Friday 17 April 2020 01:28 PM IST

ഞാൻ അവരോടു കെഞ്ചി പറഞ്ഞു, സഹായിക്കാനെത്തിയ ഓട്ടോയും പാതിവഴിക്കായി! ‘ആ മകൻ’ പറയുന്നു

Binsha Muhammed

punaloor-incident

രോഗിയും വൃദ്ധനുമായ അച്ഛനേയും തോളിലേറ്റി റോഡിലൂടെ അരക്കിലോമീറ്ററോളം നടന്ന മകന്റെ ചിത്രം സമൂഹമനസാക്ഷിക്കേറ്റ വലിയ മുറിവാണ്. ഹൃദയം തകര്‍ക്കുന്ന ആ ചിത്രങ്ങള്‍ വാര്‍ത്താ തലക്കെട്ടുകളിലും സോഷ്യല്‍ മീഡിയയിലും നിറയുമ്പോള്‍ ആ വേദനയില്‍ നിന്നും കരകയറിയിട്ടില്ല ആ കുടുംബം. രേഖകൾ കയ്യിലുണ്ടായിട്ടും രോഗത്താല്‍ അവശനായ പിതാവിനെ കണ്ടിട്ടും കണ്ണുതുറക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവം വിമര്‍ശനത്തിന് വിധേയകുമ്പോള്‍ സംഭവിച്ചതെന്തെന്ന് വിശദമായി പറയുകയാണ്, അച്ഛനെ ചുമലിലേറ്റി നടന്നു നാടിന്റെ വേദനയായി മാറിയ  ആ മകന്‍. കെഞ്ചിക്കരഞ്ഞിട്ടും വഴിതുറക്കാത്ത നിമിഷങ്ങളെ ഓര്‍ത്തെടുത്ത് ഓട്ടോ െ്രെഡവര്‍ കൂടിയായ റോയ് മോന്‍ ‘വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു ആ സംഭവകഥ...

നെഞ്ചുനീറി ഈ യാത്ര

ഈസ്റ്റര്‍ ദിനത്തിലാണ് അച്ഛനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. പ്രമേഹ രോഗിയാണ് അച്ഛന്‍. മൂത്രത്തില്‍ പഴുപ്പിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രായമായതിന്റെ അവശതകളും ഉണ്ട്. ഡിസ്ചാര്‍ജ് ദിവസമായ ബുധനാഴ്ച മുന്നില്‍ കണ്ട്, സഞ്ചരിക്കാനുള്ള സമ്മതപത്രത്തിനായി കുളത്തൂപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി. നമ്മള്‍ തന്നെ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയെന്നായിരുന്നു പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള അറിയിപ്പ്. അതനുസരിച്ച് യാത്രാ രേഖകളും തയ്യാറാക്കി ഞാന്‍ സ്വന്തം ഓട്ടോയില്‍ ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രി എത്തുന്നതിന് അരക്കിലോ മീറ്റര്‍ മുമ്പ് ടിബി ജംഗ്ഷനില്‍ പൊലീസ് എന്നെ തടഞ്ഞു. മതിയായ രേഖകള്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും അതൊന്ന് കേള്‍ക്കാനോ കാണാനോ പോലും അവിടെയുണ്ടായിരുന്ന സാര്‍ കൂട്ടാക്കിയില്ല. അച്ഛനെ ആശുപത്രിയില്‍ നിന്നും കൊണ്ടു വരാനാണ് പോകുന്നതെന്ന് കെഞ്ചിപ്പറഞ്ഞു. എന്നിട്ടും തിരിഞ്ഞു നോക്കിയില്ല. ഇതോടെ ഓട്ടോ റിക്ഷാ അവിടെയിട്ട് ഞാന്‍ ആശുപത്രിയിലേക്ക് ഓടി. അപ്പോള്‍ ഡിസ്ചാര്‍ജ് ശീട്ടും വാങ്ങി, എന്നെയും കാത്ത് നില്‍പ്പായിരുന്നു അച്ഛനും അമ്മയും. 

