Saturday 23 November 2019 11:38 AM IST

നിലവിട്ട് കരയും, കോപാക്രാന്തരാകും; സൈക്കോപാത്ത് യഥാർഥത്തിൽ ഹീറോയല്ല! എങ്ങിനെ ഇവരെ തിരിച്ചറിയാം?

Tency Jacob

Sub Editor

joker

ഒരു സൈക്കോപാത്തിനെ എങ്ങിനെ തിരിച്ചറിയാം? പ്രശ്സ്ത സൈക്യാട്രിസ്റ്റും സീനിയർ കൺസൽറ്റന്റുമായ ഡോ. സി ജെ ജോൺ പറയുന്നു...

അധികാരവും പണവും സ്വത്തും ഇഷ്ടപ്പെട്ട പുരുഷനെയും സ്വന്തമാക്കാൻ അവൾ നിശ്ശബ്ദമായി കൊന്നൊടുക്കിയത് ആറു ജീവനുകളാണ്. സ്വന്തം ഭർത്താവും വീട്ടിൽ കൊഞ്ചികിലുങ്ങി ഓടിനടന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു രണ്ടു വയസ്സുകാരിയും  ഇരകളിലുൾപ്പെടും. മരണത്തിൽ സംശയത്തിന്റെ ഒരു ചെറുതരി പോലും ആരിലുമുണരാതിരിക്കാൻ അവർ പ്രത്യേക കരുതലെടുത്തിരുന്നു. എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അവർ. കോഴിക്കോട് എൻഐഐടിയിൽ ഗസ്റ്റ് ലക്ചററാണെന്ന്, പതിനേഴു വർഷം ഒരു നാടിനെയും ബന്ധുക്കളെയും മാത്രമല്ല, മക്കളെ പോലും വിശ്വസിപ്പിക്കാനായി എന്നതാണവരുടെ മിടുക്ക്.  ബ്രില്യന്റായ ഒരു സൈക്കോപാത്ത്!’കൂടത്തായി കേസിനെക്കുറിച്ച് വിശദമായി പഠിച്ചവർ അങ്ങനെയാണ് ജോളിയെ വിശേഷിപ്പിച്ചത്.

പക്ഷേ, മാനസിക വിദഗ്ദരുടെ രോഗനിർണയപ്പട്ടികയിൽ സൈക്കോപാത് എന്നൊരു അവസ്ഥ കാണാനാകില്ല. കുറെയധികം പെരുമാറ്റ വൈകല്യങ്ങളുടെ(Antisocial Personality Disorder) ഒരു കൂട്ടമാണ് അത്. ഒരു വ്യക്തി ജനിക്കുമ്പോഴേ സൈക്കോപാത് ആകണമെന്നില്ല.  കുറഞ്ഞ ശതമാനം ആളുകൾ  ജനിതക തകരാറുകൾ കൊണ്ടും പാരമ്പര്യഘടകം കൊണ്ടും ഇത്തരം പെരുമാറ്റ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. എങ്കിലും,  കൂടുതൽ പേരെയും ഇത്തരം മാനസികാവസ്ഥയിലേക്ക് നയിക്കുന്നത് അവർ ജീവിച്ചു വളരുന്ന സാഹചര്യങ്ങളായിരിക്കും.

