Saturday 27 October 2018 04:33 PM IST : By സ്വന്തം ലേഖകൻ

അന്ന് അമ്പത് രൂപയ്ക്ക് ശരീരം വിറ്റു, ഇന്ന് ലോകം കേൾക്കുന്ന ആർജെ; സംഭവബഹുലം ഈ അതിജീവനം

priyanka

‘വസന്തങ്ങൾ തേടിയുള്ള യാത്രയിൽ നിങ്ങൾ ചിലപ്പോൾ വീണു പോയേക്കാം. പക്ഷേ പ്രതീക്ഷയുടെ വെള്ളിവെളിച്ചം കാലം അകലെയെവിടെയോ നിങ്ങൾക്കായി കാത്തുവച്ചിരിട്ടുണ്ട്.’ സോഷ്യൽ മീഡിയയിൽ അലസമായി ആരോ കുറിച്ചിട്ട വാക്കുകളാണിത്. വാക്കുകൾ ആലങ്കാരികമെങ്കിലും ചില ജീവിതങ്ങൾ അതിനെ അന്വർത്ഥമാക്കുന്നുണ്ട്. അടിച്ചമർത്തലിൽ നിന്നും ഔന്നത്യത്തിലേക്ക് കാലം കൈപിടിച്ചു നടത്തിയ ഒരുപിടി ജീവിതങ്ങൾ...ജീവിതം അവരെ പലതും പഠിപ്പിച്ചിട്ടുണ്ടാകും, വേദനയുടെ കയ്പുനീർ അവർ ആവോളം നുകർന്നിട്ടുണ്ടാകും. പക്ഷേ ഇരുണ്ട ഭൂതകാലത്തെ വിസ്മൃതിയിൽ ഒളിപ്പിച്ച്, ഇന്ന് അവർക്ക് നൽകുന്ന ജീവിതപാഠത്തിന് സമാനതകളുണ്ടാകില്ലെന്നു തന്നെ പറയാം. അത്തരമൊരു കഥയാണ് ഇനി പങ്കുവയ്ക്കാൻ പോകുന്നത്.

പ്രിയങ്ക ദിവാകർ...ലോകം ട്രാൻസ്ജെൻഡർ എന്ന മേൽവിലാസം നൽകിയ അവൾ ആരാണെന്നറിയുന്നതിന് മുമ്പ് ഞെട്ടിത്തരിപ്പിക്കുന്ന അവളുടെ ഭൂതകാലമൊന്നു കേൾക്കണം....അവൾ തന്നെ പറയുന്നു സ്വന്തം കഥ....

‘കുപ്പയും കൂനയും ദുർഗന്ധം വമിപ്പിക്കുന്ന ബംഗളുരുവിലെ ഏതോ ഒരു ഗലിയിലാണ് ഞാൻ പിറന്നു വീണത്. നിർദ്ധനനായ ഒരു ഡ്രൈവറുടെ കണ്ണിലുണ്ണിയായ ആൺതരി! പക്ഷേ ആണായിപ്പിറന്നൊരുവൻ പെണ്ണായി മാറിയ വിപ്ലവകരമായ മാറ്റത്തിന്റെ കഥ ശരിക്കും തുടങ്ങുന്നത് എന്റെ എട്ടാം വയസിൽ.

അന്നേരം മനസിലൊരു ചിന്ത പൊടുന്നനെ പൊട്ടിമുളയ്ക്കുകയാണ്. ‘രൂപത്തിലെ വ്യത്യാസമുള്ളൂ, മനസു കൊണ്ട് ഞാനൊരു പെണ്ണാണ്..’ മനസിൽ കരുതിയുറപ്പിച്ച ആ തീരുമാനം വീട്ടുകാർക്ക് മുമ്പാകെ വച്ചതു മാത്രമേ ഓർമ്മയുള്ളൂ. അന്നു വരെ അവർ നൽകിയ സ്നേഹം ഒരൊറ്റ നിമിഷം കുടുംബം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. പെണ്ണായി മാറാൻ തീരുമാനിച്ചവനെ ശപിക്കപ്പെട്ടവളെന്ന് മുദ്രകുത്തി കുപ്പയിലേക്ക് തള്ളി.

പഠനം പാതിവഴിക്കലെറിഞ്ഞ് അന്തമില്ലാതെ അലഞ്ഞുനടന്നു. കുറേ നാൾ എവിടെയൊക്കെയോ ജോലി ചെയ്തു. ഒടുവിൽ പതിനാലാം വയസിൽ ജാതകം തന്നെ മാറ്റിയെഴുതിയ ആ തീരുമാനമെടുത്തു. ട്രാൻസ്ജെൻഡർ സമൂഹത്തിൽ ചേരാനുറച്ചു ആ ‘ആണൊരുത്തൻ...’

