Tuesday 30 April 2019 03:40 PM IST

കളി അവസാനിക്കുന്നത് പുലർച്ചെ, പിറ്റേന്ന് ചുവന്നു തടിച്ച കണ്ണുകളുമായിട്ട് ക്ലാസ്സിൽ പോകും; വിട്ടുമാറാത്ത തലവേദനയായി പബ്ജി!

Nithin Joseph

Sub Editor

pubg42467

ആ അമ്മയുടെ ചോദ്യത്തിനു മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഡൽഹിയിലെ സ്റ്റേഡിയത്തിൽ മാതാപിതാക്കളും  കുട്ടികളുമടങ്ങുന്ന സദസ്സിനോട് ‘പരീക്ഷ പർ ചർച്ച’  യിൽ സംസാരിക്കുകയായിരുന്നു മോദി. അസംകാരിയായ അമ്മ മധുമിത സെൻ ഗുപ്തയുടെ ചോദ്യത്തിൽ നിറഞ്ഞത് ഒൻപതാം ക്ലാസുകാരനായ മകനെക്കുറിച്ചുള്ള ആശങ്ക.

‘നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസ്സിൽ ഏറ്റവും ചിട്ടയായി പഠിക്കുന്ന കുട്ടിയെന്ന് അവനെക്കുറിച്ച് പല തവണ അധ്യാപകർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അവനെക്കുറിച്ച് പരാതികളെയുള്ളൂ എല്ലാവർക്കും. ഫുൾടൈം മൊബൈലിലിൽ ഓൺലൈൻ ഗെയിമിങ്ങി ൽ ആണ്. വേറെ ഒന്നിനും സമയവുമില്ല, താൽപര്യവുമില്ല. ഇ തിൽ നിന്ന് രക്ഷപെടാനുള്ള  വഴി പറഞ്ഞു തരണം.’

‘ യെ, പബ്ജി വാലാ ഹെ ക്യാ...’

പബ്ജിയല്ലേ എന്ന പ്രധാനമന്ത്രിയുടെ പ്രതികരണത്തെ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്. കുട്ടികളെ ഇന്ന് ലഹരിയിലാക്കുന്ന ഗെയിം ഏതെന്ന ചോദ്യത്തിനു പ്രധാനമന്ത്രിയെ പോലെ പല മാതാപിതാക്കൾക്കും എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുമെന്നതും സത്യമാണ്.

ഈ പ്രശ്നത്തിന് എന്താണ് ഒരു പരിഹാരം എന്ന ചിന്തയാണ്  മുംൈബയിലെ അഹദ് നിസാം എന്ന പതിനൊന്നുകാരനെ മുംൈബ ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. അഹദ് നിസാമിന് ഒരേ ഒരു അഭ്യർഥനയെയുള്ളൂ, പബ്ജി തടയണം. തന്നെപ്പോലുള്ള കുട്ടികളെ രക്ഷിക്കാൻ ഗവൺമെന്റ് നടപടിയെടുത്തണം. മഹാരാഷ്ട്ര  മുഖ്യമന്ത്രിയടക്കം പല ഉന്നത നേതാക്കളുടെ മുന്നിലും പരാതിയുമായി ചെന്നെങ്കിലും നടപടി ഉണ്ടായില്ല. പബ്ജി കളിക്കാനുള്ള പ്രായപരിധി 16 വയസ്സാണ്. പക്ഷേ, ഏഴു വയസ്സിൽ തന്നെ കുട്ടികൾ കളിച്ചു തുടങ്ങുന്നത് മാതാപിതാക്കൾ അറിയാതെ പോകുകയാണ് പലപ്പോഴും. അഹദിന്റെ ഹർജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടിയിട്ടുണ്ട്.