മാതാപിതാക്കളുടെ വഴക്കുകൾ, അമിതമായ മദ്യപാനം, സ്നേഹശൂന്യമായ പെരുമാറ്റം, അവഗണന, മോശം സാഹചര്യങ്ങളിൽ വളരേണ്ടി വരുന്നത്, വിവാഹമോചനം നേടിയ മാതാപിതാക്കൾ, അനാഥാലായങ്ങളിലും മറ്റും പെരുമാറ്റ വൈകല്യമുള്ള കുട്ടികളുടെ കൂടെ വളരേണ്ടി വരിക, ചെറുപ്പത്തിൽ പീഡനത്തിന് ഇരയാകുക... എന്നിങ്ങനെ ഒരുപാടു സാഹചര്യങ്ങൾ സൈക്കോപാത്തുകളെ സൃഷ്ടിക്കുന്നുണ്ട്്. ലക്ഷണങ്ങൾ കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞാൽ ശരിയായ ഇടപെടലിലൂടെ പരിഹരിക്കാൻ പറ്റും.  മുതിർന്നു കഴിഞ്ഞാൽ ഈ പ്രശ്നം തിരിച്ചറിഞ്ഞാലും പരിഹരിക്കുക എളുപ്പമല്ല.

അലിയാത്ത ശിലപോലെ മനസ്സ്

മുറിവേറ്റവന്റെ കൈപിടിക്കാതെയും മറ്റുള്ളവരുടെ സങ്കടത്തിൽ ഉള്ളുലയ്ക്കാതെയും കടന്നുപോകാൻ ഒരു മനുഷ്യനെങ്ങിനെ കഴിയും? ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് ഈ ചേർത്തുപിടിക്കലും ഏറ്റെടുക്കലുമാണ്. എന്നാൽ,  സൈക്കോപാത്തുകളുടെ ഏറ്റവും വലിയ ലക്ഷണമായി പറയുന്നത് സഹജീവികളോടുള്ള അനുതാപമില്ലായ്മയാണ്. മറ്റൊരാളുടെ സങ്കടമോ വിഷമാവസ്ഥകളോ അവരിലൊരു ചലനവുമുണ്ടാക്കില്ല. താൻ ആഗ്രഹിച്ചത് നേടാൻ അല്ലെങ്കിൽ നടപ്പിലാക്കാൻ ഏതു വഴിയും അവർ സ്വീകരിക്കും. ഒരാളെ കൊല്ലണമെങ്കില്‍ അതു പോലും. മനുഷ്യനോടു മാത്രമല്ല, മൃഗങ്ങളോടും ഇതേ നിലപാടായിരിക്കും. ക്രൂരമായി വേദനിപ്പിക്കുന്നതിൽ ആന്ദം കണ്ടെത്തും.

stock-photo-psychotherapis-copy

എല്ലാ സൈക്കോപാത്തുകളും കൊലപാതകങ്ങളിലേക്കു നീങ്ങണമെന്നില്ല. പുറമേക്ക് മാന്യതയുടെ മൂടുപടമണിഞ്ഞ്, ജീവിച്ച് വീട്ടിലുള്ളവരുടെ മുന്നിൽ എല്ലാ വന്യതയും പുറത്തെടുക്കുന്ന എത്രയോ പേർ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.

ആ തേൻ പുരട്ടിയ വാക്കുകൾ കേട്ടാൽ

വശ്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ആളുകൾ പെട്ടെന്ന് ഇവരോട് കൂട്ടുകൂടുമെങ്കിലും,  അടുത്ത് ഇടപെട്ടു കഴിയുമ്പോൾ ‘ഇയാൾ ശരിയല്ലല്ലോ’ എന്നൊരു തോന്നൽ വരും.‘എവിടെയോ എന്തോ പ്രശ്നമുണ്ടല്ലോ’ എന്ന് ഉള്ളിലിരുന്നാരോ പറയുന്ന പോലെ. പേരറിയാത്ത ഒരു അനിഷ്ടം ഇടയിൽ വറ്റാതെ കിടക്കും. സാധാരണ ഒരു വ്യക്തിക്ക് ഇത്തരക്കാരോടുള്ള ഇടപെടലിൽ ആദ്യം തോന്നിയ ഊഷ്മളത പതിയെ കുറഞ്ഞു വരുന്നതു കാണാം. പൊള്ളയായ പെരുമാറ്റങ്ങൾ (Shallow Imotions)ക്കുടമയാണവർ. പുറമേക്ക് ‘നല്ല കുട്ടി’ എന്ന ഇമേജുണ്ടായിരിക്കാൻ  പരമാവധി ഇവർ ശ്രമിച്ചു കൊണ്ടിരിക്കും. എങ്കിലും യഥാർഥ മനോഭാവം എപ്പോഴെങ്കിലും പുറത്തു വരിക തന്നെ ചെയ്യും.

