Wednesday 14 March 2018 06:11 PM IST

വേദനകള്‍ക്കിടയിലും പ്രിയ പാടുന്നു; വേദനിക്കുന്നവര്‍ക്കായി... ഇവൾ നോവിന്റെ പാട്ടുകാരി

Shyama

Sub Editor

priya_singer ഫോട്ടോ: സരിൻ രാംദാസ്

നട്ടുച്ച നേരം. കുട ചൂടിയിട്ടു പോലും വിയർപ്പിറങ്ങി ഒട്ടുന്നു. മേനക ബസ് സ്റ്റോപ്പിൽ വെയിലിനെയും പൊള്ളിച്ച് പ്രിയ പാടുന്നു. ബസ്സിനുള്ളിൽ നിന്നു പാ ട്ടു കേട്ട് പുറത്തേക്ക് നോക്കുന്നവർക്ക് പാട്ടുകാരിയിൽ നിന്നു ഒരു പുഞ്ചിരി കൂടി കിട്ടുന്നു. തലച്ചോറിലെ മുഴയുണ്ടാക്കുന്ന (പിറ്റ്യൂട്ടറി അഡിനോമ) വേദനയും പ്രയാസങ്ങളും  മറന്ന് പ്രിയ ഇങ്ങനെ നിന്നു പാടാൻ കാരണങ്ങൾ പലതാണ്.

ആ വേദനകൾ എന്റെയും കൂടിയാണ്

തെരുവിൽ നിന്നു പാടുന്ന ഏതോ ഒരു പെൺകുട്ടിയുടെ വിഡിയോ ആരോ സോഷ്യൽ മീഡിയയിലിട്ടതു മുതലാണ് പലരും പ്രിയ സുമേഷ് എന്ന ഗായികയെ അറിഞ്ഞു തുടങ്ങിയത്. വഴിയരികിൽ നിന്നു പാടുന്ന പാട്ടിലേക്കെത്തിച്ചതിനു പിന്നിലെ കഥകളാണ് പ്രിയയെ മറ്റുള്ളവരിൽ നിന്നു വ്യ ത്യസ്തയാക്കുന്നത്.

 ‘‘എന്റെ ചേച്ചി കാൻസർ വന്നാണ് മരിച്ചത്. രോഗത്തെ പ്രതിരോധിക്കാനുള്ള മനക്കരുത്തുണ്ടായിട്ടു കൂടി പണമില്ലായ്മ ആ കരുത്തിനെ ക്ഷയിപ്പിച്ചു. ഉ ള്ളതൊക്കെ പെറുക്കി വിറ്റ് ചികിത്സിച്ചിട്ടും ചേച്ചി പോയി. മാനസികമായും സാമ്പത്തികമായും വലിയ ആഘാതമാണ് രോഗങ്ങൾ ബാക്കി വയ്ക്കുന്നത്. ചേച്ചിയുടെ മരണം കഴിഞ്ഞെ ടുത്ത തീരുമാനമാണ് എന്നെക്കൊണ്ടു പറ്റും പോലെ മറ്റുള്ളവരെ സഹായിക്കണം എന്ന്. എനിക്കും കൂടി അസുഖം വന്ന ശേഷം ആ തോന്നൽ ശക്തമായി.’’ ശാസ്ത്രീയമായി പാട്ടു പഠിക്കാതിരുന്നിട്ടും പ്രിയ പാടുന്ന പാട്ടുകൾക്ക് കനിവിന്റെ താളമുണ്ട്. ഗായകനായ അച്ഛനിൽ നിന്നു കിട്ടിയ താകാം സംഗീതമെന്നാണ് പ്രിയഗായികയുടെ വിശ്വാസം.

