Wednesday 11 November 2020 03:19 PM IST

"ജോലിയൊന്നും ആയില്ലേ?" ; നിരുപദ്രവകരം എന്നു കരുതുന്ന ഈ ചോദ്യങ്ങളുടെ അപകടങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...

Shyama

Sub Editor

joov

മറ്റുള്ളവരുടെ അതിർവരമ്പുകളിലേക്ക് കടന്ന് കയറുന്ന ഈ ഒരു ചോദ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നോക്കാം

കൊറോണ കാലം പലർക്കും പല തരം പ്രതിസന്ധികൾ വന്നൊരു ഘട്ടമാണ്. ഈ കാലത്ത് മറ്റൊരാളെ കുത്തി നോവിപ്പിക്കാനുള്ള ആവേശം സഹജീവികളോട് അല്പം കരുണയോടെ പെരുമാറുന്നതിലേക്കായി നമുക്ക് വഴി തിരിച്ചു വിടാം.വാക്കിലും നോക്കിലും പ്രവർത്തിയിലും കൂടുതൽ കരുതൽ ഉണ്ടാകേണ്ട സമയമാണിത്.

ഒരുപാട് ചെറുപ്പക്കാർ പഠനം കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. ചിലർ ജോലി നഷ്ടപ്പെട്ടിരിക്കുന്നു...ഇങ്ങനെയൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നൊരു ചോദ്യമാണ് "ജോലി ഒന്നും ആയില്ലേ?" എന്നത്. വളരെ നിഷ്കളങ്കം എന്ന് 'തോന്നിക്കുന്ന' എന്നാൽ വളരെ അപകടം പിടിച്ചൊരു ചോദ്യമാണ് ഇത്. നിരന്തരമായി കേട്ടാൽ ഒരാളെ നിരാശയിലേക്കോ, കടുത്ത വിഷാദത്തിലേക്കോ, മരണത്തിലേക്കോ ഒക്കെ തള്ളിവിടാൻ ഈ ചോദ്യത്തിന് കഴിഞ്ഞേക്കാം.

ഒരാൾ പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും സ്ഥിരമായി ചോദിക്കുന്നൊരു ചോദ്യമാണിത്. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മൾ ഇതുണ്ടാക്കുന്ന അപകടങ്ങളെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കാറുമുണ്ട്.  ഒരു  അഭ്യൂദയകാംക്ഷിയുടെ നിർദോഷമായ ചോദ്യമാണെന്ന് തോന്നിച്ചാലും, കേൾക്കുന്ന ആളിനെ ഇത് മാനസികമായി ബുദ്ധിമുട്ടിക്കുന്നു.

കേൾക്കുന്ന ആൾ  'ഒന്നും ആയില്ല' എന്ന് മറുപടി പറഞ്ഞാൽ 'അയ്യോ അതെന്ത് പറ്റി' എന്നുള്ള ആധിപറച്ചിലുകൾ... വന്നാൽ ഉറപ്പിക്കാം അതൊരു നെഗറ്റീവ് രീതിയിൽ ചോദിച്ച ചോദ്യമാണെന്ന്.

നിലവിലെ അവസരത്തിൽ ജോലി ആയില്ലേ? ജോലി പോയോ? പുതിയത് കിട്ടിയോ? എന്നൊക്കെ ചോദിക്കുന്ന ആളുകൾ മറ്റുള്ളവരുടെ ദുഃഖത്തോട്  അനുഭാവം കുറവുള്ളവരാണ്. ജോലിയുമായി ബന്ധപ്പെട്ട് മാത്രമല്ല മറ്റ് പല കാര്യങ്ങളെ കുറിച്ചും ഇത്തരക്കാർ ആകുലത നടിക്കും.

ഇത്തരം ചോദ്യങ്ങൾ ഒരാളോട് ചോദിക്കും മുൻപേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ഒരാൾക്ക് ജോലി ആയെങ്കിൽ അത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. അതിന് പക്ഷേ, ജോലി ഒന്നും ആയില്ലേ എന്ന് തന്നെ ചോദിക്കണമെന്നില്ല. 'എന്തൊക്കെയുണ്ട് വിശേഷം' എന്ന അപകടം കുറഞ്ഞൊരു ചോദ്യമാകാം. കേൾക്കുന്ന ആൾ അയാൾ പങ്കിടാൻ ആഗ്രഹിക്കുന്ന വിശേഷങ്ങൾ നിങ്ങളോട് താനേ പറഞ്ഞുകൊള്ളും. അതല്ലാതെ ഒരാളെ മുറിവേൽപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ എടുത്തെടുത്തു ചോദിക്കുന്നത് അത്ര നല്ല പ്രവണതയല്ല. തികച്ചും മനുഷ്യത്വരഹിതമായ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുക.