അതിരില്ലാത്ത പ്രണയമാണ്, തന്നോടുതന്നെ

ജലാശയത്തിൽ സ്വന്തം മുഖം നോക്കി അഭിരമിച്ചിരുന്ന ഗ്രീക്ക് മിത്തോളജിയിലെ നാർസിസസിനെ പോലെയാണ് പല സൈക്കോപാത്തുകളും. അവനവനോടു ഭയങ്കര പ്രണയമായിരിക്കും. മുഖം മിനുക്കാൻ മണിക്കൂറുകൾ ചെലവിടുന്നതും കണ്ണാടിയിൽ നോക്കുന്നതും മാത്രമല്ല നാർസിസ്റ്റിക് മനോഭാവം. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാൻ  ബോധപൂർവംശ്രമിക്കുന്നതും, അതിനു നേരല്ലാത്ത വഴികൾ തിരഞ്ഞെടുക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർട്ടികളിലും സോഷ്യൽ മീഡിയയിലും താൻ വലിയ സംഭവമാണെന്നു പറയുന്ന ആണുങ്ങൾ ജാഗ്രതൈ! സെക്കോപാത് അങ്ങനെയാണ്. സ്വയം പൊക്കി പറയുക, ഉള്ളതും ഇല്ലാത്തതുമായ നേട്ടങ്ങൾ വിളിച്ചു കൂവുക എന്നിവ മാത്രമല്ല ബാക്കിയെല്ലാവരും തനിക്കു താഴെയാണെന്നു കൂടി പറഞ്ഞു വയ്ക്കും ഇവർ. തന്നോടു തന്നെ ഗാഢ സ്നേഹത്തിലാവുമ്പോഴും മറ്റുള്ളവരോട് അങ്ങനെയായിരിക്കുകയുമില്ല.

ജൈവപരമായി സ്ത്രീയും പുരുഷനുമായുള്ള വ്യത്യാസങ്ങൾ അവരുടെ ബാഹ്യ സ്വഭാവങ്ങളിലും കാണാം. പുരുഷന്റെ ഹോർമോൺ ടെസ്റ്റോസ്റ്റിറോൺ ആണ്. അതിന്റെ അളവ് കൂടിയിരിക്കുന്നതുകൊണ്ടുതന്നെ അവർക്ക് അക്രമവാസന കൂടുതലാകാം. മറ്റുള്ളവരുമായി അടിപിടിയുണ്ടാക്കലും ആയുധമെടുത്തുള്ള ഉപദ്രവിക്കലുമൊക്കെ സാധാരണമായിരിക്കും. സ്ത്രീ ഹോര്‍മോണുകൾ ഈസ്ട്രജനും പ്രൊജസ്റ്ററോണുമാണ്. ഗോസിപ്പുകൾ പ്രചരിപ്പിക്കുക, ഞാനിപ്പോ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞുള്ള ഭീഷണി, സാമ്പത്തിക തിരിമറികൾ എന്നിങ്ങനെ നോൺ വയലന്റ് ക്രൈമാണ് സ്ത്രീകൾ കൂടുതലും ചെയ്തു കണ്ടിട്ടുള്ളത്.

