Tuesday 11 September 2018 03:48 PM IST

സിനിമ ഉപേക്ഷിച്ചു എഴുത്തിലേക്ക് മടങ്ങാൻ ആദ്ദേഹം കൊതിച്ചു! പത്മരാജന്റെ ഓർമ്മകൾ പങ്കുവച്ച് ഭാര്യ

V.G. Nakul

Sub- Editor

Patma_radha

‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടത്. ചുരുണ്ട മുടിയും വെളുത്ത നിറവും മയങ്ങുന്ന കണ്ണുകളുമുള്ള മെല്ലിച്ച ഒരു ചെറുപ്പക്കാരൻ. അതിനടുത്ത ദിവസം ഉച്ചതിരിഞ്ഞപ്പോൾ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്ന മിസ്സ്. സത്യഭാമ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി, പേര് പത്മരാജൻ. ഇപ്പോഴും ഓർക്കുന്നു, അന്ന് ഒരു ചെവ്വാഴ്ചയായിരുന്നു! അദ്ദേഹത്തെ ഞാൻ അവസാനമായി കണ്ടതും ഒരു ചൊവ്വാഴ്ചയായിരുന്നു...

ഓർമ്മകളുടെ ഗന്ധർവ്വലോകത്ത് വായനക്കാരനെ കൊണ്ടുപോകുന്നത് മറ്റാരുമല്ല, പത്മരാജന്റെ പ്രിയ പത്നി രാധാലക്ഷ്മിയാണ്. വേർപാടിന്റെ വേദനകളും വീണ്ടും കണ്ടുമുട്ടി ഒന്നായിച്ചേർന്നതിന്റെ ആനന്ദവും നിറഞ്ഞു തുളുമ്പിയ 26 വർഷങ്ങൾ അക്ഷരങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നു അവർ.

‘സ്നേഹത്തിന്റെ ദിവ്യഗീതമുതിർത്തുകൊണ്ട് എന്നെത്തേടി ഓണാട്ടുകരയിൽ നിന്ന് വടക്കുംനാഥന്റെ ദേശത്തെത്തിയ എന്റെ ഗന്ധർവൻ, ‘ഈ ഭൂമിയിലൊരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കണം’ എന്നെഴുതിവെച്ച എന്റെ ഗന്ധർവൻ...’’ – ‘പത്മരാജൻ, എന്റെ ഗന്ധർവൻ’ എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്. മലയാളം കണ്ട എക്കാലത്തേയും പ്രഗത്ഭനായ സാഹിത്യകാരനും ചലച്ചിത്രകാരനുമായ പി. പത്മരാജൻ കാമുകനും ഭർത്താവും സാധാരണക്കാരനായ മനുഷ്യനുമൊക്കെയായി ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുകയാണ്. റോസി തോമസിന്റെ ‘ഇവൻ എന്റെ പ്രിയ സി.ജെ’യ്ക്ക് ശേഷം അതേ വിഭാഗത്തിൽ മലയാളിയെ സ്പർശിച്ച മറ്റൊരു പുസ്തകമായി ഇതു മാറി.

സിനിമാക്കഥകളെ തോൽപ്പിക്കുന്ന തരത്തിൽ സംഭവബഹുലമായ പ്രണയത്തിന് ശേഷമാണ് രാധാലക്ഷ്മി പത്മരാജന്റെ ജീവിതസഖിയായത്. 26 വർഷത്തെ ദാമ്പത്യം. അനന്തപത്മനാഭനും മാധവിക്കുട്ടിയും മക്കൾ. ഒരു ആയുസ്സ് മൊത്തം സുക്ഷിച്ച് വയ്ക്കാൻ പ്രണയത്തിന്റെ ഒരു കടലും ഓർമ്മകളുടെ ഒരു പൂന്തോട്ടവും ബാക്കി വച്ച് രാധാലക്ഷ്മിയുടെ ഗന്ധർവൻ ഭൂമി വിട്ടു. ആ മരണം സൃഷ്ടിച്ച ശൂന്യതയിലാണ് അവർ വീണ്ടും എഴുതിത്തുടങ്ങിയത്.