 ആന്റി-സോഷ്യൽ പഴ്സണാലിറ്റി ഡിസോഡർ  ഉള്ളവരാണ് ആവർത്തിച്ചാവർത്തിച്ച് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതും അതിൽ ആഹ്ലാദിക്കുന്നതും. ഒരിക്കൽ ചോദിച്ച് ഉത്തരം കിട്ടിയാൽ പോലും ഒരു പൊതു ഇടത്തിൽ വെച്ച് വീണ്ടും ഇക്കാര്യം ചോദിച്ചോ ചർച്ച ചെയ്‌തോ കേൾക്കുന്ന ആളിനെ അപമാനിക്കാൻ ശ്രമിക്കുന്നവരുണ്ട്. അത് നല്ല രീതിയല്ല എന്ന്  മനസിലാക്കി അത്തരം ചോദ്യങ്ങൾ ഒഴിവാക്കുക.

അതേപോലെ ഈ ചോദ്യങ്ങൾ കേൾക്കാൻ ഇടയാകുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും നോക്കാം... ഇങ്ങനെയൊരു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടുക്കുന്നയാൾ നമ്മുടെ അഭ്യുദയകാംക്ഷിയാകാനുള്ള സാധ്യയില്ല. നമ്മേ കുറിച്ച് അറിയാനുള്ള ജെനുവിനായ ആഗ്രഹമുള്ളൊരാളാണെങ്കിൽ 'എന്തുണ്ട് വിശേഷം' എന്ന മട്ടിലെ ചോദ്യങ്ങൾ ചോദിക്കൂ. നമ്മൾ ഉത്തരം പറഞ്ഞാൽ വീണ്ടും വീണ്ടും അതിന്റെ പിന്നാലെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുകയും ഇല്ല. നമ്മുടെ നേട്ടങ്ങളിൽ അവർ സത്യസന്ധമായ ആഹ്ലാദവും പ്രകടിപ്പിക്കും.

എന്നാൽ മനപ്പൂർവം ഉപദ്രവിക്കണം എന്നാഗ്രഹത്തിൽ ഒരാൾ ചോദ്യം ചോദിക്കുന്നു എന്ന് തോന്നിയാൽ അത്തരം വ്യക്തികളെ പൂർണമായും അവഗണിക്കുക. 'ഇല്ല' എന്ന് പറഞ്ഞ് അവിടെ നിന്നും മാറി പോകാം. നമ്മുടെ അനിഷ്ടം വ്യത്യമായി തന്നെ പ്രകടിപ്പിച്ചിട്ട് അവരെ ഒഴിവാക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം ഈ ചോദ്യം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചോദിക്കുന്ന ആൾക്ക് മനസിലാക്കാൻ നിങ്ങളുടെ പ്രതികരണം ഉപയോഗപ്പെടും. ഭാവിയിൽ ഇത്തരത്തിലുള്ളൊരു ചോദ്യം അയാൾ മറ്റൊരാളോട് ചോദിക്കും മുൻപേ രണ്ട് വട്ടം ഒന്ന് ആലോചിക്കും. അല്ലെങ്കിൽ ഒഴിവാക്കും. നമ്മൾ കാരണം അത് സംഭവിക്കുന്നെങ്കിൽ... അതൊരു നല്ല കാര്യമല്ലേ?