punaloor-1

രാവിലെ 10 മണിക്ക് തുടങ്ങിയ നില്‍പ്പാണ്. റോഡിലെ യുദ്ധമൊക്കെ കഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും സമയം 11 കഴിഞ്ഞു. സാഹചര്യം വിശദീകരിച്ച് സൂപ്രണ്ടിന്റെ കത്തുവാങ്ങി. ഇതും വാങ്ങി ഞാന്‍ ഒറ്റയ്ക്ക് ഓടി, എന്റെ വണ്ടി തടഞ്ഞ ഉദ്യോഗസ്ഥരുടെ അടുത്തേക്ക്. അപ്പോഴും വണ്ടി കടത്തി വിട്ടില്ല. തിരികെ ആശുപത്രിയിലേക്കെത്തി കാത്ത് നിന്ന് തളര്‍ന്ന അച്ഛനേയും അമ്മയേയും കൂട്ടി മറ്റൊരു ഓട്ടോയില്‍ എന്റെ ഓട്ടോ തടഞ്ഞിട്ട അടുത്തേക്ക് എത്താന്‍ ശ്രമിച്ചു. അവസ്ഥ വിശദീകരിച്ചപ്പോള്‍ മറ്റൊരു ഓട്ടോ സുഹൃത്ത് ഞങ്ങള്‍ക്ക് സവാരി നല്‍കാന്‍ തയ്യാറായി. ആശുപത്രിയില്‍ നിന്നും തിരിച്ച് കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ വീണ്ടും പൊലീസ് കണ്‍മുന്നില്‍. മുന്നോട്ടു പോകാന്‍ നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് ഞങ്ങളെ കൂട്ടിയ ഓട്ടോക്കാരന് ഓട്ടോ അവിടെ നിര്‍ത്തി ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടി വന്നത്. എനിക്കും മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. സുഖമില്ലാത്ത അച്ഛനേയും കൂട്ടി എത്രയെന്നു വച്ചാ കാത്തു നില്‍ക്കുന്നത്. നിവൃത്തിയില്ലാതെ അച്ഛനേയും തോളിലേറ്റി ഞാന്‍ നടന്നു. അപ്പോഴും മുന്നില്‍ കൂടി ഏതൊക്കെയോ സ്വകാര്യ വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ആരും സഹായിച്ചില്ല. അമ്മയാകട്ടെ, സഞ്ചിയും മറ്റ് സാധനങ്ങളും തൂക്കി എനിക്കു പിന്നാലെ വന്നു. ഏകദേശം അരക്കിലോമീറ്ററോളം ആണ് ഞാന്‍ നടന്നത്. ഞാനും  പ്രമേഹ രോഗിയാണ്. അച്ഛനേയും തോളിലേറ്റി ഓട്ടോ കിടക്കുന്ന സ്ഥലം വരെ നടക്കുമ്പോള്‍ ഞാന്‍ നന്നേ തളര്‍ന്നിരുന്നു. അപ്പോഴും പൊലീസ് അവിടെ ചെക്കിങ്ങില്‍ ഉണ്ടായിരുന്നു. അച്ഛനെ ഓട്ടോയിലിരുത്തി തിരികെ പൊലീസിന് അടുത്തേക്ക് വന്നപ്പോഴും ആരും എന്നെ മൈന്‍ഡ് ചെയ്തില്ല. 

ചിത്രം പകർത്തിയത വാർത്തയായി

സമീപത്തുണ്ടായിരുന്ന ആരൊക്കെയോ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങളാണ് വാര്‍ത്തയിലേക്ക് നയിച്ചത്. എനിക്കും അച്ഛനും സംഭവിച്ച വേദന ലോകം കണ്ടു എന്നതില്‍ സന്തോഷം. രേഖകള്‍ കൈവശമില്ലാത്തതിനാലാണ് എന്നെ കടത്തി വിടാത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. രേഖകള്‍ പരിശോധിക്കുന്നത് പോയിട്ട് എന്നെ ഒന്നു കേള്‍ക്കാനെങ്കിലും കൂട്ടാക്കിയിരുന്നെങ്കില്‍ എനിക്കും എന്റെ അച്ഛനും ഈ ഗതി വരില്ലായിരുന്നു. എല്ലാം ദൈവം കാണുന്നുണ്ട്.– റോയിയുടെ വാക്കുകൾ ഇടറുന്നു.