‘കണ്ണു തുറന്നു നോക്കെടാ. ആ ബിൽഡിങ്ങിന്റെ പുറകിൽ ഒരുത്തൻ നിൽപുണ്ട്. അവനെ കൊന്നിട്ട് അവന്റെ തോക്കുമെടുത്തോണ്ട് വേഗം മുന്നോട്ട് വാ.’ ഓഫിസിലെ നൈറ്റ് ഷിഫ്റ്റിന്റെ ക്ഷീണവുമായിട്ട് വെളുപ്പിനെ എത്തിയതാണ് ജോഷ്വ. വീട്ടിലേക്ക് കയറിയ ഉടനെ കേട്ടത് ഒൻപതാം ക്ലാസുകാരൻ മകന്റെ മുറിയിൽനിന്ന് ഇങ്ങനെയൊരു അലർച്ച. പലതവണ മുട്ടിയിട്ടും ഫോണിൽ വിളിച്ചിട്ടും കതക് തുറക്കുന്നില്ല. അര മണിക്കൂറിനു ശേഷം ദേഷ്യത്തിൽ കതകു വലിച്ചു തുറന്ന് പുറത്തു വന്ന അവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഡൈനിങ് ടേബിളിലിരുന്ന ഗ്ലാസ് ഭിത്തിയിലേക്കെറിഞ്ഞു പൊട്ടിച്ചിട്ട് വീണ്ടും കതകടച്ചു.

പിറ്റേന്ന് ദേഷ്യം അടങ്ങിയതിനു ശേഷം വിശദമായി ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്, മകൻ മുറിയടച്ചിരുന്ന് പബ്ജി കളിക്കുമ്പോഴായിരുന്നു അച്ഛന്റെ വരവ്. മറ്റു കളിക്കാർക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നതാണ് കേട്ടത്. ഫോണിലേക്ക് അച്ഛന്റെ കോൾ തുരുതുരാ വന്നതിനാൽ കളി തുടരാനാകാതെ തോറ്റു പോയി. ആ ദേഷ്യമാണ് അവൻ ഗ്ലാസ് എറിഞ്ഞുടച്ച് തീർത്തത്. ‘പബ്ജി’ ഗെയിം കളിച്ചിട്ടില്ലെങ്കിലും പബ്ജി എന്ന പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമാകും. ഇനിയും കാര്യത്തിന്റെ ഗൗരവം ബോധ്യമാകാത്തവർക്കായി അൽപം വിശദീകരിക്കാം.

എന്താണ് പബ്ജി?

പബ്ജി ഒരു ഓൺലൈൻ വിഡിയോ ഗെയിമാണ്. ‘പ്ലെയർ അ ൺനോൺസ് ബാറ്റിൽഗ്രൗണ്ട്’ എന്നതിന്റെ ചുരുക്കരൂപമാണ് പബ്ജി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, പരസ്പരം അറിയാത്ത കളിക്കാരുടെ യുദ്ധക്കളം. മൂന്നു വർഷങ്ങൾക്കു മുൻപ് കംപ്യൂട്ടർ ഗെയിമായി അവതരിപ്പിച്ച പബ്ജിയുടെ മൊബൈൽ പതിപ്പും പിന്നാലെ എത്തി. 2018  മുതൽ  കൗമാരക്കാ ർക്കും യുവാക്കൾക്കുമിടയിൽ വാട്സ്‌ആപ്പിനേക്കാൾ പ്രചാ രം പബ്ജി നേടിയെന്ന് റിപ്പോർട്ടുകൾ.

അപരിചിതരായ നൂറു കളിക്കാർ ആയുധങ്ങൾ ഏതുമില്ലാതെ ഒരു ദ്വീപിലേക്ക് പറന്നിറങ്ങുന്നതോടെ ഈ സർവൈവ ൽ ഗെയിം തുടങ്ങുന്നു. എതിരാളികളിൽനിന്ന് സ്വയരക്ഷ നേടുന്നതിനൊപ്പം അവരെ കൊന്നൊടുക്കുകയും വേണം. തോക്കുകളും മറ്റ് ആയുധങ്ങളും സ്വയം കണ്ടെത്തണം. മുക്കാൽ മണിക്കൂറോളം നീളുന്ന കളിയിൽ അവസാനം വരെ ജീവനോടെ നിൽക്കുന്ന ആൾ വിജയിക്കും. സമ്മാനമായി കിട്ടുന്നതൊരു ചിക്കൻ ഡിന്നർ. ഇത് ചിക്കൻ ഡിന്നറിനുള്ള ഫൂഡ് കൂപ്പൺ ആണെന്നൊന്നും വിചാരിക്കരുതേ.