rp2

‘പത്മരാജൻ എന്റെ ഗന്ധർവന്’ ശേഷം അദ്ദേഹത്തിന്റെ വ്യക്തി – സിനിമാ ജീവിതം പശ്ചാത്തലമാക്കി ഓർമ്മകളിൽ തൂവാനമായി പത്മരാജൻ, വസന്തത്തിന്റെ അഭ്രജാലകം, ഓർമ്മകളുടെ തൂവാനത്തുമ്പികൾ, കാലത്തിന്റെ വക്ഷസിൽ ഒരോർമത്തുരുത്ത് എന്നീ നാല് പുസ്തകങ്ങൾ കൂടി അവർ എഴുതി. ഒരു പക്ഷേ ഓർമ്മക്കുറിപ്പുകളായും പഠനങ്ങളായും സ്വന്തം ഭർത്താവിനെക്കുറിച്ച് ഇത്രയേറെ എഴുതിയ മറ്റൊരു ഭാര്യ ഉണ്ടാകില്ല. ‘പത്മരാജന്റെ വീണ്ടെടുത്ത കഥകൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ അസമാഹൃത കഥകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രാധാലക്ഷ്മി ‘വനിത ഓൺലൈനു’മായി ഓർമ്മകൾ പങ്കുവയ്ക്കുന്നു.

‘പത്മരാജന്റെ വീണ്ടെടുത്ത കഥകൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ അസമാഹൃത കഥകൾ അടുത്തിടെ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതിന് പിന്നിലെ ശ്രമങ്ങൾ ?

സത്യത്തിൽ അത് വീണ്ടെടുത്തു എന്ന് പറയാനാകില്ല. ആ കഥകളെല്ലാം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഓരോ സമാഹാരം പ്രസിദ്ധീകരിക്കുമ്പോഴും ‘ആ കഥ വേണ്ട, ഈ കഥ വേണ്ട’ എന്ന് പറഞ്ഞ് മാറ്റി വെച്ച കഥകളാണ് അവ. ഒടുവിൽ ഇതു വരെ പ്രസിദ്ധീകരിക്കാത്ത എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് പ്രസാധകർ വന്നപ്പോൾ എടുത്ത് കൊടുക്കുകയായിരുന്നു.

അദ്ദേഹം എഴുതിയതെല്ലാം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ ?

വീട്ടിൽ ഒരു വലിയ പെട്ടിയുണ്ട്. മുപ്പതു വർഷം മുൻപ് അദ്ദേഹം എവിടെ നിന്നോ കൊണ്ടു വന്നതാണ്. ഗൾഫിൽ നിന്ന് സാധനങ്ങൾ കയറ്റി അയച്ചതാണോ അതോ ഫിലിം പെട്ടിയാണോ എന്ന് ഓർമ്മയില്ല. പക്ഷേ ഫിലിം പെട്ടി കുറച്ച് കൂടി ചെറുതാണ്. വീട്ടിലെ പല അലമാരകളിലും അദ്ദേഹം എഴുതിയ കടലാസുകള്‍ നിറഞ്ഞപ്പോൾ അതെല്ലാം ആ പെട്ടിയിലാക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ വിവാഹത്തിന് ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളും നോവലുകളും ചെറുകഥകളും അതിലുണ്ട്. അതിന് മുൻപുള്ള പലതും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആ പെട്ടിക്കുള്ളിലുള്ളവയാണ്. എനിക്ക് അതേ ഉള്ളല്ലോ. എല്ലാ വിധത്തിലും ഇപ്പോൾ അക്ഷരങ്ങളും പുസ്തകങ്ങളുമാണ് തുണ.

rp1

ഓർമ്മക്കുറിപ്പുകളായും പഠനങ്ങളായും സ്വന്തം ഭർത്താവിനെക്കുറിച്ച് ഇത്രയേറെ എഴുതിയ മറ്റൊരു ഭാര്യ ഉണ്ടാകില്ല. എങ്ങനെയായിരുന്നു തുടക്കം ?

