Monday 01 April 2019 02:45 PM IST

സിനിമയിലെ സ്ത്രീവിരുദ്ധത വീണ്ടും ചർച്ചയാകുമ്പോൾ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ‘വനിത’യോടു പറഞ്ഞത്

Sujith P Nair

Sub Editor

PRITHVIRAJ(1) Photo: Syam Babu

ആദ്യമായി സംവിധാനം ചെയ്തു ലൂസിഫർ തീയറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ സിനിമയിലെ സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട് മുൻപ് പൃഥ്വിരാജ് എടുത്ത നിലപാട് വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. തന്റെ സിനിമയിൽ സ്ത്രീ വിരുദ്ധത കാണില്ലെന്ന് രാജു പറഞ്ഞിരുന്നതായാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച് പൃഥ്വി വ്യക്തത വരുത്തിയിരുന്നു. പൃഥ്വിയുടെ വിശദീകരണം ചുവടെ;

"യഥാർത്ഥത്തിൽ ഞാൻ പറഞ്ഞതു തെറ്റിദ്ധരിക്കപ്പെട്ടതാണ്. എന്റെ ചിത്രങ്ങളിൽ സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഉണ്ടാകില്ലെന്നല്ല പറഞ്ഞത്. കഥാപാത്രം സ്ത്രീ വിരുദ്ധൻ ആണെങ്കിൽ അയാളുടെ പെരുമാറ്റത്തിലും അതു കാണാൻ സാധിക്കും. പക്ഷേ അതാണ് ശരിയെന്നു തരത്തിൽ അവതരിപ്പിക്കാൻ ഞാൻ തയ്യാറാകില്ല. അതാണ് ഹീറോയിസം എന്നും സമ്മതിച്ചു തരില്ല. അപ്പോഴും ഞാൻ പറയുന്നു, ഇതെന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്.

സിനിമയിൽ വനിതാ സംഘടന ഉണ്ടായതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ന്യായീകരണം ഉണ്ടാകും. അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവർക്കു ധാരണയും കാണും. സംഘടന രൂപീകരിച്ചപ്പോൾ സംവിധായിക അഞ്ജലി മേനോൻ എന്നെ വിളിച്ചിട്ട് ആശംസകൾ അറിയിച്ച് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാൻ അങ്ങനെ ചെയ്യുകയും ചെയ്തു. ‘അമ്മ’യിൽ സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാൻ എനിക്കാവില്ല. കഴിഞ്ഞ നാലു ജനറൽ ബോഡികളിൽ പങ്കെടുക്കാൻ തിരക്കു മൂലം എനിക്കു കഴിഞ്ഞില്ല. ഷോകളിൽ പങ്കെടുക്കാത്തതും മനഃപ്പൂർവമല്ല. മുൻകൂട്ടി നിശ്ചയിച്ച ഷൂട്ടിങ് മൂലം പലപ്പോഴും നാട്ടിൽ ഉണ്ടാവാറില്ല."- പൃഥ്വിരാജ് പറയുന്നു.