‘വിന്നർ വിന്നർ, ചിക്കൻ ഡിന്നർ’ എന്നൊരു മെസേജ് സ്ക്രീനിൽ തെളിയും. അതിനു വേണ്ടിയാണ് ഈ സമയമത്രയും കളഞ്ഞ് സർവതും മറന്നുള്ള കളി.

‘ഓൾ കേരള പബ്ജി ഗെയിമേഴ്സ് അസോസിയേഷൻ’ (എകെപിജിഎ) എന്നൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിലെ പബ്ജി കളിക്കാരുടെ അനൗദ്യോഗിക സംഘടനയായ എകെപിജിഎയിൽ അംഗങ്ങൾ അരലക്ഷത്തിൽ അധികം.

ഗെയിമും വാതുവയ്പും

പബ്ജി സമ്മാനമൊന്നും നൽകുന്നില്ലെങ്കിലും  കളിക്കാർ ത മ്മിൽ വമ്പൻ ചീട്ടുകളി പോലെ വൻതുക വാതുവച്ചുള്ള കളികളും നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് ഈ പന്തയം ഉറപ്പിക്കുന്നത്.

‘കോളജുകളിൽ നടക്കുന്ന ഫെസ്റ്റുകളിലും എക്സ്പോ കളിലുമെല്ലാം പ്രധാന മത്സരയിനമാണ് ഇന്ന് പബ്ജി. മുംബൈ സ്വദേശിയായ വിദ്യാർഥി പബ്ജി കളിക്കാനായി മാതാ പിതാക്കളോട് ആവശ്യപ്പെട്ടത് 37,000 രൂപ വിലയുള്ള മൊബൈൽ ഫോൺ. 20000 രൂപയുടെ ഫോൺ വാങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞതിനോട് അവൻ പ്രതികരിച്ചത് ആത്മഹത്യയിലൂടെയാണ്. പുതുതലമുറയിലെ കുട്ടികൾ ഈ കളിയുടെ    ലോകത്ത് പെട്ടുപോയിരിക്കുകയാണ്.’ തിരുവനന്തപുരം സ്വദേ ശിയും ഗെയിമറുമായ അമൽ ഗോപാൽ പറയുന്നു.

ഓൺലൈൻ ഗെയിമിങ്ങിന് അടിപ്പെട്ട മകനെ രക്ഷിക്കാൻ വഴി തേടിയാണ് കോഴിക്കോട് സ്വദേശികളായ ദമ്പതികൾ മനശാസ്ത്രജ്ഞനായ ഡോ. പി.എൻ സുരേഷ്കുമാറിനെ സമീപിച്ചത്. പ്ലസ് ടൂവിന് ഉയർന്ന മാർക്ക് നേടി, എൻജിനീയറിങ്ങിന് മെറിറ്റിൽ അഡ്മിഷൻ കിട്ടി. ആ സന്തോഷത്തിലാണ് രണ്ടു ലക്ഷം വില വരുന്ന കംപ്യൂട്ടർ വാങ്ങി നൽകിയത്. അതുപയോഗിച്ച് മകൻ വലിയൊരു സാങ്കേതിക വിദഗ്ധനാകുമെന്ന് മോഹിച്ച മാതാപിതാക്കൾക്കു തെറ്റി. കംപ്യൂട്ടർ ഒാൺലൈൻ ഗെയിമുകളുടെ ലോകത്തേക്കാണ് ഹൈസ്പീഡ് പ്രോസസർ കരുത്ത് പകരുന്ന കംപ്യൂട്ടറിലൂടെ മകൻ പറന്നിറങ്ങിയത്.

