Friday 18 January 2019 11:27 AM IST : By സ്വന്തം ലേഖകൻ

പരന്നൊഴുകിയ ടാറിൽ കുടുങ്ങി എട്ടു നായ്ക്കുട്ടികൾ; മക്കളെ രക്ഷിക്കാൻ നിർത്താതെ കുരച്ച് ആളെക്കൂട്ടി അമ്മപ്പട്ടി!

malappuram-dog

പരന്നൊഴുകിയ ടാറിൽ കുടുങ്ങിയ 8 നായ്ക്കുട്ടികൾക്ക് ആംബുലൻസ് ഡ്രൈവർമാർ രക്ഷകരായി. തിരൂർ നഗരസഭാ കാര്യാലയത്തിനു മുൻപിലെ ടാർ വീപ്പകൾ മറിഞ്ഞു പരന്നൊഴുകിയ ടാറിലാണ് ഇന്നലെ പുലർച്ചെ മൂന്നോടെ നായ്ക്കുട്ടികൾ കുടുങ്ങിയത്. ദേഹം മുഴുവൻ ടാർ പുരണ്ട് അനങ്ങാൻ കഴിയാതെ നായ്ക്കുട്ടികൾ കരഞ്ഞു. അമ്മപ്പട്ടിയെത്തി നിർത്താതെ കുരച്ചും പ്രത്യേക ശബ്ദമുണ്ടാക്കിയും പാരാക്രമങ്ങൾ കാട്ടിയതോടെയാണു സംഭവം പരിസരത്തെ ആംബുലൻസ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടത്.

പിന്നീട് രാവിലെ വരെ ടാറിൽ നിന്ന് ഇവയെ രക്ഷിക്കാനുള്ള ശ്രമം തുടർന്നു. ഇതിനിടെ അവശരായ നായ്ക്കുട്ടികൾക്ക് ഡ്രൈവർമാർ കുപ്പിപ്പാൽ എത്തിച്ചു നൽകി. എന്നാൽ, വിവരം അറിഞ്ഞിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ല. ഏറെനേരത്തിനു ശേഷം വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും നടപടി സ്വീകരിക്കാതെ തിരിച്ചു പോയതായി ഡ്രൈവർമാർ പറഞ്ഞു. പിന്നീട് ഓട്ടോ ഡ്രൈവർ വശം മരുന്നു കൊടുത്തയയ്ക്കുക മാത്രമാണു ചെയ്തത്. മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ കൂടി സ്ഥലത്തെത്തിയാണ് ശരീരത്തിൽ ഒട്ടിയ ടാർ മുഴുവൻ തുടച്ചുനീക്കി നായ്ക്കുട്ടികളെ രക്ഷിച്ചത്.