തിരുവനന്തപുരം പാറശാലയിലെ വ്ലോഗർ ദമ്പതികളുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഭാര്യ പ്രിയലതയെ (40) ഭർത്താവ് സെൽവരാജ് (45) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 10 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്.
പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിട പറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോർട്ട് രണ്ടു ദിവസം കഴിഞ്ഞ് ലഭിക്കും.
പ്രിയലതയുടെയും സെൽവരാജിന്റെയും നാല് മൊബൈൽ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ് വലയം ഇല്ലാത്ത ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാര്യവും അധികമാർക്കും അറിയില്ലെന്നു പൊലീസ് പറയുന്നു.