തുടക്കത്തിൽ ഗെയിമിങ്ങിന്റെ അപകടങ്ങൾ മാതാപിതാക്കൾക്കു മനസ്സിലായില്ല. കോളജിൽ പോകാതെ വീട്ടിലിരുന്ന് കളി മാത്രമായപ്പോഴാണ് കംപ്യൂട്ടർ ഉപയോഗത്തിനു വീട്ടുകാർ വിലക്കേർപ്പെടുത്തിയത്. വീട്ടിലെ ടിവിയും ഫ്രിജും തല്ലിത്തകർത്ത്, ഒടുക്കം അച്ഛനെ തല്ലാനൊരുങ്ങിയപ്പോഴാണ് മകൻ കൈവിട്ടുപോയി എന്ന് അവർക്ക് മനസ്സിലായത്.

മനസ്സിനെ കുരുക്കുന്ന ഗെയിം

കംപ്യൂട്ടറിലും മൊബൈലിലും ഉള്ള പല ഗെയിമുകളും നിങ്ങളുടെ കുട്ടികളെ അപകടത്തിലാക്കാൻ പോന്നവയാണ്. മറ്റു ഗെയിമുകളിൽനിന്ന് പബ്ജിയെ വ്യത്യസ്തമാക്കുന്നൊരു ഘ ടകമുണ്ട്. ‘കുറേക്കാലം തുടർച്ചയായി കളിച്ചാൽ ഏതൊരു ഗെയിമും നമുക്ക് മടുക്കും. പബ്ജിയുടെ കാര്യത്തിൽ ഈ മടുപ്പ് ഉണ്ടാകില്ല. അത്തരത്തിലാണ് ‘ഗെയിം ഡിസൈൻ’ സ്ഥിരമായി പബ്ജി കളിച്ചുള്ള അനുഭവമാണ് തൊടുപുഴയിൽ ലൈബ്രേറിയനായ ബിബിൻ ജോസ് പോൾ പങ്കുവയ്ക്കുന്നത്.

‘മറ്റ് ഗെയിമുകളിൽ ഓരോ ലൈവൽ പൂർത്തിയാക്കി ന മ്മൾ അടുത്തതിലേക്ക് പോകുന്നു. കുറെ ലെവലുകൾ കഴിയുമ്പോൾ  നമുക്ക് വല്ലാതെ മടുപ്പു തോന്നും. പബ്ജിയിൽ അടുത്ത ലെവൽ എന്നൊന്നില്ല. ഒരേ കളി തന്നെയാണ് വീണ്ടും കളിക്കുന്നത്. നൂറു പേര്‍ അടങ്ങുന്ന സർവൈവൽ ഗെയിം. ഓരോ തവണയും കൊല്ലപ്പെടാതെ അവസാനം വരെ നിൽക്കാനുള്ള ശ്രമമാണ്. ഒരു കളിയിൽ നേരത്തെ പുറത്തായാൽ വീണ്ടും ജയിക്കുന്നതു വരെ വാശിയോടെ കളിച്ചുകൊണ്ടേയിരിക്കും. അതേസമയം, ജയിച്ചാലോ, അതിന്റെ ത്രില്ലിലാകും കളി തുടരുന്നത്. ഒരു കളി പൂർത്തിയാക്കാൻ 35 മുതൽ 45 മിനിറ്റ് സമയം വേണം. കളിയിൽ രസം പിടിച്ചു വരുമ്പോൾ ക്ലോക്കിൽ നോക്കാൻ പലരും ഓർക്കാറില്ല. മുതിർന്നവർക്കു പോലും പബ്ജി അഡിക്‌ഷൻ നിയന്ത്രിക്കാൻ പ്രയാസമാണ്. അപ്പോൾ കുട്ടികളുടെ കാര്യമോ?’ ബിബിൻ ചോദിക്കുന്നു.