അതിന് കാരണം കെ.പി അപ്പന്‍ സാറാണ്. ഒരു ദിവസം അദ്ദേഹം പറഞ്ഞിട്ട് പ്രസാധകനായ വൈ.എ. റഹീം (imprint books) വന്ന് പത്മരാജനെക്കുറിച്ച് എന്തെങ്കിലും എഴുതിത്തരണം എന്ന് പറഞ്ഞു. പത്മരാജൻ മരിച്ചപ്പോൾ എന്റെ ചില അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതു കണ്ടിട്ടാണെന്നു തോന്നുന്നു റഹീം വന്നത്. കുട്ടിക്കാലം മുതൽ എനിക്ക് എഴുതാനുള്ള ആഗ്രഹമുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ നോവലെഴുതിയ ആളാ (ചിരി). എങ്കിലും റഹീമിനോട് എഴുതാൻ അറിയില്ല എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അപ്പൻ സാറ് ഫോണിൽ വിളിച്ച് രാധാലക്ഷ്മിക്ക് എഴുതാൻ കഴിയും എന്ന് പറഞ്ഞു. എന്തൊക്കെയോ മനസ്സിലുണ്ടായിരുന്നു. അങ്ങനെ എഴുതിയ പുസ്തകമാണ് ‘പത്മരാജൻ എന്റെ ഗന്ധർവൻ’. 1994 – ല്‍ പ്രസിദ്ധീകരിച്ചു. സത്യത്തിൽ എഴുതാൻ കഴിയും എന്ന് അപ്പൻ സാറ് പറഞ്ഞതാണ് എഴുത്തിലേക്ക് എന്നെ നയിച്ചത്.

‘പത്മരാജൻ, എന്റെ ഗന്ധർവൻ’ എന്ന പേരിൽ നിങ്ങൾക്കിടയിലെ അടുപ്പവും പ്രണയവും തെളിയുന്നു ?

സത്യത്തിൽ ഞാനിട്ട പേരല്ല അത്. അപ്പൻ സാറോ റഹീമോ ആണ്. എന്റെ ഒരു പുസ്തകത്തിന്റെ പേരും ഞാനിട്ടതല്ല. ‘ഓർമ്മകളുടെ തൂവാനത്തുമ്പികൾ’ എന്ന പുസ്തകത്തിന് പേരിട്ടത് എസ്.ജയചന്ദ്രന്‍ നായരാണ്. ‘ഓർമ്മകളിൽ തൂവാനമായി പത്മരാജൻ’ എന്ന പേരിൽ മറ്റൊരു പുസ്തകമുണ്ടല്ലോ എന്ന് ഓർമ്മിപ്പിച്ചിട്ടും അദ്ദേഹം ഇത് മതി എന്ന് പറയുകയായിരുന്നു.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ നോവലെഴുതി എന്ന് പറഞ്ഞല്ലോ. എഴുത്തിനും വായനയ്ക്കും അനുയോജ്യമായ സാഹചര്യമായിരുന്നോ കുട്ടിക്കാലത്ത് ?

