Saturday 20 January 2024 12:35 PM IST

‘ശാരീരിക പരിമിതിയുള്ളവർക്ക് പറ്റിയ പണി ഫോൺ ബൂത്ത് നടത്തിപ്പെന്നാണ് പലരുടെയും വിചാരം’: വിധിയോടു പോരാടി രാഗേഷും ശ്രീലാലും

Rakhy Raz

Sub Editor

ragesh-and-sreelal ശ്രീലാൽ, രാഗേഷ്

ഒരാൾ പന്തളത്തു നിന്നു ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. അടുത്തയാൾ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരു നിന്നും സ്വയം കാർ ഡ്രൈവ് ചെയ്തും. രണ്ടു മനുഷ്യരിലൊരാൾ ട്രെയിനിലും ഒരാൾ കാറിലും വന്നു എന്നതിൽ എന്താണിത്ര പറയാനുള്ളത് എന്നു തോന്നാം. അവിടെയാണു കഥയിലെ കൗതുകം.

രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളത്തുകാരൻ കുട്ടിക്കാലത്തേ സെറിബ്രൽ പാൾസി ബാധിച്ച വ്യക്തിയാണ്. ശ്രീലാലിൽ നാരായണൻ എന്ന കൊച്ചിക്കാരനെ പിടികൂടിയത് പോളിയോ.

ശാരീരിക പരിമിതികൾ വലിച്ചു താഴ്ത്തുമായിരുന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ടു മറികടന്ന രണ്ടുപേർ. ഇരുവരും ഇന്നു സിനിമ സംവിധായകരാണ്. രാഗേഷിന്റെ കളം @ 24 ശ്രീലാലിന്റെ സ്പ്രിങ് എന്നീ ക്രൈം ത്രില്ലർ സിനിമകൾ റിലീസിനൊരുങ്ങുകയാണ്.

രോഗാവസ്ഥയെ എങ്ങനെ മറികടന്നു ?

രാഗേഷ്: അഞ്ചു വയസ്സായിട്ടും നടക്കുന്നില്ല എന്നു കണ്ടപ്പോൾ അച്ഛൻ രാധാകൃഷ്ണക്കുറുപ്പ് അദ്ദേഹം ജോലി ചെയ്തിരുന്ന ബെംഗളൂരു സിറ്റിയിലെ ആ ശുപത്രിയിൽ കാണിച്ചു. സെറിബ്രൽ പാൾസിയാണ് എന്നും ചികിത്സ ഇല്ല എന്നും മനസ്സിലായി. ചമ്പക്കുളം ആയുർവേദ കോളജിലെ ചികിത്സയ്ക്കു ശേഷം നടന്നു തുടങ്ങി. അന്ന് കുഞ്ഞിക്കൂനൻ കഥാപാത്രത്തെപ്പോലെയാണ് നടന്നിരുന്നത്. ഇപ്പോൾ സാധാരണ പോലെ നടക്കാനാകും.

ആ മാറ്റംവരുത്താൻ സഹായിച്ചത് അമ്മ രമയാണ്. പഞ്ചായത്ത് മെമ്പറും പോസ്റ്റ് ഒാഫിസ് ആർഡി ഏജന്റ് ആയിരുന്ന അമ്മ ആദ്യകാലങ്ങളിൽ എന്നെ സ്കൂളിൽ വിടാനും മറ്റും ഏറെ ബുദ്ധിമുട്ടി. വളരും തോറും അച്ഛനും അമ്മയും എന്നെ സാധാരണ കുട്ടികളെപോലെ പരിഗണിച്ചു. സൈക്കിളിൽ സ്കൂളിൽ പോയിത്തുടങ്ങി. വാഹനം ഓടിക്കാൻ പഠിച്ചു.

എന്റെ ഇരട്ട പെങ്ങൾ രാഗി വിവാഹിതയാണ്. ന ഴ്സായ അവളുടെ ഭർത്താവ് രഞ്ജിത്ത് സൗദിയിലാണ്. അവർക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ട്.

ശ്രീലാൽ : എന്റെ പ്രായത്തിലുള്ള ആർക്കും തന്നെ പോളിയോ ഉണ്ടായിരിക്കില്ല. നിർഭാഗ്യവശാൽ പല കാരണങ്ങൾ കൊണ്ടു പോളിയോ വാക്സിനേഷൻ എനിക്ക് ലഭിച്ചില്ല.