ആരുപറഞ്ഞു, ഇതെല്ലാം തെറ്റാണെന്ന്

പണം, പ്രശസ്തി, അധികാരം ഇവ കൈക്കലാക്കാൻ എന്തു കുറ്റകൃത്യങ്ങൾ ചെയ്യാനും മടിയില്ലാത്തവരാണിവർ. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നു പറയുന്നതു പോലെ,  ഒരാളുടെ ജീവനെടുത്തിട്ടാണ് കാര്യം നേടേണ്ടതെങ്കിൽ അതു ചെയ്യുന്നതിൽ മടിയൊന്നും കാണിക്കില്ല.ധാർമികതയെയും സാമൂഹ്യമൂല്യങ്ങളെയും നിയമങ്ങളെയും കാറ്റിൽ പറത്തിയായിരിക്കും ഇവരുടെ ജീവിതം.

joker-movie-1280x720

കുറ്റബോധമില്ലായ്മ സൈക്കോപാത്തുകളുടെ പ്രധാനലക്ഷണമാണ്. അതുകൊണ്ടുതന്നെ, പലവട്ടം പിടിക്കപ്പെട്ടാലും അവർ തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. കുറച്ചു നാൾ മുൻപ് കേരളത്തെ പിടിച്ചു കുലുക്കിയ ഒരു സാമ്പത്തിക ഇടപാടു കേസിലെ പ്രതിയായ സ്ത്രീ യാതൊരു പശ്ചാത്താപവുമില്ലാതെ താൻ ഉപയോഗിച്ച പുരുഷന്മാരുടെ എണ്ണം പറയുന്നുണ്ടായിരുന്നു. ‘കാര്യം നടക്കാനായി അന്യനായ ഒരാളുടെ കൂടെ കിടക്കണം എന്നു വന്നാൽ,  അതുകൊണ്ട് എന്താ കുഴപ്പം?’ എന്നു കൂസലില്ലാതെ ചോദിച്ചു കളയും അവർ. പിടി ക്കപ്പെട്ടാലും തരിമ്പും കുറ്റബോധമില്ലാതെ, എതിർത്തു നിൽക്കാതെ, കൂസലില്ലാതെ കുറ്റം സമ്മതിച്ചു കളയും.

നിലവിട്ട് കരയും, കോപാക്രാന്തരാകും...

വികാരങ്ങളെ നിയന്ത്രിക്കാൻ ഇവർക്കു സാധിക്കില്ല. ഈ നിമിഷം എന്താണ് തോന്നുന്നത്, അതു അപ്പോൾ തന്നെ പ്രവർത്തിക്കുന്ന പെരുമാറ്റ വൈകല്യത്തിനുടമകളായിരിക്കും. തന്റെ പ്രവൃത്തി കൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് രണ്ടാമതൊരു ചിന്തയുണ്ടാവില്ല. ദേഷ്യം വരുമ്പോൾ സാധനങ്ങൾ വലിച്ചെറിയുന്ന, കുട്ടികളെ എടുത്തിട്ടടിക്കുന്ന, ആയുധങ്ങൾ കൊണ്ട് മുറിവേൽപിക്കുന്ന, സ്വയം പരുക്കേൽപിക്കുന്ന ആളുകളായിരിക്കും ഇവർ.

സ്ത്രീകളാണെങ്കിൽ അവിഹിത ബന്ധങ്ങളിൽ െചന്നുചാടും. മൂല്യങ്ങളിൽ വിശ്വസിക്കാത്തതുകൊണ്ടുതന്നെ ഒരേസമയം ഒന്നിലധികം രഹസ്യബന്ധങ്ങൾ കൊണ്ടുപോകാൻ അസാമാന്യ മിടുക്കരായിരിക്കും.പല വിവാഹബന്ധങ്ങളിലേർപ്പെടാനും ഇവർക്കു സങ്കോചമുണ്ടാകില്ല. ലൈംഗിക വികാരങ്ങളെ നിയന്ത്രിക്കാൻ ഇവരിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും കഴിയണമെന്നില്ല. അതിൽ തന്നെ വൈകൃതങ്ങൾ കാണിക്കുന്നവരുണ്ടാകും.