ഒറ്റയ്ക്ക്, രണ്ടു പേരടങ്ങുന്ന ടീം, നാലു പേരടങ്ങുന്ന സ്ക്വാഡ് എന്നിങ്ങനെ മൂന്ന് രീതിയിൽ പബ്ജി കളിക്കാം. തൊടുപുഴയിൽ എംസിഎ വിദ്യാർഥിയായ കെൽവിൻ ദുബായിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി ചേർന്നാണ് പബ്ജി കളിക്കുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിൽ സമയത്തിലുള്ള വ്യത്യാസം മൂലം കൂട്ടുകാർ രാത്രിയിൽ ഫ്രീ ആകുന്നതു വരെ  ഉറക്കമൊഴിച്ച് കാത്തിരിക്കാൻ കെൽവിന് മടിയില്ല. കളി അവസാനിക്കുന്നത് പുലർച്ചെ. പിറ്റേന്ന് ചുവന്നു തടിച്ച കണ്ണുകളുമായിട്ട് ക്ലാസ്സിൽ പോകും. വിട്ടുമാറാത്ത തലവേദനയുമായി ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് പബ്ജിയാണ് വില്ലനെന്ന് കെൽവിൻ അറിയുന്നത്.

പബ്ജി ഒരു ഓൺലൈൻ ഗെയിമാണ് എന്നത് ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നു. രണ്ടോ നാലോ പേരടങ്ങുന്ന ടീമായി കളിക്കുമ്പോൾ കളിക്കാരെ തമ്മിൽ കണക്ട് ചെയ്യുന്നത് ഇന്റർനെറ്റാണ്. ടീമിലെല്ലാവർക്കും പരസ്പരം സംസാരിച്ചുകൊണ്ട് കളിക്കാൻ സാധിക്കും.

ഒരു നിമിഷത്തേക്കെങ്കിലും കളിയിൽനിന്ന് ശ്രദ്ധ മാറിയാൽ എതിരാളികൾ കൊല്ലും. കളിക്കിടയിൽ ഫോണിൽ കോൾ വരുന്നതും വാട്സ്‌ആപ്പിൽ മെസേജ് വരുന്നതുമെല്ലാം തടസ്സങ്ങളാണ്. അതുകൊണ്ടു തന്നെ, ഈ സമയത്ത് വരുന്ന കോളുകളൊന്നും അറ്റൻഡ് ചെയ്യില്ല. പബ്ജിയിൽ മുഴുകിയിരിക്കുന്ന കൂട്ടുകാരന്റെ ഫോണിലേക്ക് വെറുതെ ഒരു കോള്‍ വിളി ച്ചുനോക്കൂ. അപ്പോഴറിയാം, റിയാക്‌ഷന്റെ ചൂട്.

‘കളിക്കിടയിൽ കോൾ എടുക്കാൻ പോയാൽ ഉറപ്പായും തോറ്റുപോകും. പിന്നെ, ദേഷ്യം അടക്കാൻ പറ്റില്ല. അന്നത്തെ ദിവസം മുഴുവൻ മൂഡ്ഓഫ് ആയിരിക്കും. വീണ്ടും കളിച്ച് ജയിക്കുന്നത് വരെ മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റില്ല.’ കോട്ടയത്ത് പ്രോഗ്രാമറായ സന്ദീപ് പബ്ജിയോട് ഗുഡ്ബൈ പറ‍ഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ.

pubg00987

ഗെയിമിനൊപ്പം ധന നഷ്ടവും

പബ്ജി ഗെയിമിനെതിരെയുള്ള പ്രതിഷേധം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി അധ്യാപകരും മാതാപിതാക്കളും ഡോക്ടർമാരുമെല്ലാം കേസ് ഫയൽ ചെയ്തിട്ടുണ്ട്.

കുട്ടികളെ അടിമയാക്കാൻ മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തികനഷ്ടവും  ഉണ്ടാകും. കളിയുടെ രസംപിടിച്ച് മുന്നേറുമ്പോൾ പുതിയ തോക്കുകളും ആയുധങ്ങളും സുരക്ഷാജാക്കറ്റുമെല്ലാം വാങ്ങാൻ പണം നൽകേണ്ടി വരും. പലപ്പോഴും അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുമ്പോൾ മാത്രമാണ് പല മാതാപിതാക്കളും മക്കളുടെ ഗെയിമിങ്ങിന്റെ തോത് മനസ്സിലാക്കുന്നത്.