ട്രാൻസ്ജെൻഡർ എന്നാൽ ശപിക്കപ്പെട്ടവരെന്ന് മുദ്രകുത്തിയിരുന്ന സമൂഹം എന്താണ് എനിക്ക് നൽകിയതെന്നോ? ഒരിടത്തും ജോലി നൽകിയില്ല, ഒരു നേരത്തെ ഭക്ഷണം നൽകിയില്ല. എന്തിനേറെ ഈ ലോകത്ത് ഇങ്ങനൊരാൾ ജീവിച്ചിരുന്നെവെന്ന് തെളിയിക്കുന്ന രേഖകള്‍ പോലും നിഷേധിച്ചു. അതാണ് കാട്ടു നീതി.

priya

ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വരുമെന്നായപ്പോൾ ഞാൻ ആ തീരുമാനമെടുത്തു. ഒട്ടുമിക്ക ട്രാൻസ്ജെൻഡറുകളേയും പോലെ ലൈംഗികവൃത്തി തെരഞ്ഞെടുത്തു. രാവിലെ കെട്ടിയൊരുങ്ങി തെരുവുകളിൽ അലയും. ആവശ്യക്കാരോടൊപ്പം ശരീരം പകുത്തു നൽകാൻ പോകും. കാര്യം കഴിഞ്ഞു പോകുന്നവർ അവൾക്ക് നൽകുന്നതാകട്ടെ വെറും അമ്പതു രൂപയും.

കാലങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. ലിംഗമാറ്റ ശസ്ത്രക്രിയയെന്ന ജീവിതത്തിലെ സുപ്രധാന അധ്യായം എനിക്കു മുന്നിൽ തുറന്നു. പുരുഷ സ്പർശം ഏൽക്കാത്ത 40 നാളുകൾ കടന്നു പോയി. ഒടുവിൽ മനസു കൊണ്ടു പെണ്ണായവൾ ശരീരം കൊണ്ടും അടിമുടി പെണ്ണായി മാറിയ നാൾ വന്നെത്തി. പക്ഷേ സമൂഹത്തിന്റെ മനോഭാവത്തിന് തെല്ലും മാറ്റമുണ്ടായിരുന്നില്ല. വീണ്ടും വേശ്യയെന്ന ലേബൽ ചാർത്തി അവൾ തെരുവിലേക്കിറങ്ങി.

ജീവിതത്തിന്റെ ബാലൻഷീറ്റിൽ വിധി സന്തോഷം കരുതിവയ്ക്കുന്ന നാളുകൾക്കാണ് പിന്നെ സാക്ഷിയായത്. മൂന്നാം ലിംഗക്കാരെന്ന പരിഗണന അവർക്ക് സമൂഹം കൽപ്പിച്ച് നൽകി. പ്രിയങ്കയുൾപ്പെടെ ആയിരക്കണക്കിന് ട്രാൻസ്ജെൻഡർ യുവതികൾക്ക് അടയാളമായി രേഖകൾ നൽകാൻ ഉത്തരവായി. മാറ്റങ്ങളുടെ നാളുകൾ അവിടെ തുടങ്ങുകയായി...

ശരീരം വിറ്റ് കാലം കഴിക്കേണ്ടി വരുമായിരുന്ന എന്ന പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത് ഒരു സുഹൃത്താണ്. ഒരു എൻജിഒയിൽ ഭാഗമാകാനായിരുന്നു ആദ്യ നിയോഗം. എച്ച്ഐവി ബാധിതരായ ട്രാൻസ്ജെൻഡറുകളെ പുനരധിവസിപ്പിക്കുന്ന കർമ്മവിഭാഗത്തില്‍ ഞാനും ഒരാളായി. മാസ ശമ്പളം 6000 രൂപ. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ, റേഡിയോ നാടകങ്ങൾ, കലാപരിപാടികൾ...ജീവിതം ശരിക്കും മാറിത്തുടങ്ങുകയായിരുന്നു. നാളുകൾ നീണ്ടു പോകെ വീണ്ടും പുതിയ നിയോഗം, റേഡിയോ ആർജെയുടെ രൂപത്തിൽ. അതൊരു നാഴികക്കല്ലായി ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയെന്ന പെരുമ ജീവിതം എനിക്കായി വച്ചു നീട്ടി.

ജീവിതം മാറിത്തുടങ്ങിയെന്ന് ബോധ്യപ്പെട്ടതു കൊണ്ടാകണം. പാതിവഴിക്ക് വഴുതിപ്പോയ സന്തോഷങ്ങൾ വീണ്ടും തിരികെ ജീവിതത്തിലേക്കെത്തി. ആട്ടിപ്പുറത്താക്കിയ വീട്ടുകാർ ആ വാതിലുകൾ വീണ്ടും എനിക്കായി തുറന്നു. പഴയ ദുരിതങ്ങളെ ബാലൻസ് ചെയ്യുന്നതിലുമപ്പുറമുള്ള സന്തോഷം ദൈവം എനിക്ക് തന്നു.

എണ്ണമറ്റ ടിവി ഷോകൾ, പരസ്യങ്ങൾ, അവാർഡുകൾ...ജീവിതം എനിക്ക് തന്ന സന്തോഷങ്ങൾക്ക് പരിധിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ലോകം മാറുകയാണ്...സമൂഹങ്ങൾ മാറി ചിന്തിക്കുകയാണ്. ആ മാറ്റത്തിന്റെ യാത്രയിലൊരു കണ്ണിയായി ഞാനുമുണ്ട്....ജീവിതത്തിൽ ഒന്നുമല്ലാതിരുന്ന എന്നെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും ഈ സന്തോഷങ്ങളാണ്.

ഇന്നെനിക്ക് ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയാനാകും, ഞാനൊരു ട്രാൻസ്ജെൻറാണ്. ഈ ലോകം എന്റേതു കൂടിയാണ്....