Saturday 14 November 2020 09:05 PM IST

5 വയസ്സില്‍ കേരളത്തില്‍ നിന്നു പോയി, പക്ഷേ മലയാളം മറന്നിട്ടില്ല! മനസ്സ് തുറന്ന് പ്രിയങ്ക രാധാകൃഷ്ണ്‍

Sujith P Nair

Sub Editor

priyanka-radhakrishnan

ശരിയെന്നു തോന്നുന്നത് ആര്‍ക്കു മുന്നിലും തുറന്നു പറയുന്നവരായിരുന്നു അമ്മയും മുത്തശ്ശിയും. അമ്മയാണ് ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റെന്നും ന്യൂസീലന്‍ഡില്‍ മന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന്‍. മറ്റുള്ളവര്‍ ചെയ്യുന്നതു പിന്തുടരാതെ സ്വന്തമായി ചിന്തിക്കൂ എന്ന അമ്മയുടെ ഉപദേശമാണ് മുന്നോട്ടുനയിച്ചതെന്നും പുതിയ ലക്കം 'വനിത'യ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക മനസ്സു തുറന്നു. 

ജനസേവനം ലക്ഷ്യമാക്കി എന്‍ജിഒയില്‍ പ്രവര്‍ത്തിച്ചു വരവെ ഇത്രയും ഉയര്‍ന്ന പദവിയില്‍ എത്താന്‍ കഴിയുമെന്നു കരുതിയില്ല. 2004ല്‍ ന്യൂസീലന്‍ഡില്‍ എത്തി 2 വര്‍ഷം കഴിഞ്ഞപ്പോള്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായി. ഗാര്‍ഹികപീഡനം നേരിടുന്ന സ്ത്രീകള്‍ക്കിടയിലും വിവേചനം നേരിടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നു  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ സൂചന നല്‍കിയിരുന്നെങ്കിലും മന്ത്രിസ്ഥാനം ആയിരിക്കും എന്നു കരുതിയില്ല. ഇന്ത്യക്കാര്‍ക്കു ഗുണകരമായ ഇളവുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. വിദ്യാര്‍ഥികള്‍ക്കു വീസ ഇളവു നല്‍കുന്നതു പരിഗണിക്കും. 5 വയസ്സില്‍ കേരളത്തില്‍ നിന്നു പോയെങ്കിലും വീട്ടില്‍ സംസാരിക്കുന്നതിനാല്‍ മലയാളം മറന്നിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. 

എല്ലാ കാര്യങ്ങളെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. ഗോത്രവര്‍ഗക്കാര്‍ക്കും സ്വവര്‍ഗാനുരാഗിക്കും ഇടം കിട്ടി. ന്യൂസീലന്‍ഡിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതായിരിക്കണം മന്ത്രിസഭയെന്ന് ജസിന്‍ഡയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.- പ്രിയങ്ക പറഞ്ഞു. 

മന്ത്രിസഭയില്‍ യുവജനക്ഷേമവും സാമൂഹിക വികസനവും ആണ് പ്രിയങ്ക കൈകാര്യം ചെയ്യുന്നത്. 8 വനിതകള്‍ മന്ത്രിസഭയിലുണ്ട്. 

എറണാകുളം വടക്കന്‍ പറവൂര്‍ മാടവനപ്പറമ്പ് ആര്‍. രാധാകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകളാണ് പ്രിയങ്ക (41). പഠനത്തിനായി ന്യൂസീലന്‍ഡിലെത്തിയ പ്രിയങ്ക 2017 ലാണ് ആദ്യം എംപിയായത്. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം 'വനിത'യില്‍ വായിക്കാം.