ചെറിയ കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സൈക്കോപാത്തുകളുമുണ്ട്. സാഹസിക കാര്യങ്ങൾ ചെയ്യാനും ഇക്കൂട്ടർ ആവേശം കാണിക്കും.  

ഒന്നും ഞാനല്ല; നിങ്ങൾ കാരണമാണ്

നുണ പറയുക ഇവരുടെ ശീലമാണ്. വിശ്വസനീയമായ നുണകൾ സൃഷ്ടിക്കുക, അതു ശരിയാണെന്നു മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളും. എന്തെങ്കിലും സംശയം തോന്നി  ആരെങ്കിലും ചോദിക്കാനൊരുങ്ങുമ്പോഴേക്കും അതിനുള്ള ഉത്തരം അവരുടെ നാവിൽ റെഡിയായിരിക്കും. അത്രയ്ക്കു ബ്രില്യന്റായാണ് അവർ കള്ളങ്ങൾ മെനയുക. ഏതെങ്കിലും ഘട്ടത്തിൽ പിടിക്കപ്പെടുമെന്നാകുമ്പോൾ മറ്റുള്ളവരുടെ മേലേക്ക് കുറ്റം ചാരാനും ഇവർക്ക് മടിയുണ്ടാകില്ല. നുണകൾ പിടിക്കപ്പെട്ടാലും ചമ്മലോ കുറ്റബോധമോ പ്രകടിപ്പിക്കുകയുമില്ല.

ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാനോ ഏറ്റെടുക്കാനോ ഇവർക്കൊരിക്കലും സാധിക്കില്ല. ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ ചെറുപ്പത്തിലേ ഇവരിൽ പ്രകടമായിരിക്കും. നിസ്സാരമെന്നു കരുതി അവഗണിക്കുന്ന ലക്ഷണങ്ങളാണ് പിന്നീട് ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാവുന്നത്.

എന്റെ വഴി വന്നേപറ്റൂ..

ഇത്തിൾക്കണ്ണികളുടേതു പോലെയുള്ള(Parasitic Lifestyle)ജീവിതശൈലിയായിരിക്കും ഇവർ പിന്തുടരുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ ആശ്രയിക്കും. അതുപോലെ സ്വന്തം കാര്യം നടക്കാൻ വേണ്ടി മറ്റുള്ളവരുടെ മനസ്സിൽ ആശയക്കുഴപ്പം ഉണ്ടാക്കി കാര്യങ്ങളെ തനിക്കനുകൂലമായി തിരിച്ചെടുക്കാനുള്ള കഴിവ് നന്നായുണ്ടാകും ഇവർക്ക്. പണം കൊടുത്തോ, സ്വന്തം ശരീരം കാഴ്ച വച്ചോ അവനവന്റെ ആവശ്യത്തിനനുസരിച്ച് ആളുകളെ എങ്ങനെയും വശത്താക്കും. ഇവരുടെ കരച്ചിലും മറ്റും ഒരുതരം വലയിട്ടു പിടിക്കലാണ്. ഉന്നതരായ ആളുകളുമായേ ഇവർ ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയുള്ളൂ എന്നത് വേറെ കാര്യം.

അപകടമാണ്, ആ സൈലൻസും വയലൻസും

മൃഗീയമായി വയലൻസ് ചെയ്യാനും  തീർത്തും സൈലന്റായി ഒരാളെ കൊല്ലാനും ഇവർക്കു കഴിയും. ഇവരിൽ എല്ലാവരും ക്രിമിനൽ ആകണമെന്നില്ല. എന്നാൽ ക്രിമിനൽ ആയിട്ടുള്ളവരിൽ സൈക്കോപാത്തുകളുണ്ടാവാം.