‘‘തെരുവിൽ പാടുന്നവരെ പണ്ടു മുതലേ ശ്രദ്ധിച്ചിരുന്നു.  ഇടയ്ക്കൊന്നു ചോദിച്ചിട്ട് അവർക്കൊപ്പം പാടിയിട്ടുമുണ്ട്. പാട്ടല്ലാതെ എന്റെ കൈയിൽ മറ്റൊന്നുമില്ല, അതുകൊണ്ട് ഈ വഴി തിരഞ്ഞെടുക്കാമെന്നു കരുതി. എന്റെ നാട് കോഴിക്കോടാണ് കല്യാണം  കഴിഞ്ഞ് ഭർത്താവ് സുമേഷിന്റെ നാടായ കൊ ച്ചിയിലെ വരാപ്പുഴയിലേക്കു വന്നു. ഇപ്പോ ഇളമക്കരയിലൊരു വാടക വീട്ടിലാണ് താമസം. ആദ്യം താൽപര്യമുണ്ടായിരുന്നി ല്ലെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർ‍ട്ട് ചെയ്യുന്നത് അദ്ദേഹമാണ്. ഒരു ജ്വല്ലറിയിലെ ഡ്രൈവറായിരുന്നു. ഇപ്പോൾ എന്റെ സഹായത്തിനായി എപ്പോഴും അരികിലുണ്ട്. മുൻപ് പാടാതിരുന്നയാൾ എനിക്കൊപ്പം ഇടയ്ക്ക് പാടാനും തുടങ്ങി.

priya3


ഒരു പഴയ കാറുണ്ട്. അതിലാണ് ഞങ്ങളുടെ യാത്ര. സൗ ണ്ട് സിസ്റ്റമൊക്കെ വാടകയ്ക്ക് എടുക്കും. ഹൈകോർട്ട്, മേ നക, കലൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിലാണ് പാടുന്നത്. രാവിലെ 11നു വീട്ടിൽ നിന്നിറങ്ങും. സ്ഥലമൊക്കെ കണ്ടെത്തി ഫ്ലക്സ് വച്ച് പാട്ടു തുടങ്ങുമ്പോൾ 12 മണിയാകും. രണ്ടര വ രെ പാടിയിട്ട് പിന്നെ, ഊണ് കഴിക്കാൻ പോകും. വൈകിട്ട് 8 മണിവരെയൊക്കെ പാടാറുണ്ട്. ബക്കറ്റ് കൊണ്ട് നടന്ന് പിരിക്കാറില്ല. ആളുകൾ ഫ്ലക്സ് വായിച്ചും നമ്മൾ പറയുന്നതു കേട്ടുമൊക്കെ പണം തന്നിട്ട് പോകും. അതാണ് പ്രതീക്ഷിക്കുന്നതും.

ആളുകളെ സഹായിക്കുന്ന കാര്യങ്ങളുടെ ലൈവുകൾ ഫെയ്സ്ബുക് വഴി ഷെയർ ചെയ്യാറുണ്ട്. അതു മാത്രമല്ല, ബാങ്കിലേക്കാണ് തുക കൈമാറിയതെങ്കിൽ അതിന്റെ സ്ലിപ്പ്. ഓരോ ദിവസവും പാടിയതിന്റെ വിവരങ്ങൾ ആളുകളുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.


 മറ്റെവിടെയും പോലെ ഈ മേഖലയിലും തട്ടിപ്പു നടത്തുന്നവരുണ്ട്. പാടിയിട്ട് കാശു കൊടുക്കാത്തവർ, മരിച്ചു പോയ ആളുകളുടെ ഫോട്ടോ വച്ച് പാടുന്നവർ, പാടാൻ വരുന്ന വണ്ടിയിൽ മദ്യപിക്കുന്നവർ... ഇത്തരക്കാരെ കണ്ടിട്ടുള്ള സാധാരണക്കാർ എല്ലാവരെയും സംശയത്തോടെ നോക്കുന്നതും സാധാരണം. അതുകൊണ്ടു കൂടിയാണ് എല്ലാ കാര്യങ്ങളും സുതാര്യമായി വയ്ക്കുന്നത്.ഇതേവരെ അഞ്ചു കുട്ടികളെയും രണ്ടു മുതിർന്നവരേയും സഹായിച്ചു കഴിഞ്ഞു. പ്രാർഥന, പാർവതി, ദേവനന്ദ, അനന്യ, വൈചിത്, റോബിൻ, അനീഷ്...’’
 ഇവരും ഇവരുടെ കുടുംബാംഗങ്ങളുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നു പ്രിയ. പല തരം അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ. പാട്ട് പാടുന്നിടത്തും സോഷ്യൽ മീഡിയ വ ഴിയും സഹായം അഭ്യർഥിച്ച് ആളുകളെത്തുന്നു.