അച്ഛൻ ധാരാളം വായിക്കുമായിരുന്നു. എന്റെ വല്യ അമ്മാവൻ കുളപ്പുരയഴികത്ത് നാണുക്കുട്ടി മേനോൻ ധാരാളം മികച്ച ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. പത്മരാജൻ കുറച്ചൊക്കെ എഴുതും എന്നറിഞ്ഞപ്പോള്‍ എന്റെ സഹോദരൻ അദ്ദേഹത്തെ കളിയാക്കി നാണുക്കുട്ടീ എന്ന് വിളിക്കുമായിരുന്നു. സജീവമായ വായനയിലേക്ക് കടക്കുന്നത് ആകാശവാണിയിലെ ജോലി രാജി വെച്ച് വീട്ടിൽ കഴിയുന്ന കാലത്താണ്. അതിന് മുൻപ് കോളേജിൽ പഠിക്കുമ്പോഴൊക്കെ എഴുതിയിരുന്നു. അക്കാലത്ത് സ്പോർട്സിലാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നത്. ഞാനും സഹോദരനും അത്ലറ്റിക്ക് ചാമ്പ്യരായിരുന്നു. അച്ഛൻ ഫുട്ബാൾ പ്ലെയറായിരുന്നു.

rp5

പത്മരാജനുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞതോടെ ആകാശവാണിയിലെ ജോലി രാജി വെക്കേണ്ടി വന്നു?

അതേ. അതോടെ എനിക്ക് പുറത്തിറങ്ങി ആരുടെയും മുഖത്ത് നോക്കാൻ സാധിക്കാത്ത അവസ്ഥയായി. എല്ലാവരും എന്നെ പുച്ഛത്തോടെയാണ് കണ്ടത്. എന്തോ വൃത്തികേട് കാണിച്ചിട്ട് വന്ന പെണ്ണ് എന്ന തരത്തിലായിരുന്നു സമീപനം. അതോടെ ഞാൻ വീട്ടിൽ, എന്റെ മുറിയിലേക്ക് ഒതുങ്ങി. വായന മാത്രമായിരുന്നു അഭയം. എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ, ഒ.വി വിജയൻ, എം. സുകുമാരൻ, സേതു തുടങ്ങി പ്രിയപ്പെട്ട എല്ലാ എഴുത്തുകാരുടെയും അക്കാലത്തിനിടെ പ്രസിദ്ധീകരിച്ച സകല പുസ്തകങ്ങളും വായിച്ച് തീർത്തു.

വിവാഹ ശേഷം വായന സജീവമായി തുടർന്നോ ?

വായിക്കുമായിരുന്നു. ചിലതൊക്കെ അദ്ദേഹം തന്നെ നിർദേശിക്കും. നിങ്ങൾ വായിച്ചിട്ട് സിനിമയാക്കാൻ കൊള്ളാമോ എന്ന് പറയാൻ പറയും. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് അദ്ദേഹം പറഞ്ഞിട്ട് ഞാനും അദ്ദേഹത്തിന്റെ സഹോദരിയും കൂടി പോയി കുറേ പുസ്തകങ്ങൾ വാങ്ങി. അദ്ദേഹത്തിന്റെ അനന്തരവൻമാരൊക്കെ നന്നായി വായിക്കുന്നവരാണ്. അതിലൊരാളായ ഡോക്ടർ നരേന്ദ്രൻ പറഞ്ഞിട്ടാണ് കെ.കെ സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ പോയി രാപാർക്കാം’ എന്ന നോവൽ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന പേരിൽ സിനിമയാക്കിയത്.

rp7

അദ്ദേഹത്തിന്റെ അസാന്നിധ്യം എങ്ങനെ മറികടക്കുന്നു ?

ഓരോ ദിവസവും ആരെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയും. അദ്ദേഹത്തെ പല തവണ ഓർക്കാതെ എന്റെ ഒരു ദിവസം പോലും കടന്ന് പോകാറില്ല. ഞാൻ ഇപ്പോൾ സംസാരിക്കുന്നത് പോലും അദ്ദേഹത്തിന്റെ മുൻപിൽ ഇരുന്നാണ്. എന്താ പറയുക, എന്റെ ജീവിതം എപ്പോഴും ആ ഓർമ്മകളിലാണ്. (എപ്പോൾ നോക്കിയാലും കാണാവുന്ന തരത്തില്‍ കിടപ്പ് മുറിയിൽ കട്ടിലിന് അഭിമുഖമായി ചുവരിൽ പത്മരാജന്റെ ചിത്രം തൂക്കിയിട്ടുണ്ട്).

