Wednesday 22 December 2021 04:46 PM IST : By സ്വന്തം ലേഖകൻ

‘ചന്ദ്രകളഭം കേട്ടുറങ്ങണം, ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്കരികിൽ വയ്ക്കണം’: മരണം മുന്നിൽകണ്ടു പി.ടി: അന്ത്യാഭിലാഷം

pt-thomas-741

സമരമുഖങ്ങളിലും സഭയിലും തീജ്വാലയായി നിന്ന പി.ടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. രാഷ്ട്രീയകേരളത്തിന് ഓർക്കാൻ ഒത്തിരി നിമിഷങ്ങള്‍ നൽകിയ നേതാവ് മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ അചഞ്ചലമായ ആ ജീവിതവും ചില തീരുമാനങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

നിലപാട് എന്ന വാക്കിന്‍റെ നേരര്‍ഥമായിരുന്നു പി.ടി എന്ന രണ്ടക്ഷരം. കെഎസ്|യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലും തൃക്കാക്കരയില്‍ നിന്ന് രണ്ടു തവണ നിയമസഭയിലുമെത്തി.  ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കാതെ നടപ്പാക്കണമെന്ന നിലപാടിനെതിരെ സഭയും മലയോര കര്‍ഷകസംഘടനകളും സ്വന്തംപാര്‍ട്ടിയും വരെ എതിര്‍നിന്നപ്പോഴും പിന്നോട്ട് പോയില്ലെന്നത് പി.ടിയെ ചരിത്രത്തില്‍ വേറിട്ട് അടയാളപ്പെടുത്തും.

തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കാലേക്കൂട്ടി പറഞ്ഞുവച്ച പി.ടി ആ ചടുലമായ തീരുമാനങ്ങളുടെ പേരിലും എക്കാലവും ഓർമിക്കപ്പെടും. വിശ്വസ്ത സുഹൃത്തും  കോൺ​ഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തി സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നി‍ർദേശം പിടി തോമസ് നൽകിയത്. കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം തന്നെ സംസ്കരിക്കാനെന്ന് പിടി നേരത്തെ രഹസ്യമായി അറിയിച്ചിരുന്നു. ‘കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ​ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.’– പി.ടിയുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ പോകുന്നു.

വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയെ അറിയിച്ചത്. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുൻപായിരുന്നു ഈ ഫോൺ സംഭാഷണം നടന്നത് എന്നത് വിധിയുടെ മറ്റൊരു നാടകീയത. തന്റെ ജീവിതത്തിന്റെ താളുകൾ ഒന്നൊന്നായി കൊഴിയുകയാണെന്ന ബോധ്യം പി.ടിക്ക് ഉണ്ടായിരുന്നു.

അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.