Wednesday 20 February 2019 03:42 PM IST : By സ്വന്തം ലേഖകൻ

സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പഗ്ഗ് വീണ്ടും പ്രസവിച്ചു; മുഖ്യമന്ത്രിയ്ക്കും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകി ഉടമ!

pug432 Representative Image

തിരുവനന്തപുരം പേരൂര്‍ക്കട ഗവ. മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയില്‍ നിന്ന് സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പഗ്ഗ് വീണ്ടും പ്രസവിച്ചു. സംഭവത്തിൽ രോഷം പൂണ്ട ഉടമ അജിൻ മൃഗാശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കി.

ഉടമയുടെ വീട്ടില്‍വച്ച് അമ്മു എന്ന വളര്‍ത്തുനായ ഒരു ചാപിള്ളയെ പ്രസവിച്ചതോടെ ഇയാള്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പേരൂര്‍ക്കട വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് സിസേറിയനിലൂടെ മൂന്നു കുഞ്ഞുങ്ങളെയും ഒരു ചാപിള്ളയെയും പുറത്തെടുത്തു. ശേഷം ആശുപത്രി വിട്ട് വീട്ടിലെത്തിയ അമ്മു വീണ്ടുമൊരു ചാപിള്ളയെ കൂടി പ്രസവിച്ചുവെന്നാണ് അജിന്‍ പറയുന്നത്.

എന്നാല്‍ ഉടമയുടെ വാദം തെറ്റാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡോക്ടര്‍മാരുമായുണ്ടായ സംഘര്‍ഷത്തെ തുടർന്നുള്ള വൈരാഗ്യത്തില്‍ അജിൻ നുണ പ്രചരിപ്പിക്കുകയാണെന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുൻപ് ആവശ്യമായ സാധനങ്ങള്‍ പുറത്തുനിന്നു വാങ്ങാൻ ഡോക്ടര്‍ന്മാര്‍ അജിനോട് ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ശസ്ത്രക്രിയ കഴിഞ്ഞ് ബാക്കിവന്ന സാധനങ്ങള്‍ ഉടമ തിരികെ ചോദിച്ചിരുന്നു. എന്നാൽ എല്ലാം ഉപയോഗിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ മറുപടി നല്‍കി. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപിനെ അജിന്റെ ഒപ്പമുണ്ടായിരുന്ന ആള്‍ തല്ലി. തുടർന്ന് ഡോക്ടര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. 

പരാതി പിന്‍വലിച്ചെങ്കിലും ഈ വൈരാഗ്യമാണ് കള്ളപ്രചാരണത്തിനു പിന്നിലെന്ന് ഡോക്ടർമാർ പറയുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിൽ കണ്ടെത്തിയത് നാലു കുഞ്ഞുങ്ങളെയായിരുന്നു. നാലു കുഞ്ഞുങ്ങളെയും പുറത്തെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ നടന്ന ദിവസം തന്നെ നായ വീണ്ടും പ്രസവിക്കില്ലെന്നും ആശുപത്രി അധികൃതര്‍ ഉറപ്പ് പറയുന്നു.

അതേസമയം ഡോക്ടറുടെ അനാസ്ഥയാണെന്നു ചൂണ്ടികാട്ടി അജിൻ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രചരിപ്പിച്ചു. കൂടാതെ മുഖ്യമന്ത്രി, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് ഇയാൾ പരാതി നല്‍കുകയും ചെയ്തു. തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പിഡബ്ല്യുഡി കരാറുകാരനായ അജിന്‍ പറയുന്നു.