ഒരു പബ്ജി നിരോധിച്ചാൽ വേറൊരു പേരിൽ അതിലും അപകടകാരിയായ മറ്റൊരു ഗെയിം വരാം. ‘കേന്ദ്രതലത്തിൽ ഒാൺലൈൻ എത്തിക്സ് റിവ്യൂ കമ്മിറ്റി ഏർപ്പെടുത്തി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം.’ പബ്ജിക്കെതിരേ അഹദ് നിസാം മുംബൈ  ഹൈ ക്കോടതിയിൽ  നൽകിയ പൊതുതാൽപര്യ ഹർജിയിലെ മ റ്റൊരു പ്രധാന ആവശ്യമാണ്.

നമ്മുടെ കുട്ടികൾക്ക് മൈതാനങ്ങളിൽ കളിക്കാനും കൂട്ടുകൂടാനും പൂക്കളെ പോലെ പുഞ്ചിരിക്കാനുമുള്ള കഴിവ് നഷ്ടപ്പെടരുത്. അതു കൊണ്ട് ആ ശബ്ദം ഒരു പതിനൊന്നുകാരന്റേത് മാത്രം എന്ന് കരുതേണ്ടതില്ല. നമ്മുടെ കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന എല്ലാവരുടേയും സ്വരമാണത്.

ലഹരിയായി മാറുന്ന ഗെയിം

2018ൽ ലോകാരോഗ്യ സംഘടന ഗെയിമിങ് അഡിക്‌ഷനെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയിൽ ഉൾപെടു ത്തിയിരിക്കുന്നു. പബ്ജി കൂടുതൽ അപകടകാരിയാകുന്നത് അതുണ്ടാക്കുന്ന മാനസികപ്രശ്നങ്ങൾ മൂലമാണ്.

സ്ഥിരമായി പബ്ജി കളിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ എന്ന രാസപദാർഥത്തിന്റെ അളവ് കൂടും. പബ്ജിയിൽ മുന്നോട്ട് പോകാൻ എതിരാളികളായ 99 പേരെ കൊല്ലണം. ഓരോരുത്തരെ കൊല്ലുംതോറും കളിയുടെ ത്രില്ലും വർധിക്കുന്നു. പിന്നീട് ഈ ത്രിൽ കൂടാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തിച്ചേരും. ഇതിൽനിന്ന് ലഭിക്കുന്ന ഉന്മാദമാണ് കുട്ടികളെ അടിമകളാക്കുന്നത്. ചിലർക്ക് മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന തരത്തിലുള്ള കിക്ക് പബ്ജിയിലൂടെ ലഭിക്കുന്നു. കൗമാരത്തിൽതന്നെ അക്രമവാസനയും കൊലപാതകവാസനയും ഉടലെടുക്കുന്നതിനും ഇത്  കാരണമാകും. പബ്ജി ഗെയിമിങ് കുട്ടികളുടെ ഓർമശക്തിയെ സാരമായി ബാധിക്കും. പഠനത്തിൽ ഏകാഗ്രത നഷ്ടമാകും.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടികൾ പബ്ജി പോലെയുള്ള ഗെയിമുകൾക്ക് അടിമപ്പെടാനുള്ള സാധ്യത വളരെ കൂടു തലാണ്. ഇങ്ങനെ ഹൈപ്പർ ആക്ടിവായ കുട്ടികൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ല.

ഗെയിമിന്റെ ലോകത്ത് മുഴുകിപ്പോകുന്ന കുട്ടികൾ പതിയെ പുറംലോകവുമായുള്ള ബന്ധം കുറയ്ക്കും. ഏത് കാര്യത്തിലും സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞ് നിൽക്കാനാണ് ഇവർക്ക് താൽപര്യം. പഠനം, കുടുംബം, സൗഹൃദം എന്നിങ്ങനെ സർവ മേഖലകളിലും കുട്ടികൾ പിന്നോട്ടു പോകും.

എതിരാളികളെ കൊല്ലുന്നതിനൊപ്പം സ്വന്തം ജീവൻ സംരക്ഷിക്കണമെന്ന ചിന്ത ഹൈപ്പർ ടെൻഷൻ സൃഷ്ടിക്കും.