പിടിച്ചു നിൽക്കേണ്ട പ്രായത്തിൽ സാധിക്കുന്നില്ല എന്നു കണ്ടാണ് ചികിത്സ ചെയ്തു തുടങ്ങിയത്. അ തൊന്നും ഫലം ചെയ്തില്ല. ഒരു വശത്തെ ചലനശേഷി ഏറെക്കുറേ നഷ്ടപ്പെട്ടു. കാലുകളുടെ വളർച്ചയും കൃത്യമായില്ല. എങ്കിലും അതെന്റെ ജീവിതത്തെ ഒട്ടുംതന്നെ ബാധിച്ചില്ല. ഈ പരിമിതിയോടെ തന്നെ സാധാരണ കുട്ടികളെപ്പോലെ എന്തും ചെയ്യാനുള്ള പ്രാപ്തി കൈവന്നു.

ശാരീരിക പരിമിതിയുള്ളവർക്ക് പറ്റിയ ഏക പണി ഫോൺ ബൂത്ത് നടത്തുകയാണ് എന്നാണ് പൊതുവേ ആളുകളുടെ വിചാരം. ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുത്ത് അതിലേ പ്രവർത്തിക്കൂ എന്നു ഞാനുറപ്പിച്ചിരുന്നു. ആശയങ്ങളാണു ശരീരത്തേക്കാൾ മൂർച്ചയേറിയ ആയുധം എന്നു ചെറുപ്പത്തിലേ മനസ്സിലായി.

അച്ഛൻ എൻ.കെ. നാരായണൻ സർക്കാർ ജോലിയിൽ നിന്നു വിരമിച്ചു. അമ്മ ശാന്ത. ചേട്ടൻ നിധിൻ ബിസിനസ് ചെയ്യുന്നു. ചേട്ടന്റെ ഭാര്യ അഞ്ജന റേഷൻകട നടത്തുന്നു. അവർക്കു രണ്ടര വയസ്സുള്ള മകനുണ്ട്. ചേച്ചി നൈസ് മോൾ ടീച്ചറാണ്. ചേച്ചിയുടെ ഭർത്താവ് പൊലീസിൽ. അവർക്ക് പ്ലസ് ടുവിന് പഠിക്കുന്ന മകനും പത്തിൽ പഠിക്കുന്ന മകളുമുണ്ട്.

sreelal

എന്റെ മാതാപിതാക്കൾ വയ്യാത്ത കുട്ടി എന്നൊരു ഭാവം ഒരിക്കലും കാണിച്ചില്ല. ചേട്ടനോടും ചേച്ചിയോടും തല്ലു പിടിച്ചും നല്ല ശിക്ഷ കിട്ടിയും ആണു വളർന്നത്. ചിറ്റേത്തുകര എന്ന എന്റെ നാടു പൊളിയാണ്. ‘അയ്യോ പാവം’ എന്ന മനോഭാവമൊന്നും ആരോടുമില്ല. അമ്പലപ്പറമ്പിലും ആൽത്തറയിലുമൊക്കെ അസ്സ ൽ റാഗിങ്ങും കളിയാക്കലും അനുഭവിച്ചാണു വളർന്നത്. തോറ്റും കളിയാക്കലേറ്റും അതു മറികടന്നും വളരുന്നവരുടെ ധൈര്യം ഒന്നു വേറെ തന്നെയാണ്.



സിനിമയിലേക്കുള്ള വരവ് ?

രാഗേഷ്: പ്ലസ് ടു പഠിക്കുന്ന കാലത്ത് ‘പഥേർ പാഞ്ചാലി’ സ്കൂളിൽ പ്രൊജക്റ്റർ വച്ചു കാണിച്ചതോടെയാണു സ്ക്രിപ്റ്റ് എഴുതുക എന്ന ആഗ്രഹം ഉണരുന്നത്. എന്റെ കഥ സ്ക്രിപ്റ്റ് ആക്കി സ്കൂൾ ആനിവേഴ്സറിക്ക് അവതരിപ്പിച്ചു. അതൊരു വമ്പൻ ഫ്ലോപ്പ് ആയിരുന്നു. എങ്കിലും പിന്മാറിയില്ല.

എഴുതാനും സംസാരിക്കാനും പ്രയാസമുണ്ട്. കൂട്ടുകാരാണ് എഴുതാൻ സഹായിക്കുന്നത്. പെരുമ്പുളിക്കൽ എൻഎസ്എസ് ടെക്നിക്കൽ സ്കൂളിൽ പോളി ടെക്നിക് പഠിക്കുന്ന സമയം അവിടുത്തെ വിദ്യാർഥികൾ കോളജിൽ ഷോർട് ഫിലിം ഷൂട്ട് ചെയ്തു. ആവേശപൂർവം അടുത്തു ചെന്ന ഞാൻ‘ആ ക്യാമറ ഒന്നു കാണിച്ചു തരുമോ’ എന്നു ചോദിച്ചു. ‘നീ ഇതൊക്കെ കണ്ടിട്ട് എന്താ കാര്യം? നിനക്കിതൊന്നും മനസ്സിലാകില്ല.’ എന്നായിരുന്നു മറുപടി.