ഒരിക്കൽ മാത്രം എന്നു കരുതിയെങ്കിലും...

‘‘ഒരാൾക്ക് സഹായം ചെയ്തിട്ട് നിര‍്‍ത്താം എന്നോർത്ത് തുടങ്ങിയതാണ്. പിന്നെ, സഹായം തേടിയെത്തുന്നവരുടെ എണ്ണം കൂടി. ചോദിക്കുന്നവരോട് ‘ഇല്ല’ എന്നു പറയാൻ മനസ്സൊട്ട് അനുവദിച്ചുമില്ല. നേരിട്ട് പോയി കണ്ട്, കാര്യങ്ങൾ മനസ്സിലാക്കി, അർഹതപ്പെട്ടവർക്കു മാത്രമാണ് സഹായം ചെയ്യുന്നത്. ഇപ്പോൾ ആര്യ  ബാബു എന്നൊരു കുട്ടിക്കു വേണ്ടിയാണ് പാടുന്നത്. അവൾക്ക് രക്താർബുദമാണ്. രണ്ടു ലക്ഷത്തോള മാണ് ആ മോൾക്ക് കൊടുക്കുന്നത്. ചിലർ ചോദിക്കും അത്ര യും പണമൊക്കെ കൊടുക്കണോ എന്ന്. പക്ഷെ, ഇത് എന്റെ രീതിയാണ്. അസുഖത്തോടനുബന്ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത ഒരു കുടുബത്തെ എത്രത്തോളം ഉലയ്ക്കുമെന്നു നേ രിട്ട് അറിഞ്ഞ ആളാണ് ഞാൻ.  

ഒരിക്കൽ പാട്ടു പാടാൻ പോയിടത്ത് ചില പ്രശ്നങ്ങളുണ്ടായി. ഞാൻ സഹായിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മയെ വിളിച്ചൊരാൾ പറഞ്ഞു ‘ഇവരെ വിശ്വസിക്കാൻ പറ്റില്ല, പൈ സയും കൊണ്ട് കടന്നു കളയും എന്നൊക്കെ.’ അന്നവർ അ യാളെ വഴക്കു പറഞ്ഞോടിച്ചു. പിന്നീട് ഇയാൾ എന്നെ വിളിച്ച് ‘ഇത്രയും പൈസ നിങ്ങൾ കൊടുക്കാന്‍ തുടങ്ങിയാൽ ബാക്കിയുള്ളവർക്കത് ബുദ്ധിമുട്ടാകും’ എന്നൊക്കെ പറഞ്ഞു.  ‘ചേ ട്ടനാൽ കഴിയുന്നത് ചെയ്യൂ, എനിക്കു കഴിയുന്നത് ഞാനും ചെയ്യട്ടെ’ എന്നു പറഞ്ഞ് അതങ്ങ് നിർത്തി.

കാറ്റിനൊപ്പം മൃദുലമായി ഒഴുകി വരുന്ന പാട്ടുകളാണ് പ്രി യ പാടുന്നത്. കാതടപ്പിക്കുന്ന അടിച്ചുപൊളി തട്ടുതകർപ്പനൊ ന്നുമില്ല. ‘‘ഞാനും സുമേഷും കൂടിയാണ് പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. ജങ്ഷനിലൊക്കെ നിന്നു പാടുമ്പോ ആൾക്കാർക്ക് ബുദ്ധിമുട്ടാകാത്ത പാട്ടുകളേ പാടൂ. സോഷ്യൽ മീഡിയയിൽ ആളുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത് ‘ആടി വാ കാറ്റേ’ പാടിയിട്ടാണ്. അതു പോലുള്ള മെലഡികളാണ് പാടാറ്.