പി.പത്മരാജന്‍ എന്ന സാഹിത്യകാരനെ വായനക്കാരി എന്ന നിലയിൽ എങ്ങനെ വിലയിരുത്തും ?

അദ്ദേഹം നല്ല ചെറുകഥാകൃത്തായിരുന്നു. അതിലും നല്ല തിരക്കഥാകൃത്തും. ഏറ്റവും നല്ല തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റെത്. നോവലുകൾ അധികം എഴുതിയിട്ടില്ലല്ലോ. കേട്ടും കണ്ടും അറിയുന്ന പലരുടെയും ജീവിതം അദ്ദേഹത്തിന്റെ നോവലുകളിലുണ്ട്.

rp4

പത്മരാജനിലെ എഴുത്തുകാരനെ സിനിമാക്കാരൻ ഇല്ലാതാക്കി എന്ന വിമർശനമുണ്ട് ?

സിനിമയ്ക്ക് ഒരു പ്രത്യേക ശക്തിയുണ്ട്. ഒരു എഴുത്തുകാരൻ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും എഴുതിയാൽ അയാളിലെ എഴുത്തുകാരനെ മാറ്റി ഇരുത്തി അയാളിലെ സിനിമാക്കാരനെയാകും പിന്നീട് ആളുകൾ ശ്രദ്ധിക്കുക. കാരണം സിനിമ കാണുന്നത് പതിനായിരം പേരാണെങ്കിൽ പുസ്തകം വായിക്കുന്നത് ആയിരം പേരാണല്ലോ. മറ്റൊന്ന്, പലരും അദ്ദേഹത്തെ ഒരു സിനിമാക്കാരൻ മാത്രമായാണ് പരിഗണിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും എഴുതണമെന്നായിരുന്നു ആഗ്രഹം. അവസാന കാലത്തും എന്നോട് പറഞ്ഞത് അതാണ്. പുലിയിറക്കോണത്ത് ഞങ്ങൾക്ക് 3 ഏക്കറോളം റബർ തോട്ടം ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ വീട് പണിത് സിനിമ ഉപക്ഷിച്ച് അവിടെയിരുന്ന് സമാധാനത്തോടെ എഴുതണം, എന്നൊക്കെ പറഞ്ഞിരുന്നു.

സിനിമ ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നോ?

സിനിമ വളരെ സമ്മർദ്ദമുണ്ടാക്കുന്നതായി പറഞ്ഞിരുന്നു. എഴുത്തുകാരുടെ വിധിയാണത്. മനസ്സിന് ഒരിക്കലും സ്വസ്ഥതയും തൃപ്തിയും കിട്ടില്ല. അതിൽ നിന്നൊക്കെ ഒഴിഞ്ഞ് സമാധാനത്തോടെ എഴുതിയും വായിച്ചും ജീവിക്കാൻ അദ്ദേഹം കൊതിച്ചിരുന്നു. മറ്റൊന്ന്, ഒരു സിനിമാക്കാരൻ ചീത്ത കേൾക്കുന്നതിൽ കണക്കുണ്ടാകില്ലല്ലോ. ‘ഞാൻ ഗന്ധർവൻ’ കണ്ടിട്ട് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് പറഞ്ഞത് പത്മരാജനിൽ നിന്ന് ഇങ്ങനെയൊരു സിനിമയല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്നാണ്. അദ്ദേഹത്തിന് അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ‘ഞാൻ ഗന്ധർവൻ’ കഴിഞ്ഞ്, അടുത്തതായി കരാർ വച്ചിരുന്ന സിനിമയുടെ നിർമ്മാതാവിന്റെ വാക്കുകളും അദ്ദേഹത്തെ വേദനിപ്പിച്ചു. ‘നമുക്ക് ഇങ്ങനത്തെ സിനിമ വേണ്ട, വേറേ മതി’ എന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു സൃഷ്ടി മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നറിയുന്നത് വലിയ വേദനയുണ്ടാക്കുമല്ലോ.