അതൊരു വാശിയായി. സിനിമ ചെയ്തേ തീരൂ എന്നു തോന്നി. അമ്മ തന്ന 12000 രൂപ കൊണ്ട് ആദ്യ ഷോർട് ഫിലിം ‘ജീവിതം ആണ് സന്ദേശം’ തയാറാക്കി. ബിഎ ഹിസ്റ്ററി പ്രൈവറ്റ് ആയി പഠിക്കുന്നതിനൊപ്പം ആറു സംഗീത ആൽബങ്ങൾ സംവിധാനം ചെയ്തു. സിനിമ സ്ക്രിപ്റ്റുകളും തയാറാക്കി.

‘കളം @ 24’ ത്രില്ലർ ഡ്രാമയുടെ സ്ക്രിപ്റ്റ് സിഎംകെ പ്രൊഡക്ഷൻസിന്റെ കൊച്ചുമോന് ഇഷ്ടമായതോടെ സിനിമ യാഥാർഥ്യമായി. ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി റിലീസ് ചെയ്തു. സിനിമ എന്ന ഇഷ്ടത്തിലുപരി ശാരീരിക പരിമിതിയുള്ളവർക്കു പലതും സാധ്യമല്ല എന്ന ധാരണ‌യെ തിരുത്തുക എന്ന ഉദ്ദേശം കൂടി ഈ സിനിമയ്ക്കു പിന്നിലുണ്ട്.

ragesh-2

ശ്രീലാൽ : കോളജിൽ പഠിക്കുന്ന കാലത്തു നാടകം സംവി ധാനം ചെയ്തിരുന്നു. അന്ന് ആ നാടകത്തിനു സമ്മാനം ലഭിച്ചു. ഡിഗ്രി കംപ്യൂട്ടർ ആപ്ലിക്കേഷന് ശേഷം എംബിഎ അഡ്വർടൈസിങ് ആൻഡ് മാർക്കറ്റിങ് എടുത്തു പഠിച്ചു സ്വന്തമായി പരസ്യക്കമ്പനി തുടങ്ങി. അതിന്റെ ചിത്രീകരണത്തിനായി സ്റ്റിൽ ക്യാമറകളും മൂവി ക്യാമറകളും ആവശ്യമായിരുന്നു.

സംവിധായകരായ പ്രമോദ് പപ്പൻ ടീമിന്റെ സ്റ്റിൽ ക്യാമറയെക്കുറിച്ച് വന്ന ഫീച്ചർ വായിച്ചിട്ടാണ് അവരെ പോയി കാണുന്നത്. എന്റെ നാട്ടുകാരനായ സലിം കുമാറേട്ടനും പ്രോത്സാഹിപ്പിച്ചു.

പ്രിന്റ്– വിഡിയോ പരസ്യങ്ങളും ചില ഷോർട് ഫിലിമും ചെയ്തിരുന്ന എന്നോടു പ്രമോദ് ഏട്ടനാണ് ‘സിനിമ ചെയ്യൂ’ എന്നു പറയുന്നത്. ജനങ്ങളിലേക്ക് ആശയം എത്തിക്കാൻ മികച്ച മീഡിയം ആണ് സിനിമ എന്നു തോന്നിയതിനാൽ സംവിധാനത്തിലേക്ക് കടക്കാൻ നിശ്ചയിച്ചു. ആ ലക്ഷ്യത്തിന്റെ തുടക്കമാണ് സ്പ്രിങ് എന്ന സിനിമ. എന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ട് ബാദുഷ പ്രൊഡക്ഷന്റെ ബാദുഷിക്ക സമീപിച്ചതാണ് റൊമാന്റിക് ത്രില്ലറായ സ്പ്രിങ് എന്ന സിനിമ യാഥാർഥ്യമാക്കിയത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്ന ആത്മവിശ്വാസമുണ്ട്.



പരിമിതിയുള്ളവരോട് പറയാനുള്ളത് ?

ശ്രീലാൽ : പരിമിതിയുള്ളവരോടല്ല, അതില്ലാത്ത ലോകത്തോടാണ് പറയാനുള്ളത്. പരിമിതി എന്ന വാക്ക് കൊണ്ട് ഞങ്ങളെ വേർതിരിച്ചു മാറ്റി നിർത്തരുത്. നിങ്ങളെപ്പോലെ എല്ലാ സന്തോഷങ്ങളും അനുഭവിച്ച് ആഗ്രഹങ്ങൾ നിവർത്തിച്ച് ജീവിക്കാനുള്ള പരിസരം ഉണ്ടാക്കിത്തരൂ. ‘ക്വാളിറ്റി ലൈഫ്’ നിങ്ങളെപ്പോലെ ഞങ്ങളും അർഹിക്കുന്നുണ്ട്.