priya2 പ്രിയയും ഭര്‍ത്താവ് സുമേഷും


 എവിടെ പരിപാടി നടത്താൻ പോയാലും പൊലീസിന്റെ അനുമതി എടുക്കാറുണ്ട്. അവർ നല്ല പിന്തുണയാണ് എല്ലായിടത്തും നൽകിയിട്ടുള്ളത്. എല്ലാവരുടെയും കരുണ കൊ ണ്ടാണ് എനിക്കീ നന്മ ചെയ്യാൻ കഴിയുന്നത്. ചില കുട്ടികളു ടെ രോഗവിവരങ്ങൾ ഞാൻ ഫെയ്സ് ബുക്കിലിടുമ്പോൾ അ വരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പല നാട്ടിൽ നിന്നും ആളുകൾ സഹായം വേണ്ടവരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാറുണ്ട്. ഗാനമേളയ്ക്കു പാടാൻ പോകാറുണ്ട്, ചില ചടങ്ങുകൾക്കും. അതിൽ നിന്നു കിട്ടുന്നതിന്റെ ഒരു ഭാഗം കൂടി അസുഖമു ള്ളവരെ സഹായിക്കാനായി മാറ്റിവയ്ക്കും.’’

ആരോരുമില്ലാത്തവർക്കായ്

അനാഥാലയങ്ങളിൽ പ്രിയ പാട്ടു പാടാറുണ്ട്. അവർക്കൊക്കെ പ്രിയയുടെ പാട്ട് വെറും നേരമ്പോക്കല്ല, ആരുമില്ലെന്ന് ഉറപ്പിച്ച മനസ്സിലേക്കു എത്തുന്ന തേടലിന്റെ കരസ്പർശങ്ങളാണ്. നിറയെ സ്നേഹവും സന്തോഷക്കണ്ണീരുമായാണ് അവിടെ നിന്നൊക്കെ മടക്കം.
ഇതിനകം പ്രിയ ആറ് ആൽബങ്ങളിൽ അഭിനയിച്ചു. രണ്ടു ഷോർട് ഫിലിമും ചെയ്തു. ഡിസംബറിൽ ഇറങ്ങിയ ‘കുന്തം’ എന്ന മലയാള സിനിമയിലും ഒരു വേഷം പ്രിയയ്ക്കു കിട്ടി. ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ വന്ന അവസരങ്ങളാണെന്ന് ഗായിക. അടിയന്തരമായി രോഗികൾക്കെന്തെങ്കിലും ആവശ്യം വന്നാൽ പ്രിയ ഫെയ്സ്ബുക് ലൈവിലൂടെ അത് സമൂഹത്തോട് പറയും.
 
അസുഖത്തിന്റെ കാര്യം ചോദിച്ചാൽ പ്രിയയ്ക്കു കൃത്യമാ യ മറുപടിയില്ല. ഓപ്പറേഷൻ വേണ്ടി വരുമെന്നു പറഞ്ഞ ഡോക്ടർമാർ അതിനൊപ്പം ചിലപ്പോൾ സ്വരമോ കാഴ്ചയോ നഷ്ടപ്പെട്ടേക്കാം എന്നും പറഞ്ഞു. അതുകൊണ്ട് പിന്നീട് അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. മൂന്ന് വർഷത്തോളം കഴിച്ചുകൊണ്ടിരുന്ന മരുന്നും തൽക്കാലം നിർത്തി. മരുന്നു കഴിക്കുമ്പോൾ ക്ഷീണവും തലകറക്കവും കാരണം വിശ്രമിക്കേണ്ടി വരും. എ ല്ലാ കാര്യങ്ങൾക്കും മറ്റൊരാളുടെ സഹായം വേണ്ടി വരും.

വേദന തോന്നുമ്പോൾ കുത്തിവയ്പ് എടുക്കും. പരിപാടി കളെ ബാധിക്കാത്ത തരത്തിൽ പുതുതായി ഹോമിയോ ട്രീ റ്റ്മെന്റ് എടുക്കുന്നുണ്ട്. ഇപ്പോ എനിക്കു നടക്കാം, പാടാം, എല്ലാവരെയും കാണാം. അവർക്കായി എന്നാലാകുന്നതു ചെയ്യാം. കഴിയുന്നിടത്തോളം അത് തുടരണമെന്ന മോഹം മാ ത്രമേയുള്ളൂ മനസ്സിൽ. ആരെയും ബുദ്ധിമുട്ടിക്കാതെ ഈ പാട്ട് ഇങ്ങനെ പോകട്ടെ.’’ ആടി വാ കാറ്റേ.... ആ പാട്ടു വീണ്ടും പാ ടി പ്രിയ ചിരിക്കുന്നു.