മകൻ അനന്തപത്മനാഭനും എഴുത്തുകാരനായി. ചെറുകഥകളും തിരക്കഥകളും എഴുതി?

അവൻ ചെറുതിലേ എഴുതിയിരുന്നു. എം.ടിയുടെ വലിയ ആരാധകനാണ്. അവർ തമ്മിൽ കത്തെഴുത്തുണ്ടായിരുന്നു. ഒരിക്കൽ എം.ടിക്ക് അവനൊരു മറുപടി എഴുതുന്നത് കണ്ട് പത്മരാജൻ പറഞ്ഞു: ‘എടാ നമുക്ക് ഒരു കട തുടങ്ങാം, പ്രേമലേഖനങ്ങൾ എഴുതി കൊടുക്കപ്പെടും’ എന്ന്. ‘ഇനിയും നഷ്ടപ്പെടാത്തവർ’ എന്ന പേരിൽ അവന്റെ കഥകൾ പുസ്തകമായിട്ടുണ്ട്.

rp3

അനന്തപത്മനാഭന്റെ ‘കാറ്റ്’ എന്ന സിനിമ പത്മരാജൻ കഥാപാത്രങ്ങളുടെ കഥയായിരുന്നു ?

ഓഗസ്റ്റ് ക്ലബും കാറ്റും അവൻ എഴുതിയ തിരക്കഥകളാണ്. കാറ്റ് റിലീസായപ്പോൾ ധാരാളം പേർ നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ അതിനനുസരിച്ച് സിനിമ വിജയമായില്ല. കാറ്റ് ഒരു നല്ല സിനിമയാണെന്നാണ് എന്റെ വിശ്വാസം.

പത്മരാജനെക്കുറിച്ച് എഴുതിത്തീർന്നില്ല എന്ന് തോന്നുന്നു ?

വസന്തത്തിന്റെ അഭ്രജാലകത്തിൽ 14 സിനിമകളുടെ വിശേഷങ്ങൾ എഴുതി. അദ്ദേഹത്തിന്റെ 36 സിനിമകളെക്കുറിച്ചും എഴുതണം എന്നാണ് ആഗ്രഹം. ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. 2016 ൽ ഞാൻ മരിച്ചു എന്ന് കരുതിയതാണ്. ക്യാൻസറിന്റെ പിടിയിൽ നിന്ന് നിന്നാണ് രക്ഷപെട്ടത്. ഇനി എല്ലാം ദൈവം തീരുമാനിക്കും പോലെ.

പ്രിയപ്പെട്ടവന്റെ ഓർമ്മകളിൽ ജീവിക്കുമ്പോഴും കർമ്മനിരതയാണ് പത്മരാജന്റെ പ്രിയപ്പെട്ടവൾ. 1986 മുതൽ പൂജപ്പുര എസ്.എം.എസ്.എസ് മഹിളാമന്ദിരത്തിന്റെ സജീവപ്രവർത്തക. എഴുത്തിനൊപ്പം സാമൂഹ്യ പ്രവർത്തനവും. ഒറ്റയ്ക്കാകുമ്പോൾ ഇടയ്ക്കിപ്പോഴും അവർ കേൾക്കും, പത്മരാജന്റെ ശബ്ദം. ‘ഞാൻ ഗന്ധർവൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും – നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി...’ ‘പത്മരാജൻ എന്റെ ഗന്ധർവൻ’ അവസാനിക്കുന്നതും ഈ വരികളിലാണ്. ആ ഗന്ധർവനുള്ള സമർപ്പണത്തിലാണ്.