Monday 27 January 2020 03:04 PM IST : By സ്വന്തം ലേഖകൻ

അതിജീവനത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട ഏഴുപേർക്ക് പുതുജീവൻ; അപൂർവ നേട്ടത്തിൽ ക്യാപ്റ്റൻ രാധിക മേനോൻ!

radhika-menon990765

ഇന്ത്യൻ മർച്ചന്റ് നേവിയിൽ ക്യാപ്റ്റനായ ആദ്യ ഇന്ത്യൻ വനിത രാധിക മേനോന്റെ തൊപ്പിയിൽ നേട്ടത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടി. അതിജീവനത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചതിന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ നൽകുന്ന അസാധാരണ ധീരതയ്ക്കുള്ള അവാർഡിന് രാധിക മേനോൻ അർഹയായി. ഈ അപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് രാധിക.

കഴിഞ്ഞ വർഷം ജൂണിൽ ഫിഷിംഗ് ബോട്ടായ ‘ദുർഗമ്മ’ കടലിന് നടുവിൽ എഞ്ചിൻ തകരാറായി കുടുങ്ങിയപ്പോഴാണ് രാധിക മേനോനും സംഘവും ഇവർക്കുവേണ്ടി ബംഗാൾ ഉൾക്കടലിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. ഉൾക്കടലിൽ ദിവസങ്ങളോളം മത്സ്യത്തൊഴിലാളികൾ അകപ്പെട്ടതോടെ അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷ ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. 

എന്നാൽ 25 അടിയിലധികം ഉയരത്തിലുള്ള ഭീമൻ തിരമാലകളെയും, 60 നോട്ടിലധികം ആഞ്ഞുവീശിയ കനത്ത കാറ്റും മഴയും അവഗണിച്ചാണ് രാധികയും സംഘവും അവിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. രാധികയുടെ നിശ്ചയദാർഢ്യവും മനോധൈര്യവുമാണ് ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയത്. 

കേന്ദ്ര സർക്കാരാണ് ക്യാപ്റ്റൻ രാധിക മേനോനെ അവാർഡിനായി ശുപാർശ ചെയ്തത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എണ്ണ ഉൽ‌പന്ന ടാങ്കറായ ‘സമ്പൂർണ സ്വരാജ്യ’ത്തിന്റെ മാസ്റ്ററാണ് കേരളത്തിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ക്യാപ്റ്റൻ രാധിക മേനോൻ. “അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. കടലിൽ പെട്ടുപോയ ആളുകളെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ഞാനെന്റെ കടമ നിർവഹിച്ചിരിക്കുന്നു.”- രാധിക മേനോൻ പറയുന്നു.

Tags:
  • Spotlight
  • Motivational Story