cropped-Shammi

ഇവരെ തിരിച്ചറിയുക, നിയമത്തിനു മുന്നിൽ ചൂണ്ടി കാണിക്കണമെങ്കിൽ അതു ചെയ്യുക എന്നുള്ളതാണ് പരിഹാരം. ഒരു സൈക്കോപാത്തിന്റെ കൂടെയുള്ള ജീവിതം വളരെ ദുസ്സഹമാണ്. മാന്യമായ മുഖംമൂടിയണിഞ്ഞ, യാതൊരു വൈകാരികബന്ധവും സൂക്ഷിക്കാതെ, സ്നേഹം കാണിക്കാതെ ,ചെയ്യുന്ന അക്രമങ്ങൾക്ക് കുറ്റബോധം പ്രകടിപ്പിക്കാത്ത ഒരാളുടെ കൂടെ കഴിയേണ്ടി വരുന്ന ഒരു ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ അവസ്ഥ തീർച്ചയായും ഭയാനകമായ ഒന്നായിരിക്കും.

ഹീറോയാവുന്ന വില്ലൻ

ലോകത്തില‍്‍ ഇത്രയധികം ആരാധകരുള്ള വില്ലൻ കഥാപാത്രമില്ല. താനടക്കമുള്ള സമൂഹമാണ് ഒരു വ്യക്തിയെ സൈക്കോപാത് ആക്കി മാറ്റുന്നതെന്നാണ് ഹോളിവുഡ് സിനിമ ‘ജോക്കർ’ പറഞ്ഞു വയ്ക്കുന്നത്. മനോരോഗിയായ അമ്മയുടെ ശിക്ഷണത്തിൽ കൊടിയ മർദനം ഏറ്റുവാങ്ങിയാണ് ആർതർ ഫ്ലെക് എന്ന കുട്ടി വളർന്നു വരുന്നത്. അവൻ വലുതായപ്പോൾ ജീവിക്കാൻ വേണ്ടി ജോക്കർ വേഷം കെട്ടുന്നു. എവിടെയും പരാജയപ്പെടുന്ന, എ ല്ലാവരാലും ചവിട്ടിതാഴ്ത്തപ്പെടുന്ന മനുഷ്യൻ. നൈമിഷികമായ പ്രേരണ കൊണ്ട് അയാൾ ഒരുപാടു പേരെ കൊല്ലുന്നു. എങ്കിലും കാണികൾക്ക് അയാളോട് സഹതാപം തോന്നുന്നു എന്നതാണ് സിനിമയുടെ മാജിക്.

ഷമ്മി ഹീറോയാണോ?

കുടുംബം നന്നായി നോക്കുന്ന, ദുശ്ശീലങ്ങളൊന്നുമില്ലാത്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ ഷമ്മിക്കെന്താ കുഴപ്പം? സോഷ്യൽമീഡിയയിലെ ഒരു ചോദ്യമായിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധ തന്നിൽ പതിയുമെന്നുറപ്പിക്കാൻ എപ്പോഴും കണ്ണാടി നോക്കുന്ന, തരം കിട്ടുമ്പോൾ അയൽവക്കത്തെ കിടപ്പുമുറിയിലേക്കു കണ്ണെറിയുന്ന, മറ്റുള്ളവരോട് ഓവർ കെയറിങ്ങുള്ള ഷമ്മിയിലുമുണ്ട് സൈക്കോപതിയുടെ ചില സൂചനകൾ.

ചെയ്യുന്ന ക്രൂരകൃത്യങ്ങളോടു യാതൊരു വിധത്തിലും കുറ്റബോധം പ്രകടിപ്പിക്കാത്ത ശൈലിയാണ് അയാൾക്കുള്ളത്. മറ്റുള്ളവരുടെ മുൻപിൽ പെർഫക്ടാകുമ്പോഴും അയാളുടെ ഭാര്യയ്ക്കു മാത്രം എന്തോ വശപിശക് തോന്നുന്നുണ്ട്. അവസാനത്തെ അടിപിടിയിൽ ഷമ്മിയിലെ മനോരോഗിയെ തിരിച്ചറിയാനായില്ലെങ്കിൽ കൂടെ ജീവിക്കേണ്ടി വരുന്ന ഭാര്യയുടെ അവസ്ഥ തീർത്തും ഭീകരമായേനേ.  

