Friday 24 December 2021 11:19 AM IST : By സ്വന്തം ലേഖകൻ

മരണത്തിന്റെ തണുപ്പിലുറങ്ങി പി.ടി, ചുംബിച്ച് കൊതിതീരാതെ ഉമയും മകളും: അകമ്പടിയിൽ ചന്ദ്രകളഭം: നോവോർമ

pt-death

ചില്ല് കൂട്ടിൽ ഉറങ്ങുമ്പോഴും പി.ടിയുടെ മുഖം പ്രസന്നമായിരുന്നു. സൗമ്യതയുടെ നേർരൂപമായി മലയാളക്കര കണ്ട നേതാവ് മരണത്തിന്റെ തണുപ്പിലേക്ക് വഴുതി വീണിട്ടും ഉറങ്ങുകയാണെന്ന് തോന്നിച്ചു. ഓർമിക്കാൻ ഒരായിരം നിമിഷങ്ങൾ ബാക്കിയാക്കിയ നേതാവിന് അന്ത്യയാത്ര ചൊല്ലാൻ ഒരുങ്ങുമ്പോഴേക്കും അവിടം കണ്ണീർ കടലായി. മൃതദേഹം ശ്മശാനത്തിൽ എത്തിയപ്പോൾ അവസാന ചുംബനം നൽകിയ ഭാര്യയുടെയും മക്കളുടെയും മുഖം നെഞ്ചുനീറുന്ന വേദനയോടെയാണ് മലയാളി കണ്ടിരുന്നത്. ആ നെഞ്ചിൽ തല ചേർത്തുവച്ച് പ്രിയപ്പെട്ടവന് ഉമ അവസാന ചുംബനം നൽകിയപ്പോൾ ചുറ്റും കൂടി നിന്നവർ കണ്ണീർ പൊഴിച്ചു. പിന്നാലെ മക്കളും ബന്ധുക്കളും അദ്ദേഹത്തിന് ചുംബനം നൽകി. പി.ടിയുടെ പ്രണയകഥ അറിയുന്ന ഏതൊരാളെയും െകാളുത്തി വലിക്കുന്ന കാഴ്ചയ കൂടി ആയി ഇത്.

മൃതദേഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.

തൊടുപുഴയിൽ നിന്നും (1991, 2001) തൃക്കാക്കരയിൽ നിന്നും (2016, 2021) രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയിൽ നിന്ന് ഒരുതവണ (2009) ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററും എംഡിയുമായിരുന്നു.