Thursday 17 March 2022 12:59 PM IST : By സ്വന്തം ലേഖകൻ

ലോട്ടറി വില്‍പ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി; ആധാരം തിരിച്ചെടുത്തു, കൈമാറി ഗോകുൽ സുരേഷ്

pushpa-ammomma4466

എഴുപത്തിനാലാം വയസ്സിൽ ലോട്ടറി വില്‍പ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹികപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരായിരുന്നു ഈ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മകന്റെ മരണത്തെ തുടര്‍ന്ന് കൊച്ചുമക്കളെ സംരക്ഷിക്കാനും കടം വീട്ടാനുമായി എഴുപത്തിനാലാം വയസ്സിൽ ലോട്ടറി വില്‍പ്പന നടത്തുകയാണ് എറണാകുളം സ്വദേശിയായ പുഷ്പ അമ്മൂമ്മ. 

വിഡിയോ വൈറലായതോടെ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കടത്തിൽപ്പെട്ട വീടിന്റെ ആധാരം ബാങ്കില്‍ നിന്ന് സുരേഷ് ഗോപി തിരിച്ചെടുത്തു നൽകിയെന്ന് സുശാന്ത് നിലമ്പൂര്‍ തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ അറിയിച്ചു. സുരേഷ് ഗോപിയുടെ മകനും സിനിമാനടനുമായ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മയ്ക്ക് കൈമാറി.

പുഷ്പ അമ്മൂമ്മയുടെ മൂത്തമകന്‍ ഹൃദ്രോഗിയാണ്. ഇളയമകന്‍ ഹൃദ്രോഗത്തെ തുടർന്ന് മരണപ്പെട്ടു. കുടുംബം നോക്കാനാണ് ലോട്ടറി വില്‍പ്പനയ്ക്കിറങ്ങിയതെന്ന് പുഷ്പ അമ്മൂമ്മ പറയുന്നു. നാല് സെന്റും വീടുമാണ് ആകെയുള്ള സമ്പാദ്യം. പ്രളയം കഴിഞ്ഞപ്പോള്‍ നാലു ലക്ഷം രൂപ കിട്ടിയിരുന്നു. ഒപ്പം സ്വർണ്ണം കൂടി വിറ്റ് വീട് പുതുക്കി പണിഞ്ഞു. ഇത് വലിയ കടമുണ്ടാക്കി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65000 രൂപ വേണം. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്. 

സുശാന്ത് നിലമ്പൂർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

പ്രിയമുള്ളവരേ.. 

കഴിഞ്ഞ ദിവസം ഞാൻ ഷെയർ ചെയ്ത എഴുപത്തിനാലാം വയസ്സിൽ ലോട്ടറി വിൽപ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വിഡിയോ  നിരവധി ആളുകളിലേക്ക് എത്തിയിരുന്നു. ഇതുകാണാൻ ഇടയായ ബഹുമാനപെട്ട എംപിയും സിനിമാനടനുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടുകയും, പാല്യത്തുരുത്ത് SNDP ശാഖയിൽ പണയത്തിൽ ഉണ്ടായിരുന്ന ആധാരം പണം അടച്ചു തിരിച്ചെടുക്കുകയും ചെയ്ത വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു.

ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷേട്ടന്റെ മകനും സിനിമാനടനുമായ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മക്ക് കൈമാറി. ഈ വിഡിയോ കണ്ടു നിരവധിപേർ അമ്മൂമ്മയെ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ അവസരത്തിൽ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. സുരേഷേട്ടാ 😍🙏 Keep roking🤗

Tags:
  • Spotlight
  • Inspirational Story