കുട്ടികള‍ിൽ മാറ്റംവരുത്താനാകും

തെറ്റു ചെയ്തതിന് തല്ലുമ്പോഴോ  കുറ്റപ്പെടുത്തുമ്പോഴോ കല്ലുപോലെ നിൽക്കുന്നുണ്ടോ കുട്ടികൾ? തെറ്റു മനസ്സിലായിട്ടും ‘സോറി’ എന്ന വാക്ക് ഉച്ചരിക്കാൻ അവർ കൂട്ടാക്കാതിരിക്കുന്നുണ്ടോ? ഇതെല്ലാം ചില വാണിങ് സൈനുകളാണ്.

കഠിനമായി ശിക്ഷിക്കരുത്

ശിക്ഷകൾ ഇവരിൽ ഒരു മാറ്റവും കൊണ്ടുവരില്ല. തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. കുട്ടികൾ പൂച്ചയുടെ വാലിൽ പിടിച്ച് ചുഴറ്റിയെറിയുന്നത് വെറുമൊരു വികൃതിയല്ല എന്നോർക്കുക. മറ്റുള്ള കുട്ടികളെ അടിക്കുക, ഇടിക്കുക എന്നിങ്ങനെ ആക്രമിക്കുന്ന സ്വഭാവം പതിവായുണ്ടെങ്കിൽ അതൊരു അപായ സൂചനയാണ്. ബാറ്റ്, ഇഷ്ടിക എന്നിവയൊക്കെ വച്ച് കുട്ടികളെ വിരട്ടുന്നതുപോലും ഭാവിയിലെ ക്രിമിനലിലേക്കുള്ള ചൂണ്ടുപലകയാണ്. പെട്ടെന്നു ദേഷ്യപ്പെടുക, കോപം വരുമ്പോൾ ഓരോന്ന് എറിഞ്ഞുടയ്ക്കുക എന്നീ സ്വഭാവങ്ങളും ശ്രദ്ധിക്കണം. മറ്റു പല കാര്യങ്ങളിലും സ്മാർട്ടായിരിക്കുമെങ്കിലും പെരുമാറ്റ വൈകല്യം കൊണ്ട് വല്ലാതെ പ്രശ്നമുണ്ടാക്കും.

stock-photo--silhouette-of-sad-woman-s-head-with-waving-hair-holding-a-knife-concept-kill-1414341050

മോഷണം സൂക്ഷിക്കുക

കൂട്ടുകാരുടെയോ ഹോസ്റ്റലിലുള്ളവരുടെയോ അല്ലെങ്കിൽ കടകളിൽ നിന്നോ പണമോ സ്വർണമോ സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി ഇവർ  മോഷ്ടിക്കുന്നത് പൊതുവായി കണ്ടുവരാറുണ്ട്. ലൈംഗിക അതിക്രമങ്ങൾ, നുണ പറയുക, നിയമങ്ങൾ ലംഘിക്കുക, അനുസരണയില്ലാതിരിക്കുക, ഇടയ്ക്കിടെ വീട്ടിൽ നിന്ന് ഒളിച്ചോടുക, പ്രായത്തിൽ മുതിർന്ന കുട്ടികളുമായിട്ടുള്ള കൂട്ടുകെട്ടുകൾ, ലഹരിക്കടിപ്പെടുക ഇതെല്ലാം ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്നാൽ, പെൺകുട്ടികളുടെയിടയിൽ ഈ ലക്ഷണങ്ങൾ മുഴുവൻ പ്രകടമാവണമെന്നില്ല.

