്ലാം വില്‍ക്കുന്ന ഒരു തട്ടുകടയുണ്ട്. മഹാരാഷ്ട്രക്കാരിയായ സ്നേഹ ലിംബ ഗാവോക്കറാണ് ഈ തട്ടുകടയുടെ ഉടമ. തട്ടുകട നടത്തുന്നതിനു വ്യക്തമായ ഒരു ജീവിതലക്ഷ്യമുണ്ട് സ്‌നേഹയ്ക്ക്. പഠനത്തിൽ മിടുക്കിയായ ഇവര്‍ കേരളാ യൂണിവേര്‍‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. പകൽ മുഴുവൻ കോളജ്, പഠനസമയം കഴിഞ്ഞാൽ നേരെ തട്ടുകടയിലെത്തും. പിന്നെ ജോലി തുടങ്ങുകയായി. എല്ലാത്തിനും കൂട്ടായി ഭര്‍ത്താവ് പ്രേംശങ്കറും ഒപ്പമുണ്ട്. സ്നേഹയുടെ പഠനത്തിനും ജീവിതം വഴിമുട്ടാതിരിക്കാനും വേണ്ടിയാണ് ഇവർ തട്ടുകട നടത്തുന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേം ശങ്കറും സ്നേഹയും ഓര്‍ക്കൂട്ട് വഴിയാണ് പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. തുടർന്ന് ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. പ്രേംശങ്കറിനു ഡല്‍ഹിയിലായിരുന്നു ജോലി. സ്നേഹയ്ക്ക് പിച്ച്ഡി ചെയ്യാനായി കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ്റ്‌ ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചു. ഇതേത്തുടർന്ന് ഇരുവരും കേരളത്തിലെത്തുകയായിരുന്നു. പ്രേംശങ്കർ ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ചു.

വരുമാനം ഇല്ലാത്തതുകൊണ്ട്, കേരളത്തിലെത്തിയപ്പോള്‍ പഠനവും താമസവും ആഹാരവും പ്രശ്നമായി. തുടർന്ന് ഇരുവരും കണ്ടുപിടിച്ച വഴിയാണ് തട്ടുകട ബിസിനസ്. സ്നേഹ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ വിഭവങ്ങൾക്ക് കൊച്ചിയിൽ ആരാധകരും ഏറെയുണ്ട്. ടെക്നോപാര്‍ക്കിൽ നിന്നുതന്നെ കൂടുതൽപേർ ഇവിടെയെത്തുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യ വിടാനാണ് ഇരുവരുടെയും പ്ലാന്‍. ജര്‍മ്മനിയില്‍ ജോലിയും സ്ഥിര താമസവുമാണ് ലക്ഷ്യം.

sneha-kakkanadu2