പൊതു സ്ഥലത്ത് വെച്ച് ആരെങ്കിലും മാനസികമായി ഉപദ്രവിക്കണം എന്നുറപ്പിച്ച് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ ആ വ്യക്തി നിലവിലില്ല എന്ന മട്ടിൽ പെരുമാറാൻ ശ്രമിക്കുക. ആൾക്കൂട്ടത്തിൽ ആ വ്യക്തിയേയും അയാളുടെ ചോദ്യത്തേയും പൂർണമായി അവഗണിച്ച്... മറ്റുള്ളവരോട് ചിരിച്ച് സംസാരിക്കാം. അങ്ങനെ ചെയ്യുമ്പോൾ 'നമ്മൾ തളർന്നു  പോകില്ല മറിച്ച് ധൈര്യസമേതം നേരിടും' എന്ന  വ്യക്തമായ സന്ദേശം ചോദ്യകർത്താവിന് കിട്ടിക്കോളും. സാവകാശം അവർ ഇത്തരം മോശം ഉദ്യമങ്ങളിൽ നിന്ന് പിന്നോട്ട് പോകാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ ഭാഗത്തു നിന്ന് മറ്റുള്ളവരോട് ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഇതൊക്ക ശ്രദ്ധിക്കണം. ഒരുപക്ഷേ, കുറച്ചു നാൾ മുൻപ് 'ജോലി ഒന്നും ആയില്ലേ' എന്ന് മറ്റുള്ളവർ ചോദിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നമ്മൾ തന്നെ അത് മറ്റൊരാളോടും ചോദിക്കരുത്. പലരും ജോലി ഒക്കെ കിട്ടി ഒന്ന് സെറ്റിൽ ആയി കഴിഞ്ഞ് മറ്റുള്ളവർക്ക് നേരെ അതേ മൂർച്ചയുള്ള ചോദ്യങ്ങൾ തൊടുത്തു വിടുന്നതും കണ്ടുവരുന്നു. ഇതൊരിക്കലും ചെയ്യരുത്. വന്ന വഴി മറന്ന് നമുക്കുണ്ടായ അതേ പ്രയാസം മറ്റൊരാൾക്ക്‌ കൂടി കൊടുത്ത് ആനന്ദിക്കുന്നത് മോശമാണ്.

നമുക്ക് അറിയാത്ത കാര്യത്തെ കുറിച്ച് അറിവുണ്ടെന്ന് നടിച്ച് കാര്യങ്ങൾ 'തട്ടി വിടുന്ന' ഒരു സ്വഭാവവും മലയാളികൾക്കിടയിലുണ്ട്. ഒരു ജോലി കിട്ടി എന്ന് കേട്ടലുടനെ വ്യക്തമായി ഒന്നും അറിയില്ലെങ്കിൽ കൂടിയും 'അയ്യോ... ആ ജോലി/ആ സ്ഥാപനം അത്ര സ്ഥിരതയുള്ളതൊന്നുമല്ല... മറ്റേ ജോലി അല്ലേ നല്ലത്...'എന്ന മട്ടിൽ സംസാരിക്കുന്നവരെയും ഒരു കൈയകലത്തിൽ നിർത്തുക. ആ ജോലിയെ പറ്റി പറയാൻ അതേക്കുറിച്ച് നന്നായി അറിയുന്ന ആളുകളിൽ നിന്നല്ലാതെ ഇത്തരം കമെന്റുകൾ സ്വീകരിക്കേണ്ട ആവശ്യമില്ല. ജോലിയേ കുറിച്ച് ശരിക്കും അറിയണം എന്നാഗ്രഹമുള്ളവർ 'എങ്ങനെയുണ്ട് ജോലി? എങ്ങനെയുണ്ട് അവിടുത്തെ അന്തരീക്ഷം?' എന്നൊക്കെയാകും ചോദിക്കുക, എടുത്തടിച്ച പോലെ നിരുത്സാഹപ്പെടുത്തുകയില്ല. നല്ല ഉദ്ദേശത്തോടെ സംസാരിക്കുന്നവരിൽ നിന്ന് പരസ്പരബഹുമാനത്തിൽ ഊന്നിയ ചോദ്യങ്ങളാകും വരിക. അല്ലാതെ ഒരാളെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ ജോലിയെയോ സ്ഥാപനത്തെയോ ശമ്പളത്തേയോ കുറ്റപ്പെടുത്തി ആവില്ല.

കടപ്പാട്:

ഡോ. അരുൺ ബി. നായർ,

കൺസൾറ്റന്റ് സൈക്യാട്രിസ്റ്റ്,

മെഡിക്കൽ കോളേജ്,

തിരുവനന്തപുരം.

Tags:
  • Spotlight