Monday 13 July 2020 03:55 PM IST : By സ്വന്തം ലേഖകൻ

‘മകള്‍ ബൈപോളാര്‍ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്; അക്കാര്യം മറച്ചുവച്ച് വിവാഹം നടത്തുന്നതില്‍ തെറ്റുണ്ടോ?’; ഒരമ്മയുടെ ചോദ്യത്തിനു മുന്നില്‍ പതറിപ്പോയ അനുഭവം പങ്കുവച്ച് കല

bibutrtr

വിവാഹം ഒരുപാട് പേരുടെ സ്വപ്‌നമാണ്. അത് ചിലപ്പോഴൊക്കെ സങ്കടത്തിലും കലാശിക്കാറുണ്ട്. വധുവിന്റെയും വരന്റെയോ വീട്ടുകാര്‍ ചില കാര്യങ്ങള്‍ മറച്ചുവച്ച് വിവാഹം നടത്തുന്നതാണ് പൊതുവെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറ്. അത്തരത്തില്‍ ഒരു അനുഭവത്തെ കുറിച്ച് കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കല എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം; 

മകള്‍ ബൈപോളാര്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതില്‍ തെറ്റുണ്ടോ... 

രോഗമുണ്ടെന്ന് പറഞ്ഞാല്‍ വിവാഹം നടക്കില്ല, മറച്ചുവച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ... നിസ്സഹായായ ഒരു അമ്മയുടെ ശബ്ദമാണ്.. എനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും.. പക്ഷെ, ഒറ്റയടിക്ക് ഒരു മറുപടി ഫോണില്‍ കൂടി നല്‍കാന്‍ വയ്യല്ലോ...

മാനസികമായി വല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് ഒരിക്കല്‍ അവള്‍ പോയതാണ്, പക്ഷെ, ജാതക പ്രകാരം ഇപ്പോള്‍ വിവാഹം കഴിഞ്ഞില്ല എങ്കില്‍ പിന്നെ പാടാണ്.. അവര്‍ വിക്കി.. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ വാക്കുകളുടെ ലോകം എനിക്ക് അന്യവും അപരിചിതവുമായി.. നിങ്ങളുടെ മകളെ ചികിത്സിക്കുന്ന സൈക്കിയാട്രിസ്റ്റ് ആരാണ്, അദ്ദേഹത്തോട് ചോദിക്കുക ആണ് നല്ലതെന്ന് ഒടുവില്‍ ഞാന്‍ പറഞ്ഞു.

എന്നോടെന്നല്ല, ഒരു സൈക്കോളജിസ്റ്റിനോടും സൈക്ക്യാട്രിസ്റ്റിനോടും ആ ചോദ്യം വേണ്ട എന്ന പക്ഷക്കാരിയാണ് ഞാന്‍.. പലരുടെയും ഒരു തെറ്റിദ്ധാരണയാണ്, ഒരു വിവാഹം കഴിച്ചാല്‍ രോഗമൊക്കെ അങ്ങ് മാറുമെന്ന്.. അതൊരു ശുദ്ധ അബദ്ധം ആണ്. തീര്‍ച്ചയായും വിവാഹം എന്നത് സാധാരണ ഒരു വ്യക്തിയെ പോലെ ബൈപോളാര്‍ അസുഖം ഉള്ള ഇവര്‍ക്കും ആകാം.. പങ്കാളി സഹകരിക്കാന്‍ ഒരുക്കമാണെങ്കില്‍. രോഗം മാറ്റാന്‍ ഉള്ള ഉപായം ആകരുത് എന്നേയുള്ളൂ..

രോഗം മറച്ചു വച്ചു വിവാഹം കഴിക്കുന്നതാണ് അപകടം.. രോഗിയില്‍ പെട്ടന്ന് അതുവരെ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്നൊരു പറിച്ചു നടലും മരുന്നുകള്‍ മുടങ്ങുകയും ചെയ്താല്‍ രോഗം മൂര്ച്ഛിയ്ക്കും. രോഗത്തെ കുറിച്ച് ബോധവാനായ വ്യക്തിയാണെങ്കില്‍ മരുന്നുകള്‍ സ്വന്തമായി എടുക്കാന്‍ പറ്റും.. അങ്ങനെയും വ്യക്തികള്‍ ഉണ്ട്.. പങ്കാളിയെ അറിയിക്കാതെ ഉള്ള ജീവിതം കഠിനമാകും. ഓരോ തരത്തിലും പ്രശ്‌നം ഉണ്ടായേക്കാം.. 

ബൈപോളാര്‍ രോഗാവസ്ഥയില്‍ ലൈംഗികമായ പെരുമാറ്റങ്ങളില്‍ പോലും പ്രശ്‌നങ്ങള്‍ പ്രകടമാക്കാറുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് വിവാഹം കഴിക്കുന്ന ആളിനെ കൂടെ ഇരുത്തി വിവാഹത്തിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടര്‍ ഒരു വിശദീകരണം നല്‍കുന്നത് നല്ലതാണ്. അടുത്ത തലമുറയിലേക്ക് ഈ രോഗം വരാന്‍ സാധ്യത ഉണ്ടോ എന്നൊരു സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. അങ്ങനെ നിര്‍ബന്ധമില്ല. ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു ആകണമെന്നുള്ളത് പ്രധാനമാണ്...

ഡോക്ടര്‍ക്കു അസുഖത്തെ കുറിച്ചുള്ള വിശദീകരണം നല്‍ക്കാമെന്നല്ലാതെ വിവാഹം കഴിക്കണമെന്നോ അരുതെന്നോ പറയാന്‍ പറ്റില്ല.. അതു രണ്ടു കുടുംബക്കാര്‍ അല്ലേല്‍ ചെറുക്കനും പെണ്ണും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം ആണ്. രോഗം എന്താണെന്നും മരുന്നുകള്‍ എങ്ങനെ എടുക്കണമെന്നും രോഗലക്ഷണങ്ങള്‍ എങ്ങനെ എന്നും ഒക്കെ കൃത്യമായി ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്ത ശേഷം അവര്‍ തീരുമാനിക്കണം.

ഒരുപാട് ബൈപോളാര്‍ രോഗികളായ വ്യക്തികള്‍, സ്വന്തം പരിശ്രമത്തില്‍, കുടുംബത്തിന്റെ പിന്തുണയില്‍, ഔദ്യോഗിക മേഖലയില്‍ വിജയം നേടി പോലും ഡോക്ടറുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്.

Tags:
  • Spotlight
  • Social Media Viral