മൾട്ടി ടാസ്കിങ് ഗെയിമായ പബ്ജിയിൽ ഒരേ സമയം പല കാര്യങ്ങൾ നിയന്ത്രിക്കേണ്ടി വരും. തുടർച്ചയായി കളിക്കുമ്പോൾ കയ്യിലെ മസിലുകൾ വലിയുന്നതു മൂലം കൈക്കുഴയ്ക്ക് കഠിനമായ വേദന ഉണ്ടാകുന്നു.

ഭക്ഷണം കഴിക്കുന്നത് പോലും കളിയോടൊപ്പമായത് അമിതവണ്ണത്തിലേക്ക് നയിക്കും.

മൊബൈലിൽ കണ്ണുനട്ട് ഒരേ രീതിയിൽ ഇരിക്കുമ്പോൾ കാഴ്ച പ്രശ്നങ്ങളും കഴുത്തുവേദനയും പുറംവേദനയും ഉണ്ടാകും.

എങ്ങനെ നിയന്ത്രിക്കാം?

കുട്ടികൾ അച്ഛനമ്മമാർ അറിയാതെ പബ്ജി ഡൗൺലോഡ് ചെയ്തു കളിക്കുന്നതു തടയാൻ വഴിയുണ്ട്.

∙ നിങ്ങളുടെ മൊബൈലിലെ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ കയറുക. ‘സെറ്റിങ്സി’ൽനിന്ന് ‘പാരന്റൽ കൺട്രോൾ’ തിരഞ്ഞെടുക്കുക. അതിൽ ‘സെറ്റ് പിൻകോഡ്’ എന്ന സൗകര്യമുണ്ട്. ഇതുവഴി പബ്ജിയുൾപ്പെടെയുള്ള ഗെയിമുകളും ആപ്ലിക്കേഷനുകളും പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം. നിങ്ങളുടെ അറിവും അനുവാദവുമില്ലാതെ കുട്ടികൾക്ക് ഫോണിൽ പബ്ജി ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.

∙ കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ കൊടുക്കാതിരിക്കുക. ചെറിയ കുട്ടികൾ മൊബൈൽ ഉപയോഗിക്കുമ്പോള്‍ അവർക്കൊപ്പം ഇരിക്കുക. അവർ ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയുക. അടച്ചിട്ട മുറിയിലിരുന്നുള്ള മൊബൈൽ ഉപയോഗം പ്രോത്സാഹിപ്പിക്കാതിരിക്കുക.

∙വീട്ടിൽ വൈഫൈ സൗകര്യം ഉണ്ടെങ്കിൽ പാസ്‌വേഡ് ഉപയോഗിച്ച് ലോക് ചെയ്തു വയ്ക്കുക.  ആവശ്യമുള്ളപ്പോൾ മാത്രം തുറന്നു നൽകിയാൽ മതിയാകും.

∙ മക്കളുടെ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കുക. രണ്ടു മാസ  ത്തിലൊരിക്കലെങ്കിലും മക്കളുടെ സ്കൂളിൽ പോയി അ ധ്യാപകരെ കാണുക. പഠനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക.

∙ കുട്ടിക്ക് ബോധവത്കരണം നൽകാൻ സാധിക്കു  ന്ന ഒരു മെന്ററെ കണ്ടെത്തുക. അവർക്ക് ബഹുമാനവും പേടിയുമുള്ള കുടുംബത്തിലെ മുതിർന്നവരുടെ സഹായം തേടാവുന്നതാണ്. ആവശ്യമെങ്കിൽ മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്ധർ, എന്നിവരെ സമീപിച്ച് കൗ ൺസലിങ്ങിന് വിധേയമാക്കാം.

pubg-2

വിവരങ്ങൾക്കു കടപ്പാട്: ഡോ. പി.എൻ. സുരേഷ്കുമാർ, പ്രഫസർ ഓഫ് സെക്യാട്രി, കെ.എം.സി.ടി മെഡിക്കൽ കോളജ്, കോഴിക്കോട്, ഡോ. ജോമോൻ. കെ. ജോർജ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത് പ്രോഗ്രാം, കോട്ടയം