പറവൂര് കെഎസ്എഫ്ഡിസിയുടെ ചിത്രാഞ്ജലി തിയറ്ററിൽ ഞാൻ സ്കൂട്ടർ പാർക്ക് ചെയ്യവേ സെക്യൂരിറ്റി വന്നു വണ്ടി ദൂരെ പാർക്ക് ചെയ്യണം എന്നു പറഞ്ഞു. ‘എ നിക്ക് ശാരീരിക പരിമിതിയുണ്ട് എന്നു മനസ്സിലായല്ലോ. ചേട്ടൻ വേണമെങ്കിൽ വണ്ടി മാറ്റി വച്ചോളൂ... പക്ഷേ, സിനിമ കഴിഞ്ഞ് ഞാൻ വരുമ്പോൾ വണ്ടി ഇവിടെ കാണണം’ എന്നു ഞാൻ പറഞ്ഞു.

സിനി കഴിഞ്ഞ് ഇറങ്ങുമ്പോൾ മഴയുണ്ട്. മഴയത്ത് ഇ രുന്നു നിരങ്ങി ഒരാൾ വരുന്നു. അയാളോടും വണ്ടി ദൂരെ പാർക്ക് ചെയ്യാൻ പറഞ്ഞു. എന്നെപ്പോലെ തർക്കിക്കാതെ അയാളത് അനുസരിച്ചു. മഴയത്ത് വൃത്തിഹീനമായ നിലത്തുകൂടി ഇട്ടിരിക്കുന്ന വസ്ത്രം പോലും നനഞ്ഞു കൊണ്ട് നിരങ്ങി വരാൻ അയാളോടു പറയാൻ കഴിയുന്ന നമ്മുടെ സിസ്റ്റം പരിതാപകരമാണ്.

ശാരീരിക പരിമിതിയുള്ളവർക്കു പൊതു സ്ഥലങ്ങളി ൽ പാർക്കിങ് പ്രത്യേകമായി അനുവദിക്കുന്ന കേന്ദ്രസർക്കാർ നിർദേശമുണ്ട്. അതൊന്നും പാലിക്കപ്പെടാറില്ല. അമേരിക്കയെക്കാൾ നല്ല റോഡുകൾ ഇവിടെയുണ്ട് എന്ന് സർക്കാർ പറയുന്നു. യഥാർഥത്തിൽ നല്ല റോഡുകളാണോ? എല്ലാ മനുഷ്യർക്കും ഒരുപോലെ അടിസ്ഥാന ആവശ്യങ്ങൾ നടത്തിയെടുക്കാനുള്ള സൗകര്യമല്ലേ വികസനത്തിന്റെ അളവുകോൽ ആകേണ്ടത്?

സിനിമ ചെയ്യുന്നതിന് ഒന്നരക്കോടി രൂപ സർക്കാർ പ്രത്യേക വിഭാഗങ്ങൾക്കു കൊടുക്കുന്നുണ്ട് . ആ കൂട്ടത്തിൽ അംഗപരിമിതിയുള്ളവരെ ഉൾപ്പെടുത്തിയിട്ടില്ല. പരിമിതികളുള്ളവർക്കു പ്രയാസപ്പെട്ടല്ലാതെ കാര്യങ്ങൾ നടത്താൻ ഒരു ഹെൽപ് ലൈൻ നമ്പറോ ചലനശേഷി ഇല്ലാത്തവർക്ക് വീട്ടിലെത്തി രേഖകൾ തയാറാക്കാനുള്ള സംവിധാനമോ നമ്മുടെ നാട്ടിൽ ഇല്ല.

രാഗേഷ് : അംഗപരിമിതിയുടെ ശതമാനക്കണക്ക് അനുസരിച്ചാണ് പല കാര്യങ്ങളും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അനുവാദം ലഭിക്കുന്നത്. ഞങ്ങളെപ്പോലുള്ളവർക്ക് എന്തു സാധിക്കും സാധിക്കില്ല എന്നു പരിശോധിച്ച് ഉറപ്പിച്ച് അവകാശങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനമില്ല.

എനിക്കു നന്നായി വാഹനമോടിക്കാൻ കഴിയും എ ന്നാൽ ലൈസൻസ് ലഭിക്കില്ല. പരിമിതികളുള്ളവരെയും വേർതിരിച്ചു നിർത്താതെ സ്വീകരിക്കുന്ന സംസ്ക്കാരം നമ്മുടെ നാട്ടിൽ വളർന്നു വരണം എന്നാണ് ആശിക്കുന്നത്.

രാഖി റാസ്

ഫോട്ടോ: ശ്യാം ബാബു