സ്നേഹത്തോടെ കൂടെ നിൽക്കുക

ഇടയ്ക്കു മാത്രമുണ്ടാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും സൈക്കോപാത്തിന്റെ ലക്ഷണങ്ങളല്ല. മറിച്ച് ഇതൊരു പാറ്റേൺ പോലെ ഇടയ്ക്കിടെ ആവർത്തിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടതും പരിഹാരം തേടേണ്ടതും.

പ്രശ്നം കണ്ടെത്തിയാൽ മറച്ചു വയ്ക്കാതെ, നാണക്കേടു വിചാരിക്കാതെ മനോരോഗവിദഗ്ദനെ കാണിക്കുക. ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ മുടങ്ങാതെ ചെയ്യുക അത്യാവശ്യമാണ്. ക്ലാസിൽ പോകില്ല, ആത്മഹത്യ ചെയ്യും, വീട്ടിലുള്ള സാധനങ്ങൾ നശിപ്പിക്കുമെന്നെല്ലാം കുട്ടി ഭീഷണിപ്പെടുത്തിയെന്നു വരാം. ഭയപ്പെടാതെ ഉറച്ചു നിന്നു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുക. ‘‘ ഈ പെരുമാറ്റം എനിക്കൊന്നും നേടിത്തരില്ല’’ എന്നു കുട്ടിക്ക് മനസ്സിലാകണം. ഡോക്ടറുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ മാതാപിതാക്കളും സഹായിക്കേണ്ടി വരും.

നമ്മളും മാറണം

ചികിത്സ സ്വീകരിക്കുമ്പോഴും മിക്കപ്പോഴും വീടുകളിൽ കുട്ടികൾ ഇങ്ങനെയാകാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടാകും. നല്ല കാര്യം ചെയ്യുമ്പോൾ യാതൊരു പ്രോത്സാഹനവും കൊടുക്കാതെ  കുറ്റങ്ങൾ ചെയ്യുമ്പോൾ കഠിനമായി ശിക്ഷിക്കുന്ന രീതി ഉണ്ടെങ്കിൽ അതിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. സ്നേഹശൂന്യമായ പെരുമാറ്റം അവസാനിപ്പിച്ചാലെ മാറ്റങ്ങളുണ്ടാകൂ.

ശരിയായ ഇടപെടലുകളില്ലാതെ കുട്ടികൾ വളർന്ന് കൗമാരമെത്തിയാൽ പിന്നെ മാറ്റിയെടുക്കാൻ പ്രയാസമാണ്. അനുതാപത്തോടെയുള്ള പെരുമാറ്റം, അവർക്കുണ്ടാവുന്ന പ്രശ്നങ്ങളിൽ വൈഭവപൂർവം ഇടപെട്ട് അത് പരിഹരിക്കാൻ സഹായിക്കുക... എന്നിങ്ങനെ കാര്യങ്ങൾ ചെയ്താൽ കുറേ വ്യത്യാസങ്ങൾ വരുത്താൻ കഴിയും.

കുടുംബാംഗങ്ങൾക്കു മാത്രം മനസ്സിലാകുന്ന തരത്തിൽ വളരെ സമർഥമായി, നല്ല വ്യക്തിത്വത്തിന്റെ മുഖംമൂടിയിട്ട് സമൂഹത്തിൽ ശോഭിച്ചു കഴിയുന്ന ഏറെപ്പേരുണ്ടാകും. ചില ദുർബല വേളകളിൽ അത് മറ നീക്കി പുറത്തു വരികയും പിടിയിലാകുകയും ചെയ്യും. ഒടുവിൽ ഒരു വാക്കു കൂടി, ജോളിമാരെ സൃഷ്ടിക്കുന്നത് ജീനുകളും സാഹചര്യങ്ങളും മാത്രമല്ല,ജാഗ്രത പുലർത്താത്ത ഒരു സമൂഹം കൂടിയാണ്.   

Tags:
  • Spotlight
  • Vanitha Exclusive